Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മരുന്നുവില: സർക്കാറിന് ഇടപെടാൻ കഴിയണം

text_fields
bookmark_border
ജീവൻ രക്ഷാ മരുന്നുകൾ ആവശ്യമുള്ള രോഗാവസ്ഥകളിലെല്ലാം വിപണി ഭരിക്കുന്നവരുടെ ചൂഷകമനസ്സ് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. പൊതുജനാരോഗ്യരംഗത്ത് വ്യാപകമായ ഈ പിടിച്ചുപറിയിൽനിന്ന് ജനങ്ങളെ രക്ഷിക്കേണ്ട ചുമതല സർക്കാറിനുതന്നെയാണ്
മരുന്നുവില: സർക്കാറിന് ഇടപെടാൻ കഴിയണം
cancel

രോഗികളെ ബന്ദിയാക്കി കൊള്ളയടിക്കുന്ന വ്യവസായമായി ഔഷധ നിർമാണത്തെ ആഗോള കുത്തകകൾ മാറ്റിയിട്ട് കുറച്ചായി. കാൻസർ, എയ്ഡ്സ്, കോവിഡ് തുടങ്ങിയ രോഗങ്ങൾക്കു മുന്നിൽ പകച്ചു നിൽക്കുന്ന രോഗികൾക്ക് താങ്ങാനാകാത്ത മരുന്നുവിലയുമായി കമ്പനികൾ കൊള്ളലാഭമുണ്ടാക്കുകയാണ്. കേരളത്തിൽതന്നെ, എസ്.എം.എ (സ്പൈനൽ മസ്കുലർ അട്രോഫി) എന്ന അപൂർവ ജനിതക രോഗത്തിനുള്ള മരുന്നിനെപ്പറ്റി നടക്കുന്ന വിവാദങ്ങളുടെ മുഖ്യവശവും ഇതാണ്. കമ്പനികൾ നിർമാണക്കുത്തകാവകാശം (പേറ്റന്‍റ്) സമ്പാദിച്ച് ഇറക്കുന്ന ‘ബ്രാൻഡഡ്’ മരുന്നു കിട്ടാൻ രോഗികളും കുടുംബങ്ങളും വീടും പുരയിടവും വിൽക്കേണ്ടിവരുന്ന സ്ഥിതിയുണ്ട്. അതിന് ബദലായി സർക്കാർ മുൻകൈയിൽ ഇറക്കുന്ന ‘ജനറിക്’ മരുന്ന്, കുത്തകകളുടെ ചൂഷണം എത്ര വലുതാണെന്ന് കൂടി തെളിച്ചു കാട്ടി.

16,000 രൂപ വരുന്ന ഒരു മരുന്നിന് കുത്തകകൾ വാങ്ങുന്നത് അഞ്ചര ലക്ഷം രൂപ. മനുഷ്യജീവൻ വെച്ച് വിലപേശുന്ന സ്വകാര്യ കമ്പനികളിൽനിന്ന് സാധാരണക്കാരെ രക്ഷിക്കേണ്ട ചുമതല സർക്കാറുകൾക്കുണ്ട്. വിവരാവകാശ പ്രവർത്തകൻ കിഷൻ ജയിനും ശിശുരോഗ വിദഗ്ധൻ സഞ്ജയ് കുലശ്രേഷ്ഠയും 2023ൽ സമർപ്പിച്ച പൊതുതാൽപര്യ ഹരജികൾ, മരുന്നുകളുടെ നിർമാണച്ചെലവും വിൽപന വിലയും തമ്മിലുള്ള അതിഭീമമായ അന്തരം എടുത്തുകാട്ടി. ലാഭമടക്കം 2,700 രൂപക്ക് വ്യാപാരിക്ക് ലഭിക്കുന്ന അർബുദമരുന്ന് 27,000 രൂപക്കാണ് വിപണിയിൽ വിൽക്കുന്നത്. 11 രൂപ മാത്രം വിലയുള്ള സലൈൻ ഡ്രിപ്പിന് രോഗിയിൽനിന്ന് ഈടാക്കുന്നത് 270 രൂപ.

കഴിഞ്ഞമാസം ഈ കേസ് പരിഗണിച്ച സുപ്രീംകോടതി, കമ്പനികളും ഇടനിലക്കാരായ മൊത്തക്കച്ചവടക്കാരും ചേർന്ന് മനുഷ്യജീവന് വില പറയുന്ന സമ്പ്രദായത്തെ “പകൽക്കൊള്ള” എന്നാണ് വിശേഷിപ്പിച്ചത്. ഓരോ വർഷവും പുതിയ 15 ലക്ഷം കാൻസർ രോഗികളുണ്ടാകുന്ന ഇന്ത്യ, ബഹുരാഷ്ട്ര കമ്പനികൾക്ക് വലിയൊരു വിപണിയാണ്. രോഗികൾക്കാകട്ടെ, ജീവൻമരണ പോരാട്ടവും. അർബുദത്തിന്‍റെ കാര്യത്തിൽ മാത്രമല്ല, ജീവൻ രക്ഷാ മരുന്നുകൾ ആവശ്യമുള്ള രോഗാവസ്ഥകളിലെല്ലാം, വിപണി ഭരിക്കുന്നവരുടെ ചൂഷകമനസ്സ് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. പൊതുജനാരോഗ്യരംഗത്ത് വ്യാപകമായ ഈ പിടിച്ചുപറിയിൽനിന്ന് ജനങ്ങളെ രക്ഷിക്കേണ്ട ചുമതല സർക്കാറിനുതന്നെയാണ്. കുറഞ്ഞ ചെലവിൽ മരുന്നുൽപാദിപ്പിക്കുന്ന ഇന്ത്യയിൽ, അതിന്‍റെ പ്രയോജനം രോഗികൾക്ക് കിട്ടുന്നില്ലെന്ന യൂനിയൻ സർക്കാറിന്‍റെ സത്യവാങ്മൂലത്തിലെ പരാമർശം ഒരു ഏറ്റുപറച്ചിൽ കൂടിയാണ്.

ആഗോള പേറ്റന്‍റ് നിയമങ്ങളിലെ അന്യായങ്ങൾക്കെതിരെ പരിച തീർക്കാൻ നമുക്കായിട്ടില്ല. പടിഞ്ഞാറൻ നാടുകളിലെ കമ്പനികൾക്ക് അനുകൂലമായി ഉണ്ടാക്കിയ നിയമമായിരുന്നു ലോകവ്യാപാര സംഘടനയുടെ ‘ട്രിപ്സ്’ (TRIPS) ഉടമ്പടി (1995). ദക്ഷിണാഫ്രിക്കയും ഇന്ത്യയും ഉയർത്തിയ ചെറുത്തുനിൽപ് കുറച്ചൊക്കെ ഫലം ചെയ്തു. പൊതുജനാരോഗ്യരംഗത്ത് നിയമം തടസ്സമാകരുത് എന്ന “ദോഹ പ്രഖ്യാപനം” (2001), പ്രതിസന്ധിഘട്ടങ്ങളിൽ നിർമാണക്കുത്തകകളെ മറികടന്നും മരുന്നുണ്ടാക്കുന്നതിന് തദ്ദേശീയ കമ്പനികൾക്ക് നിർബന്ധ ലൈസൻസ് നൽകാൻ രാജ്യങ്ങളെ അനുവദിച്ചു. ഇതു പ്രകാരം, വൃക്കരോഗ-അർബുദരോഗ മരുന്ന് കുത്തകവിലയെക്കാൾ 95 ശതമാനം കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ ഇന്ത്യ ‘നാറ്റ്‌കോ ഫാർമ’ക്ക് നിർബന്ധ ലൈസൻസ് നൽകിയത് ഫലം ചെയ്തു. 2.8 ലക്ഷം രൂപയിൽനിന്ന് മരുന്നുവില താഴ്ന്നത് 8800 രൂപയിലേക്ക്.

2013ലെ പേറ്റന്‍റ് നിയമ ഭേദഗതിയും മറ്റൊരു നാഴികക്കല്ലായി. സർക്കാറിന്‍റെ ഇടപെടലുകൾ കോവിഡ് കാലത്ത് വരെ ഫലം ചെയ്തിട്ടുണ്ട്. പക്ഷേ, ഇപ്പോഴും രോഗികൾ പലതരം ചൂഷണങ്ങൾക്ക് ഇരയാകുന്നു. പൊതുജനാരോഗ്യ സംരക്ഷണത്തിന് - പ്രത്യേകിച്ച് ജീവൻരക്ഷാ മരുന്നുകളുടെ കാര്യത്തിൽ - ഒരു അന്താരാഷ്ട്ര നിയമവും തടസ്സമായിക്കൂടാ എന്ന ഉറച്ച നയം സർക്കാറിനുണ്ടാകണം. മരുന്നുകളുടെ വിലയും ലഭ്യതയും ഫലപ്രാപ്തിയും ഉറപ്പുവരുത്താൻ പറ്റുന്ന തരത്തിൽ യൂനിയൻ-സംസ്ഥാന സർക്കാറുകൾ പൊതുമേഖലയിൽ ഔഷധ നിർമാണം ഏറ്റെടുക്കുകയാണ് ഒരു വഴി.

ജനങ്ങളുടെ ജീവൻ വെച്ച് ആഗോള കുത്തകകൾ വിലപേശുന്നത് തടയാൻ ഇനിയും നിയമനിർമാണവുമാവാം. ന്യായവില ഉറപ്പുവരുത്താനുള്ള നിർദേശങ്ങൾ സുപ്രീംകോടതി യൂനിയൻ സർക്കാറിൽനിന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. പൊതുജനാവബോധവും ബ്രാൻഡഡ് മരുന്നുകൾക്ക് പകരം ജനറിക് മരുന്നുകൾ ലഭ്യമാക്കുക എന്നതും പ്രധാനമാണ്. ഈ ജനപക്ഷ സമീപനവുമായി പൊരുത്തപ്പെടാത്ത ചില പരാമർശങ്ങൾ കേരളത്തിലെ മൂന്ന് മുൻ ആരോഗ്യ മന്ത്രിമാർ കഴിഞ്ഞ ദിവസം വാർത്തസമ്മേളനത്തിൽ നടത്തിയത് നിർഭാഗ്യകരമായി എന്നുകൂടി ഈ സന്ദർഭത്തിൽ പറയാതിരിക്കാൻ വയ്യ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Drug prices: The government should be able to intervene
Next Story