ഇടതുസർക്കാറിെൻറ വിവേചന ഭീകരത
text_fieldsഒരു സമൂഹത്തിെൻറ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ഇതര വിഭാഗങ്ങളിൽനിന്ന് വ്യത്യസ്തമായി അവർക്ക് ചില സന്ദർഭങ്ങളിൽ അധിക ആനുകൂല്യങ്ങൾ ഭരണകൂടം നൽകേണ്ടിവരും. സ്റ്റേറ്റിെൻറ വിഭവങ്ങൾ ഇവ്വിധം പങ്കുവെക്കുന്നതിനെ 'രചനാത്മക വിവേചനം' എന്നാണ് പൊതുവെ വിവക്ഷിക്കാറുള്ളത്. സാമൂഹികനീതി കൈവരിക്കുന്നതിനുള്ള ഏറ്റവും ഉചിതവും പ്രായോഗികവുമായ മാർഗമെന്ന നിലയിൽ ഇൗ സമീപനത്തിന് ലോകത്തെല്ലായിടത്തും സ്വീകാര്യത ലഭിച്ചിട്ടുള്ളതാണ്. നമ്മുടെ രാജ്യത്ത് ഭരണഘടനാപരമായി നടപ്പാക്കിവരുന്ന സാമുദായിക സംവരണത്തിെൻറ അടിസ്ഥാന തത്ത്വവും ഇതുതന്നെ. ഇൗ സംവിധാനത്തെ അട്ടിമറിക്കാനുള്ള ഭരണകൂടത്തിെൻറ ഏതൊരു ശ്രമവും കടുത്ത വിവേചന ഭീകരതയിലേക്കായിരിക്കും നയിക്കുക. പിണറായി സർക്കാർ അത്തരമൊരു വിവേചനഭീകരതയുടെ കാവലാളാവുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇപ്പോൾ, സച്ചാർ കമീഷൻ ശിപാർശകളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ നടപ്പാക്കിയ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ ഹൈകോടതി വിധി മറയാക്കി ജനസംഖ്യാനുപാതികമായി വിതരണം ചെയ്യാനുള്ള സർക്കാർ തീരുമാനത്തെ അങ്ങനെയാണ് വിലയിരുത്തേണ്ടത്. സച്ചാർ കമ്മിറ്റി റിപ്പോർട്ടിെൻറ അനുബന്ധമെന്നോണം കേരളത്തിൽ പ്രത്യേകമായി പഠനം നടത്തിയ പാലോളി കമീഷെൻറ നിർദേശാനുസരണം ഒരു വ്യാഴവട്ടക്കാലമായി ലഭ്യമായിക്കൊണ്ടിരുന്ന വലിയൊരു ആനുകൂല്യമാണ് ഇൗ തീരുമാനത്തിലൂടെ മുസ്ലിം ന്യൂനപക്ഷത്തിന് നഷ്ടമാകാൻ പോകുന്നത്.
പാലോളി കമ്മിറ്റി ശിപാർശയനുസരിച്ച് 2009 മുതലാണ് സംസ്ഥാനത്തെ മുസ്ലിം വിഭാഗങ്ങൾക്ക് പ്രത്യേകമായി സ്കോളർഷിപ്പുകൾ അനുവദിച്ചത്. രണ്ടു വർഷത്തിനുശേഷം, പരിവർത്തിത, ലത്തീൻ കത്തോലിക്ക വിഭാഗങ്ങളെക്കൂടി പദ്ധതിയിൽ ഉൾപ്പെടുത്തി 80:20 എന്ന ആനുപാതത്തിൽ സ്കോളർഷിപ് പുതുക്കി. പത്തു വർഷത്തോളം കാര്യമായ പ്രശ്നങ്ങളില്ലാതെ മുന്നോട്ടുപോയ പദ്ധതിക്കെതിരെ ഏതാനും ക്രൈസ്തവ സംഘടനകൾ ഹൈകോടതിയെ സമീപിച്ചതോടെയാണ് ഇങ്ങനെയൊരു വഴിത്തിരിവുണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ മുസ്ലിംകൾ ന്യൂനപക്ഷപദവിയുടെ പേരിൽ അധികമായി ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നുവെന്ന വിപുലമായ വ്യാജ പ്രചാരണങ്ങളുടെ ചുവടുപിടിച്ചാണ് ഇൗ കേസ് രൂപപ്പെട്ടതെന്നും ഒാർക്കണം.
ആ പ്രചാരണങ്ങൾ ഒരർഥത്തിൽ കോടതിയിലും പ്രതിഫലിച്ചു. സംസ്ഥാന ജനസംഖ്യയുടെ 26 ശതമാനം മാത്രം വരുന്ന മുസ്ലിംകൾ ന്യൂനപക്ഷ സ്കോളർഷിപ്പിെൻറ 80 ശതമാനം ആനുകൂല്യവും പറ്റുന്നത് വിവേചനമാണെന്ന് ഹൈകോടതി നിരീക്ഷിച്ചത് ഇൗ പശ്ചാത്തലത്തിലാണ്. നിലവിലെ രീതി റദ്ദാക്കാൻ ഉത്തരവിട്ട കോടതി, സ്കോളർഷിപ് വിതരണം ജനസംഖ്യാനുപാതികമാക്കാൻ നിർദേശിച്ചു. ഇൗ നിർദേശത്തെ ശിരസാവഹിച്ചിരിക്കുകയാണിപ്പോൾ പിണറായിയുടെ ഇടതു സർക്കാർ.
മുസ്ലിം വിദ്യാർഥികളുടെ ഉന്നമനത്തിന് വലിയൊരളവിൽ സഹായകമായിരുന്ന ഇൗ സ്കോളർഷിപ്പിനോട് സർക്കാറിന് വലിയ താൽപര്യമില്ലായിരുന്നുവെന്നുവേണം കരുതാൻ. ജനസംഖ്യാനുപാതികമായി സ്കോളർഷിപ് വിതരണംചെയ്യാനുള്ള തീരുമാനവും അതിലേക്കു നയിച്ച സാഹചര്യവുമെല്ലാം സൂചിപ്പിക്കുന്നത് അതാണ്. ഇൗ സ്കോളർഷിപ് ന്യൂനപക്ഷത്തിന് പൊതുവായുള്ളതല്ലെന്നും മുസ്ലിംകൾക്കു മാത്രമായുള്ളതാണെന്നും അറിയാത്തവരല്ല സർക്കാറും നിയമവകുപ്പും. എന്നല്ല, പാലോളി കമ്മിറ്റി മോഡലിൽ നിലവിൽ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ ജസ്റ്റിസ് കോശിയുടെ നേതൃത്വത്തിൽ ഒരു സമിതിയും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്.
ഇക്കാര്യങ്ങളൊക്കെയും നേരാംവിധം കോടതിയിൽ വ്യക്തമാക്കിയിരുന്നുവെങ്കിൽ ഒരുപേക്ഷ നീതിപീഠത്തിെൻറ വിധി മറ്റൊന്നാകുമായിരുന്നു. ഇനി, കോടതിക്ക് ഇക്കാര്യങ്ങൾ ബോധ്യപ്പെടാത്ത സാഹചര്യത്തിൽ സർക്കാറിന് അപ്പീലിന് പോകാമായിരുന്നു. അതിനു മുതിരാതെ, ആദ്യം സർവകക്ഷി യോഗം വിളിച്ച് സമവായ ശ്രമത്തിനാണ് ശ്രമിച്ചത്; സമാന്തരമായി വിഷയം പഠിക്കാൻ സമിതിയെ നിശ്ചയിക്കുകയും ചെയ്തു. മൂന്നാഴ്ചകൊണ്ട് തട്ടിക്കൂട്ടിയ സമിതി റിപ്പോർട്ടിൽ കാര്യമായ ചർച്ചയൊന്നുമില്ലാതെയാണ് ഇപ്പോൾ ഇങ്ങനെയൊരു തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. അഥവാ, ഹൈകോടതി വിധിയോടുകൂടിതന്നെ യഥാർഥത്തിൽ സർക്കാർ തീരുമാനവും വന്നുകഴിഞ്ഞുവെന്നുതന്നെയാണ് ഇതിൽനിന്ന് മനസ്സിലാക്കേണ്ടത്.
തിടുക്കപ്പെട്ടുള്ള ഇൗ തീരുമാനത്തിെൻറ പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കുമെന്നതിൽ സംശയമില്ല. വലിയൊരളവിൽ മുസ്ലിം വിദ്യാർഥികൾക്ക് സ്കോളർഷിപ് നഷ്ടപ്പെടുമെന്നതിനപ്പുറം, ഇത്തരം ആനുകൂല്യങ്ങളുടെ മാനദണ്ഡങ്ങൾതന്നെയും അട്ടിമറിക്കപ്പെടും എന്നതാണ് ഏറ്റവും വലിയ അപകടം. ഇനിയങ്ങോട്ട്, വിദ്യാഭ്യാസ സ്കോളർഷിപ്പുകളുടെ മാനദണ്ഡം സാമൂഹിക പിന്നാക്കാവസ്ഥയായിരിക്കില്ല; ജനസംഖ്യാടിസ്ഥാനത്തിലായിരിക്കുമത് നിശ്ചയിക്കുക. ഇതുപ്രകാരം, സ്കോളർഷിപ്പിൽ 21 ശതമാനത്തിെൻറ നേരിട്ടുള്ള നഷ്ടമായിരിക്കും മുസ്ലിംകൾക്കുണ്ടാവുക. അധിക തുക നീക്കിവെച്ചതിനാൽ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സ്കോളർഷിപ്പുകൾ നഷ്ടമാകില്ല എന്നൊക്കെയാണ് സർക്കാർ വാദം.
ന്യൂനപക്ഷ ഫണ്ടുകൾ ഒാരോ ബജറ്റിലും ശോഷിച്ചുകൊണ്ടിരിക്കുന്നുവെന്നത് ഒരു യാഥാർഥ്യമാണെന്നിരിക്കെ, ഇൗ അധികതുകയൊക്കെ വെറും പൊടിക്കൈ മാത്രമാകാനേ തരമുള്ളൂ. ഇതിനെല്ലാമപ്പുറം, ഹിന്ദുത്വവാദികളിൽനിന്നെന്നപോലെ ചില ക്രൈസ്തവ സഭകളുടെ കോണുകളിൽനിന്ന് ഏതാനും വർഷങ്ങളായി ഉയർന്നുകേൾക്കുന്ന മുസ്ലിംവിരുദ്ധ വ്യാജ ആരോപണങ്ങളെ ശരിവെക്കുന്നതുകൂടിയായി സർക്കാർ നിലപാടെന്നും പറയാതെ വയ്യ. മുസ്ലിംകൾ അധികവും അനാവശ്യവുമായി ആനുകൂല്യങ്ങൾ പിടിച്ചുപറ്റുന്നുവെന്നത് ലവ് ജിഹാദിനൊപ്പം ഇക്കൂട്ടർ ചേർത്തുപ്രചരിപ്പിക്കാറുള്ളതാണ്. മധ്യകേരളം ആസ്ഥാനമായി രൂപപ്പെട്ട പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ സന്തുലനത്തിനായി, ആ വ്യാജ പ്രചാരണങ്ങൾക്കുകീഴെ പിണറായി മന്ത്രിസഭ അറിഞ്ഞോ അറിയാതെയോ ഒപ്പുവെച്ചിരിക്കുകയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

