Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
യുദ്ധം വന്നിട്ടുമെന്തേ മനുഷ്യരിങ്ങനെ?
cancel

യുക്രെയ്ന്റെ മണ്ണിലേക്ക് റഷ്യൻ സാമ്രാജ്യത്വ വ്യാപനവാശിയുടെ ടാങ്കുകൾ ഇരച്ചുകയറാൻ തുടങ്ങിയിട്ട് ആഴ്ചയൊന്നാവുന്നു. സൈന്യങ്ങൾ തമ്മിലാണ് ഏറ്റുമുട്ടുക​യെന്നും ജനങ്ങൾക്കു​നേരെ ആയുധം തൊടുക്കില്ലെന്നുമുള്ള റഷ്യൻ ഏകഛത്രാധിപതിയുടെ ഉറപ്പ് പൊള്ളയായിരുന്നുവെന്ന് വ്യക്തമാക്കുംവിധം നൂറിലേറെ സിവിലിയന്മാർക്ക് ജീവൻ നഷ്ടമായിരിക്കുന്നു.

ആയിരത്തിനടുത്താളുകൾക്ക് മാരകമായി മുറിവേറ്റു. ഇതിനപ്പുറമുള്ള യുക്രെയ്നിയൻ സൈനികരുടെ നാശനഷ്ടക്കണക്ക് തിട്ടപ്പെടുത്തിത്തീർന്നിട്ടില്ല. പ്രാണരക്ഷാർഥം എട്ടേ മുക്കാൽ ലക്ഷത്തിലേറെ മനുഷ്യർ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തു. അതിർത്തി കടക്കാനുള്ള അടുത്ത വാഹനം വരുന്നതും പ്രതീക്ഷിച്ചിരിക്കുന്നു അതിലുമെത്രയോ ഇരട്ടി. എന്തിനും ഒപ്പമുണ്ടാകുമെന്ന ഉറപ്പിനാൽ യുക്രെയ്ന് വ്യാജമായ സുരക്ഷിതത്വബോധം നൽകി പിന്നാക്കംപോയ വൻശക്തികൾ അധിനിവേശകർക്കെതിരെ നിലപാടെടുക്കാൻ അറച്ചുപോയപ്പോഴും അധിനിവിഷ്ട ജനതക്കൊപ്പം ഉറച്ചുനിൽക്കുകയാണ് ലോകമനഃസാക്ഷി. യുക്രെയ്ൻ പ്രസിഡന്റിനെ വീരനായകനായി വാഴ്ത്തി അദ്ദേഹത്തിന്റെ പ്രസംഗങ്ങളും പ്രസ്താവനകളും പങ്കുവെക്കുന്നു ലോകമൊട്ടുക്കുള്ള സാധാരണ മനുഷ്യർ. രക്തദാഹികൾക്കെതിരെ പ്രതിരോധം തീർക്കാൻ നെഞ്ചൂക്ക് കാണിക്കുന്ന യുക്രെയ്നിയൻ ജനതയെ പ്രകീർത്തിക്കുന്നു ഓരോരുത്തരും.

എന്നാൽ, യുദ്ധഭൂമിയിൽനിന്ന് കേൾക്കുന്നത് ഒരുമയുടെ വീരകഥകളും മരിച്ചവർക്കായുള്ള ഒപ്പീസുകളും മാത്രമല്ല; ആയുധങ്ങളേക്കാൾ മൂർച്ചയുള്ള വെറുപ്പിനാൽ മുറിവേറ്റ മനുഷ്യരുടെ തേങ്ങിക്കരച്ചിലുകൾകൂടിയാണ്. യുക്രെയ്ൻ നഗരങ്ങളിലെ ബങ്കറുകളി​ലും മെട്രോ സ്റ്റേഷനുകളിലും അഭയം തേടിയ ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശി വിദ്യാർഥികളിൽ പലർക്കുമിന്ന് റഷ്യൻ ഷെല്ലുകളെ പേടിയില്ലാതായിരിക്കുന്നു. ബോംബുകളിൽനിന്ന് രക്ഷതേടി തങ്ങ​ളെപ്പോലെ ഒളിച്ചുപാർക്കുന്ന തദ്ദേശീയരായ മനുഷ്യരുടെ മുനവെച്ച വർത്തമാനങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു അവരിപ്പോൾ. മൈനസ് ഡിഗ്രി തണുപ്പിലും അതവരെ ചുട്ടുപൊള്ളിക്കുന്നു. ബങ്കറിനു പുറത്ത് അവർ പേടിക്കേണ്ടത് റഷ്യൻ സേനയുടെ പടക്കോപ്പുകളെ മാത്രമല്ല, വെറുപ്പുമുറ്റിയ ലോകത്തെത്തന്നെയാണ്. അന്നാട്ടുകാരായ പൊലീസുകാരും പട്ടാളക്കാരും ഇന്ത്യൻ വിദ്യാർഥികളെ ശത്രുക്കളെപ്പോലെ കാണുന്നു. പതിറ്റാണ്ടുകളായി ഇന്ത്യ തുടരുന്ന റഷ്യൻ സൗഹൃദത്തിന്റെയോ യുദ്ധവേളയിൽ കൈക്കൊണ്ട കയ്യാലപ്പുറ നിലപാടിന്റെയോ പേരിലൊന്നുമല്ല അത്.

മൂന്നാംകിട ലോകത്തുനിന്ന് വലിഞ്ഞു കയറിവന്ന പുഴുക്കൾക്ക് ഞങ്ങളുടെ നാട്ടിൽ ജീവിക്കാനോ, അല്ലെങ്കിൽ രക്ഷതേടി നാടുവിടാനോ കുറഞ്ഞ അവകാശമേയുള്ളൂവെന്ന്, അഥവാ തങ്ങളുടെ ജീവനാണ് മൂല്യം കൂടുതലെന്ന് സ്വദേശികളിലെ കുറഞ്ഞ ഒരു വിഭാഗമെങ്കിലും വിശ്വസിക്കുന്നു. രക്ഷാപ്രവർത്തനങ്ങളുടെ ഓരോ ഘട്ടത്തിലും അതു പ്രകടമാണ്. ഇന്ത്യൻവിദ്യാർഥികളെ അതിർത്തിയിലേക്ക് കൊണ്ടുപോകാൻ എംബസി അയച്ച ബസുകൾപോലും സ്വദേശികൾ കൈയടക്കിയ സംഭവമുണ്ട്. തീവണ്ടികളിൽ ഏഷ്യൻ യുവജനങ്ങൾ കഷ്ടിച്ച് കയറിപ്പറ്റാൻ കഴിയുന്നുവെങ്കിൽ ആഫ്രിക്കൻ ജനതക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് അതും സാധ്യമല്ലാതാവുന്നു. 'കറുപ്പന്മാരും കറുമ്പികളും' (ആഫ്രിക്കൻ വംശജർ) ദുരേക്കു പോകൂ' എന്ന നിർദേശത്തോടെയാണ് വാഹനങ്ങളിലേക്ക് ആളുകളെ കയറ്റുന്നതുപോലും. ഏതുവിധേനയെങ്കിലും വാഹനത്തിൽ കയറി അതിർത്തിയുടെ അരികിലെത്തിയാലും അവസാനിക്കുന്നില്ല വിവേചന ദുരിതം. യൂറോപ്യർക്ക് ഒരു ക്യൂവും ഏഷ്യൻ, ആഫ്രിക്കൻ ജനങ്ങൾക്ക് മറ്റൊരു ക്യൂവുമാണ് സംവിധാനിച്ചിരിക്കുന്നത്.

യൂറോപ്യർക്കുള്ള ക്യൂവിൽ നടപടിക്രമങ്ങൾ താമസലേശമില്ലാതെ പൂർത്തിയാവുമെങ്കിൽ അപരരുടെ ക്യൂവിന് ഒന്നനക്കം വെക്കണമെങ്കിൽ മണിക്കൂറുകൾ കാത്തുനിൽക്കണം, പലരും തളർന്നുവീഴുന്നു, വൈദ്യസഹായം തേടേണ്ടി വരുന്ന അവസ്ഥ പോലുമുണ്ടാവുന്നു. വംശീയതയോ വിവേചനമോ തങ്ങൾ കാണിക്കുന്നില്ലെന്നും റഷ്യൻ വ്യാജവാർത്തകളിൽ വശംവദരാവരുതെന്നും പ്രസ്താവനയിറക്കിയിട്ടുണ്ട് അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി നലേദി പദോർ. കേട്ട കഥകൾ അസത്യമാണെന്നും റഷ്യൻമാധ്യമ യുദ്ധമുറയാണെന്നും വിശ്വസിക്കാമായിരുന്നു, റഷ്യൻനടപടിയെ അനുകൂലിക്കാത്ത, പൊതുബോധം സൃഷ്ടിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്ന യൂറോപ്യൻ മാധ്യമങ്ങളിൽനിന്നും മാധ്യമപ്രവർത്തകരിൽനിന്നും വംശീയതയിൽ വാർത്തെടുത്ത വാക്കുകൾ കേട്ടിട്ടില്ലായിരുന്നുവെങ്കിൽ.

സ്വദേശിയെന്നോ വിദേശിയെന്നോ കുട്ടിയെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ ദുരിതപ്പെടുന്ന യുദ്ധത്തെക്കുറിച്ചു പറയുമ്പോഴും നീലക്കണ്ണുകളും സ്വർണത്തലമുടിയുമുള്ള യൂറോപ്യൻ വംശമഹിമ ഉദ്ഘോഷിച്ചില്ലായിരുന്നുവെങ്കിൽ. ഇഷ്ടമില്ലാത്ത ജനതകളെ അപരവത്കരിച്ച് ഇകഴ്ത്തിപ്പറഞ്ഞില്ലായിരുന്നുവെങ്കിൽ. പ്രകൃതി ദുരന്തങ്ങളും മഹാമാരികളും യുദ്ധങ്ങളുമെല്ലാമുണ്ടാകുമ്പോൾ മറ്റുള്ളവരുടെ ദുരിതങ്ങളും വേദനകളും തിരിച്ചറിയുമെന്ന് പറയാറുണ്ട്. പ​ക്ഷേ, മഹാമാരി സംഹാര നൃത്തമാടിയിട്ടും, വാതിൽപ്പുറത്ത് മഹായുദ്ധം നടക്കുമ്പോഴും മനുഷ്യർ ഇതൊന്നും പഠിച്ചിട്ടില്ലല്ലോ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Russia Ukraine War
News Summary - Editorial on Russia Ukrain invasion
Next Story