ജനരോഷം അടിച്ചമർത്താൻ നോക്കരുത്
text_fields13 കോടിയിൽപരം വോട്ടർമാരെ പൗരത്വ നിഷേധത്തിനു തുല്യമായി പട്ടികയിൽനിന്ന് നീക്കം ചെയ്ത പ്രക്രിയക്കും അതിന്റെ പ്രാഥമിക ഉത്തരവാദിക്കുമെതിരായ പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ അടിസ്ഥാനപ്രക്രിയയെ തന്നെ തകിടം മറിക്കുന്ന നടപടികളെ തിരുത്താനുള്ള ജനകീയ പ്രതിരോധത്തിന്റെ ഭാഗമാണ്
എസ്.ഐ.ആർ എന്ന വോട്ടർ പട്ടിക തീവ്രപരിശോധന നിർത്തിവെക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ മുന്നണിയായ ‘ഇൻഡ്യ’ സഖ്യവും മറ്റു പാർട്ടികളും, യുവജന പ്രസ്ഥാനമായ കോക്രോച്ച് ജനത പാർട്ടിയും (സി.ജെ.പി) പ്രതിഷേധം തുടരുകയാണ്. സമരത്തിന്റെ മുഖ്യ വേദിയായ ഡൽഹിയിലെ ജന്തർ മന്തർ പ്രതിഷേധ ഇടമല്ലാതാക്കി ഡൽഹി പൊലീസ് ഒക്ടോബർ 12നു ഉത്തരവിറക്കിയത് പ്രസ്തുത ജനരോഷത്തെ അദൃശ്യവത്കരിക്കാനുള്ള തന്ത്രമായി കാണണം. സുപ്രീംകോടതി തന്നെ പൊലീസ് ഉത്തരവ് ഇറങ്ങുന്നതിനു മൂന്നുദിവസം മുമ്പ് പ്രതിഷേധങ്ങൾക്കു മറ്റൊരിടം കണ്ടെത്തിക്കൂടേ എന്നു ചോദിച്ചതും ജന്തർ മന്തർ പരിസരത്ത് ശുചിമുറികൾ പോലുള്ള അടിസ്ഥാനസൗകര്യങ്ങൾ കുറവായതിനാൽ അതിന് ഏർപ്പാട് ചെയ്യണമെന്നു പറഞ്ഞതും മറയാക്കിയാണ് പൊലീസ് നടപടി.
എന്നാൽ, പതിനെട്ടാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ചരിത്രപ്രധാനമായ ജന്തർ മന്തറിന്റെ പരിസരം അതത് കാലത്തെ ജനവികാരം പ്രതിഫലിപ്പിക്കാൻ ഉപയോഗിച്ചുവരുന്നതാണ്. 2011ലെ അഴിമതിവിരുദ്ധ സമരം, 2012ലെ നിർഭയസമരം തുടങ്ങി 2019ലെ പൗരത്വ നിയമഭേദഗതി വിരുദ്ധ പ്രതിഷേധം വരെ ഒട്ടേറെ പ്രതിഷേധങ്ങൾക്കു വേദിയായ ജന്തർ മന്തർ പരിസരം ഇന്നിപ്പോൾ രാജ്യമാസകാലം പ്രതിധ്വനികളുയർത്തിയപ്പോഴാണ് ഡൽഹി പൊലീസ് ഒരു ഉത്തരവിലൂടെ പ്രതിഷേധങ്ങളുടെ താളം തെറ്റിക്കാനിറങ്ങിയിരിക്കുന്നത്. ഉത്തരേന്ത്യയിൽ പൂജാ ഉത്സവദിനങ്ങളെ അലങ്കോലപ്പെടുത്താതിരിക്കാൻ സമരത്തിന് പ്രക്ഷോഭക്കാർ താൽക്കാലിക അവധി നൽകിയേക്കാം. ശേഷം ജന്തർ മന്തറിൽ തന്നെ പ്രതിഷേധം തുടർന്നാൽ നിയമപാലകർ അതിനെ എങ്ങനെ നേരിടുമെന്നത് കാണാനിരിക്കുന്നു.
ജന്തർ മന്തറിനുപകരം നാലു കിലോമീറ്റർ ദൂരെയുള്ള രാംലീല ഗ്രൗണ്ട്, 15 കിലോമീറ്റർ അപ്പുറമുള്ള ബുറാരി ഗ്രൗണ്ട്, 13 കിലോമീറ്റർ ദൂരത്തുള്ള കേന്ദ്ര വ്യാപാരകേന്ദ്രം (സി.ബി.ഡി) എന്നിവയാണ് പ്രതിഷേധ വേദികളായി നിർദേശിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, ഇവക്കൊന്നും ജന്തർ മന്തറിന്റെ ദൃശ്യതയില്ല. ഭരണ സിരാകേന്ദ്രങ്ങളായ പാർലമെൻറ്, സർക്കാർ കാര്യാലയങ്ങൾ എന്നിവക്കുപുറമെ പത്രസ്ഥാപനങ്ങളുടെ കൂടി സാമീപ്യം അതിനുണ്ട്. അതുകൊണ്ട് തന്നെയാണ് ഡൽഹി പൊലീസിന്റെ തീരുമാനം തങ്ങൾക്കു സ്വീകാര്യമല്ല എന്ന് ഉടനെ തന്നെ സി.ജെ.പി വക്താക്കളും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഒരുപോലെ പ്രതികരിച്ചത്. പ്രതിഷേധങ്ങളും സമരങ്ങളും ബന്ധപ്പെട്ട കക്ഷികളും ബഹുജനങ്ങളും ശ്രദ്ധിക്കുന്ന ഇടങ്ങളിലാണ് നടത്തുക. ജന്തർ മന്തറിൽ പ്രതിഷേധം നടത്താൻ പറ്റിയ തീയതിയും സമയവും അറിയിച്ചു കൊണ്ടുള്ള മറുപടി പൊലീസ് 24 മണിക്കൂറിനുള്ളിൽ നൽകിയില്ലെങ്കിൽ പുതിയ തീയതി കുറിച്ച് ബഹുജന പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് സി.ജെ.പി നിലപാട്. അതിനിടയിൽ ജന്തർ മന്തറിൽ പ്രവേശിച്ചതിന് സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ അറസ്റ്റുചെയ്ത് അഞ്ചു ദിവസത്തേക്ക് റിമാൻഡ് ചെയ്യുക കൂടി ചെയ്തിരിക്കുന്നു.
2020ൽ പൗരത്വ നിയമത്തിനെതിരിലെ മുന്നേറ്റങ്ങളുടെ വനിതാ പ്രഭവ കേന്ദ്രം ആയിരുന്ന ശാഹീൻബാഗിൽ നിന്ന് കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കാൻ പൊലീസിന് സുപ്രീംകോടതി അനുമതി നൽകിയിരുന്നില്ല. കോടതി ചർച്ചകളിലൂടെ പ്രതിഷേധസ്ഥലത്തെക്കുറിച്ച് ധാരണയിലെത്താൻ നടത്തിയ ശ്രമം വിജയിച്ചില്ല. അന്നു റോഡ് തടസ്സം ചെയ്യുന്നത് ഭാഗികമായി ഒഴിവാക്കണമെന്നായിരുന്നു കോടതി നിർദേശം. ഇന്നും കോടതി ഡൽഹിയിലെ മെട്രോ, ഇന്റർനെറ്റ് സർവിസുകൾ, റോഡ് ഗതാഗതം ഇവ പൂർണമായി റദ്ദാക്കരുത് എന്നാണു പറഞ്ഞത്. സഞ്ചാരസ്വാതന്ത്ര്യവും പ്രതിഷേധിക്കാനുള്ള അവകാശവും ഒരുപോലെ സംരക്ഷിക്കേണ്ടതുണ്ട് എന്ന നിലപാടാണ് നീതിപീഠം സ്വീകരിച്ചത്.
പ്രതിഷേധത്തിനുള്ള അനുമതി നിഷേധിക്കുന്നതിന് പുറമെ മർദനമുറയും പൊലീസ് പുറത്തെടുക്കുന്നുണ്ട്. തിങ്കളാഴ്ച അറസ്റ്റ് ചെയ്യപ്പെട്ട പ്രതിഷേധക്കാരോട് പൊലീസ് കാട്ടിയ ക്രൂരതകളെക്കുറിച്ച് റിപ്പോർട്ടുകൾ നിരവധിയാണ്. എം.പിയായ ജോൺ ബ്രിട്ടാസിനു നേരിട്ട ശാരീരികാതിക്രമം ടി.വി ദൃശ്യങ്ങളിൽ വന്നതാണ്. അതിനു മുമ്പു തന്നെ ഒക്ടോബർ 10, 11, 12 തീയതികളിൽ വിദ്യാർഥി യുവജന സംഘടനകളുടെ, പ്രായപൂർത്തിയെത്താത്തവരടക്കമുള്ള സമരക്കാരെ പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു. അങ്ങനെ പിടിച്ചവരെ പൊലീസ് വാനിൽ തടവറക്കു സമാനമായി വിഭജിക്കപ്പെട്ട സെല്ലുകളിൽ അടച്ചാണ് തടങ്കൽപാളയത്തിലെത്തിച്ചത്. മുന്നിലുണ്ടായിരുന്ന കുപ്പിവെള്ളം കുടിക്കാൻ ചോദിച്ചവർക്കു വെള്ളം നിഷേധിച്ചും സ്ത്രീകളെ പോലും കഴുത്തിനുപിടിച്ച് വലിച്ചുമൊക്കെ മുറകൾ പൊലീസ് പ്രയോഗിച്ചു. ജനകീയ പ്രതിഷേധങ്ങളെ നിർദാക്ഷിണ്യം മർദിച്ചൊതുക്കാമെന്ന വ്യാമോഹം ഭരണകൂടത്തെ പിടികൂടിയിട്ടുണ്ടെന്നു തോന്നുന്നു. 13 കോടിയിൽപരം വോട്ടർമാരെ പൗരത്വനിഷേധത്തിനു തുല്യമായി വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്ത ഒരു പ്രക്രിയക്കും അതിന്റെ പ്രാഥമിക ഉത്തരവാദിയായ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കുമെതിരെയാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങളൊക്കെയും. ആ നിലക്ക് ജനാധിപത്യത്തിന്റെ അടിസ്ഥാനപ്രക്രിയയെ തന്നെ തകിടം മറിക്കുന്ന നടപടികളെ തിരുത്താനുള്ള ജനകീയ പ്രതിരോധത്തിന്റെ ഭാഗമാണ് ഈ സമരങ്ങളെല്ലാം. അതിനെ സ്ഥല സൗകര്യത്തിന്റെയും സഞ്ചാരസ്വാതന്ത്ര്യത്തിന്റെയും പേരു പറഞ്ഞ് കഴുത്ത് ഞെരിച്ച് കൊല്ലാൻ അനുവദിച്ചുകൂടാ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

