വാക്കിലല്ല, പ്രവൃത്തിയിലാണ് നയതന്ത്രം
text_fieldsപാകിസ്താനുമായുള്ള സംഘർഷത്തെപ്പറ്റിയും ഭീകരതക്കെതിരായ ഇന്ത്യയുടെ ശക്തമായ നിലപാടിനെപ്പറ്റിയും ലോകരാഷ്ട്രങ്ങളെ ബോധ്യപ്പെടുത്തുന്നതിന് ഇന്ത്യയിൽനിന്ന് പോയ ഏഴ് സർവകക്ഷി സംഘങ്ങൾ പര്യടനം തുടരുകയാണ്. ഭീകരതയെ ഇന്ത്യ ഒട്ടും വെച്ചുപൊറുപ്പിക്കില്ല; അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനങ്ങൾക്ക് പാകിസ്താൻ വില ഒടുക്കിയേ മതിയാകൂ-ഇക്കാര്യങ്ങൾ മറ്റ് രാജ്യങ്ങളെ ബോധ്യപ്പെടുത്തുന്നതിനൊപ്പം എല്ലാതരം ഭീകരതക്കുമെതിരെ കൂട്ടായ പ്രവർത്തനത്തിന് ആഗോള പിന്തുണ സമാഹരിക്കുക കൂടി ഈ പര്യടനപരിപാടിയുടെ ലക്ഷ്യമാണ്. ഇത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുമുണ്ട്.
രാജ്യത്തിന്‍റെ പൊതുവായ ഐക്യം വെളിപ്പെടുത്തുമാറ് വിവിധ രാഷ്ട്രീയകക്ഷികളിൽനിന്നുള്ള 59 പേരാണ് പ്രതിനിധി സംഘങ്ങളിലുള്ളത്-31 പേർ ഭരണസഖ്യത്തിൽനിന്നും 20 പേർ പ്രതിപക്ഷ പാർട്ടികളിൽനിന്നും, ഒപ്പം ഏതാനും മുൻ നയതന്ത്രജ്ഞരും. ഈ ഏഴ് സംഘങ്ങൾ സന്ദർശിക്കുന്ന 33 രാജ്യങ്ങളിൽ യു.എൻ രക്ഷാസമിതിയിലെ അംഗങ്ങളും യൂറോപ്യൻ യൂനിയനിലെ അംഗങ്ങളും ഉൾപ്പെടും. ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനും പാകിസ്താനെതിരായ നമ്മുടെ നിലപാടിന് പിന്തുണ നേടിയെടുക്കാനും ഈ പര്യടനത്തിലൂടെ ശ്രമം നടത്തുന്നുണ്ട്.
ചില നേട്ടങ്ങളെപ്പറ്റിയുള്ള വാർത്തകൾ ഇതിനകം വന്നിട്ടുമുണ്ട്. അവയിൽ ഏറെ മാധ്യമശ്രദ്ധ ലഭിച്ചത്, ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം കൊളംബിയയിൽ ഉണ്ടാക്കിയ ‘മനം മാറ്റ’ത്തിനാണ്. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാകിസ്താനിൽ നടത്തിയ സൈനിക നടപടിയിൽ പാകിസ്താനികൾ കൊല്ലപ്പെട്ടതിൽ അനുശോചനം രേഖപ്പെടുത്തി പ്രസ്താവന ഇറക്കിയ കൊളംബിയ ആ പ്രസ്താവന പിൻവലിച്ചതാണ് സംഭവം.
എത്ര ചെറിയ വിജയം പോലും സ്വാഗതം ചെയ്യപ്പെടേണ്ടതാണെങ്കിലും ഇത്ര വലുതും ചെലവേറിയതുമായ ഒരു സന്നാഹത്തിൽനിന്ന് പ്രതീക്ഷിക്കുന്ന ഫലമെന്തെന്ന് പരിശോധന നടത്തേണ്ടതുണ്ട്. ഫലപ്രദമായ നയതന്ത്ര അഭ്യാസങ്ങൾ ഏറെയും മാധ്യമ വെളിച്ചത്തിൽ നടത്തപ്പെടുന്ന പ്രകടനാത്മകമായ വാർത്താനിർമിതികളല്ല, മറിച്ച് നിശ്ശബ്ദമായ ആശയക്കൈമാറ്റങ്ങളും കാര്യമാത്ര പ്രസക്തമായ ചർച്ചകളുമാണ്.
ഇന്ത്യയുടെ നിലപാടിനോട് യോജിപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞ രാജ്യങ്ങൾ മാത്രമല്ല, വിയോജിക്കുന്നവ കൂടി സന്ദർശിക്കുമ്പോഴാണ് നമ്മുടെ നിലപാടിനെ പിന്തുണക്കുന്നവരുടെ എണ്ണം വർധിപ്പിക്കാനാവുക. പാകിസ്താനോട് അടുപ്പം കാട്ടിയതിന് ഇന്ത്യയുടെ അരിശം ഏറ്റുവാങ്ങിയ തുർക്കിയ ഉദാഹരണം. യൂറോപ്യൻ യൂനിയനിലും നാറ്റോയിലും അംഗമായ ആ രാജ്യത്തെ പാക് പക്ഷത്തുനിന്ന് അടർത്തിമാറ്റാൻ കഴിഞ്ഞിരുന്നെങ്കിൽ, കൊളംബിയ അതിന്‍റെ അനുശോചന പ്രസ്താവന പിൻവലിച്ചതിൽ ആഹ്ലാദം പരിമിതപ്പെടുത്തേണ്ടിവരില്ലായിരുന്നു. പക്ഷേ, തുർക്കിയ സന്ദർശിക്കാവുന്ന സാഹചര്യമില്ല. എതിർപക്ഷ രാജ്യങ്ങളെ കൈകാര്യം ചെയ്യുന്ന നയതന്ത്രം നാം ഇനിയും സ്വായത്തമാക്കേണ്ടിയിരിക്കുന്നു.
ചൈന പാകിസ്താന് ആയുധസംവിധാനങ്ങൾ നൽകി സഹായിക്കുന്നുണ്ടെന്നത് വസ്തുതയാണ്. അതിലുള്ള രോഷം വിദേശകാര്യമന്ത്രി തന്നെ ജർമൻ പത്രത്തോട് പരസ്യമായി പ്രകടിപ്പിച്ചു. അതേസമയം, പാകിസ്താന് തുർക്കിയയേക്കാൾ എത്രയോ കൂടുതൽ സഹായം നൽകുന്ന ചൈനയുമായി ഉന്നതതലത്തിൽ ചർച്ച നടത്തുന്നതിന് നാം സന്നദ്ധരാണുതാനും. അടുത്തമാസം ബ്രസീലിലെ റിയോ ഡി ജനീറോയിൽ പ്രധാനമന്ത്രി മോദി ചൈനീസ് പ്രധാനമന്ത്രി ഷീയുമായി ചർച്ച നടത്തുമെന്ന സൂചനയുണ്ട്; നടത്തുന്നെങ്കിൽ അത് നയതന്ത്രത്തിന്റെ നല്ല മാതൃകയുമാകും. ഡയലോഗിന് പകരംവെക്കാൻ മറ്റൊന്നുമില്ല.
രാഷ്ട്രീയത്തിലെ ഭക്തന്മാരെ തൃപ്തിപ്പെടുത്തുന്നതിനപ്പുറം ലക്ഷ്യങ്ങൾ നയതന്ത്രത്തിനുണ്ടാവണം. നമ്മുടെ വിദേശബന്ധങ്ങൾ പരിശോധിക്കുന്നവർക്ക് പോരായ്മകൾ പലതും കണ്ടെത്താനാകും. പഹൽഗാമിനുപിന്നാലെ പാകിസ്താന് ധനസഹായം നൽകാനുള്ള പ്രമേയത്തെ ഐ.എം.എഫിൽ നാം എതിർത്തെങ്കിലും നമ്മെ പിന്തുണക്കാൻ ഒരൊറ്റ രാജ്യവുമുണ്ടായില്ല. പ്രധാനമന്ത്രിയായിരിക്കെ നരേന്ദ്ര മോദി 200ഓളം രാജ്യങ്ങൾ സന്ദർശിച്ചെങ്കിലും നിർണായകഘട്ടത്തിൽ നമ്മോടൊപ്പം ആരുണ്ടാകും എന്ന ആശങ്ക അസ്ഥാനത്തല്ല. നമ്മുടെ അയൽരാജ്യങ്ങൾ മിക്കതും നമുക്കൊപ്പമില്ല. ഇപ്പോൾ വിദേശരാജ്യങ്ങളിൽ പര്യടനം നടത്തുന്ന ഉന്നതതല സംഘങ്ങളുമായി കൂടിക്കാണാൻ അതത് രാജ്യങ്ങളിലെ മധ്യനിര നേതൃത്വങ്ങളാണ് തയാറായത് എന്ന് റിപ്പോർട്ടുകളിൽ കാണുന്നു.
നയരൂപവത്കരണം നടത്തുന്ന ഉന്നതർ തീരുമാനമെടുക്കാൻ ആശ്രയിക്കുക അവരുടെ തന്നെ ഇന്ത്യൻ എംബസികളെയായിരിക്കും. ‘എല്ലാതരം ഭീകരതക്കുമെതിരായ’ നമ്മുടെ നിലപാട് വിലയിരുത്തുമ്പോൾ ഇവിടത്തെ ജനാധിപത്യ-മനുഷ്യാവകാശ അവസ്ഥകളും അവർ പരിഗണിക്കാതിരിക്കില്ലതാനും. മാനുഷിക മൂല്യങ്ങളോട് ഉറച്ച പ്രതിബദ്ധത പുലർത്തുക, അത് രാജ്യത്തിനകത്തും പുറത്തും പ്രവൃത്തിയിൽ തെളിയിക്കുക-ലോകത്തെ ബോധ്യപ്പെടുത്താൻ അതിനേക്കാൾ മെച്ചപ്പെട്ട ഒരു തന്ത്രമില്ല. യാഥാർഥ്യത്തോട് ബന്ധമില്ലാത്ത കേവല ലോബിയിങ്ങിന്‍റെ പരിമിതികൾ ഇസ്രായേൽ പോലും ഇപ്പോൾ അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ് തുടങ്ങുന്നു. ലോബിയിങ്ങിന്‍റെ എല്ലാ മാനങ്ങളും മികവുറ്റ രീതിയിൽ പരീക്ഷിക്കുന്ന ആ രാജ്യം ഇന്ന് ലോകസമൂഹങ്ങൾക്കുമുന്നിൽ ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നതിനുകാരണം ലോബിയിങ് മോശമായതല്ല, അകം പൊള്ളയായതുകൊണ്ടാണ്. നമുക്കവർ മാതൃകയല്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.