Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫ്ലൈദുബൈ സംഭവത്തിൽ വിശദ അന്വേഷണം ആവശ്യം

text_fields
bookmark_border
‘ഭീകരവിരുദ്ധത’ അവകാശപ്പെട്ട് സത്യത്തിനുപരിയായി സ്വാർഥ താൽപര്യങ്ങളെ പ്രതിഷ്ഠിച്ച രാജ്യങ്ങൾ ഇപ്പോഴും അതേ താൽപര്യങ്ങളോടെ രംഗത്തുണ്ട്. അതുകൊണ്ടുതന്നെ യു.എന്നിന്റെ ഏകോപനത്തിൽ ഐ.സി.എ.ഒ പോലുള്ള ഏജൻസിയുടെ അന്വേഷണമാണ് കരണീയം
ഫ്ലൈദുബൈ സംഭവത്തിൽ വിശദ അന്വേഷണം ആവശ്യം
cancel

ഫ്ലൈദുബൈ വിമാനത്തിൽ നടന്നത് ഭീകരാക്രമണ ശ്രമമായിരുന്നു എന്ന നിഗമനത്തിൽ യു.എ.ഇ അറ്റോണി ജനറൽ എത്തിയിരിക്കുന്നു. സെപ്റ്റംബർ 30ന് നടന്ന സംഭവത്തിന്റെ ഗൗരവം വെളിപ്പെടുത്തുന്നതാണ് പുറത്തുവരുന്ന വാദങ്ങളും അഭിപ്രായങ്ങളും. ദുബൈയിൽനിന്ന് ഇസ്രായേലിലേക്ക് പുറപ്പെട്ട ബോയിങ് വിമാനത്തിന്റെ കോക്​പിറ്റിൽ വെച്ച് സഹപൈലറ്റ് ഇന്ത്യക്കാരനായ പൈലറ്റിനെ കുത്തിപ്പരിക്കേൽപിക്കുകയും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്തു. ആദ്യം അപകടസൂചനാ സന്ദേശം പുറത്തുവിട്ട വിമാനം പിന്നീട് അത് റാഞ്ചൽ മുന്നറിയിപ്പാക്കി. വിമാനം അതിവേഗം താഴേക്ക് പതിക്കുന്നതിനിടെ യാത്രക്കാർ കോക്​പിറ്റിൽ കടന്ന് സഹപൈലറ്റിനെ കീഴടക്കി. വിമാനത്തിലുണ്ടായിരുന്ന അധിക പൈലറ്റുമാർ അതിനെ സൗദി അറേബ്യയിലേക്ക് കൊണ്ടുപോയി ഇറക്കി. സഹപൈലറ്റ് ഒമാൻ സ്വദേശിയാണെന്നും തീവ്രവാദം കാരണം അയാളെ ഒമാൻ എയർ പുറത്താക്കിയിരുന്നതാണെന്നും വിവരമുണ്ട്. ആക്രമണത്തെപ്പറ്റി പുറത്തുവന്ന വിവരങ്ങൾ ഏറെയും യാത്രക്കാരുടെ വർണനകളും ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങളും അതിന്മേൽ വിവിധ കേന്ദ്രങ്ങൾ അനുമാനിച്ചുണ്ടാക്കിയ ആഖ്യാനങ്ങളുമൊക്കെയാണ്.

അനേകം ആകസ്മികതകൾ ചേർന്നുവന്നതായി പറയുന്ന സംഭവത്തിലെ ദുരൂഹതകൾ അന്വേഷണത്തിലൂടെ പുറത്തു വരേണ്ടതാണ്. അതിവേഗം താഴേക്ക് പതിക്കുന്ന വിമാനത്തിൽ യാത്രക്കാർ നിമിഷങ്ങൾകൊണ്ട് കോക്​പിറ്റിൽ കടന്ന് ആക്രമിയെ കീഴടക്കി, ഒട്ടും പരിചയമില്ലാത്ത ഒരാൾ വിമാനത്തിന്റെ ലിവർ പൊക്കി അതിന്റെ വീഴ്ച തടഞ്ഞു തുടങ്ങിയ അവകാശവാദങ്ങൾ എളുപ്പത്തിൽ വിശ്വസിക്കാനാകാത്തതാണ്. അന്വേഷണം തുടങ്ങുന്നതിനു മുമ്പുതന്നെ ഇസ്രായേലി, യു.എസ് നേതാക്കൾ സ്വന്തം തീർപ്പുകൾ പറഞ്ഞുവെക്കുകയും ചെയ്തു. ഈ നേതാക്കൾ ഉൾപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മർദം ഇതുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇസ്രായേലിൽ നാലാഴ്ചക്കിടയിലും, യു.എസിൽ അടുത്തമാസവും വരാൻ പോകുന്ന തെരഞ്ഞെടുപ്പുകൾ ഇസ്രായേലി പ്രധാനമന്ത്രി നെതന്യാഹുവിനും യു.എസ് പ്രസിഡന്റ് ട്രംപിനും നിർണായകമാണ്. ലോകത്തിനു മുന്നിലും ഇരുവരും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഫലസ്തീനിലെ വംശഹത്യക്കിടയിലും യു.എൻ പൊതുസഭയിൽ ഇരവാദവുമായി എത്തിയ നെതന്യാഹു വ്യാപകമായ ബഹിഷ്കരണത്തിന് വിധേയനായി. യു.എൻ സഭയെ കൊലവിളിക്കുപയോഗിച്ച് ട്രംപ് ലോകത്തിനു മുമ്പാകെ പരിഹാസ്യനായി. സമാധാനത്തിന് വിലങ്ങുതടിയായും സ്വാർഥ ലാഭത്തിനുവേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരായും ഇന്നവർ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. വസ്തുതകളിലല്ല, രാഷ്ട്രീയ മുതലെടുപ്പിലാണ് അത്തരക്കാർക്ക് കണ്ണ്. ഒരു ഇസ്രായേലി ‘ഫാൾസ് ഫ്ലാഗ് ഓപറേഷൻ’ (ഒന്നുകിൽ ആസൂത്രിത നാടകം, അല്ലെങ്കിൽ അറിഞ്ഞിട്ടും നടക്കട്ടെയെന്ന് തീരുമാനിച്ച അക്രമം) ആണിതെന്ന് കരുതുന്നവരുണ്ട്. ഇറാന്റെ കൈകളാണ് ഇതിനു പിന്നിലെന്ന് ആരോപിക്കുന്ന മറുപക്ഷവുമുണ്ട്.

ഒരു സാധ്യതയും തള്ളിക്കളയേണ്ടതില്ല. അതേസമയം, മുൻവിധികൾ വസ്തുതാന്വേഷണത്തെ ബാധിച്ചുകൂടാ. ഇറാനെതിരെ ലോകാഭിപ്രായം രൂപപ്പെടുത്തി ഉപരോധവും സൈനിക നടപടിയും ശക്തിപ്പെടുത്തുന്നതിൽ താൽപര്യമുള്ളവർ മാത്രം നടത്തുന്ന അന്വേഷണം അപര്യാപ്തമായിരിക്കും. ഗൂഢാലോചന എന്ന ഇറാന്റെ പക്ഷം മാത്രം കണക്കിലെടുക്കുന്നതും ശരികേടാവും. ഇസ്രായേലി അധികൃതരും യു.എ.ഇ അധികൃതരും വിമാനത്തിലെ യാത്രക്കാരും പൈലറ്റുമാരും എല്ലാം പറയുന്ന കാര്യങ്ങൾ കണക്കിലെടുത്തും വസ്തുനിഷ്ഠമായ തെളിവുകൾ നോക്കിയും സത്യം കണ്ടെത്തുക പ്രധാനമാണ്. ഇതിന്, വിശാലാടിസ്ഥാനത്തിലുള്ള സ്വതന്ത്ര അന്വേഷണ ഏജൻസി വേണം. അന്വേഷണത്തിന്റെ ഫലപ്രാപ്തിക്കും വിശ്വാസ്യതക്കും അതാവശ്യമാണ്. വിമാനത്തിന്റെയും അത് പുറപ്പെട്ട താവളത്തിന്റെയും ഉടമസ്ഥരെന്ന നിലക്ക് യു.എ.ഇ വ്യോമയാന അധികൃതർക്ക് ധാരാളം പറയാനുണ്ടാകും. സൗദി അധികൃതർക്കും യാത്രികർക്കും പൈലറ്റുമാർക്കുമെല്ലാം വിവരങ്ങൾ നൽകാൻ കഴിയും. അതേസമയം, സംഭവത്തിൽ സുതാര്യവും ഏകോപിതവുമായ അന്വേഷണത്തിന് സ്വാഭാവിക ചുമതലയുള്ളവർ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ), യു.എൻ രക്ഷാസമിതി എന്നിവയാണ്.

ഇറാഖിൽനിന്ന് യു.എസ് സൈന്യം പൂർണമായും ഒഴിഞ്ഞു പോയ ആഴ്ച കൂടിയാണല്ലോ ഇത്. സെപ്റ്റംബർ 11 ഭീകരാക്രമണത്തെപ്പറ്റി വ്യാജ അന്വേഷണവും വ്യാജ ആഖ്യാനങ്ങളും ഉപയോഗിച്ച് ഇറാഖ് അടക്കം അനേകം രാജ്യങ്ങളെ കുട്ടിച്ചോറാക്കിയത് ലോകം നേരിട്ടു കണ്ടതാണ്. ‘ഭീകരവിരുദ്ധത’ അവകാശപ്പെട്ട് സത്യത്തിനുപരിയായി സ്വാർഥ താൽപര്യങ്ങളെ പ്രതിഷ്ഠിച്ച രാജ്യങ്ങൾ അതേ താൽപര്യങ്ങളോടെ ഇപ്പോഴും രംഗത്തുണ്ട്. അതുകൊണ്ടു തന്നെ യു.എന്നിന്റെ ഏകോപനത്തിൽ ഐ.സി.എ.ഒ പോലുള്ള ഏജൻസിയുടെ അന്വേഷണമാണ് കരണീയം. ഫ്ലൈദുബൈ സംഭവത്തെപ്പറ്റി വസ്തുനിഷ്ഠമായ തെളിവുകൾ, സഹ പൈലറ്റിനെ പ്രകോപിപ്പിച്ച താൽപര്യങ്ങൾ, സുരക്ഷാ പാളിച്ചകൾ, സംഭവങ്ങളുടെ നാൾവഴി തുടങ്ങിയവയെല്ലാം കൃത്യമായി കണ്ടെത്തി പരസ്യപ്പെടുത്തുകയാണ് ഇനി ചെയ്യേണ്ടത്. ആരുടെയെങ്കിലും രാഷ്ട്രീയ താൽപര്യങ്ങൾക്ക് ഇതും മറയായിക്കൂടാ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Detailed Probe Sought Into Flydubai Incident
Next Story