Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസ്വന്തം വിശ്വാസ്യത...

സ്വന്തം വിശ്വാസ്യത തകർക്കുന്ന തെരഞ്ഞെടുപ്പ് കമീഷൻ

text_fields
bookmark_border
സ്വന്തം വിശ്വാസ്യത തകർക്കുന്ന തെരഞ്ഞെടുപ്പ് കമീഷൻ
cancel

വോട്ടെടുപ്പ് കേന്ദ്രങ്ങളിൽനിന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ശേഖരിക്കുന്ന വിഡിയോ ദൃശ്യങ്ങളും ഫോട്ടോകളും ഫലപ്രഖ്യാപനം കഴിഞ്ഞ് 45 ദിവസങ്ങൾക്കുശേഷം നശിപ്പിക്കാനുള്ള ഇലക്ഷൻ കമീഷന്റെ തീരുമാനം സംശയാസ്പദവും അസ്വീകാര്യവുമാണ്. ജനാധിപത്യത്തിന്റെ മർമമാണ് സ്വതന്ത്രവും വിശ്വസനീയവുമായ തെരഞ്ഞെടുപ്പ്. സുതാര്യത അതിന്റെ വിശ്വാസ്യതക്ക് അത്യാവശ്യമാണ്. തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ ഇടപെടലുകൾക്കും കൃത്രിമങ്ങൾക്കും ധാരാളം പഴുതുകൾ ഇപ്പോഴുമുണ്ട്. അതുകൊണ്ടുതന്നെ നീതിപൂർവകമായ തെരഞ്ഞെടുപ്പിന് അനുപേക്ഷണീയവും ഒത്തുതീർപ്പില്ലാത്തതുമായ ഉപാധിയാണ് സുതാര്യത. തെരഞ്ഞെടുപ്പ് കമീഷന്റെ നിയമനം ഭരണപക്ഷത്തിന്‍റെ കൈയിലായിക്കഴിഞ്ഞിരിക്കെ, പ്രതിപക്ഷത്തെക്കൂടി ബോധ്യപ്പെടുത്താൻ പോന്ന സുതാര്യത ഉണ്ടായേ തീരൂ. ഇല്ലെങ്കിൽ തെരഞ്ഞെടുപ്പ് ചെലവേറിയ പ്രഹസനം മാത്രമാകും. കമീഷൻനിയമനം സംബന്ധിച്ച 2023ലെ നിയമഭേദഗതി സുപ്രീംകോടതിയുടെ നിർദേശത്തിന്റെ ലംഘനം മാത്രമല്ല, കമീഷന്റെ സ്വീകാര്യതയും വിശ്വാസ്യതയും അപായപ്പെടുത്തുന്നതുമാണ്. അതോടെ കമീഷന്റെ പ്രവർത്തനത്തിലെ സുതാര്യത മർമപ്രധാനമായിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ, പിന്നീടുള്ള കമീഷന്റെ നീക്കങ്ങൾ സുതാര്യത വർധിപ്പിക്കുന്നതായില്ലെന്നു മാത്രമല്ല, ഉള്ളതുപോലും നശിപ്പിക്കുന്നതാവുകയാണ് ചെയ്തത്. വിഡിയോ ദൃശ്യങ്ങൾ സൂക്ഷിക്കുന്നത് മൂന്നുമാസം മുതൽ ഒരുവർഷം വരെ എന്നതിൽനിന്ന് 45 ദിവസത്തേക്ക് പരിമിതപ്പെടുത്തിക്കൊണ്ടുള്ള പുതിയ തീരുമാനം ആശങ്ക വർധിപ്പിക്കുന്നു. അതിന്റെ പശ്ചാത്തലം കൂടി നോക്കുമ്പോഴാണ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ‘ഒത്തുകളി’ ആരോപണം അസ്ഥാനത്തല്ലെന്ന് പറയേണ്ടിവരുന്നത്. ഹരിയാന തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി പരാതി ഉയർന്നപ്പോൾ സി.സി.ടി.വി ദൃശ്യമടക്കമുള്ള രേഖകൾക്കായി ഒരു വോട്ടർ കമീഷനെ സമീപിച്ചു. കമീഷൻ അത് തള്ളി. പരാതിക്കാരൻ ഡൽഹി ഹൈകോടതിയിൽ ഹരജി നൽകി. രേഖകൾ പരാതിക്കാരന് നൽകാൻ കോടതി ഉത്തരവിട്ടു. എന്നാൽ, കോടതിയെ അനുസരിക്കുന്നതിനുപകരം കമീഷൻ അത് നിയമപരമായി തടയാനായി അതിവേഗ നീക്കങ്ങൾ നടത്തുകയാണ് ചെയ്തത്. നിയമ ഭേദഗതിക്ക് കമീഷൻ നിയമമന്ത്രാലയത്തെ സമീപിക്കുന്നു; നിയമമന്ത്രാലയം തിടുക്കത്തിൽ ഭേദഗതി തയാറാക്കുന്നു; ഒരൊറ്റ ദിവസംകൊണ്ട് കരട് അംഗീകരിക്കലും നിയമഭേദഗതി പാസാക്കലും കഴിയുന്നു; രാത്രി പത്തുമണി കഴിഞ്ഞ് വിജ്ഞാപനമിറങ്ങുന്നു.

ദൃശ്യരേഖകൾ ഒന്നരമാസം കൊണ്ട് നശിപ്പിക്കാൻ കമീഷൻ പറയുന്ന കാരണം യുക്തിസഹമോ ജനങ്ങൾക്ക് ബോധ്യപ്പെടുന്നതോ അല്ല. സ്വകാര്യത സംരക്ഷിക്കാനാണത്രെ അത്. വോട്ടറെ തിരിച്ചറിയലടക്കമുള്ള പ്രശ്നങ്ങൾ നിസ്സാരമൊന്നുമല്ല. എന്നാൽ, ഒന്നരമാസം നിലവിലില്ലാത്ത എന്ത് സ്വകാര്യത പ്രശ്നമാണ് അതിനപ്പുറം ഉണ്ടാവുക? ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യും, കുഴപ്പക്കാർ ആശയക്കുഴപ്പമുണ്ടാക്കും തുടങ്ങിയ വാദങ്ങളും ആദ്യത്തെ 45 ദിവസങ്ങളിലും ബാധകമാണല്ലോ. ദൃശ്യങ്ങൾ കമീഷന്റെ സ്വന്തം ആവശ്യത്തിനായി എടുക്കുന്നതാണ് എന്നാണ് മറ്റൊരു വാദം. തെരഞ്ഞെടുപ്പിന്റെ സ്വതന്ത്രസ്വഭാവവും സുതാര്യതയും സംരക്ഷിക്കുന്നതിനേക്കാൾ പ്രധാനപ്പെട്ട എന്തു പ്രവർത്തനമാണ് കമീഷനുള്ളത്? കമീഷന്റെ നിയമനം യൂനിയൻ സർക്കാറിന്റെ നിയന്ത്രണത്തിലാണെന്നതിനാൽ ദൃശ്യങ്ങളുടെ ദുരുപയോഗം രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയ ‘ഒത്തുകളി’യിലേക്കും എത്താമല്ലോ. ഏതുനിലക്കും സുതാര്യത നിലനിർത്തുക തന്നെയാണ് പരിഹാരം. സ്വകാര്യതയെപ്പറ്റിയുള്ള ആശങ്ക യഥാർഥമാണ്. അത് 45 എന്നല്ല, ഒറ്റ ദിവസത്തേക്കുപോലും ഉണ്ടാകാത്തവിധത്തിൽ ‘ഡേറ്റ സെക്യൂരിറ്റി’ ഉറപ്പുവരുത്തുകയാണ് വേണ്ടത്. അത് നിലവിലുണ്ടെങ്കിൽ (ഉണ്ട് എന്നാണല്ലോ കരുതേണ്ടത്) 45 ദിവസങ്ങൾക്കുശേഷം പെട്ടെന്ന് ഇല്ലാതാകുന്നതെങ്ങനെ?

ചുരുക്കത്തിൽ ഇലക്ഷൻ കമീഷന്റെ വാദങ്ങൾ ബാലിശവും അവിശ്വസനീയവുമാണ്. മൂന്നുമാസം മുതൽ ഒരുവർഷംവരെ സി.സി.ടി.വി ദൃശ്യങ്ങൾ സൂക്ഷിക്കുന്ന നടപ്പുരീതി നിലനിൽക്കെ കമീഷൻ ഉന്നയിക്കുന്ന പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. ഉണ്ടായത്, തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നില്ല എന്ന് ഉറപ്പുവരുത്താൻ ആ ദൃശ്യങ്ങൾ ആവശ്യപ്പെട്ടതും ഹൈകോടതി അത് നൽകാൻ നിർദേശിച്ചതുമാണ്. അതു തടയാൻ കമീഷൻ നടത്തിയ ചടുല നീക്കങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ ദൃശ്യങ്ങളുടെ സൂക്ഷിപ്പുസമയം വെട്ടിക്കുറച്ചത്. തെരഞ്ഞെടുപ്പിനെക്കുറിച്ച് ഉയരുന്ന സംശയങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെടുംവിധം ദൂരീകരിക്കാൻ കമീഷന്റെ കൈയിലുള്ള രേഖകളാണ് വോട്ടർ രജിസ്ട്രേഷൻ ലിസ്റ്റും വോട്ടിങ് കണക്കും സി.സി.ടി.വി ദൃശ്യങ്ങളും. ഇതിലെല്ലാം സംശയങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളെപ്പറ്റി ഉയർത്തപ്പെട്ട ഗുരുതരമായ സംശയങ്ങൾ അതേപടി നിലനിൽക്കുന്നു. ആ സാഹചര്യത്തിലാണ്, വ്യക്തവും സുതാര്യവുമായി ജനങ്ങളോട് വസ്തുതകൾ വിശദീകരിക്കേണ്ട കമീഷൻ, രേഖകൾ തങ്ങളുടെ സ്വകാര്യ ആവശ്യത്തിനുള്ളതാണെന്ന് പറഞ്ഞൊഴിയുന്നത്. ഇത് തെരഞ്ഞെടുപ്പിനെയും പൗരന്മാരെയും ജനാധിപത്യത്തെയും പരിഹസിക്കലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Commission of India
News Summary - Election Commission destroying its own credibility
Next Story