Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപിന്നോട്ട് നടത്തുന്ന...

പിന്നോട്ട് നടത്തുന്ന വിദ്യാഭ്യാസ പരിഷ്‍കാരം

text_fields
bookmark_border
പിന്നോട്ട് നടത്തുന്ന വിദ്യാഭ്യാസ പരിഷ്‍കാരം
cancel


ഇന്ത്യ ബഹിരാകാശത്ത് സ്വന്തം നിലയം സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി മോദി. 2040ൽ ഇന്ത്യക്കാരൻ ചന്ദ്രനിൽനിന്ന് ‘വികസിത ഭാരത് 2047’ പ്രഖ്യാപനം നടത്തുമെന്ന് യൂനിയൻ ശാസ്ത്ര സാ​ങ്കേതിക മന്ത്രി ജിതേന്ദ്ര സിങ്. ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ചായിരുന്നു ഈ പ്രവചനങ്ങൾ. സ്വപ്നങ്ങൾ വേണ്ടതുതന്നെ. പക്ഷേ ഭാവിക്കുവേണ്ടി നമ്മൾ വർത്തമാനകാലത്ത് എന്ത് ചെയ്യുന്നു എന്നതാണ് നിർണായകം. ഒരു ബഹിരാകാശ നിലയത്തിൽ താമസിച്ച് മടങ്ങിയെത്തിയ ശുഭാംഷു ശുക്ലയുടെ നേട്ടം സത്യത്തിൽ നമ്മുടേതാണോ? ഒരു സ്വകാര്യ ബഹിരാകാശ യാനത്തിൽ (ആക്സിയം-4) 548 കോടി രൂപ കൊടുത്ത് ഒരു സീറ്റ് തരപ്പെടുത്തിയത് മാത്രമാണ് ഇന്ത്യയുടെ സംഭാവന എന്ന് റിപ്പോർട്ടുകൾ പറയുന്നു. നാം യഥാർഥത്തിൽ ചെയ്യുന്നത്, നമ്മുടെ ശാസ്ത്ര-വിദ്യാഭ്യാസ മേഖലകളിൽ മുതൽമുടക്ക് കുറക്കുകയാണ്. ഈ രംഗത്ത് പ്രവർത്തിക്കുകയും സ്ഥാപനങ്ങൾക്ക് പഠന-ഗവേഷണ ഫണ്ട് നൽകുകയും ചെയ്യുന്ന യു.ജി.സിയുടെ ബജറ്റിൽ കഴിഞ്ഞ വർഷം (2024) ഉണ്ടായത് 61 ശതമാനം വെട്ടിക്കുറവാണ്.

ഏറ്റവും വലിയ നാലാമത്തെ സമ്പദ്ഘടനയെന്ന് മേനി നടിക്കുമ്പോഴും ശാസ്ത്ര-സാ​ങ്കേതിക മേഖലക്ക് ഏറ്റവും കുറഞ്ഞ ജി.ഡി.പി വിഹിതം നീക്കിവെക്കുന്ന രാജ്യം കൂടിയാണ് നാം. മോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ സർക്കാർ നിലവിൽവന്ന 2014നുശേഷം വിദ്യാഭ്യാസ മേഖലയിലെ സർക്കാർ വിഹിതം തുടർച്ചയായി കുറച്ചുകൊണ്ടിരിക്കുന്നു. ഒരുവശത്ത് വിദ്യാഭ്യാസ-ശാസ്ത്ര മേഖലകളിൽ മുതലിറക്ക് കുറച്ചുവരുമ്പോൾ മറുവശത്ത് പാഠ്യപദ്ധതികളുടെ ഉള്ളടക്കത്തിൽ വലിയ തോതിലുള്ള പിന്നോട്ടടിയാണ് സർക്കാർ വരുത്തുന്നത്. ചരിത്രത്തിലും ശാസ്ത്രത്തിലും ഭാഷകളിലുമെല്ലാം സംഘ്പരിവാർ കാഴ്ചപ്പാട് അടിച്ചേൽപിച്ച് യഥാർഥ അറിവിൽനിന്ന് തലമുറകളെ അകറ്റുന്ന പ്രവണത വർധിച്ചുവരുന്നു.

യു.ജി.സി പുറത്തിറക്കിയ കരട് പാഠ്യപദ്ധതി ചട്ടക്കൂടിൽ നിർദേശിക്കപ്പെട്ട പലതും മതനിരപേക്ഷതക്ക് നിരക്കാത്തതാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. പ്രതിലോമപരവും ശാസ്ത്രവിരുദ്ധവും സംഘ്പരിവാറിന്റെ ഹിന്ദുത്വ ആശയപരിസരം വിദ്യാർഥികളിൽ അടിച്ചേൽപിക്കുന്നതുമാണ് അതെന്ന് കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞതിൽ ശരിയുണ്ട്. ഇന്ത്യാ ചരിത്രത്തിൽനിന്ന് ആർ.എസ്.എസിന്റെ അക്രമോത്സുക രാഷ്ട്രീയം മറച്ചുപിടിക്കാനും മുഗൾ ഭരണത്തിലെ നന്മകൾ തമസ്കരിക്കാനും സ്കൂൾതല പാഠ്യപദ്ധതിയിൽ വരുത്തുന്ന മാറ്റങ്ങളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം ഹിന്ദുത്വവാദങ്ങളെ സത്യത്തിന് വിരുദ്ധമായി പടർത്തുന്നതും മതനിരപേക്ഷതക്ക് ഹാനികരവുമാണ് എന്നതിൽ തർക്കമില്ല. എന്നാൽ, ഈ പ്രതിലോമ പരിഷ്‍കാരങ്ങളുടെ ദോഷം അനുഭവിക്കുന്നവരിൽ ഇതര സമുദായ വിഭാഗങ്ങളോ രാജ്യത്തിന്റെ മതനിരപേക്ഷ സംസ്കാരമോ മാത്രമല്ല ഉള്ളത്. എല്ലാ വിഭാഗങ്ങളിലും ഉൾപ്പെടുന്ന ഭാവിതലമുറയാണ് കെട്ടുകഥകളും ഐതിഹ്യങ്ങളും ശാസ്ത്രമാണെന്ന തെറ്റായ ധാരണയോടെ വളർന്നുവരാൻ പോകുന്നത്.

ലോകം പ്രപഞ്ച ചക്രവാളങ്ങളിലേക്ക് അന്വേഷണത്തിനിറങ്ങുമ്പോൾ മുന്നിലോ ഒപ്പമോ പോകേണ്ട ഇന്ത്യയുടെ ഭാവിതലമുറക്ക്, സ്വകാര്യ വാഹനത്തിൽ ‘പെയ്ഡ് സീറ്റ്’ വാങ്ങി പോകേണ്ട ഗതിയുണ്ടാകരുത്. ഗണപതിയെ ചൂണ്ടിക്കാട്ടി പ്രാചീന ​ഭാരതത്തിൽ പ്ലാസ്റ്റിക് സർജറി ഉണ്ടായിരുന്നെന്നും (പ്രധാനമന്ത്രി മോദി, 2014), ഇന്ത്യൻ ജ്യോതിഷവുമായി തട്ടിച്ചാൽ ആധുനിക ജ്യോതിശാസ്ത്രം ഒന്നുമല്ലെന്നും (രമേശ് പൊഖ്റിവാൾ നിശാങ്ക്, ബി.ജെ.പി എം.പി), പുരാതന ഇന്ത്യക്ക് സ്വന്തമായി ഉപഗ്രഹങ്ങളും ഇന്റർനെറ്റും ഉണ്ടായിരുന്നെന്നും (ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലബ് ദേവ്) ആർക്കും വിശ്വസിക്കാം; അങ്ങനെ പ്രചരിപ്പിക്കാം. എന്നാൽ, വിദ്യാർഥികളിൽ അത്തരം വിശ്വാസങ്ങൾ കുത്തിച്ചെലുത്തുന്നത് അവരുടെ വളർച്ച മുരടിപ്പിക്കലാണ്.

മതനിരപേക്ഷതപോലെ ഭരണഘടന ഊന്നിപ്പറയുന്ന മൂല്യമാണ് ശാസ്ത്രീയ മനോഭാവം. ബി.ജെ.പിയുടെ നേതൃത്വത്തിൽ രാജ്യത്ത് ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിച്ചുകൊണ്ട് ശാ​സ്ത്രീയ മനോഭാവം ഇല്ലാതാക്കി വംശീയ സങ്കുചിതത്വം വളർത്താൻ ശ്രമിക്കുമ്പോൾ അത് എതിർക്കപ്പെടുകതന്നെ വേണം. ഗവർണർമാർ, യു.ജി.സിയും എൻ.സി.ഇ.ആർ.ടിയും പോലുള്ള സ്ഥാപനങ്ങൾ തുടങ്ങിയവയെ ഉപയോഗിച്ച് സർവകലാശാലകൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മേൽ യൂനിയൻ സർക്കാർ നടത്തുന്ന പ്രതിലോമപരവും ശാസ്ത്രവിരുദ്ധവുമായ ഇടപടലുകൾ നാടിന്റെ ഭാവി​യെപ്പറ്റി ശുഭപ്രതീക്ഷയല്ല നൽകുന്നത്.

ആധുനിക സംഖ്യാ വ്യവസ്ഥയിലെ പൂജ്യ സങ്കൽപം ലോകത്തിന് നൽകിയ ബ്രഹ്മഗുപ്തന്റെയും ഗോളശാസ്ത്രത്തിന് നിർണായക സംഭാവനകൾ നൽകിയ ആര്യഭടന്റെയും നാട്, ഭരിക്കുന്നവരുടെ മനസ്സിന്റെ സങ്കുചിതത്വത്തിലേക്ക് ചുരുങ്ങരുത്. ദേശീയ ബഹിരാകാശ ദിനത്തിൽ ‘‘ആകാശ ഗംഗകൾക്കപ്പുറം ചക്രവാളം’’ തേടുമ്പോൾ മനസ്സ് വികസിക്കണം; ഇടുങ്ങരുത്. വിദ്യാഭ്യാസം മുന്നോട്ടുനോക്കുന്നതാകണം, പ്രതിലോമപരമാകരുത്. ശാ​സ്ത്രപഠനം എല്ലാ വിജ്ഞാനങ്ങളെയും ഉൾക്കൊള്ളുന്നതാകണം, കേവലമായ വിദ്വേഷ പ്രചാരണത്തിന്റെ ഉപകരണമാകരുത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialIndia governmenteditorial podcastIndian education system
News Summary - education system getting backward to lack of fund and political involvement
Next Story