Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightജനാധിപത്യമോ...

ജനാധിപത്യമോ അതോ‘ഇൻസ്റ്റാ’രാജോ?

text_fields
bookmark_border
ജനാധിപത്യമോ അതോ‘ഇൻസ്റ്റാ’രാജോ?
cancel

നരേന്ദ്ര മോദിയുടെ ഭരണം ജനാധിപത്യത്തിനേൽപ്പിച്ച പരിക്ക് വലുതാണ്. മറ്റെന്തൊക്കെ കുറവുണ്ടെങ്കിലും സ്വതന്ത്ര തെരഞ്ഞെടുപ്പും ജനാധിപത്യ പ്രാതിനിധ്യവും ഭേദപ്പെട്ടതോതിൽ ഇവിടെ നിലനിന്നിരുന്നു. മോദിക്ക് കീഴിൽ അത് കാണെക്കാണെ (ആഗോള സൂചികകളുടെ കണക്കിൽ) ഭാഗിക ജനാധിപത്യവും, “ഇലക്ടറൽ ഓട്ടോക്രസി”യും ജീർണ ജനാധിപത്യവുമൊക്കെയായി മാറി. ഇപ്പോൾ പാർലമെന്ററി ജനാധിപത്യത്തെ ഇൻസ്റ്റഗ്രാം ഭരണമാക്കിക്കൊണ്ടിരിക്കുന്നു. സഭയിൽ മറുപടി നൽകാൻ ബാധ്യസ്ഥനായ ഭരണത്തലവൻ അതവഗണിച്ച്, പാതിരാ റീലുകളുണ്ടാക്കി ഓൺലൈൻ സാന്നിധ്യമറിയിക്കുകയാണ്; മന്ത്രിസഭയുടെ അടിയന്തരയോഗം വിളിച്ച് മന്ത്രിമാരോട് റീലുകൾ പോസ്റ്റ് ചെയ്യാൻ ആഹ്വാനം ചെയ്യുകയാണ്; സമൂഹ മാധ്യമങ്ങളിലെ സാന്നിധ്യം കൂട്ടുന്നതിനനുസരിച്ച് പാർലമെന്റിലെ സാന്നിധ്യം ചുരുക്കുകയാണ്. വാർത്തസമ്മേളനം വിളിക്കാത്ത പ്രധാനമന്ത്രി പാർലമെന്റിനെയും ഭയക്കുന്നു എന്ന ആരോപണത്തിന് ഇത് ബലം നൽകുന്നുണ്ട്.

പ്രധാനമന്ത്രിയുടെ ഒരു വിഡിയോ തെറ്റിദ്ധാരണമൂലം ഫേസ്ബുക്ക് നീക്കം ചെയ്തപ്പോൾ അതിന്റെ ചുമതലക്കാരെ വിളിച്ചു മാപ്പ് ചോദിപ്പിച്ചവർതന്നെ, ജനസഭക്കു മുമ്പാകെ സ്വയം അടച്ചുവെക്കുന്നു. സമാധാനപരമായി സമരം ചെയ്തവർക്കെതിരെ പെല്ലറ്റ്പ്രയോഗവും ഗുണ്ടാ വിളയാട്ടവും നടന്നപ്പോൾ ആരാണ് ആ നിയമലംഘനത്തിന് ഉത്തരവാദികളെന്ന ചോദ്യമുയർന്നു. പക്ഷേ, യൂനിയൻ ആഭ്യന്തരമന്ത്രി അമിത് ഷായും സഭയിൽനിന്ന് മാറിനിൽക്കുകയാണ്. ഒരു പോസ്റ്റിന്റെ പേരിൽ ഒരു ബാലികയെക്കൊണ്ട് മാപ്പ് പറയിപ്പിച്ച് തൃപ്തിയടഞ്ഞവർ, തങ്ങൾ ചെയ്യുന്ന തെറ്റിന് ജനങ്ങളോട് മാപ്പു പറയുന്നതിനു പകരം, ഇരകൾക്ക് ‘മാപ്പുകൊടുക്കു’ന്നു!

പാർലമെന്റിന്റെ സ്ഥാനം സമൂഹ മാധ്യമങ്ങൾക്ക് നൽകുകയാണിവിടെ. വിദ്യാർഥി സമൂഹം അതൃപ്തിയും രോഷവും പ്രകടിപ്പിക്കുന്ന ഘട്ടം വരെ ഭരണകൂടം കണ്ണും കാതും അടച്ചിരുന്നു; അവർ പ്രതിഷേധിച്ചപ്പോഴും ഒന്നും ചെയ്തില്ല. ഒടുവിൽ നിവൃത്തിയില്ലാതെ പാർലമെന്റിലേക്ക് അവർ മാർച്ച് ചെയ്തപ്പോൾ അവർക്കെതിരെ അമിതാധികാരം പ്രയോഗിച്ചു. അപ്പോഴും പാർലമെന്റിൽ ചർച്ച ചെയ്യുകയല്ല പ്രധാനമന്ത്രി ചെയ്തത്. അദ്ദേഹത്തിന്റെ സത്വരശ്രദ്ധ പതിഞ്ഞത് ഇൻസ്റ്റഗ്രാം വഴി പത്തരക്കോടി ഫോളോവേഴ്സിനെ സമ്പാദിക്കുന്നതിലായിരുന്നു. ഏറെ വൈകിയാണ് നിയമനിർമാണം, അതിവേഗ കോടതി തുടങ്ങിയ ‘ഉടൻപരിഹാര’ സൂത്രങ്ങൾ പുറത്തെടുക്കുന്നത്. അതും മതിയാകാതെവന്നപ്പോൾ മാത്രമാണ് ഭരണതലത്തിൽ മന്ത്രി ഉത്തരവാദിത്തമേറ്റ് രാജിവെച്ചത്. ഇതൊക്കെയായിട്ടും അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ പരീക്ഷാസമ്പ്രദായം ഉടച്ചുവാർക്കണമെന്ന് തോന്നിയതുമില്ല. കാരണം, സമൂഹ മാധ്യമ പോസ്റ്റാണ് ഭരണമെന്ന് അവർ കണ്ടെത്തിയിരിക്കുന്നു; പ്രശ്നപരിഹാരം അനിശ്ചിത ഭാവിയിലേക്ക് മാറ്റിവെച്ചിരിക്കുന്നു. സമൂഹ മാധ്യമ പോസ്റ്റിനു കിട്ടുന്ന അനുഗാമിസംഖ്യയും കാഴ്ചയുടെ എണ്ണവുമാണ് ജനങ്ങൾക്കിടയിലെ സ്വീകാര്യതയുടെ അളവ് എന്ന് ധരിച്ചുവശായ സൈബർ നിരക്ഷരതയുടെ പേരായിരിക്കുന്നു ഇന്ത്യൻ സർക്കാർ. പാർലമെന്റിന്റെ സ്ഥാനം ഇൻസ്റ്റഗ്രാമിനും ഭരണനിർവഹണത്തിന്റെ സ്ഥാനം ആൽഗോരിതത്തിനും വാർത്തസമ്മേളനങ്ങളുടെ സ്ഥാനം ‘മൻകി ബാത്തി’നും നൽകി, ജനങ്ങളിൽനിന്ന് ഒളിച്ചുനിൽക്കുകയാണ് സർക്കാർ.

തെരഞ്ഞെടുത്ത ജനങ്ങളെയോ ജനകീയ സഭകളെയോ അഭിമുഖീകരിക്കാൻ തയാറില്ലെന്ന് സർക്കാർ പലകുറി തെളിയിച്ചിട്ടുണ്ട്. മണിപ്പൂർ ആളിക്കത്തുമ്പോൾ 80 ദിവസം മൗനത്തിലായിരുന്നു മോദി. കോവിഡും ലോക്ക്ഡൗണും ജനജീവിതം പ്രയാസത്തിലാക്കിയപ്പോഴും, നോട്ട് നിരോധനമെന്ന പാതകത്തിലൂടെ രാജ്യത്തെ യാതനയിലാക്കിയപ്പോഴും ജനങ്ങളെ കേൾക്കാൻ മോദി തയാറല്ലായിരുന്നു. തങ്ങളുടെ ജീവിതം തകർക്കുന്ന നിയമങ്ങൾക്കെതിരെ പതിനായിരക്കണക്കിന് കർഷകർ ഇറങ്ങിയപ്പോൾ, 15 മാസവും 700ലേറെ കർഷകജീവനും നഷ്ടപ്പെട്ട ശേഷമാണ് സർക്കാർ അനങ്ങിയത്. തൊഴിലില്ലായ്മയും വിദ്യാഭ്യാസത്തകർച്ചയും വിലക്കയറ്റവുമൊന്നും യൂനിയൻ സർക്കാറിന്റെ റഡാറിൽ ഇല്ല. കാരണം, അവർ ജനങ്ങളെ കേൾക്കുന്നില്ല. കേൾക്കുന്നത് സമൂഹ മാധ്യമത്തിലെ സ്വന്തം സ്വരം മാത്രം. ഭരണകൂടം ജനങ്ങളെ കേൾക്കുക ജനപ്രതിനിധികളിലൂടെയാണ്. പക്ഷേ, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പാർലമെന്റിൽ പോകുന്നില്ല. അമിത് ഷാ വരേണ്ടതുണ്ടെന്ന് രാജ്യസഭാ അധ്യക്ഷന് പറയേണ്ടിവന്നു. പക്ഷേ, അത് നിർദേശമല്ല, വെറും നിരീക്ഷണമാണ് എന്നു പറഞ്ഞ് പാർലമെന്ററി കാര്യമന്ത്രിതന്നെ പാർലമെന്റിന്റെ പ്രസക്തി ഇല്ലാതാക്കുന്നു.

വിദേശ പാർലമെന്റുകളിൽ ധാരാളമായി പ്രസംഗിക്കുന്ന നമ്മുടെ പ്രധാനമന്ത്രി സ്വന്തം പാർലമെന്റിലുമൊന്ന് വരണം. പ്രധാനമന്ത്രി പദത്തിൽ റെക്കോഡിട്ട മോദി പാർലമെന്റിൽ ഏറ്റവും കുറഞ്ഞ സമയം ചെലവിട്ടും ചരിത്രം സൃഷ്ടിക്കുന്നുണ്ട്. ഗൗരവമേറിയ നിയമങ്ങൾ ചർച്ച കൂടാതെ ചുട്ടെടുക്കുന്നു. വിദ്യാഭ്യാസത്തകർച്ച, സി.എ.ജി റിപ്പോർട്ട്, ക്ഷേത്രക്കൊള്ള, വിദേശനയവ്യതിയാനങ്ങൾ, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങി അനേകം സുപ്രധാന വിഷയങ്ങൾ രാജ്യം നേരിടുമ്പോൾ പാർലമെന്റ് വെറും കാഴ്ചക്കാരാവുന്നു. ജനങ്ങളെ കേൾക്കലല്ല, പ്രശ്നങ്ങൾ പരിഹരിക്കലല്ല, മറിച്ച്, ഇൻസ്റ്റഗ്രാം റീലുകൾ തയാറാക്കലാണ് മന്ത്രിമാർക്ക് നൽകുന്ന ചുമതലയെങ്കിൽ, അത് ജനാധിപത്യമല്ല, ‘ഇൻസ്റ്റാ’ഭരണമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModieditorialopenionInstagram
News Summary - editorial criticizing narendramodi governement's instaraj aproach
Next Story