25 ‘ഭീകര’ വർഷങ്ങൾ
text_fields2001 സെപ്റ്റംബർ 11ന് ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ ഇരട്ട ഗോപുരങ്ങൾ തകർന്നുവീഴുമ്പോൾ ആരും കരുതിയിരുന്നില്ല, അത് ലോകത്തിന്റെ ഗതിതന്നെ മാറ്റിമറിക്കാൻ പോകുന്ന ദീർഘകാല ദുരന്തങ്ങളുടെ തുടക്കമാണെന്ന്. ആക്രമണത്തിന്റെ സൂത്രധാരരെന്ന് അമേരിക്കൻ ഏജൻസികൾ കണ്ടെത്തിയവരിൽ ഭൂരിഭാഗവും കൊല്ലപ്പെടുകയോ കുപ്രസിദ്ധമായ ഗ്വണ്ടാനമോ തടവറയിൽ പീഡനങ്ങൾക്കിരയായി ശാരീരിക-മാനസിക നില തകർന്ന് ഇപ്പോഴും വിചാരണ കാത്തുകിടക്കുകയോ ആണ്. ഉസാമ ബിൻ ലാദിനും അയ്മൻ അൽ സവാഹിരിയും അമേരിക്കൻ സൈനിക നീക്കങ്ങളിൽ കൊല്ലപ്പെടുകയും ചെയ്തു. എന്നാൽ, ഇതുകൊണ്ടൊന്നും ഭീകരവിരുദ്ധ യുദ്ധം അവസാനിച്ചില്ല; മറിച്ച്, അമേരിക്കൻ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ അധിനിവേശങ്ങളുടെ വ്യാപ്തി കൂടുകയാണ് ചെയ്തത്.
കഴിഞ്ഞ 25 വർഷങ്ങളിലേക്ക് കണ്ണോടിക്കുമ്പോൾ, 9/11ന് മറുപടിയായി ആരംഭിച്ച ‘വാർ ഓൺ ടെറർ’ എങ്ങനെയാണ് ആഗോളതലത്തിൽ വലിയ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക തകർച്ചകൾക്ക് അടിത്തറയിട്ടതെന്ന് വ്യക്തമായി തിരിച്ചറിയാനാകും. സുരക്ഷയും ജനാധിപത്യ പുനഃസ്ഥാപനവും വാഗ്ദാനം ചെയ്തുകൊണ്ട് ഇറങ്ങിത്തിരിച്ച പാശ്ചാത്യ ഇടപെടലുകൾ വാസ്തവത്തിൽ ലോകമെമ്പാടും പൗരാവകാശ ധ്വംസനങ്ങൾക്കും രാജ്യങ്ങളുടെ സമ്പൂർണ തകർച്ചക്കും ലക്ഷക്കണക്കിന് കോടികളുടെ ആയുധക്കച്ചവടത്തിനും മാത്രമാണ് വഴിവെച്ചത്.
ഭീകരവിരുദ്ധ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ ലോകം മുഴുവൻ അനുഭവിച്ചപ്പോൾ, എൺപതോളം രാഷ്ട്രങ്ങൾ ഇതിന്റെ നേരിട്ടുള്ള കെടുതികൾക്ക് ഇരയായെന്ന് ബ്രൗൺ യൂനിവേഴ്സിറ്റിയുടെ ‘കോസ്റ്റ് ഓഫ് വാർ ഓൺ ടെറർ’ എന്ന പഠനം വ്യക്തമാക്കുന്നു. അഫ്ഗാനിസ്താൻ, ഇറാഖ്, സിറിയ, യമൻ, പാകിസ്താൻ, ലിബിയ, സോമാലിയ, നൈജീരിയ എന്നിവിടങ്ങളിൽ മാത്രം 10 ലക്ഷത്തിലധികം മനുഷ്യരാണ് നേരിട്ട് കൊല്ലപ്പെട്ടത്. പട്ടിണിയും തകർന്ന ആരോഗ്യ സംവിധാനങ്ങളും നിമിത്തം മരണം വരിക്കേണ്ടിവന്ന ഹതഭാഗ്യർ 50 ലക്ഷത്തോളമാണ്. നാല് കോടിയോളം മനുഷ്യർ സ്വന്തം മണ്ണിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ടു. പെന്റഗൺ ‘ഭീകരത’ക്കെതിരായ യുദ്ധത്തിന് ചെലവിട്ടത് എട്ട് ലക്ഷം കോടി (എട്ട് ട്രില്യൺ) ഡോളറാണ്. എന്നിട്ടുമെന്ത് സംഭവിച്ചു? ആഗോള ഭീകരാക്രമണങ്ങൾ 2001ന് ശേഷം എണ്ണൂറ് ശതമാനത്തിലധികം വർധിക്കുകയാണുണ്ടായത്.
പശ്ചിമേഷ്യയുടെയും, ആഫ്രിക്കയിലെ സാഹിൽ മേഖലയുടെയും, ദക്ഷിണേഷ്യയുടെയും സാമൂഹിക-സാമ്പത്തിക അടിത്തറ പൂർണമായി തകർന്നു. ആഗോളതലത്തിൽ കടുത്ത ഭീകരവിരുദ്ധ നിയമങ്ങൾ നിർമിച്ച്, വിയോജിപ്പ് പ്രകടിപ്പിക്കുന്ന പൗരന്മാരെ സംശയ നിഴലിലാക്കാനും തുറുങ്കിലടക്കാനുമുള്ള ആയുധമാക്കി ഭരണകൂടങ്ങൾ അതിനെ മാറ്റി. ഓരോ പൗരനെയും ഉറങ്ങുന്ന തീവ്രവാദിയെന്ന് സംശയിച്ച് സ്വകാര്യതയിലേക്ക് ചൂഴ്ന്നുനോക്കാൻ തുടങ്ങി. ‘ഭീകരൻ’ എന്ന വാർപ്പുമാതൃക മുസ്ലിം സ്വത്വവുമായി കെട്ടിവെക്കപ്പെട്ടു. വിമാനത്താവളങ്ങളിൽ വംശീയ പരിശോധനകൾ സാധാരണമായി. ചുരുക്കത്തിൽ, സുരക്ഷയും വിമോചനവും വാഗ്ദാനം ചെയ്ത 25 വർഷത്തെ യുദ്ധങ്ങൾ സമ്മാനിച്ചത് കോടിക്കണക്കിന് മനുഷ്യരുടെ കണ്ണീരും, നഷ്ടപ്പെട്ട സ്വകാര്യതയും, പാരമ്യത്തിലെത്തിയ വംശീയതയും മാത്രമാണ്.
ഈ അധിനിവേശങ്ങൾക്ക് ജനകീയ സമ്മതി നേടുന്നതിനായി ഉപയോഗിക്കപ്പെട്ട ഏറ്റവും ശക്തമായ ആയുധമായിരുന്നു കൃത്രിമമായി നിർമിച്ചെടുക്കപ്പെട്ട ഇസ്ലാമോഫോബിയ. ഹോളിവുഡ് സിനിമകൾ, അന്താരാഷ്ട്ര മാധ്യമങ്ങൾ, ജനപ്രിയ സംസ്കാരം എന്നിവയിലൂടെ മുസ്ലിംകളെ മുഴുവൻ ക്രൂരന്മാരായ ഭീകരവാദികളായും അപരരായും ചിത്രീകരിക്കുന്നതിൽ പാശ്ചാത്യ ആഖ്യാനങ്ങൾ വിജയിച്ചു. ഇതിന്റെ തുടർച്ചയിൽ ഇന്ത്യയിലും കേരളത്തിലും സമാനമായ വംശീയ സ്റ്റീരിയോടൈപ്പുകൾ പ്രചരിപ്പിക്കപ്പെടുകയും വിദ്വേഷ കുറ്റകൃത്യങ്ങൾ സ്വാഭാവികതയായി മാറുകയും ചെയ്തു. ഈ യുദ്ധം അവശേഷിപ്പിച്ച ഏറ്റവും നിശ്ശബ്ദവും ആഴത്തിലുള്ളതുമായ മുറിവ്, ഒരു തലമുറ മുഴുവൻ തങ്ങളുടെ വിശ്വാസത്തിന്റെ പേരിൽ നിരന്തരം സംശയത്തിന്റെ നിഴലിൽ ജീവിക്കേണ്ടിവന്നു എന്നതാണ്. കാൽ നൂറ്റാണ്ടിനിപ്പുറം തിരിഞ്ഞുനോക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്; ‘ഭീകരതക്കെതിരായ യുദ്ധം’ ഭീകരതയെ ഇല്ലാതാക്കിയില്ല, പകരം അവസാനിക്കാത്ത യുദ്ധപരമ്പരകളെ സൃഷ്ടിക്കുക മാത്രമാണ് ചെയ്തത്.
ഇസ്ലാമോഫോബിയ തീവ്രമാക്കുന്നതിലും ‘വാർ ഓൺ ടെറർ’ സങ്കൽപങ്ങളെ സ്വന്തം അജണ്ടകൾക്കായി ഉപയോഗപ്പെടുത്തുന്നതിലും ഇസ്രായേൽ വഹിച്ച പങ്ക് നിർണായകമാണ്. ഫലസ്തീൻ അധിനിവേശത്തെയും വംശീയ അടിച്ചമർത്തലുകളെയും ‘ഭീകരവാദത്തിനെതിരായ പോരാട്ടമായി’ പുനർനിർവചിക്കാൻ അവർക്ക് സാധിച്ചു. തങ്ങൾക്ക് ഭീഷണിയായ അറബ് ഭരണകൂടങ്ങളെ ദുർബലപ്പെടുത്തുക എന്ന തന്ത്രപരമായ ലക്ഷ്യവും ഇതിന് പിന്നിലുണ്ടായിരുന്നു. ആ ചിന്താധാരയുടെ തുടർച്ചതന്നെയാണ് അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തുന്ന ഇറാൻ ആക്രമണങ്ങളിലും ദൃശ്യമാകുന്നത്. ‘ഭീകരതാ വിരുദ്ധത’ എന്ന ചട്ടക്കൂടിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന സാമ്രാജ്യത്വ ലക്ഷ്യങ്ങൾ എത്രത്തോളം വ്യക്തമാണെന്ന് ഇത് കാണിച്ചുതരുന്നു.
സയണിസത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും അധിനിവേശ മോഹങ്ങളാണ് അവസാനമില്ലാത്ത മനുഷ്യക്കുരുതിയുടെ മണ്ണായി ലോകത്തെ മാറ്റുന്നത്. അതിനാകട്ടെ, ഏകാധിപത്യമാഗ്രഹിക്കുന്ന ഭരണാധികാരികൾ പിന്തുണയുമേകുന്നു. ഭീകരതക്കെതിരായ യുദ്ധത്തിന്റെ പേരിൽ അവർക്ക് സ്ഥിരമായ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അവസരമാണിത് നൽകുന്നത്. ആ അടിയന്തരാവസ്ഥയാകട്ടെ, അകത്തും പുറത്തും പുതിയ ശത്രുക്കളെ സൃഷ്ടിക്കാനും ജനങ്ങളെ വിഭജിച്ച് ഭരിക്കാനുമുള്ള സൗകര്യപ്രദമായ ആയുധങ്ങളും. കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ, ഭയത്തിന്റെ ഈ തടവറയിൽനിന്ന് നാം മോചിതരായേ പറ്റൂ. ജനാധിപത്യ മൂല്യങ്ങളും പൗരാവകാശങ്ങളും സാമൂഹിക നീതിയും തിരിച്ചുപിടിക്കണമെങ്കിൽ, കഴിഞ്ഞ 25 വർഷത്തിനിടയിൽ നമുക്ക് എന്തെല്ലാം നഷ്ടമായി എന്ന കൃത്യമായ ആത്മപരിശോധനയിൽനിന്നുതന്നെ നാം തുടക്കം കുറിക്കേണ്ടതുണ്ട്. ചോദ്യം ചോദിക്കാനുള്ള ധീരതയിൽനിന്നേ മാറ്റത്തിന്റെ കാറ്റ് ആരംഭിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

