Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightട്രംപ് ഭരണ നടപടികളുടെ...

ട്രംപ് ഭരണ നടപടികളുടെ അനന്തരഫലങ്ങൾ

text_fields
bookmark_border
ട്രംപ് ഭരണ നടപടികളുടെ അനന്തരഫലങ്ങൾ
cancel

ഡോണൾഡ് ട്രംപ് വാർത്തകളിൽ നിറയുന്നത് ഇതാദ്യമല്ല. ആദ്യ ഊഴത്തിലേതിനേക്കാൾ രണ്ടാമൂഴം തുടങ്ങുന്നതിനു മുമ്പുതന്നെ അതാരംഭിച്ചിരുന്നു. അമേരിക്ക സ്വീകരിച്ചു വന്ന നയങ്ങളും ശീലങ്ങളും രായ്ക്കുരാമാനം താൻ മാറ്റിമറിക്കുമെന്ന് നിർലോഭം സൂചനകൾ നൽകിയിരുന്നുവെങ്കിലും നല്ല ഭൂരിപക്ഷത്തോടെ ട്രംപ് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

എന്നാൽ, അധികാര ലബ്ധിക്കു ശേഷം 'അമേരിക്കയെ വീണ്ടും മഹത്തരമാക്കുക' എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കു മുന്നേറുന്നതിനിടയിൽ അദ്ദേഹം സൃഷ്ടിക്കുന്ന ശത്രുക്കളുടെ എണ്ണവും നാൾക്കുനാൾ കൂടിവരുകയാണ്. എന്നാൽ, അമേരിക്കയുടെ പരമ്പരാഗത ശത്രുവായ റഷ്യയുടെ പുടിൻ ഇപ്പോൾ അത്ര അങ്ങ് ശത്രുതയിലല്ലാത്ത മട്ടാണ്.

അതോടൊപ്പം റഷ്യയുടെ ശത്രുവായ യുക്രെയ്ൻ ട്രംപിന്റെ സുഹൃത്താണ് എന്നും പറഞ്ഞുകൂടാ. കഴിഞ്ഞ ഫെബ്രുവരിയിൽ മാധ്യമങ്ങൾക്കു മുന്നിൽ വെച്ച് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയെ അദ്ദേഹം അധിക്ഷേപിച്ച സംഭവം ശ്രദ്ധേയമായിരുന്നു. റഷ്യയുടെ സാമ്രാജ്യത്വ സമാനമായ വികസനത്തിനു തടയിടുന്നതിൽ കൂട്ടാളിയാവേണ്ട ഒരു സഖ്യ കക്ഷിയെ എതിർപക്ഷത്ത് നിർത്തും പോലെയായിരുന്നു അതെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഇന്നിപ്പോൾ യുക്രെയ്‌നുമായി അമേരിക്ക സൗഹൃദം കാണിക്കുന്നത് അവിടത്തെ ധാതുവിഭവങ്ങൾ പങ്കുവെക്കുന്നതിലെ കൂട്ടാളി എന്നനിലയിലാണ്. ട്രംപ് മറുപക്ഷത്താക്കിയ കൂട്ടത്തിൽ ചൈനയും ബ്രസീലും യൂറോപ്യൻ യൂനിയനും ബ്രിട്ടനും മാത്രമല്ല ഒരർഥത്തിൽ ഇന്ത്യയും പെടും. അതെല്ലാം ഇറക്കുതീരുവകൾ അടിച്ചേൽപ്പിക്കുന്ന കാര്യത്തിലാണ്. ലക്കുംലഗാനുമില്ലാത്ത ചുങ്കവർധനകൾക്ക് ഉത്തരവിട്ട ഉടനെ പലതും കുറക്കേണ്ടിവന്നത്, വിശിഷ്യാ ചൈനയുടെ കാര്യത്തിൽ, തിരിച്ചടിയാവുകയും ചെയ്തു. ഒപ്പം കോടതികളുടെ ഇടപെടലുകളും പ്രതികൂലമായി.

കരുത്തന്മാരെ തൽക്കാലം ഒഴിവാക്കി താരതമ്യേന ദുർബലരായവർക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയാണ് ഇന്ന് ട്രംപിന്റെ രീതി. ഉദാഹരണമായി ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ വൈറ്റ് ഹൗസ് സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ മുന്നിൽ നിർത്തി ട്രംപ് ആരോപിച്ചത് ആ രാജ്യത്ത് ഡച്ച് ദേശക്കാരായ വെളുത്ത ന്യൂനപക്ഷത്തിനു നേരെ വംശഹത്യ നടക്കുന്നു എന്നാണ്.

അതിനുപയോഗിച്ച തെളിവാകട്ടെ, കെട്ടിച്ചമച്ച ചില ചിത്രങ്ങൾ - അതിൽതന്നെ എപ്പോഴോ കോംഗോവിൽ നടന്ന അക്രമങ്ങളുടെ വിഡിയോകളും ഉൾപ്പെട്ടിരുന്നു. ഭാഗ്യവശാൽ റമഫോസ മാന്യമായ നിശ്ശബ്ദത പാലിച്ചുവത്രെ. ദക്ഷിണാഫ്രിക്ക തിരിച്ചടിക്കാനൊന്നും കഴിയാത്ത ചെറിയ ഒരു ശക്തി മാത്രമാണ്. എന്നാൽ, തന്റെ (ലോകത്തിന്റെ തന്നെയും) കൺമുന്നിൽ വെച്ച് ഫലസ്തീനികളെ വംശഹത്യ നടത്തിക്കൊണ്ടിരിക്കുന്ന നെതന്യാഹുവിന്റെ ഇസ്രായേലിനെതിരെ ഇത്തരം ഒരു പരാമർശം നടത്താൻ ട്രംപിന് നാവുപൊങ്ങില്ല എന്നതാണ് പ്രസക്തം.

വിദേശ നയത്തിൽ മാത്രമല്ല ഈ ട്രംപ് പ്രതിഭാസം. ആഭ്യന്തര രംഗത്ത് ട്രംപ് കാണുന്ന ഒരു പ്രധാന വെല്ലുവിളി രാജ്യത്തെ സർവകലാശാലകളാണ്. വിജ്ഞാനോൽപാദനത്തിന്റെ മാത്രമല്ല, വീക്ഷണ വൈവിധ്യത്തിന്റെയും വിചാരസ്വാതന്ത്ര്യത്തിന്റെയും കേന്ദ്രങ്ങളായി അവയെ അംഗീകരിക്കാത്ത വലതു പക്ഷത്തിന്റെ പുതിയ അവതാരമായാണ് ട്രംപിന്റെ ചെയ്തികൾ.

ഏറ്റവുമൊടുവിൽ ഭുവനപ്രശസ്തമായ ഹാർവഡ് സർവകലാശാലക്കെതിരെയുള്ള നടപടികളാണ് ശ്രദ്ധേയം. അതിന്റെ കാരണം ഹാർവഡിൽ ഫലസ്തീൻ അനുകൂലമായും ഇസ്രായേലി വംശഹത്യക്കെതിരെയും നടന്ന പ്രതിഷേധങ്ങളും പ്രഭാഷണങ്ങളും. ഉടൻവന്നു പ്രതികാരനടപടികൾ. 3.2 ബില്യൺ ഡോളറിന്റെ സ്റ്റേറ്റ് ധനസഹായം മരവിപ്പിക്കാനായിരുന്നു ഭരണകൂടത്തിന്റെ ഉത്തരവ്. ഹാർവഡിന്റെ പ്രസിഡന്റ് ഡോ. അലൻ ഗാർബർ ഇതിനെതിരെ ശക്തമായി പിടിച്ചു നിൽക്കാനും നേരിട്ടുള്ള ഏറ്റുമുട്ടലിന് അവസരം ഇല്ലാതാക്കാനും ശ്രമിക്കുകയാണെങ്കിലും ഭരണകൂടം വിടാൻ ഭാവമില്ല. സർവകലാശാലയുടെ നികുതി ഇളവ് ഇല്ലാതാക്കാനാണ് അടുത്ത നീക്കം. അതുവഴി വിദ്യാർഥി പ്രവേശനം, അധ്യാപകരെ തെരഞ്ഞെടുക്കൽ, കാമ്പസിലെ പ്രതിഷേധ പ്രകടനങ്ങൾ എന്നിവയിൽ ഭരണകൂടത്തിന്റെ ഇച്ഛ നടപ്പാക്കാമെന്നാണ് ട്രംപ് സർക്കാറിന്റെ കണക്കു കൂട്ടൽ.

അതോടൊപ്പം വിദ്യാർഥി വിസ അപേക്ഷകരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പ്രവേശനത്തിനു മുമ്പ് പരിശോധിക്കാനും ‘കുഴപ്പക്കാരായ’വരെ തടയാനും സർവകലാശാലകളെ നിർബന്ധിക്കുന്നു. നിയന്ത്രണങ്ങൾ ഉറപ്പുവരുത്താൻ തൽക്കാലം ഇന്ത്യൻ വിദ്യാർഥികൾക്ക് വിസ അനുവദിക്കുന്നത് നിർത്തിവെക്കുകയും ചെയ്തു. ഇതുവഴി സെമിറ്റിക് വിരോധമുള്ളവരെ (ഇസ്രായേൽ വിമർശനം നടത്തുന്നവരൊക്കെ ഇതിൽ പെടും) തടയുകയാണ് ലക്ഷ്യം. അഥവാ ഇസ്രായേൽ-വിരുദ്ധ പൊതുവികാരം ജനിപ്പിക്കാൻ സാധ്യതയുള്ള ഒരാളും അമേരിക്കൻ മണ്ണിൽ വരേണ്ട എന്ന്. തീരുമാനത്തിനെതിരെ ഹാർവഡ് അധികാരികൾ യു.എസ് കോടതിയെ സമീപിച്ചിരിക്കുന്നു.

ഫണ്ട് തടയുന്ന പക്ഷം 950 നിർണായകമായ ഗവേഷണ പദ്ധതികൾ അപകടത്തിലാവുമെന്നും അവയിൽ പൊതുജനാരോഗ്യം, ദേശീയസുരക്ഷ എന്നിവ സംബന്ധമായതും ഉൾപ്പെടുമെന്നും തീരുമാനം രാഷ്ട്രീയപ്രേരിതവും നിയമവിരുദ്ധവുമാണെന്നും ഹരജിയിൽ വാദിക്കുന്നു. സർവകലാശാലയുടെ വിദ്യാർഥി പ്രവേശനസംബന്ധമായ നിയന്ത്രണങ്ങൾ കോടതി നിർത്തി വെച്ചിരിക്കുന്നുവെന്നെങ്കിലും അന്തിമതീരുമാനം ജൂലൈയിൽ നടക്കാനിരിക്കുന്ന വാദങ്ങൾ കഴിഞ്ഞേ അറിയൂ.

അമേരിക്കയിലെ ഈദൃശ ചലനങ്ങൾ ആഗോള തലത്തിൽ അനുരണനങ്ങൾ ഉണ്ടാക്കുന്നവയാണ്. പ്രധാനകാരണം ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ എന്നനിലയിലുള്ള വിപുലമായ സാമ്പത്തിക ഇടപാടുകൾ. രാഷ്ട്രീയമായി മറ്റു പല രാജ്യങ്ങളിലും ഇടപെടൽ നടത്തുന്ന രാജ്യമെന്നതാന് മറ്റൊന്ന്. പിന്നെ ഒരുപാട് ചെറുരാജ്യങ്ങളിൽ ചെലുത്തുന്ന സ്വാധീനം. പുറമെ, ജനാധിപത്യ മൂല്യങ്ങളായ അഭിപ്രായസ്വാതന്ത്ര്യവും വിചാരവൈവിധ്യവും നിലനിൽക്കാനുള്ള സുരക്ഷഗേഹം എന്ന സ്ഥാനം നഷ്ടപ്പെടുമ്പോൾ പ്രസ്തുത മൂല്യങ്ങൾക്ക് സംഭവിക്കുന്ന ക്ഷതവും പരിഗണനീയമാണ്. എന്തുകൊണ്ടും ട്രംപിന്റെ വർത്തമാന ഭരണരീതിയും തത്ത്വശാസ്ത്രവും ആരോഗ്യകരമായ സ്വാധീനമല്ല ലോകത്തിൽ ചെലുത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialDonald Trump
News Summary - Consequences of Trump administration actions
Next Story