Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകായിക പ്രേമികൾ അറിയുമോ...

കായിക പ്രേമികൾ അറിയുമോ ദേവ് മീനയെ?

text_fields
bookmark_border
കായിക പ്രേമികൾ അറിയുമോ ദേവ് മീനയെ?
cancel
ക്രിക്കറ്റ് താരങ്ങൾ ചാർട്ടേഡ് ഫ്ലൈറ്റുകളിലും കനത്ത സുരക്ഷയിലും യാത്രചെയ്യുമ്പോൾ, ട്രാക്ക് ആൻഡ് ഫീൽഡ് താരങ്ങൾക്ക് കായിക ഉപകരണങ്ങളുമായി കുറ്റവാളികളെപ്പോലെ പേടിച്ചും പതുങ്ങിയും യാത്ര ചെയ്യേണ്ടിവരുന്നു

ഇക്കഴിഞ്ഞ ഞായറാഴ്ച ഝാർഖണ്ഡ് തലസ്ഥാന നഗരമായ റാഞ്ചിയിലുള്ള ബിർസ മുണ്ട സ്റ്റേഡിയം പോൾവാൾട്ടിൽ പുതിയൊരു സംയുക്ത ദേശീയ റെക്കോഡിന് സാക്ഷ്യം വഹിച്ചു. ​29ാമത് നാഷനൽ സീനിയർ അത്‌ലറ്റിക്സ് ഫെഡറേഷൻ ചാമ്പ്യൻഷിപ്പിൽ മധ്യപ്രദേശിനെ പ്രതിനിധാനംചെയ്ത് എത്തിയ ദേവ് മീനയും കുൽദീപ് കുമാറുമാണ് പുതിയ ഉയരങ്ങൾ താണ്ടി ചരിത്രം കുറിച്ചത്. സ്വർണം നേടിയ ദേവ് മീനയും വെള്ളി മെഡൽ നേടിയ കുൽദീപും ഈ വർഷം ഗ്ലാസ്‌ഗോയിൽ നടക്കാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിലേക്കും യോഗ്യത കരസ്ഥമാക്കി.

റെക്കോഡ് നേട്ടത്തിന്റെ കാഴ്ച അഭിമാനകരമായിരുന്നുവെങ്കിൽ മത്സരശേഷം ഇരുവരും മടങ്ങുന്ന കാഴ്ച ഹൃദയംനുറുങ്ങുന്നതായിരുന്നു. അന്താരാഷ്ട്ര മത്സരത്തിലേക്ക് യോഗ്യത നേടിയ ഇവർക്ക് തിരിച്ചുപോകാനുള്ള വാഹന സൗകര്യമോ സാമഗ്രികൾ കൊണ്ടുപോകാനുള്ള സഹായമോ സംഘാടകർ ഏർപ്പെടുത്തിയിരുന്നില്ല.

ദേവ് മീനയും സഹോദരൻ രാജും കുൽദീപും ചേർന്ന് തങ്ങളുടെ അഞ്ച് മീറ്ററോളം നീളമുള്ള ഫൈബർഗ്ലാസ് പോളുകൾ ഒരു ഇ-റിക്ഷയിൽ കയറ്റി വെച്ച് സ്റ്റേഡിയം വിട്ടുപോകുന്ന വിഡിയോ ഒരു മാധ്യമ പ്രവർത്തകൻ പകർത്തിയത് വൈറലായിരുന്നു. അമേരിക്കൻ കമ്പനിയായ യു.സി.എസ് സ്പിരിറ്റിൽ നിന്ന് ഇറക്കുമതി ചെയ്ത, ഏകദേശം 15 ലക്ഷത്തോളം രൂപ വിലവരുന്ന പോളുകളായിരുന്നു അവ. വിലപിടിപ്പുള്ള, കെടുപറ്റാൻ സാധ്യതയുള്ള കളി ഉപകരണമാണെന്നുകണ്ട് റിക്ഷാ ഡ്രൈവർ ഓട്ടം വരാൻ വിസമ്മതിക്കുമോ എന്നുഭയന്ന് പ്ലാസ്റ്റിക് പൈപ്പുകൾ ആണെന്ന ചെറുകള്ളവും പറഞ്ഞു അവർ.

ഇരുവർക്കും ഇത്തരം ദുരനുഭവങ്ങൾ മുമ്പും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് പിന്നീട് പുറത്തു വന്ന വിവരം. ഈ വർഷം ആദ്യം മഹാരാഷ്ട്രയിലെ പൻവേൽ സ്റ്റേഷനിൽ വെച്ച് ദേവ് മീനയെയും കുൽദീപിനെയും ഒരു ടി.ടി.ഇ ട്രെയിനിൽനിന്ന് ഇറക്കിവിട്ടു, 3000 രൂപ പിഴ ഈടാക്കുകയും ചെയ്തു. അവരുടെ കായിക ഉപകരണങ്ങൾ ‘ഇരുമ്പ് പൈപ്പുകൾ’ ആണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ഇത്.

ഈ മാസം തന്നെയാണ് ആന്ധ്രപ്രദേശിൽവെച്ച് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥർ, തമിഴ്‌നാട്ടിൽ നിന്നുള്ള അത്‌ലറ്റുകൾ ട്രെയിനിനുപുറത്ത് കെട്ടിവെച്ചിരുന്ന പോളുകൾ മുറിച്ചുമാറ്റിയത്. കായിക താരങ്ങൾ പ്രാണനേക്കാളേറെ സ്നേഹിക്കുന്ന പോളുകൾ റെയിൽവേ ട്രാക്കിലേക്ക് വീണുപോയി. പിന്നീട് അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ച് പോളുകൾ തിരിച്ചെടുക്കുകയായിരുന്നു.

ക്രിക്കറ്റ് താരങ്ങൾ ചാർട്ടേഡ് ഫ്ലൈറ്റുകളിലും കനത്ത സുരക്ഷയിലും യാത്രചെയ്യുമ്പോൾ, രാജ്യത്തിനായി മെഡലുകൾ നേടുന്ന ട്രാക്ക് ആൻഡ് ഫീൽഡ് താരങ്ങൾക്ക് തങ്ങളുടെ കായിക ഉപകരണങ്ങളുമായി കുറ്റവാളികളെപ്പോലെ പേടിച്ചും പതുങ്ങിയും യാത്ര ചെയ്യേണ്ടിവരുന്നു. വിദേശ ഫുട്ബാൾ താരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകളും വിവിധ രാജ്യങ്ങളുടെ പതാകകളും ഉയർത്താൻ ആവേശം കാണിക്കുന്ന ഇന്ത്യയിലെ കായിക പ്രേമികളിൽ അഞ്ചുശതമാനം പേർക്കെങ്കിലും അറിയുമോ രാജ്യത്തിന്റെ അഭിമാന താരങ്ങൾ നേരിട്ട അപമാനത്തെക്കുറിച്ച്?

എന്തുകൊണ്ട് ഇന്ത്യ അന്താരാഷ്ട്ര കായിക മേളകളിൽ പിന്നാക്കം പോകുന്നു എന്ന ചോദ്യത്തിന് ഈ അനുഭവം ഉത്തരം നൽകും. റസ്‌ലിങ് ഫെഡറേഷൻ പ്രസിഡന്റായിരുന്ന ബി.ജെ.പി നേതാവിന്റെ ലൈംഗിക പീഡനത്തിനെതിരെ പ്രതികരിച്ച വിനേഷ് ഫോഗട്ടിനെ ഗോദക്ക് പുറത്തുള്ള കള്ളക്കളികൾകൊണ്ട് പുറത്താക്കാൻ ശ്രമം നടത്തിയത് ഉൾപ്പെടെയുള്ള വിഷയങ്ങൾ വേറെ. ഇങ്ങനെ എത്രയധികം എതിരാളികളോട് മല്ലിട്ടും പ്രതിബന്ധങ്ങൾ താണ്ടിയും വേണം ഇന്ത്യയിലെ കായിക പ്രതിഭകൾക്ക് ഗ്രൗണ്ടിലിറങ്ങാൻ. നേട്ടങ്ങളുടെ നെറുകയിൽ നിൽക്കുമ്പോഴും അവർ അനുഭവിക്കേണ്ടിവന്ന ആത്മനിന്ദയുടെ ആഴം ആർക്കാണ് അളക്കാൻ കഴിയുക?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialVinesh Phogatheavy securityMadhyamam Editorial PodcastIndiasports SectorfacilitiesCricketerssportspersons
News Summary - Do sports fans know Dev Meena?
Next Story