വോട്ടർപട്ടികയിൽ പേരില്ലാത്തവർക്ക് പൗരാവകാശങ്ങളില്ലേ?
text_fieldsബിഹാറിലും തുടർന്ന് പശ്ചിമ ബംഗാളിലും ഭരണം കൈയടക്കുന്നതിൽ വിജയിച്ച ബി.ജെ.പി അതിന്റെ പ്രഖ്യാപിത മതന്യൂനപക്ഷ നിർമാർജന പദ്ധതികൾ നടപ്പാക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് വിളിച്ചോതുന്നതാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന നടപടികൾ. ഇരു സംസ്ഥാനങ്ങളിലും പ്രബല പ്രതിപക്ഷങ്ങളില്ലെന്ന സ്ഥിതിവിശേഷം ഭരണഘടനയുടെ അന്തസ്സത്തക്ക് നിരക്കാത്ത നടപടികളുമായി അതിശീഘ്രം മുന്നോട്ടുപോകുന്നതിന് ഫാഷിസ്റ്റ് ഭരണകൂടങ്ങൾക്ക് വഴിയൊരുക്കുന്നു. ഇരകൾ നീതിതേടിപ്പോകാൻ ഇടയുള്ള കോടതികളിലെ അക്ഷന്തവ്യമായ കാലതാമസം കാവിസർക്കാറുകൾക്ക് രക്ഷാകവചമൊരുക്കുകയും ചെയ്യുന്നു. മതനിരപേക്ഷ-ജനാധിപത്യ പാർട്ടിയായി അറിയപ്പെടുന്ന തൃണമൂൽ കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരി ഒടുവിലത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ മമതാ ബാനർജി സർക്കാറിനെ വീഴ്ത്തി അധികാരം പിടിച്ചതിനെത്തുടർന്ന് ആദ്യമായി പ്രഖ്യാപിച്ച നടപടി എസ്.ഐ.ആറിൽ പേരില്ലാത്ത മുഴുവൻ ആളുകൾക്കും സർക്കാർ ആനുകൂല്യങ്ങൾ പൂർണമായി നിഷേധിക്കുമെന്നതാണ്. എസ്.ഐ.ആറിൽ പേരില്ലാത്ത അഞ്ചുലക്ഷം ആളുകളെ റേഷൻ കാർഡുടമകളുടെ പട്ടികയിൽനിന്ന് നീക്കംചെയ്യുകയാണെന്ന ഭക്ഷ്യ-ഉപഭോക്തൃ സംരക്ഷണ മന്ത്രി അശോക് ചൗധരിയുടെ പ്രഖ്യാപനമാണ് ഉടൻ നടപ്പാക്കുന്ന നടപടികളിലൊന്ന്. ഇതിനായി റേഷൻ കാർഡുകൾ പരിശോധിക്കാൻ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ടെന്ന വിവരവും മന്ത്രി വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരൊക്കെ നിയമവിരുദ്ധ നുഴഞ്ഞുകയറ്റക്കാരാണെന്ന് ഹിന്ദുത്വ പാർട്ടി നേരത്തേ അവകാശപ്പെട്ടിരുന്നതാണല്ലോ. വോട്ടർ പട്ടികയിൽ പേരില്ലാത്തവരൊക്കെ പൗരത്വമില്ലാത്തവരോ മരിച്ചവരോ ആണെന്ന് തീരുമാനിച്ചാണ് നടപടി. എസ്.ഐ.ആർ തട്ടിക്കൂട്ടുന്നതിന് മുമ്പ് 7.66 കോടിയായിരുന്നു ബംഗാളിലെ സമ്മതിദായകരെങ്കിൽ ധിറുതിപിടിച്ച് തയാറാക്കിയ വോട്ടർ പട്ടികയിൽനിന്ന് ആദ്യം 58.20 ലക്ഷം പേർ ഒഴിവാക്കപ്പെട്ടു. പിന്നീടത് 91 ലക്ഷമായി ഉയർന്നു. ഇരകൾ കോടതിയെ സമീപിച്ചതിനെത്തുടർന്ന് സുപ്രീംകോടതി നിയോഗിച്ച ട്രൈബ്യൂണലിന് ചുരുങ്ങിയ സമയത്തിനുള്ളിൽ 1607 പേരെ മാത്രമേ പട്ടികയിൽ ഉൾപ്പെടുത്താനായുള്ളൂ.
ബിഹാറിലാകട്ടെ, നേരത്തേ 68 ലക്ഷം പേരാണ് വോട്ടർപട്ടികയിൽനിന്ന് പുറത്തായത്. ഇതേച്ചൊല്ലി നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ വൻ പ്രതിഷേധമുയർന്നപ്പോൾ ഇലക്ഷൻ കമീഷൻ നൽകിയ വിശദീകരണം വോട്ടർ പട്ടികയിൽ പേരില്ലെന്നത് പൗരത്വത്തെ ബാധിക്കുകയില്ലെന്നായിരുന്നു. പക്ഷേ, ഇപ്പോൾ ‘നോൺ ഇന്ത്യൻ’ (ഇന്ത്യക്കാരല്ലാത്തവർ) എന്ന കാറ്റഗറിയിൽപ്പെടുത്തി അവർക്കൊക്കെ സമസ്ത പൗരാവകാശങ്ങളും നിഷേധിക്കുന്ന മനുഷ്യത്വവിരുദ്ധ പ്രക്രിയയാണ് ആ സംസ്ഥാനത്തും ആരംഭിച്ചിരിക്കുന്നത്. സർക്കാറിന്റെ ഒരു ക്ഷേമപദ്ധതിയുടെയും ആനുകൂല്യങ്ങൾ ഇവർക്ക് ലഭിക്കുകയില്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരിക്കുന്നു ബി.ജെ.പിക്കാരനായ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി. അവരുടെ ബാങ്ക് പാസ്ബുക്കുകളും യഥാസമയം റദ്ദാക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
കൊൽക്കത്തയിലെ റെഡ് റോഡ് അടക്കമുള്ള പ്രധാന പാതകളുടെ ഓരത്ത് നമസ്കരിക്കുന്നത് നിരോധിച്ചതാണ് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ഏറ്റവും പുതിയ ഉത്തരവ്. റോഡരികുകളിലെ ചില പള്ളികളിൽ വെള്ളിയാഴ്ച പ്രാർഥനക്കെത്തുന്ന വിശ്വാസികൾ ചിലപ്പോൾ റോഡിലേക്ക് കവിയാറുള്ളതാണ് നിരോധനത്തിനാധാരം. സ്ഥലത്തിന്റെ ഉടമാവകാശം രേഖാമൂലം തെളിയിക്കാനായില്ലെന്നാരോപിച്ച് ഒട്ടേറെ പള്ളികളും മദ്റസകളും ബുൾഡോസർ ഉപയോഗിച്ച് നിലംപരിശാക്കിയ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതൃകകൂടി ബിഹാറിലും ബംഗാളിലും ഉടനടിയാവുന്നത് സമയത്തിന്റെ മാത്രം പ്രശ്നമാണ്. കന്നുകാലിക്കടത്തിന്റെ പേരിൽ നിരപരാധികളായ ‘പസ്മാന്ദ മുസ്‍ലിംകളെ’ പിടികൂടി ആൾക്കൂട്ടക്കൊലക്കിരയാക്കുന്നതും ഇരകളെത്തന്നെ പിടികൂടി ഗോഹത്യ കുറ്റം ചുമത്തി ജീവപര്യന്തം തടവിലിടുന്നതും വാർത്താമൂല്യം നഷ്ടപ്പെട്ട സംഭവങ്ങളായി മാറിയിരിക്കുന്നു. ചുരുക്കത്തിൽ, കടുത്ത വിദ്വേഷവും വിവേചനവും സ്പർധയും പീഡനവുമല്ലാതെ മാനുഷികമായ നയങ്ങളോ നടപടികളോ ഫാഷിസ്റ്റ് സർക്കാറുകൾക്കും തീവ്രഹിന്ദുത്വ കൂട്ടായ്മകൾക്കും പരിചിതമേയല്ല. സനാതന ധർമത്തിന്റെ പേരിൽ നടക്കുന്ന അത്യാചാരങ്ങൾക്കെതിരെ വിരൽചൂണ്ടുന്ന മതാചാര്യന്മാരും സന്യാസിമാരും സ്വാമിമാരും രാജ്യത്തുണ്ടെങ്കിൽതന്നെ അത്തരക്കാരല്ല രംഗം കൈയടക്കിയിരിക്കുന്നതെന്ന് ഖേദപൂർവം അനുസ്മരിക്കേണ്ടിവരുന്നു. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ധ്വജവാഹകർ രാജ്യത്തിപ്പോഴും കുറ്റിയറ്റുപോയിട്ടില്ലെങ്കിലും ഫാഷിസത്തിന്റെ നാനാതരം ഭീഷണികൾക്കും സമ്മർദങ്ങൾക്കും മുന്നിൽ അവരും ചകിതരാണ്. അല്ലെങ്കിൽ തമ്മിൽതല്ലി വിനാശത്തിന്റെ വഴിയിലാണ്. എല്ലാവിധ വിവേചനങ്ങളെയും തീർത്തും നിരാകരിച്ച് തുല്യപൗരത്വവും മൗലികാവകാശങ്ങളും ഉറപ്പുനൽകുന്ന ഭരണഘടന ഇവ്വിധം വെല്ലുവിളിക്കപ്പെടുമ്പോൾ അതിന്റെ അധീശത്വത്തിനുവേണ്ടി പൊരുതാൻ തയാറുള്ള സാഹസികരെ തേടുകയാണ് മതാന്ധകാരത്തിൽ മഹത്തായ ഇന്ത്യാ രാജ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

