വിവാദ സർക്കുലറും പൗരസമൂഹത്തിെൻറ ജാഗ്രതയും
text_fields2015 നവംബർ 11ന്, സംസ്ഥാന സർക്കാർ ജീവനക്കാരുടെ കല, സാംസ്കാരിക പ്രവർത്തനങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നതിന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് വിചിത്രമാെയാരു ഉത്തരവ് പുറത്തിറക്കിയിരുന്നു. ജീവനക്കാർക്ക് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനും അഭിനയിക്കാനും വാർത്താവതരണം നടത്തുന്നതിനുമെല്ലാം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായിരുന്നു പ്രസ്തുത ഉത്തരവ്.
സർക്കാർ ജീവനക്കാരുടെ സാഹിത്യസൃഷ്ടികൾ, ഗവേഷണപ്രബന്ധങ്ങൾ, ലേഖനസമാഹാരങ്ങൾ, പഠനസഹായികൾ എന്നിവ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുേമ്പാൾ അതിന് മുൻകൂട്ടി അനുമതി വാങ്ങണം; പുസ്തകത്തിെൻറ പ്രസാധകരും അവതാരിക എഴുതുന്നവരും ആരൊക്കെയെന്ന് േനരേത്തതന്നെ അധികാരികളെ അറിയിച്ചിരിക്കണം; പുസ്തകത്തിൽ ദേശതാൽപര്യവിരുദ്ധവും സർക്കാർ നയങ്ങളെ വിമർശിക്കുന്നതുമായ ഉള്ളടക്കങ്ങളില്ലെന്ന് സത്യവാങ്മൂലം നൽകണം. അഭിനയമടക്കമുള്ള കലാവിഷ്കാരങ്ങൾക്കുമുണ്ട് ഇതുപോലുള്ള നിയന്ത്രണങ്ങൾ.
ജീവനക്കാരുടെ സകല സർഗാത്മക ഇടപെടലുകളെയും റദ്ദുചെയ്യുന്ന ഇൗ ഉത്തരവിനെതിരെ കേരളത്തിൽ വലിയ പ്രതിഷേധം ഉയർന്നു. ഉമ്മൻ ചാണ്ടി സർക്കാറിെൻറ ഇൗ സമീപനത്തെ അന്നത്തെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ സാംസ്കാരിക ഫാഷിസം എന്നാണ് വിശേഷിപ്പിച്ചത്. ഇതുപോലുള്ള നീക്കങ്ങൾ കേരളത്തിൽ സംഘ്പരിവാറിന് വളമാകുമെന്ന് എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഒരേ സ്വരത്തിൽ മുന്നറിയിപ്പ് നൽകിയതോടെ പത്താം നാൾ സർക്കാറിന് ആ ഉത്തരവ് മരവിപ്പിക്കേണ്ടിവന്നു. ആറു വർഷങ്ങൾക്കിപ്പുറം, ആ തീട്ടൂരങ്ങൾ പുതിയ രീതിയിൽ ജീവനക്കാർക്കുമേൽ അടിച്ചേൽപിക്കാൻ ഇടതു സർക്കാറും ഒരു കൈ നോക്കി.
സെപ്റ്റംബർ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഒാഫിസ് പുറത്തിറക്കിയ സർക്കുലർ വഴിയാണ് സാംസ്കാരിക ഫാഷിസം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന തരത്തിൽ ജീവനക്കാരുടെ ഇടപെടലുകളെ നിയന്ത്രിക്കാൻ ശ്രമിച്ചത്. എന്നാൽ, നവ സമൂഹമാധ്യമങ്ങളിൽ വിഷയം ചർച്ചയായതോടെ അധികം വിവാദങ്ങൾക്ക് കളമൊരുക്കാതെ സർക്കുലർ പിൻവലിക്കുകയായിരുന്നു സർക്കാർ.
കല, സാഹിത്യ രംഗങ്ങളിൽ പ്രവർത്തിക്കാൻ സർക്കാർ ജീവനക്കാരായ അധ്യാപകർ അനുമതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ചില 'അവ്യക്തതകൾ' ഇല്ലാതാക്കുന്നതിെൻറ ഭാഗമായാണ് സർക്കുലറെന്നായിരുന്നു അവകാശവാദമെങ്കിലും ആത്യന്തികമായി അതിന് സെൻസർഷിപ്പിെൻറ സ്വഭാവമായിരുന്നു. സാഹിത്യസൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നതിനായി അപേക്ഷ സമർപ്പിക്കുേമ്പാൾ, അതിെൻറ കോപ്പി വിദ്യാഭ്യാസ ഉപഡയറക്ടർക്ക് സമർപ്പിക്കണമത്രെ; യോഗ്യമെന്ന് ഇൗ മേലധികാരി സാക്ഷ്യപ്പെടുത്തി റിേപ്പാർട്ട് സമർപ്പിച്ചശേഷം മാത്രമേ പ്രസ്തുത സൃഷ്ടി പ്രസിദ്ധീകരിക്കാവൂ എന്നൊക്കെയാണ് സർക്കുലറിലെ നിർദേശങ്ങൾ.
സെൻസർഷിപ് എന്നതിനപ്പുറം തികഞ്ഞ അസംബന്ധമാണിത്. ഒരു അധ്യാപകൻ തെൻറ ഗവേഷണപ്രബന്ധമോ അതല്ലെങ്കിൽ വിവർത്തനമടക്കമുള്ള ഏതെങ്കിലും സർഗസൃഷ്ടികളോ പുസ്തകമായി പ്രസിദ്ധീകരിക്കുന്നുവെന്നിരിക്കെട്ട. ഇതിന് അംഗീകാരം നൽകേണ്ട വിദ്യാഭ്യാസ ഉപഡയറക്ടർ ആ സൃഷ്ടിയെ എങ്ങനെയാകും വിലയിരുത്തുക, അവ പ്രസിദ്ധീകരണയോഗ്യമാണോ എന്ന് എന്തു മാനദണ്ഡംവെച്ചായിരിക്കും ഇൗ മേലധികാരി തീരുമാനിക്കുക തുടങ്ങിയ ചോദ്യങ്ങൾ ഇൗ ഘട്ടത്തിൽ സ്വാഭാവികമായും ഉയരും. ഇക്കാര്യത്തിലൊന്നും യാതൊരു വ്യക്തതയും സർക്കുലറിൽ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ സർക്കാർ ജീവനക്കാരുടെ സർഗാത്മകവും അക്കാദമികവുമായ സാമൂഹിക ഇടപെടലുകളെ തടയാനേ ഇതുപകരിക്കൂ എന്ന് വ്യക്തമായിരിക്കെയാണ് ഇതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനത്തത്. തീർച്ചയായും സർക്കുലർ പിൻവലിച്ചത് സ്വാഗതാർഹമാണ്. എന്നാൽ, ഇത്തരമൊരു തീട്ടൂരത്തിലേക്ക് അധികാരികളെ നയിച്ച രാഷ്ട്രീയ മൂല്യബോധം തുടർന്നും ചോദ്യംചെയ്യപ്പെടേണ്ടതുതന്നെ.
വാസ്തവത്തിൽ, സർക്കാർ ജീവനക്കാരുടെ കല-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് കൃത്യമായ പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടം 48 ഇക്കാര്യം വ്യക്തമാക്കുന്നു. അതനുസരിച്ച്, ഇത്തരം പ്രവർത്തനങ്ങൾക്ക് മുൻകൂർ അനുമതി വാങ്ങുക എന്നതുതന്നെ അത്ര കണിശമല്ല. ഇക്കാര്യത്തിൽ ഒരൊറ്റ വ്യവസ്ഥയേയുള്ളൂ: കല-സാഹിത്യ-ശാസ്ത്ര-സാംസ്കാരിക-ജീവകാരുണ്യപ്രവർത്തനങ്ങളിൽ അവരുടെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സംവരാത്ത രീതിയിലും പ്രതിഫലേച്ഛയില്ലാതെയും ഏർപ്പെടുന്നതിന് സോപാധികമായ അനുമതിയാണ് യഥാർഥത്തിൽ ഇക്കാലമത്രയും സർക്കാർ നൽകിവന്നത്.
ഇതിനെ പൊളിച്ചെഴുതുംവിധമായിരുന്നു ആ സർക്കുലർ. ഇവിടെ മുൻകൂർ അനുമതി എന്ന ഘട്ടം കർശനമാകുന്നതോടെത്തന്നെ സെൻസർഷിപ് തുടങ്ങുകയായി. മേൽസൂചിപ്പിച്ച അസംബന്ധം അതിലെ നിർദേശങ്ങളിൽത്തന്നെ വെളിപ്പെട്ടിരിക്കെ, അനുമതി ഏതുവരെയും നീട്ടിവെക്കാനും വേണമെങ്കിൽ റദ്ദാക്കാനും മേലുദ്യോഗസ്ഥന് വിവേചനാധികാരം നൽകുന്ന സർക്കുലർ ആത്യന്തികമായി ജനാധിപത്യവിരുദ്ധമാണ്. ഗവേഷണവും തുടർപഠനവും നാടിെൻറ പുരോഗതിക്ക് അനിവാര്യമാണ്. ശാസ്ത്ര-മാനവിക വിഷയങ്ങളിൽ നടക്കുന്ന ഗവേഷണങ്ങളുടെ ഫലങ്ങൾ സമൂഹത്തിനുവേണ്ടിയാണ് പരസ്യപ്പെടുത്തുന്നത്. പുസ്തകങ്ങളായും മറ്റും അവ പ്രസിദ്ധീകരിക്കുക എന്നത് ആ അർഥത്തിൽ സാമൂഹിക ദൗത്യംകൂടിയാണ്. അത്തരമൊരു മഹത്തായ സാമൂഹികപ്രവർത്തനത്തിന് മുൻകൂർ അനുമതിക്കായി ഇൗ വിഷയവുമായി ഒരു ബന്ധവുമില്ലാത്ത മേലുദ്യോഗസ്ഥെൻറ മുന്നിൽ കാത്തുകെട്ടിക്കിടക്കണമെന്ന് പറയുന്നതിെൻറ യുക്തി എന്തായിരിക്കും? തീർച്ചയായും,'നാവടക്കൂ' എന്ന ആഹ്വാനത്തിെൻറ ധ്വനിയുണ്ട് അതിന്. അതിനാൽ, ജനാധിപത്യത്തിന് വെല്ലുവിളിയായ ഇത്തരം നീക്കങ്ങളെ തുടർന്നും പ്രതിരോധിച്ചേ മതിയാകൂ. സാംസ്കാരിക ഫാഷിസത്തിനെതിരായ പ്രതിരോധംകൂടിയാണത്. നവ സമൂഹമാധ്യമങ്ങളിലൂടെ അത്തരമൊരു ജാഗ്രതയുടെ പാഠങ്ങൾ പകർന്നുനൽകിയ പൗരസമൂഹത്തിനാണ് ഇൗ തിരുത്തിെൻറ ക്രെഡിറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
