Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_right'ഇഡി'വെട്ട്

'ഇഡി'വെട്ട്

text_fields
bookmark_border
ഇഡിവെട്ട്
cancel

ആദ്യം ഇ.സി (ഇലക്ഷൻ കമീഷൻ), പിന്നെ ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്)-പ്രതിപക്ഷ സംസ്ഥാനങ്ങളോടുള്ള കേന്ദ്രത്തിന്റെ പൊതുവായൊരു ലൈനാണിത്. തെരഞ്ഞെടുപ്പ് കമീഷനെ കൂട്ടുപിടിച്ചും പരമാവധി വർഗീയ കാർഡിറക്കിയുമൊക്കെ ഇലക്ഷനിൽ ഒരുകൈ നോക്കും; ശരിയായില്ലെങ്കിൽ എം.എൽ.എമാരെ പിടിക്കാൻ ചാക്കുമായി ഇറങ്ങും.

അവിടെയും പരാജയപ്പെടുമ്പോഴാണ് ഇ.ഡിയുടെ മാസ് എൻട്രി. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാനുള്ള കേന്ദ്ര ഏജൻസി മാത്രമാണെങ്കിലും ടി സംഘമാണിപ്പോൾ കേന്ദ്രത്തിന്റെ തുറുപ്പു ഗുലാൻ. അമിത് ഷായുടെ ചാക്കിനേക്കാൾ പവർഫുൾ. മഹാരാഷ്ട്രയിൽ ഷായുടെ ചാക്ക് കീറിയപ്പോഴാണ് ഇ.ഡിയെ ഇറക്കി ഉദ്ധവിന്റെ 'അഗാഡി ഭരണം' പൊളിച്ചുകളഞ്ഞത്. അതിനുമുമ്പേ, കേരളത്തിൽ വന്നിറങ്ങിയിട്ടുണ്ട് ഇ.ഡി; പ്രകടനവും അത്ര മോശമായിരുന്നില്ല. പുതിയ ദൗത്യം വംഗനാട്ടിലാണ്. 'ഇഡി'വെട്ടിൽ ആദ്യം വീണത് മമതയോടൊപ്പം തൃണമൂൽ കെട്ടിപ്പടുക്കാൻ കൂടെനിന്ന പാർഥ ചാറ്റർജി. ആദ്യ വെട്ടിൽതന്നെ മന്ത്രിപ്പണിപോയി; ആള് കസ്റ്റഡിയിലുമായി.

രാഷ്ട്രീയ പ്രതിയോഗികളുടെ നാട്ടിൽ ഇ.ഡി ഇങ്ങനെ പറന്നിറങ്ങാമോ? സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമേല്ല എന്നൊക്കെ ആളുകൾ ചോദിച്ചിരുന്നു. പേക്ഷ, ഇ.ഡിയുടെ ഈ കറക്കത്തിൽ ഭരണഘടനപരമായി തെറ്റൊന്നുമില്ലെന്നാണ് പരമോന്നത നീതിപീഠം വിധിച്ചിരിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യംനടന്ന എവിടെയും ഇ.ഡിക്ക് കയറിച്ചെല്ലാം. എന്നുവെച്ചാൽ, വിജിലൻസോ മറ്റോ അന്വേഷിക്കേണ്ട ചില്ലറ കേസുപോലും ഇ.ഡിക്ക് പറന്നെത്തി കൊത്തിവലിച്ചുപോകാം.

പേക്ഷ, പാർഥയുടെ കാര്യം പൂർണമായും ഇങ്ങനെയാണെന്ന് പറഞ്ഞുകൂടാ. ടിയാൻ ഏഴ് വർഷത്തോളം ദീദി മന്ത്രിസഭയിൽ വിദ്യാഭ്യാസ വകുപ്പ് കൈകാര്യംചെയ്തിരുന്നു. അക്കാലത്ത് പണം വാങ്ങി നിയമനം നടത്തിയെന്നാണ് കേസ്. ഉയർന്ന റാങ്കുണ്ടായിട്ടും പുറത്തിരിക്കേണ്ടിവന്ന ഉദ്യോഗാർഥികളാണ് വിഷയം ഉയർത്തിക്കൊണ്ടുവന്നത്. സംഭവം വലിയ ഒച്ചപ്പാടായപ്പോൾ, പുറത്തിരിക്കുന്നവർക്കും നിയമനം നൽകാമെന്നൊക്കെ പറഞ്ഞുനോക്കി. പേക്ഷ, കാര്യങ്ങൾ ഹൈകോടതിയുടെ മുന്നിലെത്തി. ഒറ്റനോട്ടത്തിൽതന്നെ അഴിമതി വ്യക്തമാണ്. അതിനാൽ, സി.ബി.ഐ അന്വേഷണം വേണമെന്നായി കോടതി. അതിന് താനെതിരല്ലെന്നായി മമത.

സി.ബി.ഐക്കുപിന്നാലെ ഇ.ഡിയുമെത്തിയതോടെയാണ് കളിയാകെ മാറിയത്. അടിസ്ഥാനപരമായി ഇതൊരു സാമ്പത്തിക കുറ്റകൃത്യമാണല്ലോ. അതിനാൽ, അമിത് ഷായുടെ സി.ബി.ഐ മാത്രം മതിയാകില്ല; നിർമലയുടെ ഇ.ഡി കൂടി വേണമെന്നായി മോദി. അങ്ങനെയാണ് നേതാജി സുബാഷ് ചന്ദ്രബോസ് വിമാനത്താവളത്തിലേക്ക് 'ഇഡി' സംഘമെത്തിയത്; നേരെ ഡയമണ്ട് നഗറിലേക്ക്. അവിടെയാണ് പാർഥ ചാറ്റർജിയുടെ സുഹൃത്തെന്നോ സഹായിയെന്നോ വിളിക്കാവുന്ന അർപിത ബാനർജിയുടെ ഫ്ലാറ്റ്.

അവിടെനിന്ന് മാത്രം പത്തമ്പത് കോടി രൂപയുടെ പണവും അതിന്റെ നാലിലൊന്ന് മൂല്യംവരുന്ന സ്വർണവും പൊക്കി. തെളിവും തൊണ്ടിമുതലുമൊക്കെയായ സ്ഥിതിക്ക് അറസ്റ്റാണ് അടുത്ത നടപടി. അപ്പോൾ തീർച്ചയായും ഒരു നെഞ്ചുവേദനയും ആശുപത്രിയും ഐ.സി.യുവുമൊക്കെ നിർബന്ധമായും വേണം. അതും സംഭവിച്ചു. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ഇ.ഡിയുടെ കസ്റ്റഡിയിലായിട്ടും നേതൃത്വത്തിന് മിണ്ടാട്ടമില്ല. മോദിരാജിനെതിരെ വലിയ ശബ്ദമുയർത്തുന്ന ദീദിയും കൂട്ടരും സർവം കണ്ടുനിൽക്കുകയാണ്. മാത്രമോ, കസ്റ്റഡി ഉറപ്പായപ്പോൾ അച്ചടക്കസമിതി കൂടി ടിയാനെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കി; പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു.

സാധാരണഗതിയിൽ, മമതയുടെയും മഹുവയുടെയും അഭിഷേക് ബാനർജിയുടെയുമൊക്കെ മാസ് ഡയലോഗുകൾ അണപൊട്ടിയൊഴുകേണ്ട സമയമാണ്. പേക്ഷ, ഒരിലയനക്കം പോലുമില്ല; എന്നല്ല, എല്ലാവരും കടുത്ത അഴിമതിവിരുദ്ധ പോരാളികളുമായി മാറിയിരിക്കുന്നു. ഈ നീക്കത്തിന്റെ ഗുട്ടൻസ് എന്താണെന്നാണ് രാഷ്ട്രീയ പണ്ഡിറ്റുകളിപ്പോൾ തലപുകക്കുന്നത്. പണ്ഡിറ്റുകൾക്കറിയില്ലെങ്കിലും പാർഥക്ക് ചില സൂചനകളുള്ളതിനാലാകാം, അയാൾ ചെറിയൊരു വെടി പൊട്ടിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ആശുപത്രിയിൽനിന്ന് 'ചികിത്സ' കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ, താൻ വലിയ ഗൂഢാലോചനയുടെ ഇരയാണെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്.

'ഗൂഢാലോചന' എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചതെന്തായിരിക്കും? ഇ.ഡിയുടെ കാര്യത്തിൽ ഗൂഢാലോചനയൊന്നുമില്ലെന്ന് നൂറുതരം. അത് പ്രഖ്യാപിത അജണ്ട തന്നെയാണല്ലോ. അപ്പോൾ മമതയെയും കൂട്ടരെയുമാണോ ഉദ്ദേശിച്ചത്? അതിന് കാലം മറുപടി പറയുമെന്നാണ് പാർഥയുടെ മറുപടി. പാർട്ടിയെയും സംസ്ഥാനത്തെയും 'മോദിഭരണ'ത്തിൽനിന്ന് രക്ഷിക്കാൻ കൂടെയുള്ളൊരുവനെ മമത കുരുതി കൊടുത്തതാണോ? അതോ, ഇപ്പോൾ നടക്കുന്ന ഭരണവിരുദ്ധ സമരങ്ങൾ തണുപ്പിക്കാനുള്ള താൽക്കാലിക മൗനമാണോ? ഗൂഢാലോചനയുടെ ചെമ്പുതെളിയാൻ കാത്തിരിക്കണമെന്നർഥം. അതെന്തായാലും, സപ്തതിയിലേക്ക് കടക്കുമ്പോൾ പാർഥക്ക് കേസും കോടതിയും ജയിലുമൊക്കെയാണ് മുന്നിൽ തെളിഞ്ഞുകാണുന്നത്.

കാൽനൂറ്റാണ്ടുകാലമായി മമത ബാനർജിയുടെ വലം കൈയാണ്. '98ലെ പുതുവത്സരപ്പുലരിയിൽ തൃണമൂൽ പാർട്ടിക്ക് രൂപംനൽകുമ്പോൾ മമതയുടെ കൂടെ പാർഥയുമുണ്ടായിരുന്നു. 2001ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിഹാല പശ്ചിം മണ്ഡലത്തിൽനിന്ന് വിജയിച്ചു. പിന്നീട് നടന്ന നാല് തെരഞ്ഞെടുപ്പുകളിലും ബിഹാലി പശ്ചിം പാർഥയുടെ കുത്തകയായി. 2006ൽ സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവായി. 2011ൽ, ആദ്യമായി തൃണമൂൽ അധികാരത്തിലേറിയപ്പോൾ മമത മന്ത്രിസഭയിലെ രണ്ടാമനായി. വ്യവസായവും ഐ.ടിയും വാണിജ്യവുമെല്ലാം തുടക്കത്തിൽ കൈകാര്യം ചെയ്തു.

2014 മുതൽ വിദ്യാഭ്യാസ വകുപ്പും സ്വന്തമാക്കി. 2016ലും 21ലും സർവ പ്രതിബന്ധങ്ങളെയും തരണംചെയ്ത് മമത തരംഗം ബംഗാളിൽ ആഞ്ഞുവീശിയപ്പോൾ പാർട്ടി സെക്രട്ടറിയുടെ സ്ഥാനം അലങ്കരിച്ചിരുന്നത് പാർഥയായിരുന്നു; പതിവുപോലെ മന്ത്രിസഭയിലും അംഗമായി. ഇതിനിടയിൽ എപ്പോഴാണ് അർപിത ബാനർജിയുമായുള്ള ബന്ധം തുടങ്ങിയതെന്ന് ആർക്കുമറിയില്ല. ബംഗാളി, തമിഴ്, ഒഡിയ സിനിമകളിലെല്ലാം തല കാണിച്ചിട്ടുള്ള അർപിത 2019ൽ പാർഥക്കും മമതക്കുമൊപ്പം വേദിപങ്കിട്ടത് വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. കൊൽക്കത്തയിലെ ദുർഗാപൂജ കമ്മിറ്റികളിലൊന്നായ 'നക്താല'യുടെ നേതാവുകൂടിയാണ് പാർഥ.

ഈ സംഘത്തിന്റെ അംബാസഡറായി 2019ൽ അദ്ദേഹം അർപിതയെ അവതരിപ്പിക്കുകയുണ്ടായി. പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയത് ദീദിയും. അന്നത്തെ ബഹളം കുറച്ചുകഴിഞ്ഞപ്പോൾ കെട്ടടങ്ങിയതാണ്. ഇപ്പോൾ ഇ.ഡി വന്ന് പൊക്കിയിരിക്കുന്നത് പാർഥക്കൊപ്പം അർപിതയെക്കൂടിയാണ്.

തന്റെ ഫ്ലാറ്റിൽനിന്ന് കണ്ടെടുത്ത പണവും സ്വർണവുമൊക്കെ അവിടെ എങ്ങനെയെത്തിയെന്ന് അറിയില്ലെന്നാണ് അർപിത പറയുന്നത്. എന്നുവെച്ചാൽ, അർപിതയെ മറയാക്കി പാർഥ അനധികൃതമായി സ്വത്ത് സമ്പാദിച്ചോ? അതോ, അർപിതയെയും പാർഥയെയും മുന്നിൽനിർത്തി ഇ.ഡി പുതിയ തിരക്കഥ ചമക്കുകയാണോ? ഇതായിരിക്കുമോ, പാർഥ സൂചിപ്പിച്ച 'ഗൂഢാലോചന'?

അതെന്തായാലും, ഈ 'ഇഡി'വെട്ട് ശരിക്കുമേറ്റത് മമതക്കാണ്. തനിക്കൊപ്പം പാർട്ടി രൂപവത്കരണത്തിന് നേതൃത്വംനൽകിയ രണ്ടു പ്രമുഖർ ഇപ്പോൾ കൂടെയില്ല. 2021ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സുവേന്ദു അധികാരി ബി.ജെ.പിയിലേക്ക് കൂടുമാറി. സുവേന്ദുവിനോട് തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും മമതക്കും പാർട്ടിക്കും ഒന്നും സംഭവിച്ചില്ല.ഇപ്പോൾ പാർഥയെ മമതതന്നെ പുറത്താക്കിയിരിക്കുന്നു. ഈ 'ബലി'യുടെ വിധിയും മറ്റൊന്നാവില്ലെന്ന് മമത കരുതുന്നുണ്ടാകാം. പാർഥതന്നെ പറഞ്ഞപോലെ, എല്ലാറ്റിനും കാലംതന്നെ മറുപടി നൽകട്ടെ!

Show Full Article
TAGS:Enforcement Directorate 
News Summary - ED is a political weapon
Next Story