Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമൊറോക്കോയിലെ ഭൂകമ്പ...

മൊറോക്കോയിലെ ഭൂകമ്പ ദുരന്തം

text_fields
bookmark_border
മൊറോക്കോയിലെ ഭൂകമ്പ ദുരന്തം
cancel

ഉത്തരാഫ്രിക്കൻരാജ്യമായ മൊറോക്കോയിൽ വെള്ളിയാഴ്ച രാത്രി വൈകിയുണ്ടായ ഭൂകമ്പം അത്യന്തം ദുരന്തപൂർണമായ ആൾനാശവും അനുബന്ധ നഷ്ടങ്ങളും വരുത്തിയിരിക്കുന്നു. ഇതെഴുതുമ്പോൾ 2200 നടുത്ത് ആളുകൾ മരിക്കുകയും 2250 ഓളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. അതിൽതന്നെ 1500 പേരുടെ പരിക്ക് ഗുരുതരമാണ്. മരണനിരക്ക് ഇനിയും ഉയർന്നേക്കും.

വീടുകളും മറ്റു കെട്ടിടങ്ങളും തകർന്നു തരിപ്പണമായ മറാക്കിഷ്, അമിസ്മിസ്, താഫെഗെത് തുടങ്ങിയ ഇടങ്ങളിൽ കൊടിയ ദുരിതത്തിലാണ് ജനം. അൽഹൂസ് പ്രവിശ്യയിലെ ഈ രണ്ടു ഗ്രാമപ്രദേശങ്ങളിൽ മാത്രം 1350 ആളുകൾ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും ശേഷമുണ്ടായ 4.9 തീവ്രതയുള്ള തുടർചലനങ്ങളും കാരണം പ്രഭവ കേന്ദ്രമായ ഈ മേഖലയിലാണ് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. പ്രസിദ്ധമായ പല ചരിത്രസ്മാരകങ്ങളും തകർന്നടിഞ്ഞവയിൽ പെടുന്നു.

ഏറെയൊന്നും ഭൂകമ്പചരിത്രമുള്ള രാജ്യമല്ല മൊറോക്കോ. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വടക്കു ഭാഗത്തുള്ള ചില സമുദ്രാന്തര ഫലകങ്ങളുടെ ഏറ്റുമുട്ടലുകളാവാം പ്രകമ്പനത്തിനു വഴിതുറന്നതെന്നാണ് ഭൗമ ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. അമേരിക്കൻ ജിയോളജിക്കൽ സർവേ അനുസരിച്ച് പുരാതനനഗരവും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രവുമായ മറാക്കിഷ് മേഖലയിൽ ഇത്ര തീവ്രതയുള്ള ഭൂകമ്പം നടന്നിട്ടു ഒരു നൂറ്റാണ്ടെങ്കിലും പിന്നിട്ടിരിക്കുന്നു. 1960 ൽ 5.8 തീവ്രതയുള്ള ഒരു ഭൂകമ്പം അഗാദീർ നഗരത്തിൽ ഉണ്ടാവുകയും അതിൽ 12,000 പേർ മരിക്കുകയും ചെയ്തിരുന്നു. ശേഷം കെട്ടിട നിർമാണ നിയമങ്ങളും രീതികളും പരിഷ്കരിച്ചു. എന്നാൽ, ഗ്രാമീണ മേഖലകളിലെ പാർപ്പിടങ്ങളൊന്നും ഇത്തരം പ്രകമ്പനങ്ങൾ നേരിടാൻ കെല്പുള്ളവയായിരുന്നില്ല.

മൊറോക്കൊ ഭൂകമ്പത്തിന്റെ യഥാർഥ ചിത്രം ഇനിയും പുറത്തുവരുന്നേയുള്ളൂ. പർവതമേഖലയിൽ തകർന്നടിഞ്ഞ ഭൂഭാഗങ്ങളിൽ വളരെ പ്രയാസപ്പെട്ട് എത്തിച്ചേർന്ന മാധ്യമ പ്രതിനിധികളിലൂടെയും രക്ഷാപ്രവർത്തകരിലൂടെയും പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരണങ്ങളും ചിത്രങ്ങളും കരളലിയിക്കുന്നതാണ്. അറ്റ്ലസ് പർവതനിരകളോട് ഓരം ചേർന്ന് നിൽക്കുന്ന ചരിഞ്ഞ പ്രദേശങ്ങളിൽ വീടുകൾ തകർന്നുകൊണ്ടിരിക്കെ, ജനങ്ങൾ ജീവനുവേണ്ടി നെട്ടോട്ടമോടുകയായിരുന്നു. പിന്നീട് തുടർചലനങ്ങൾ ഭയന്ന് ഭൂരിഭാഗം ആളുകളും അവശേഷിക്കുന്ന കെട്ടിടങ്ങളിൽ കയറാൻ മടിച്ച്, കൈയിൽ കിട്ടിയ പുതപ്പുകളുമായി തെരുവുകളിൽ രാപ്പാർക്കുകയാണ്. ദുർഘടമായ ഭൂകമ്പബാധിത കേന്ദ്രങ്ങളിൽ പലതിലും രക്ഷാപ്രവർത്തനങ്ങൾ ഏറെ ദുഷ്കരമാണ്. സൈന്യവും സായുധ പൊലീസും സിവിൽ ഡിഫൻസ് സംഘങ്ങളും ചേർന്ന് പട്ടാളവാഹനങ്ങൾ ഉപയോഗിച്ചാണ് ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് എത്തിച്ചേരുന്നത്. ഇതു ദുരന്തത്തിന്‍റെ തീവ്രതയും വ്യാപ്തിയും വർധിപ്പിക്കാനിടയുണ്ട്.

മറ്റേതൊരു രാജ്യത്തെയും പോലെ, മൊറോക്കോക്ക് തനിച്ചു നിർവഹിക്കാനാവാത്തത്ര കഠിനമാണ് രക്ഷാദൗത്യങ്ങൾ. അടിയന്തര വിദേശസഹായം എത്താൻ അൽപം സമയമെടുക്കുകയും ചെയ്തു. പ്രകൃതി ദുരന്തങ്ങളിൽ ആദ്യ മണിക്കൂറുകളും ദിനങ്ങളും നിർണായകമെങ്കിലും, അവിടെ തന്നെയാണ് രക്ഷാസഹായം എത്തുന്നത് വൈകാറുള്ളതും. മൊറോക്കോയിലും സ്ഥിതി ഭിന്നമായിരുന്നില്ല. സ്‌പെയിൻ, ബ്രിട്ടൻ, ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നുള്ള സഹായമേ ഇതുവരെ മൊറോക്കോ സ്വീകരിച്ചിട്ടുള്ളൂ. എല്ലാ സഹായങ്ങളും ഒന്നിച്ച് സ്വീകരിച്ചാൽ അതിന്‍റെ ഏകോപനത്തിനും വിതരണത്തിനും പ്രയാസം നേരിടുമെന്നും അത് വിപരീത ഫലം ചെയ്യുമെന്നുമുള്ള ആശങ്കയാണിതിനു കാരണം.

സ്‌പെയിൻ എ-400 സൈനിക വിമാനത്തിൽ 56 രക്ഷാസൈനികരെയും മഡ്രിഡിൽ നിന്ന് പുറപ്പെട്ട മറ്റൊരു സൈനിക വിമാനത്തിൽ 30 രക്ഷാപ്രവർത്തകരെയും തിരച്ചിൽ നായ്ക്കളെയും അടിയന്തരമായി എത്തിച്ചുകൊടുത്തു. സഹായം വാഗ്ദാനം ചെയ്ത അമേരിക്ക ഉൾപ്പെടെയുള്ള ഇതര രാജ്യങ്ങളുടെ വ്യൂഹങ്ങളും താമസിയാതെ സേവനനിരതരാവുമെന്നു കരുതുന്നു. അതിർത്തി തർക്കമുൾപ്പെടെയുള്ള മറ്റു കാരണങ്ങളാൽ മൊറോക്കോയുമായി സൗഹൃദത്തിലല്ലാത്ത അയൽരാജ്യമായ അൽജീരിയപോലും സഹായ വാഗ്ദാനവുമായി രംഗത്തുണ്ട്.

അന്തർദേശീയ റെഡ്ക്രോസിന്റെ കണക്കനുസരിച്ച് പുനർനിർമാണത്തിന് ആഴ്ചകൾ മതിയാവില്ല, മാസങ്ങളോ ചിലപ്പോൾ വർഷങ്ങൾ തന്നെയോ വേണ്ടി വരുമെന്നാണ് അനുമാനം. ഈ നിർണായക സന്ദർഭത്തിൽ പുറം ലോകത്തിന്‍റെ ധാർമിക പിന്തുണയും മാനുഷിക സഹായ ഹസ്തവും മാത്രമല്ല ഭീമമായ സാമ്പത്തികസഹായവും ആവശ്യമാണ്. അതിനുള്ള വഴികൾ ക്രമേണ തുറന്നുവരുമെന്ന് ആ ജനത പ്രതീക്ഷിക്കുന്നു. അന്തർദേശീയ കൂട്ടായ്മകളിലൂടെയാണ് അത് സാധാരണ നിലയിൽ നടക്കേണ്ടത്. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുെട്ടറസ് അനുശോചന സന്ദേശത്തിൽ ഈ വിഷയത്തിന്‍റെ ഗൗരവം എടുത്തുപറഞ്ഞിട്ടുണ്ട്.

പ്രകൃതിദുരന്തത്തിന്റെ പ്രഹരമേറ്റ ആ രാജ്യത്തെ ജനങ്ങൾക്ക് അടിയന്തരമായി വേണ്ടത് സാന്ത്വനസന്ദേശങ്ങൾക്കൊപ്പം ജീവൻ രക്ഷാ സാങ്കേതികശേഷിയും ചികിത്സ, പാർപ്പിട, ഭക്ഷണസൗകര്യങ്ങളുമാണ്. ദുരന്തത്തിൽ വിറങ്ങലിച്ചുനിൽക്കുന്ന രാജ്യത്തെയും ജനതയെയും ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള യത്നത്തിൽ അന്താരാഷ്ട്രസമൂഹം ഒത്തുചേർന്നു പ്രവർത്തിക്കുമെന്നു തന്നെ പ്രതീക്ഷിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EarthquakeMoroccoMorocco earthquake
News Summary - Earthquake disaster in Morocco
Next Story