ട്രംപ് പണി തുടങ്ങി
text_fieldsരണ്ടാമൂഴത്തിലെ അധികാരം കൈയിലമരും മുമ്പേ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പണി തുടങ്ങിയിരിക്കുന്നു. ‘പിന്നേം അമേരിക്ക മുന്നം നടക്കണം’ എന്ന മുദ്രാവാക്യവുമായി ഭരണത്തിലേറിയ അദ്ദേഹം അതിന്റെ ആദ്യചുവടായി എടുത്തുപറഞ്ഞതാണ് അനധികൃത കുടിയേറ്റക്കാരെ മുഴുവൻ അടിച്ചുതെളിക്കുമെന്ന്. പട്ടാഭിഷേകനാളിൽ ഒപ്പുവെച്ച ഭരണനിർവഹണ ശാസനങ്ങളിൽ പ്രഥമപ്രധാനവും അതായിരുന്നു. അധികാരി ട്രംപ് ആയതുകൊണ്ട് നീക്കങ്ങൾ അപ്രതീക്ഷിതമെന്നു പറയുന്നതുതന്നെ അസംബന്ധം. ലോകത്തിന്റെ നടപ്പുരീതികളിൽ നിന്നും സാമാന്യമര്യാദകളിൽ നിന്നും ട്രംപ് എത്രമേൽ വേലിചാടുന്നു എന്നേ നോക്കാനുള്ളൂ. അത്തരമൊരു അസംബന്ധ നാടകത്തിനാണ് അനധികൃത കുടിയേറ്റക്കാരുടെ പുറന്തള്ളലിലൂടെ അദ്ദേഹം തുടക്കം കുറിച്ചിരിക്കുന്നത്.
അനധികൃത കുടിയേറ്റത്താൽ പൊറുതിമുട്ടുന്ന ആദ്യരാജ്യമല്ല അമേരിക്ക. നിരവധി രാജ്യങ്ങളെ പ്രതിസന്ധിയിലേക്കു തന്നെ തള്ളുന്ന ഈ പ്രതിഭാസത്തെ രാഷ്ട്രാന്തരീയ മര്യാദയുടെ ചിട്ടവട്ടങ്ങൾ പാലിച്ചുകൊണ്ടു പരിഹരിക്കാനുള്ള ശ്രമമാണ് രാഷ്ട്രങ്ങൾ നടത്തിവരുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കു കടക്കുമ്പോൾ തന്നെ കുടിയേറ്റക്കാർക്കെതിരെ വംശവെറിയിലൂന്നിയ വെള്ളപ്രമാണിത്തത്തിന്റെ ധാർഷ്ട്യത്തോടെയാണ് ട്രംപ് സംസാരിച്ചുവന്നത്. അധികാരമേറുന്നതോടെ ഇവരെ ഒറ്റയടിക്ക് പുറന്തള്ളുമെന്നായിരുന്നു അദ്ദേഹത്തിന്റെ മിന്നുന്ന വാഗ്ദാനങ്ങളിൽ ഒന്ന്. വിജയമുറച്ചപ്പോൾ സ്ഥാനാരോഹണത്തിനു മുമ്പേതന്നെ അതിനു പഴുതടച്ച വകുപ്പും സംവിധാനിച്ചു.
ഭരണത്തിലേറി നാളുകൾക്കുള്ളിൽ അത് നടപ്പാക്കിത്തുടങ്ങുമ്പോൾ ഇന്നോളം ട്രംപ് വലിയ വായിൽ പ്രസംഗിച്ചുവന്ന അനധികൃത കുടിയേറ്റക്കാർക്കെതിരായ വിദ്വേഷവമനത്തിന്റെ അച്ചട്ടായ നടപടിക്രമമായി അതു മാറുകയാണ്. തൊഴിൽ തേടി ഇതരരാജ്യങ്ങളിൽ നിന്നു കടന്നുവരുന്നവരെ പുറത്താക്കുന്നതിന് ഏറ്റവും മനുഷ്യത്വരഹിതമായ നടപടിക്രമങ്ങളാണ് ട്രംപ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. തെക്കേ അമേരിക്കൻ രാഷ്ട്രങ്ങളായ കൊളംബിയ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ള പൗരരെ സൈനികവിമാനങ്ങളിൽ തള്ളിക്കയറ്റി, ക്രിമിനലുകളെയെന്ന വണ്ണം സ്വദേശങ്ങളിൽ കൊണ്ടുതള്ളുകയാണ് യു.എസ്. കഴിഞ്ഞ വെള്ളിയാഴ്ച ബ്രസീലിൽ നിന്നുള്ള 88 പേരെ കൈവിലങ്ങുകളും കാൽചങ്ങലകളുമണിയിച്ച്, കുടിവെള്ളം പോലും നൽകാതെ, ശുചിമുറി ഉപയോഗം പോലും വിലക്കിയാണ് നാലു മണിക്കൂർ പറത്തി നാട്ടിലെത്തിച്ചത്.പലപ്പോഴും എ.സിയും പ്രവർത്തിപ്പിച്ചില്ല. സഹായത്തിനു യാചിച്ചവരോട് ക്രൂരമായ പ്രതികരണമായിരുന്നുവെന്നും പറയുന്നു. സംഭവം ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ വമ്പിച്ച പ്രതിഷേധത്തിനു വഴിവെച്ചിരിക്കുകയാണ്. മനുഷ്യപ്പറ്റു തീണ്ടാത്ത ഈ ചെയ്തിക്കെതിരെ ബ്രസീൽ പ്രസിഡന്റ് ലൂയി ലുല ഡ സിൽവ, അമേരിക്കയുടെ വിശദീകരണം തേടുമെന്നറിയിച്ചു. അന്താരാഷ്ട്ര ധാരണകൾ എന്നല്ല, സാമാന്യ മാനുഷികമര്യാദകൾ പോലും അസംബന്ധമായി കരുതുന്ന വംശീയവെറിയും അധികാരദുരയും മൂത്ത ട്രംപിന് അത് ഏശുമോ എന്നത് മറ്റൊരു കാര്യം.
ട്രംപിന്റെ കിരാതനിയമത്തിന്റെ പണികിട്ടിയ മറ്റൊരു രാജ്യം കൊളംബിയയാണ്. മെക്സികോയും കാനഡയുമൊക്കെയാവും ആദ്യ ഇര എന്നു കരുതിയിടത്താണ് ശത്രുതയിൽ അത്രടം എത്താത്ത കൊളംബിയയിലേക്ക് കൊള്ളിയെറിഞ്ഞത്. പകച്ചുപോയ പ്രസിഡന്റ് പക്ഷേ, കുടിയേറ്റക്കാരെ ചുമന്നുവന്ന രണ്ടു അമേരിക്കൻ വിമാനങ്ങളെ ഇറങ്ങാൻ അനുവദിച്ചില്ല. ക്രുദ്ധനായ യു.എസ് പ്രസിഡന്റിന്റെ പ്രതികാരം ഉടനെ വന്നു- കൊളംബിയയിൽ നിന്നുള്ള ഇറക്കുമതി ഉൽപന്നങ്ങൾക്കെല്ലാം 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തി. യാത്രാ നിരോധനവും കൊളംബിയൻ ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കലുമടക്കമുള്ള വിരട്ടും കാട്ടി. അതിൽ പിന്നെ തിരിച്ചെത്തുന്നവരെ സ്വീകരിക്കാൻ കൊളംബിയ തയാറായി, അമേരിക്ക ഇറക്കുമതി തീരുവ പിൻവലിച്ചു.
അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നായ കൊളംബിയ 53.5 ബില്യൺ യു.എസ് ഡോളറിന്റെ വ്യാപാരമാണ് 2022ൽ നടത്തിയത്. ക്രൂഡ് ഓയിലിനും കാപ്പിക്കും പഴങ്ങൾക്കും പൂക്കൾക്കുമെല്ലാം കൊളംബിയയെയാണ് അമേരിക്ക ആശ്രയിക്കുന്നത്. ഈ നിത്യോപയോഗ സാധനങ്ങൾക്കു വിലവർധിക്കുന്നത് സ്വന്തം ജനതയിൽ എന്തു പ്രതികരണമുളവാക്കും എന്നതൊന്നും ട്രംപ് ആലോചിച്ചിട്ടില്ല. ശത്രുക്കളോടും മിത്രങ്ങളോടുമൊക്കെ അദ്ദേഹത്തിന് ഒന്നേ പറയാനുള്ളൂ-‘സഹകരിക്കുന്നോ, കൊള്ളാം. ഇല്ലെങ്കിൽ തള്ളും’. മുൻപിൻ നോട്ടമില്ലാതെ ഈ നയപരിപാടി ഏറെ മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്നാണ് അമേരിക്കയുടെ വർത്തമാനസ്ഥിതിയറിയുന്നവരെല്ലാം പറയുന്നത്. എന്നാൽ, സാമാന്യതത്ത്വങ്ങളൊന്നും ബാധകമാകാത്ത ട്രംപിന്റെ എടുത്തുചാട്ടങ്ങളിൽ ബ്രിട്ടനെ പോലുള്ള ആജന്മസഖ്യക്കാർ പോലും ആശങ്കപ്പെടുന്നുമുണ്ട്.
അമേരിക്കയെ മഹത്തരമാക്കാൻ രണ്ടാംവട്ടം ഇറങ്ങിത്തിരിച്ചതാണ് ഡോണൾഡ് ട്രംപ്. അശരണരായ കുടിയേറ്റക്കാരെ ചങ്ങലയിൽ പൂട്ടി വെള്ളംതൊടീക്കാതെ അതിർത്തിക്കപ്പുറം തള്ളുന്നതാണ് അദ്ദേഹത്തിന്റെ ‘മഹത്തായ’ ആദ്യപരിഷ്കരണം. അമേരിക്കയുടെ തന്നെ ‘മഹത്തായ’ യുദ്ധത്തിനിരകളായ ഗസ്സക്കാർ തടവിൽ പിടിച്ചവരെ ഉപഹാരങ്ങളും ഉപചാരങ്ങളും നൽകി ആഘോഷപൂർവം വിട്ടയക്കുന്ന നേരത്താണ് കോളനിവാഴ്ചക്കാല രീതിയിലുള്ള ഈ അതിർത്തി കടത്തൽ. അധികാരവീര്യവും ആയുധപ്പെരുമയുമല്ല, മനുഷ്യപ്പറ്റും വിവേകവുമാണ് വ്യക്തികളെയും രാഷ്ട്രങ്ങളെയും മഹത്തരമാക്കുന്നത്. ധാർമികതയുടെയും മാനവികതയുടെയും മനോബലത്തിലാണ് രാഷ്ട്രങ്ങളും ജനതതികളും നിലനിൽക്കുന്നത്. പറഞ്ഞിട്ടെന്ത്, പരപ്പകയുടെ പുരപ്പുറം കയറി നെഞ്ചുവിരിക്കുന്നവരുണ്ടോ ഇതൊക്കെ തിരിച്ചറിയുന്നു!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

