ട്രംപിന്റെ അവകാശവാദം, മോദി സർക്കാറിന്റെ നിലപാട്
text_fieldsമേയ് ഏഴിന് ഇന്ത്യ ആരംഭിച്ച ഓപറേഷൻ സിന്ദൂർ 100 മണിക്കൂർ മാത്രമേ തുടർന്നുള്ളൂവെങ്കിലും പാകിസ്താനിലെ ഭീകരതാവളങ്ങൾ നാമാവശേഷമാക്കുന്നതിലും ആ രാജ്യത്തെ ദയനീയമായി പരാജയപ്പെടുത്തുന്നതിലും വിജയിച്ചുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അറിയിച്ചിരിക്കുന്നത്ത്. ഓപറേഷൻ സിന്ദൂർ എന്ന് നാമകരണം ചെയ്ത സൈനിക നടപടി ഒരു യുദ്ധത്തിന്റെ തുടക്കമല്ലെന്നും ഏപ്രിൽ 22ന് നിരായുധരായ 26 വിനോദസഞ്ചാരികളെ നിഷ്കരുണം വെടിവെച്ചുകൊന്ന പഹൽഗാം ഭീകരാക്രമണത്തിനുള്ള മറുപടിയും അത്തരം ഭീകരാക്രമണങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ പ്രതിരോധവും മാത്രമാണെന്നും ഇന്ത്യ ആദ്യമേ വ്യക്തമാക്കിയിരുന്നതാണ്. സുചിന്തിതമായ ഈ പ്രതികാര കൃത്യത്തിൽ പൂർണവിജയം നേടിക്കഴിഞ്ഞശേഷമാണ് പാകിസ്താന്റെ അഭ്യർഥനപ്രകാരം നാം വെടിനിർത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
നിരപരാധികളുടെ ജീവന്റെ നേരെയുള്ള ഭീഷണി എന്നന്നേക്കുമായി അവസാനിപ്പിക്കാനുള്ള ഈ നീക്കത്തിന് രാജ്യത്തിന്റെ ഒന്നടങ്കമുള്ള പിന്തുണ സർക്കാറിനും സൈന്യത്തിനും ലഭിച്ചുവെന്നത് എടുത്തുപറയേണ്ടതാണ്. ഒരെതിർശബ്ദവും ഓപറേഷൻ സിന്ദൂറിനെതിരെ ഉയരുകയുണ്ടായില്ല. അതേസമയം വെടിനിർത്തൽ പ്രാബല്യത്തിൽ വരികയും സ്ഥിതി ശാന്തമാവുകയും ചെയ്തതിൽ പിന്നെ ഗൗരവപ്പെട്ട സംശയങ്ങളും ചോദ്യങ്ങളും സർക്കാറിന് നേരെ ഉയരുന്നുണ്ട്. വെടിനിർത്തലിന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് തന്നെയാണ് പ്രധാന ചോദ്യം. പാകിസ്താന്റെ മിലിട്ടറി ഓപറേഷൻ ഡയറക്ടർ ടെലഫോണിൽ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്, ദൗത്യം പൂർത്തീകരിച്ച് കഴിഞ്ഞിരിക്കെ ഇന്ത്യ വെടിനിർത്താൻ സമ്മതിച്ചതെന്നും ഒരു മൂന്നാം കക്ഷിയും ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം.
എന്നാൽ, തന്റെ ഇടപെടലാണ് ഇന്ത്യ-പാക് ഏറ്റുമുട്ടൽ അവസാനിപ്പിച്ചതെന്ന് തുടക്കംമുതൽ അവകാശപ്പെട്ടുകൊണ്ടിരുന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞദിവസവും അതാവർത്തിച്ചിരിക്കുന്നു. ഒരു ആണവസംഘർഷമാണ് അമേരിക്ക ഒഴിവാക്കിയതെന്നും ഇല്ലെങ്കിൽ ദശലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെടുന്ന മാരക ആണവയുദ്ധമായി അത് മാറുമായിരുന്നുവെന്നും പറഞ്ഞ ട്രംപ് പ്രതിസന്ധി നല്ലനിലയിൽ കൈകാര്യം ചെയ്ത ഇരുരാജ്യങ്ങളെയും അഭിനന്ദിക്കുകകൂടി ചെയ്തിട്ടുണ്ട്. വ്യാപാരം വാഗ്ദാനം ചെയ്താണ് ഏറ്റുമുട്ടൽ അവസാനിപ്പിച്ചതെന്നുകൂടി ട്രംപ് കൂട്ടിച്ചേർത്തിട്ടുണ്ട്. കശ്മീർ പ്രശ്നത്തിൽ മധ്യസ്ഥതക്കുള്ള സന്നദ്ധതയും അദ്ദേഹം അറിയിച്ചിരിക്കുന്നു.
ഇത് ഇതഃപര്യന്തം ഇന്ത്യ തുടർന്നുവന്ന നയത്തിൽനിന്നുള്ള ഗൗരവതരമായ വ്യതിയാനമാണെന്നതുകൊണ്ട് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കോൺഗ്രസും മറ്റു പ്രതിപക്ഷകക്ഷികളും. ഇന്ത്യ-പാകിസ്താൻ ഉഭയകക്ഷി ചർച്ചകളിലൂടെ മാത്രമേ കശ്മീർ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം നേടാനാവൂ എന്നതാണ് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുമുതൽ ഇന്നേവരെ എല്ലാ ഭരണനേതാക്കളും സ്വീകരിച്ചുവന്ന അചഞ്ചല നിലപാട്. ഇതിന് വിപരീതമായി അമേരിക്കയുടെ മാധ്യസ്ഥ്യം സ്വീകരിക്കാമെന്നാണ് മോദി സർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ അത് രാജ്യത്തോട് തുറന്നുപറയണമെന്നാണ് പ്രതിപക്ഷവും ഉന്നത രാഷ്ട്രീയ വിദഗ്ധരും നിരീക്ഷകരും ആവശ്യപ്പെടുന്നത്. മാത്രമല്ല, ആഗോള മുതലാളിത്തത്തിന്റെ നായകനായ ഡോണൾഡ് ട്രംപ് എല്ലാം കച്ചവടക്കണ്ണിലൂടെ കാണുന്നത് സ്വാഭാവികമാണെന്നിരിക്കെ എന്തുതരം വ്യാപാര ഓഫറുകളാണ് അദ്ദേഹം ഇന്ത്യക്കും പാകിസ്താനും നൽകുകയോ നൽകാൻ പോവുകയോ ചെയ്യുന്നതെന്നറിയാനും രാജ്യത്തിന് അവകാശമുണ്ട്.
തീർച്ചയായും സ്വതന്ത്ര ഇന്ത്യയുടെ പിറവിമുതൽ ഇന്നേവരെ ചെറുതോ വലുതോ ആയ സൈനിക സംഘട്ടനങ്ങൾക്ക് കാരണമായ കശ്മീർ പ്രശ്നം അന്തിമമായി പരിഹരിച്ച് രണ്ട് അയൽരാജ്യങ്ങളും തമ്മിലെ ബന്ധങ്ങൾ സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങൾക്ക് വഴിതെളിയുന്നുണ്ടോ എന്നറിയാനുള്ള ജിജ്ഞാസയും താൽപര്യവും ലോകത്തിനുണ്ട്. പക്ഷേ, തികഞ്ഞ പ്രഹേളികയായ യു.എസ് പ്രസിഡന്റിന്റെ വ്യക്തിത്വത്തെ എത്രത്തോളം വിശ്വസിക്കാനും അവലംബിക്കാനും കഴിയുമെന്നതും വലിയ ചോദ്യമാണ്. കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് മുമ്പെന്നത്തേക്കാളും തെളിയുകയും കശ്മീർ ജനത ഒറ്റക്കെട്ടായി രാജ്യത്തോടൊപ്പം നിൽക്കുന്നുവെന്ന് വ്യക്തമാവുകയും ചെയ്തിരിക്കെ അതിന്റെ പേരിലെ അവകാശവാദം പാകിസ്താൻ എന്നന്നേക്കുമായി ഉപേക്ഷിക്കാനും തദടിസ്ഥാനത്തിൽ അയൽപക്ക ബന്ധങ്ങൾ സാധാരണ നിലയിലാക്കാനും ശക്തിപ്പെടുത്താനും വികസിപ്പിക്കാനും സഹായകമായ ചർച്ചകളാണ് യഥാർഥത്തിൽ നടക്കേണ്ടത്.
അതിനേറ്റവും ഫലപ്രദമാവുക മൂന്നാം കക്ഷിയുടെ ഇടപെടലില്ലാതെ ഇരുരാജ്യങ്ങളും മേശക്ക് ചുറ്റുമിരുന്ന് നടത്തുന്ന ഗൗരവപൂർണമായ ചർച്ചകൾതന്നെയാണ്. ആ ദിശയിലേക്ക് കാര്യങ്ങൾ നീങ്ങണമെങ്കിൽ എല്ലാതരം ഭീകരകൃത്യങ്ങളും അവസാനിപ്പിക്കാൻ പാകിസ്താൻ മുന്നോട്ടുവരികതന്നെ വേണം. സമ്മർദം ശക്തിപ്പെടുമ്പോൾ ചില ഭീകര സംഘടനകളെ നിരോധിക്കുന്നതായി പ്രഖ്യാപിച്ചതുകൊണ്ടായില്ല, ഭീകരതയുടെ അടിവേരറുക്കാൻ ഫലപ്രദമായ നടപടികളെടുക്കണം. അതേയവസരത്തിൽ ഇന്ത്യക്കകത്തെ യുദ്ധവെറിയന്മാരുടെ ആക്രോശങ്ങൾക്ക് തടയിടാനും നമ്മുടെ സർക്കാർ ഉരുക്കുമുഷ്ടി ഉപയോഗിച്ചേ തീരൂ. വെറുപ്പും വിദ്വേഷവും ചോരക്കൊതിയും ദേശസ്നേഹമായി കൊണ്ടുനടക്കുന്നവരെ തളക്കാൻ രാജ്യത്ത് നിയമങ്ങളില്ലാഞ്ഞിട്ടല്ല. ഭരിക്കുന്നവർ കണ്ണ് ചിമ്മുന്നതാണ് പ്രശ്നം. ഗൗരവതരമായ ഈ വിഷയങ്ങളൊക്കെ ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന ആവശ്യത്തിനുനേരെ മോദിയും അമിത് ഷായും മുഖംതിരിക്കുന്നത് കൂടുതൽ ദുരൂഹതകൾക്ക് അവസരം നൽകുകയാണ് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

