Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightതീരദേശ നിയമത്തിൽ...

തീരദേശ നിയമത്തിൽ ഇളവുകൾ വരുത്തുമ്പോൾ

text_fields
bookmark_border
editorial
cancel
രാജ്യത്തെ തീരമേഖല പതിറ്റാണ്ടുകളായി വ്യത്യസ്ത താൽപര്യക്കാരുടെ സംഗമഭൂമിയാണ്. വിനോദസഞ്ചാര വികസന പദ്ധതികളും വൻ കിട മത്സ്യവ്യവസായ താൽപര്യങ്ങളും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവൽപ്രശ്നങ്ങളും ഏറ്റുമുട്ടുകയും മേഖലയെ പലപ്പോഴും കലുഷിതമാക്കുകയും ചെയ്യാറുണ്ട്. കാർഷിക മേഖല കഴിഞ്ഞാൽ ഏറ്റവും അരക്ഷിതവും സംഘർഷഭരിതവുമായ മത്സ്യത്തെ ാഴിലാളികളുടെ ജീവിതത്തിലേക്ക് ആഞ്ഞുവീശുന്ന സൂനാമികളുടെ പ്രഭവകേന്ദ്രം ഭരണകൂടങ്ങൾ നിർമിക്കുന്ന നിയമങ്ങളാ​െണ ന്നതാണ് വ്യസനകരം. മിക്കവാറും അവ വരുക മത്സ്യത്തൊഴിലാളികളുടെ പ്രാഥമികാവശ്യങ്ങളുടെ പൂർത്തീകരണത്തി​െൻറ പേരിലാ യിരിക്കും. എന്നാൽ, അവ പ്രാവർത്തികമാകുക സമ്പന്ന, വൻകിട വാണിജ്യ താൽപര്യങ്ങൾക്കനുസൃതവും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ അംഗീകരിച്ച തീരദേശ മേഖലാ നിയന്ത്രണ നിയമങ്ങളിലെ ഇളവുകൾ തള്ളാനും കൊള്ളാനുമാകാതെ മത്സ്യമേഖല ആശയക്കുഴപ്പത്തിലാണ്. കാരണം, അത് ഒരേ സമയം തീരമേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരവും പുതിയ പ്രതിസന്ധിയിലേക്കുള്ള വാതായനവുമാണ്.

1991ൽ കൊണ്ടുവന്ന തീരനിയന്ത്രണ നിയമം (സി.ആർ.സെഡ്) പരിസ്ഥിതിപ്രാധാന്യം പരിഗണിച്ച് കെട്ടിടനിർമാണത്തിനും വികസനപ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. കടൽത്തീരങ്ങളിലും കായൽത്തീരങ്ങളിലുമുള്ള അനിയന്ത്രിത നിർമാണങ്ങൾക്ക് പൂട്ടുവീ​െണങ്കിലും തലമുറകളായി തീരത്ത് വസിച്ചിരുന്ന മത്സ്യത്തൊഴിലാളികൾക്ക് കൂര പണിയാനുള്ള അവകാശവും അത് ഹനിച്ചുകളഞ്ഞു. ശക്തമായ സമ്മർദങ്ങൾക്ക് വിധേയമായി നഗരമേഖലയിലെ നിയമനിർമാണങ്ങൾക്ക് തീരങ്ങളിൽനിന്ന് 500 മീറ്റർ ദൂരപരിധിയിലെ നിയന്ത്രണങ്ങൾ 200 മീറ്ററായി ചുരുക്കിയ 2011ലെ ഭേദഗതി പ​േക്ഷ, ആരെയും പൂർണമായി തൃപ്തിപ്പെടുത്തിയില്ല. 2014ൽ അധികാരമേറ്റ മോദി സർക്കാർ തീരമേഖലയിലെ പ്രശ്നപരിഹാരങ്ങൾ നിർദേശിക്കാൻ ഭൗമശാസ്ത്ര മന്ത്രാലയ സെക്രട്ടറി ശേലേഷ് നായികി​െൻറ നേതൃത്വത്തിൽ കമ്മിറ്റിയെ നിശ്ചയിച്ചു. സംസ്ഥാന സർക്കാറുകളും വിവിധ സംഘടനാ പ്രതിനിധികളുമായി കൂടിയാലോചനകൾ നടത്തി 2015ൽ അവർ കേന്ദ്ര സർക്കാറിന് വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. അതി​െൻറ ചുവടുപിടിച്ചാണ് കേന്ദ്ര സർക്കാർ ഭരണാവസാന നാളുകളിൽ പുതിയ വിജ്ഞാപനത്തിലൂടെ തീരമേഖലയിലെ നിർമാണപ്രവർത്തനങ്ങൾക്ക് ഉദാരമായ ഇളവുകൾ അനുവദിച്ചിരിക്കുന്നത്. തീരമേഖലയുെട പരിസ്ഥിതി പരിപാലനവും സാമ്പത്തിക വികസനവും ഒരേ സമയം ഉറപ്പാക്കുന്നതാണ് നടപടിയെന്നാണ് നിയമമന്ത്രി രവിശങ്കർ പ്രസാദ് നൽകുന്ന വിശദീകരണം. മാറുന്ന കാലത്തിനൊത്ത് പാർപ്പിട, ടൂറിസ വികസനവും തൊഴിലവസരങ്ങളും ലക്ഷ്യമിട്ടാണ് തീരമേഖല നിയന്ത്രണങ്ങളിൽ ഇളവുവരുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മഹാരാഷ്​ട്രയിലെയും ഗുജറാത്തിലെയും വൻകിട നിർമാണക്കാരെയും ഗോവയിലെയും കേരളത്തിലെയും വിനോദ സഞ്ചാര വ്യവസായികളെയും തൃപ്തിപ്പെടുത്താനാണ് ഭേദഗതിയെന്നാണ് ഉയർന്നുവരുന്ന വിമർശനം.

തീരപരിപാലനത്തിലെ പുതിയ ഇളവോടെ പത്ത് ലക്ഷം തീരവാസികളുടെ വീട് നിർമാണ നിയന്ത്രണങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. കേരളത്തിലെ സമുദ്രതീരത്തി​െൻറ നാലിലൊന്നും കായൽത്തീരത്തി​െൻറ പകുതിയും ഇതോടെ നിർമാണ നിയന്ത്രണങ്ങളിൽനിന്ന് മുക്തമാകും. ചതുരശ്ര കിലോമീറ്ററിൽ 2161 പേരിൽ കൂടുതൽ താമസിക്കുന്ന 244 പഞ്ചായത്തുകളിൽ തീരത്തുനിന്ന് 50 മീറ്റർ കഴിഞ്ഞാൽ നിർമാണപ്രവൃത്തികൾക്ക് ഇനി വിഘാതങ്ങളില്ല. തീരമേഖല ഒന്നിൽപെടുന്ന പരിസ്ഥിതിലോല പ്രദേശത്ത് നിർമാണ, വികസന പ്രവർത്തനങ്ങൾ നടത്തുന്നുവെങ്കിൽ തുടർന്നും കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തി​െൻറ അനുമതി ആവശ്യമാണ്. എന്നാൽ, രണ്ടും മൂന്നും ഗണത്തിൽപെടുന്ന തീരമേഖലയിലെ നിർമാണപ്രവർത്തനങ്ങൾക്ക് ഇനിമുതൽ സംസ്ഥാന സർക്കാറുകളുടെ അനുമതി മതിയാകും.

പരിസ്ഥിതി ദുർബല മേഖലകളിലും കടലിൽ 12 നോട്ടിക്കൽ മൈലിനുള്ളിലും നടപ്പാക്കുന്ന പദ്ധതികൾക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തി​െൻറ അനുമതി നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും തീരമേഖലയിൽ വിനോദസഞ്ചാരവും വ്യവസായവും പരിപോഷിപ്പിക്കാനാണ് വിജ്ഞാപനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഭൂരിപക്ഷം കടൽത്തീരങ്ങളിലെ നിർമാണ നിയമാനുമതി സംസ്ഥാന സർക്കാറുകളിൽ നിക്ഷിപ്തമാക്കിയതിലൂടെ വൻകിട നിർമാണ നിയന്ത്രണങ്ങളിലെ തടസ്സങ്ങൾക്ക് അറുതിവരുത്താനാകുമെന്ന് കേന്ദ്ര സർക്കാർ കരുതുന്നു. ഇത് തീരങ്ങളുടെ മേലുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ഹാനികരമാക്കുന്നതിന് കാരണമായേക്കും. റിയൽ എസ്​റ്റേറ്റ് താൽപര്യങ്ങളുടെ ചതിക്കുഴികളിൽ തീരവാസികളുടെ കിടപ്പാടങ്ങൾ കൈമോശം വരുമെന്ന ഭീതി മത്സ്യത്തൊഴിലാളി സംഘടനകൾ ഉയർത്തിക്കഴിഞ്ഞിരിക്കുന്നു. മാലിന്യസംസ്കരണ പ്ലാൻറുകളുടെ നിർമാണത്തിനുള്ള നിയന്ത്രണം നീക്കംചെയ്യുന്നത് കടൽ കൂടുതൽ മലിനമാകുന്നതിലേക്കായിരിക്കും നയിക്കുക. നിലവിൽതന്നെ അപകടകരമായ തോതിലാണ് രാജ്യത്ത് വ്യവസായശാലകളിൽനിന്നും മറ്റും മാലിന്യങ്ങൾ കടലിലേക്ക് ഒഴുകിപ്പരക്കുന്നത്.

പുതിയ വിജ്ഞാപനം കായൽത്തീരങ്ങളിലും കടൽത്തീരങ്ങളിലും നടന്ന ​ൈകയേറ്റങ്ങൾക്ക് നിയമസാധുത ലഭിക്കുന്നതിന് കാരണമാകുമെന്ന ആശങ്ക നിയമവിദഗ്​ധർക്കുണ്ട്. നിർമാണപ്രവർത്തനത്തി​െൻറ മറവിൽ തീരമേഖലയിൽ പരോക്ഷ ഖനിയെ ശക്തിപ്പെടുത്തുമെന്ന വിലയിരുത്തലും പ്രബലം. ഇത്തരം ആശങ്കകൾ സംഭവിക്കുകയാ​െണങ്കിൽ വിജ്ഞാപനം വഴിതുറക്കുക വമ്പിച്ച പരിസ്ഥിതി പ്രത്യാഘാതങ്ങൾക്കായിരിക്കും. ഇളവുകളുടെ പ്രഥമ ഗുണഭോക്താക്കൾ തീരവാസികളായിരിക്കുമെങ്കിലും ശാശ്വത പ്രായോജകർ വൻകിട വ്യവസായികളാകാനാണ് നിയമനിർമാണങ്ങളുടെ ഇതഃപര്യന്തമുള്ള ചരിത്രം പറയുന്നത്. തീരമേഖലയുടെ പരിസ്ഥിതി, സാംസ്കാരിക പ്രാധാന്യത്തിന് പോറലേൽക്കുന്നത് ദീർഘകാലാടിസ്​ഥാനത്തിൽ സാമ്പത്തികമായും സാമൂഹികമായും വലിയ പരാജയമായിരിക്കും. തീരമേഖലയിലെ നിയമഭേദഗതികൾ പൊതുസമൂഹത്തി​െൻറ വലിയ ജാഗ്രത ആവശ്യപ്പെടുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialopinionmalayalam news
News Summary - editorial
Next Story