Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightആൾക്കൂട്ട ആക്രമണം...

ആൾക്കൂട്ട ആക്രമണം നീതിപീഠത്തിന് നേരെയും

text_fields
bookmark_border
ആൾക്കൂട്ട ആക്രമണം നീതിപീഠത്തിന് നേരെയും
cancel

ഒരു വ്യാഴവട്ടത്തിനിടെ രാജ്യത്ത് പകർച്ചവ്യാധിപോലെ വ്യാപകമായ കുറ്റകൃത്യമാണ് ആൾക്കൂട്ടക്കൊലപാതകങ്ങൾ. ധരിച്ചിരിക്കുന്ന വേഷത്തിൽ നിന്ന് മനുഷ്യരുടെ മതം വായിച്ചെടുത്തും, മുഖഭാവത്തിൽ നിന്ന് ദേശീയത ഊഹിച്ചെടുത്തുമൊക്കെയാണ് വർഗീയ ആൾക്കൂട്ടങ്ങൾ അടിച്ചും എറിഞ്ഞുമൊക്കെ മനുഷ്യരെ തെരുവിൽ കൊന്നുതള്ളുന്നത്. പുണെയിൽ കൊലചെയ്യപ്പെട്ട ഐ.ടി എൻജിനീയർ മുഹ്സി​ൻ ശൈഖും ഡൽഹിയി​ൽ നിന്ന് പെരുന്നാൾ കുപ്പായങ്ങളും വാങ്ങി ഹരിയാനയിലെ ഖന്ദവാലിയിലെ വീട്ടിൽ ഈദാഘോഷിക്കാൻ പോകവേ ട്രെയിനിൽ കൊലചെയ്യപ്പെട്ട ഹാഫിസ് ജുനൈദും മുതൽ ബംഗ്ലാദേശിയാണെന്ന സംശയത്തിൽ പാലക്കാട് വാളയാറിൽ വർഗീയവാദികൾ അടിച്ചുകൊന്ന ഛത്തിസ്ഗഢ് സ്വദേശി രാംനാരായൺ ഭാഘേൽ വരെ രക്തസാക്ഷികളുടെ എണ്ണം നൂറുകണക്കിനാണെങ്കിലും ഈ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർ വളരെ വളരെ കുറവാണ്. മാട്ടിറച്ചി കൈവശം വെച്ചു, കന്നുകാലികളെ കടത്തി, കശാപ്പ് ചെയ്തു എന്നീ ആരോപണങ്ങൾ ചുമത്തിയാണ് അടിച്ചുകൊലയെങ്കിൽ എഫ്.ഐ.ആർ എഴുത്തു മുതൽ മുഖ്യധാരാ പത്രങ്ങളുടെ വാർത്തയെഴുത്തുവരെ കുറ്റവാളികളെ ന്യായീകരിച്ചുകൊണ്ടായിരിക്കും. രാജ്യം ഭരിക്കുന്നത് ഞങ്ങളുടെ സർക്കാറാണെന്ന ആത്മവിശ്വാസത്തിനുപുറമെ നിയമ-നീതിപാലകർ പുലർത്തുന്ന നിസ്സംഗതയും പക്ഷംപിടിക്കലുമാണ് ആൾക്കൂട്ട അതിക്രമം നടത്താൻ ഹിന്ദുത്വ വിദ്വേഷ സംഘങ്ങൾക്ക് ഉത്തേജനം പകരുന്നത്.

ഇത്തരം കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്നത് അത്യപൂർവമാണെന്ന് മാത്രമല്ല, നീതിനിഷേധിക്കപ്പെട്ട് ഇരകളുടെ കുടുംബങ്ങൾ കണ്ണീരുമായി കഴിയവേ കൃത്യം നടത്തിയവരും വിദ്വേഷ പ്രസംഗങ്ങളിലൂടെ പ്രചോദിപ്പിച്ചവരും വീരപരിവേഷത്തോടെ സമാനമായ പ്രവർത്തനങ്ങളുമായി നാടൊട്ടുക്ക് പാഞ്ഞുനടക്കുന്നതും വർത്തമാനകാല ഇന്ത്യയിൽ പതിവ് കാഴ്ചയാണ്.

നിയമമോ ചട്ടങ്ങളോ ഇല്ലാത്തതു കൊണ്ടല്ല ഇതൊന്നും നടക്കുന്നത് എന്നോർക്കണം. ആൾക്കൂട്ടക്കൊലക്കേസുകൾ കൈകാര്യം ചെയ്യാൻ അതിവേഗ കോടതികൾ സ്ഥാപിക്കുക, ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും സംസ്ഥാന സർക്കാറുകൾ കൃത്യമായ നഷ്ടപരിഹാരം നൽകുക, അക്രമങ്ങൾ തടയാൻ എല്ലാ ജില്ലകളിലും മുതിർന്ന പൊലീസ് ഓഫിസറെ നോഡൽ ഓഫിസറായി നിയമിക്കുക, അക്രമ സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി പട്രോളിങ് ശക്തമാക്കുക, വിദ്വേഷ പ്രസംഗങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുക എന്നിങ്ങനെ സുപ്രീംകോടതിയുടെ കിറുകൃത്യമായ മാർഗനി​ർദേശ ചട്ടങ്ങളുണ്ട്, പലപ്പോഴും പാലിക്കപ്പെടാറില്ലെന്ന് മാത്രം.

പ്രോസിക്യൂഷൻ പ്രതികളുമായി ഒത്തുകളിച്ച് പ്രതികളെ രക്ഷപ്പെടുത്തിയ കേസുകൾക്ക് എമ്പാടുമുണ്ട് ഉദാഹരണങ്ങൾ. എന്നാൽ, കൃത്യമായ തെളിവുകൾ ശേഖരിക്കുകയും മൊഴി രേഖപ്പെടുത്തുകയുമൊക്കെ ചെയ്തതോടെ മധ്യപ്രദേശിലെ ഒരു ആൾക്കൂട്ടക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം വിധിക്കപ്പെട്ടു. മധ്യപ്രദേശിൽനിന്ന് മഹാരാഷ്ട്രയിലേക്ക് കന്നുകാലി കടത്തിയെന്നാരോപിച്ച് 2022 ആഗസ്റ്റിൽ ബരാഖഡ് ഗ്രാമത്തിൽ വെച്ച് നസീർ അഹ്മദ് എന്ന ട്രക്ക് ഡ്രൈവറെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 14 പ്രതികൾക്ക് കഴിഞ്ഞ മാസം 12ന് നർമദാപുരം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ശിക്ഷ വിധിച്ച വാർത്ത ഏതാനും പ്രാദേശിക പത്രങ്ങളിൽ മാത്രമാണ് അന്ന് പ്രത്യക്ഷപ്പെട്ടത്. എന്നാൽ, ഇന്നതിന് ദേശീയ-അന്തർദേശീയ പ്രാധാന്യം കൈവന്നിരിക്കുന്നു.

അതിക്രമകാരികളുടെ പക്കമേളക്കാർ, കൊലയാളികൾക്ക് ശിക്ഷവിധിച്ച ജഡ്ജിക്കെതിരെ വധഭീഷണിയും അപവാദ പ്രചാരണങ്ങളുമായി നിറഞ്ഞാടിയതാണ് കാരണം. വേഷത്തിൽനിന്നും രൂപത്തിൽനിന്നും മതം വായിച്ചെടുത്ത് ശിക്ഷവിധിക്കുന്ന വിദ്വേഷക സംഘം തബസ്സും ഖാൻ എന്ന ജഡ്ജിയുടെ പേരിൽനിന്ന് മതം വായിച്ചെടുത്തു. പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രകടനവും ന്യായാധിപയുടെ കോലംകത്തിക്കലും നടത്തുന്നു; ‘ഗോ സംരക്ഷകർ’ക്ക് ശിക്ഷവിധിച്ച ജഡ്ജിയുടെ കഥകഴിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന വിദ്വേഷ വിഡിയോകൾ സമൂഹമാധ്യമങ്ങളിലെമ്പാടും പരക്കുന്നു. ശിക്ഷ പിൻവലിച്ചില്ലെങ്കിൽ നാടൊട്ടാകെ രക്തച്ചൊരിച്ചിലുണ്ടാകുമെന്നും ഭീഷണി മുഴക്കുന്നവരുണ്ട്. സംഭവം വിവാദമായതോടെ മധ്യപ്രദേശ് പൊലീസ് കേസെടുക്കുകയും ജഡ്ജിക്ക് സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തു. സുപ്രീംകോടതി അഭിഭാഷക​രും പൗരാവകാശ രാഷ്ട്രീയ നേതാക്കളും ജഡ്ജിക്ക് ഐക്യദാർഢ്യമറിയിച്ച് മുന്നോട്ടുവരുന്നുണ്ട്. എന്നാൽ, ഭരണകൂട ഉന്നതരാരും മിണ്ടിയിട്ടില്ല. തങ്ങളുടെ കൂലിപ്പടയോട് വായടക്കാൻ കൽപിക്കുന്നുമില്ല.

ഡൽഹിയിൽ വിദ്വേഷ പ്രസംഗകർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട ജസ്റ്റിസ് മുരളീധറിനെയും മധ്യപ്രദേശിൽ ജസ്റ്റിസ് അതുൽ ശ്രീധരനെയും സ്ഥലംമാറ്റിച്ച് പകരംവീട്ടിയ ഭരണകൂടത്തിന് അനുപൂരണമായ നടപടിയാണല്ലോ അക്രമിക്കൂട്ടങ്ങളുടേത്.

ഔദ്യോഗിക കർത്തവ്യം നിർവഹിച്ചതിന്റെ പേരിൽ ഒരു ന്യായാധിപക്ക് വധഭീഷണി നേരിടേണ്ടി വരുന്നത് രാജ്യത്തെ നിയമവാഴ്ചയുടെ തകർച്ചയുടെ ദൃഷ്ടാന്തമാണ്. പ്രതികളുടെ മതമല്ല, അവർ ചെയ്ത കുറ്റത്തിന്റെ കാഠിന്യമാണ് നീതിപീഠം പരിശോധിച്ചതെന്നും താൻ കൈയേന്തുന്ന നിയമസംഹിതയാണ് ജഡ്ജിയുടെ വിധിന്യായത്തിന് പിന്നിലെന്നും ഏവർക്കുമറിയാം. കോടതികളെപ്പോലും ഭയപ്പെടുത്താൻ വിദ്വേഷ സംഘങ്ങൾ പുലർത്തുന്ന ധൈര്യം സമാനമായ കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥരെയും സാക്ഷികളെയും സമ്മർദത്തിലാക്കും. തെരുവുകളിലും സൈബർ തുരുത്തുകളിലും നടത്തിപ്പോന്ന ആൾക്കൂട്ട ആക്രമണം നീതിപീഠത്തിനുമേലും വ്യാപിപ്പിച്ച് ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ് കാവിസംഘങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:judiciarylawcourtsMob Lynchingeditorial opinion
News Summary - Mob attack on the courthouse
Next Story