‘പാറ്റക്കലാപം’ പകരുന്ന പാഠങ്ങൾ
text_fieldsരാജ്യത്ത് ഒരു ‘പാറ്റക്കലാപ’ത്തിന് അരങ്ങൊരുങ്ങുകയാണോ? ‘കോക്രോച്ച് ജനതാ പാർട്ടി’ (സി.ജെ.പി) എന്ന ഓൺലൈൻ മീം-സറ്റയർ രാഷ്ട്രീയ കൂട്ടായ്മ വളരെ പെട്ടെന്നാണ് രാജ്യത്തെ സമൂഹമാധ്യമങ്ങളിലും യുവജനങ്ങൾക്കിടയിലും താൽപര്യപൂർവം ചർച്ചചെയ്യപ്പെടുന്ന ട്രെൻഡുകളിൽ ഒന്നായി മാറിയത്. ഇൻസ്റ്റഗ്രാമിൽ ഇവരെ ഫോളോ ചെയ്യുന്നവരുടെ എണ്ണം വെറും നാലഞ്ച് ദിവസങ്ങൾക്കകംതന്നെ ഭരണകക്ഷിയായ ബി.ജെ.പിയേയും മറികടന്ന് 1.61 കോടി പിന്നിട്ടിരിക്കുന്നു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ വിവാദ പരാമർശങ്ങൾക്ക് ശേഷം സൈബർ സ്പേസിൽ തമാശയായി ആരംഭിച്ച ഈ പ്രവണത, കൊടുങ്കാറ്റിന്റെ വേഗത്തിലാണ് ‘ജെൻസി’ സംസ്കാരത്തിലൂന്നിയ ഒരു ഡിജിറ്റൽ പ്രസ്ഥാനമായി വളർന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നവമാധ്യമങ്ങളിൽ യൂനിറ്റുകൾ വരെ രൂപപ്പെട്ടുകഴിഞ്ഞുവെന്നാണ് സി.ജെ.പി അവകാശപ്പെടുന്നത്.
സുപ്രീംകോടതി വിചാരണ വേളയിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവജനങ്ങളെ ‘‘തൊഴിലെടുക്കാത്തവർ, അലസന്മാർ, ഇന്റർനെറ്റ് ലോകത്ത് ജീവിക്കുന്ന പാറ്റകൾ, സമൂഹത്തിലെ ഇത്തിക്കണ്ണികൾ’’ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിലുണ്ടായ രോഷവും പ്രതിഷേധവും പരിഹാസ രൂപേണ പ്രകടിപ്പിക്കാനുള്ള വേദി ആയാണ് സി.ജെ.പി ജന്മമെടുത്തത്. എന്നാൽ, രാജ്യത്തെ യുവജനങ്ങൾക്കിടയിൽ നിലവിലെ വ്യവസ്ഥിതിയോടും അധികാരവർഗത്തോടുമുള്ള അമർഷത്തിന്റെ തീവ്രത ഈ പ്രസ്ഥാനത്തെ വേഗത്തിൽ പടരാൻ ഇടവരുത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ, സി.ജെ.പി സ്വയം അടയാളപ്പെടുത്തുന്നത്, സാധാരണക്കാരായ നിരാശരായ പൗരരെ പ്രതിനിധാനം ചെയ്യുന്ന ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യ പ്രസ്ഥാനമായിട്ടാണ്. നിലവിലെ രാഷ്ട്രീയ പാർട്ടികളെ ‘പാഴ്’ എന്നാണവർ വിശേഷിപ്പിക്കുന്നത്.
‘‘മറ്റൊരു പി.എം കെയർസ് ഫണ്ട് സ്ഥാപിക്കാനോ, നികുതിദായകരുടെ പണത്തിൽ ദാവോസിൽ പോയി അവധിക്കാലം ആഘോഷിക്കാനോ, അഴിമതിയെ ‘തന്ത്രപരമായ ചെലവ്’ എന്ന് പുനർനാമകരണം ചെയ്യാനോ ഞങ്ങൾക്ക് താൽപര്യമില്ല. നമ്മുടെ നികുതിപ്പണം എവിടേക്കാണ് പോകുന്നതെന്ന് ഉറക്കെ, ആവർത്തിച്ച് ചോദിക്കാനാണ് ഞങ്ങൾ വന്നിരിക്കുന്നത്’’ -അവർ പ്രഖ്യാപിക്കുന്നു. സ്ത്രീ സംവരണത്തിനുവേണ്ടിയും അദാനി-അംബാനിമാരുടെ ‘ഗോദി മീഡിയ’ക്കെതിരെയും ശബ്ദമുയർത്തുന്ന അവർ, പൗരരുടെ വോട്ടവകാശം റദ്ദാക്കിയാൽ ഇലക്ഷൻ കമീഷണറെ യു.എ.പി.എ ചുമത്തി ജയിലിലടക്കാനുള്ള നിയമനിർമാണം നടത്തുമെന്നും അവകാശപ്പെടുന്നു.
നീറ്റ് പരീക്ഷാ ചോർച്ചയെത്തുടർന്ന് പതിനേഴോളം വിദ്യാർഥികൾ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാണ് സി.ജെ.പി ഇപ്പോൾ ഉന്നയിക്കുന്ന പ്രധാന രാഷ്ട്രീയ ആവശ്യം. ഈ മുന്നേറ്റം കേന്ദ്ര ഭരണകൂടത്തെ അലോസരപ്പെടുത്തിയിട്ടുണ്ടെന്നുറപ്പ്. കോക്രോച്ച് ജനതാ പാർട്ടിയുടെ ‘എക്സ്’ അക്കൗണ്ടിന് ഇന്ത്യക്കകത്ത് താൽക്കാലിക വിലക്ക് വീണുകഴിഞ്ഞു. ഇവരുടെ ഇൻസ്റ്റഗ്രാം പേജ് ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങളും തകൃതിയായി നടക്കുന്നുണ്ടെന്ന് സംഘാടകർ ആരോപിക്കുന്നു.
2020-23 കാലത്ത് ആം ആദ്മി പാർട്ടിയുടെ സമൂഹ മാധ്യമ സംഘത്തിൽ വളന്റിയറായിരുന്ന, ബോസ്റ്റൺ സർവകലാശാലയിൽനിന്ന് പബ്ലിക് റിലേഷൻസിൽ ബിരുദാനന്തര ബിരുദമെടുത്ത അഭിജീത് ദിപ്കെ എന്ന മുപ്പതുകാരനാണ് സി.ജെ.പിയുടെ സ്ഥാപകൻ. രാജ്യത്തെ വ്യവസ്ഥിതി അത്രമേൽ ചീഞ്ഞളിഞ്ഞിരിക്കുകയാണെന്നും ഇനി ‘പാറ്റകൾ’ പുറത്തുവരണമെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം വെബ്സൈറ്റിന് രൂപംനൽകിയത്. ‘‘ഞങ്ങളുടെ ദർശനങ്ങളും ആശയങ്ങളും ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യയശാസ്ത്രപരമായി ഞങ്ങൾ ഒരു മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ, ജാതിവിരുദ്ധ സംഘടനയാണ്. ഗാന്ധി, അംബേദ്കർ, നെഹ്റു എന്നിവരിൽനിന്നാണ് ഞങ്ങൾ പ്രചോദനം ഉൾക്കൊള്ളുന്നത്’’ -അഭിജീത് നയം വ്യക്തമാക്കുന്നു.
ജനസംഖ്യയുടെ 65 ശതമാനത്തിലധികം വരുന്ന, 35 വയസ്സിന് താഴെയുള്ള യുവതയുടെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും ഉൾക്കൊള്ളാൻ പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് കഴിയാതെപോയതിന്റെ നിരാശയിൽനിന്നാണ് ഈ ‘മീം സറ്റയർ രാഷ്ട്രീയ’ത്തിന്റെ പിറവി. തൊഴിലില്ലായ്മയുടെയും സാമ്പത്തിക അസ്ഥിരതയുടെയും കാലഹരണപ്പെട്ട വിദ്യാഭ്യാസ രീതികളുടെയും നടുവിൽ ശ്വാസംമുട്ടുന്ന ഒരു വലിയ യുവസമൂഹം ഇവിടെയുണ്ട്.
തങ്ങളുടെ സ്വപ്നങ്ങളെയും ആശങ്കകളെയും കേവലം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് മാത്രമായി ഇരയാക്കുന്ന വ്യവസ്ഥിതിയോടുള്ള കടുത്ത വിയോജിപ്പും ഭരണകൂടവിരുദ്ധ വികാരവുമാണ് ഈ പുതിയ പ്രസ്ഥാനത്തിന്റെ ഊർജം. അധികാരവർഗത്തിന്റെ പൊള്ളയായ വാഗ്ദാനങ്ങളെ റീലുകളിലൂടെയും ട്രോളുകളിലൂടെയും മീമുകളിലൂടെയും ഇവർ വിചാരണ ചെയ്യുന്നു. ഭരണകൂട യുക്തികളെ പരിഹാസത്തിന്റെ മൂർച്ചയേറിയ ഭാഷകൊണ്ട് നേരിടുന്ന, ഏറെ പ്രഹരശേഷിയുള്ള ഒരു ‘സറ്റയർ തിരുത്താ’ണിത്. ‘തമാശയേക്കാൾ വലിയ രാഷ്ട്രീയ പ്രയോഗമില്ല’ എന്ന ചൊല്ല് ഈ ചെറുപ്പക്കാർ അന്വർഥമാക്കുകയാണ്.
ഇന്ത്യയിലെ പ്രബല രാഷ്ട്രീയപാർട്ടികൾ ഈ പ്രതിഭാസത്തിൽനിന്ന് പഠിക്കേണ്ട പാഠങ്ങൾ പലതുണ്ട്. പണ്ടത്തേതുപോലെ ജാഥകളും പണക്കൊഴുപ്പുള്ള റാലികളും കൊണ്ടുമാത്രം പുതിയ തലമുറയെ തൃപ്തിപ്പെടുത്താനാകില്ല. യുവതലമുറ സംസാരിക്കുന്ന സുതാര്യതയുടെയും വികേന്ദ്രീകരണത്തിന്റെയും ഭാഷ മനസ്സിലാക്കാൻ രാഷ്ട്രീയനേതൃത്വങ്ങൾ തയാറാകണം. വിയോജിപ്പുകളെയും വിമർശനങ്ങളെയും ദേശവിരുദ്ധതയായി ചിത്രീകരിക്കുന്ന സമകാലിക രാഷ്ട്രീയ പശ്ചാത്തലത്തിൽ, പരിഹാസത്തിലൂടെ ഭരണകൂടത്തിന്റെ കോർപറേറ്റ്-ഫാഷിസ്റ്റ് പ്രവണതകളെ പ്രതിരോധിക്കാൻ ഇവർക്ക് കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാൻ സമയം കുറച്ചുകൂടിയെടുത്തേക്കും.
പക്ഷേ, സോഷ്യൽ മീഡിയ ആക്ടിവിസത്തിലൂടെ ലോകമെമ്പാടുമുള്ള യുവജനങ്ങളെ ആകർഷിച്ചുകൊണ്ടിരിക്കുന്ന ‘പൈറേറ്റ് പാർട്ടികളുടെ’ രംഗപ്രവേശം നമ്മുടെ രാജ്യത്തും സംജാതമാകുന്നതിന്റെ ലക്ഷണങ്ങളാണ് പ്രകടമാകുന്നതെന്ന് നിസ്സംശയം പറയാനാകും. ഇത്തരം പ്രസ്ഥാനങ്ങളിൽ ചിലത് വേഗത്തിൽതന്നെ ചരമമടയുകയോ വലതു രാഷ്ട്രീയത്തെ പുൽകുകയോ ചെയ്തിട്ടുണ്ട്. മറ്റുചിലത് വലിയ പരിവർത്തനങ്ങൾക്ക് അടിപ്പടവ് പണിയുകയും ചെയ്തിട്ടുണ്ട്. എല്ലാ കാലത്തെയും പോലെ വർത്തമാനകാലത്തും യുവാക്കൾ അവരുടെ ചരിത്രപരമായ പങ്ക് വഹിക്കുകയാണ്. കേരളത്തിലെയും തമിഴ്നാട്ടിലെയും ഭരണമാറ്റങ്ങളിൽ ‘ജെൻസി’ വോട്ടർമാരുടെ കൃത്യമായ സ്വാധീനമുണ്ടെന്ന് വ്യക്തമാണ്. യുവാക്കൾ ഗൗരവത്തോടെ ചിന്തിക്കുകയും ഇടപെടുകയും ചെയ്യുന്നുണ്ട്. ഈ മുന്നേറ്റങ്ങൾക്ക് കൃത്യമായ ദിശാബോധവും രാഷ്ട്രീയ വികാസവുമുണ്ടാകുമോ എന്നതിന് വരുംനാളുകളിൽതന്നെ ഉത്തരം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

