ഒരുമിക്കുക, ഭീകരതയുടെ വേരറുക്കാൻ
text_fieldsരാജ്യത്തെ വീണ്ടും നടുക്കിയിരിക്കുകയാണ് ഡൽഹിയിലെ ഏറ്റവും തിരക്കേറിയ ചെങ്കോട്ടക്കരികിലെ മെട്രോ സ്റ്റേഷന് സമീപം 13 ജീവനപഹരിച്ച, 20ൽ അധികം പേർക്ക് ഗുരുതര പരിക്കേൽപ്പിച്ച ഉഗ്രസ്ഫോടനം. അങ്ങേയറ്റം അപലപനീയവും ഹീനവുമാണ് നിരപരാധികളുടെ ജീവനെടുക്കുന്ന ആക്രമണങ്ങൾ. കൊല്ലപ്പെട്ടവർ മാധ്യമങ്ങൾക്കും വായനക്കാർക്കും വാർത്തകളിലെ അക്കങ്ങളും തലപ്പടങ്ങളുമാണെങ്കിൽ ആ മനുഷ്യരുടെ കുടുംബങ്ങൾക്ക് അവർ അത്താണിയും പ്രതീക്ഷകളുമായിരുന്നു.
മനുഷ്യത്വഹീനമായ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള ജാഗ്രതയും നടപടികളും സർക്കാറുകളുടെ ഉത്തരവാദിത്തമാണ്. സ്ഫോടനത്തിന് ഉത്തരവാദികളായ എല്ലാവരേയും നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്ന് ഭൂട്ടാനിൽ വെച്ച് പ്രധാനമന്ത്രി പ്രസ്താവിച്ചു. ഡൽഹി പൊലീസിനുപുറമെ, എൻ.എസ്.ജിയും എന്.ഐ.എയും അന്വേഷണം ഏറ്റെടുത്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കി. എന്തുകൊണ്ട് സുരക്ഷാ വീഴ്ചകൾ നിരന്തരം സംഭവിക്കുന്നെന്നതു കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും പ്രധാനപ്പെട്ടതുതന്നെ. പുൽവാമ സംഭവത്തിനുശേഷവും ഇത്തരത്തിൽ സാധാരണ ജനങ്ങൾ ഇരകളാകുന്ന ഭീകരാക്രമണത്തെ തടയാൻ സർക്കാറിന് കഴിയുന്നില്ല.
അമോണിയം നൈട്രേറ്റ് നിറച്ച കാർ ഹരിയാനയിൽനിന്ന് ബദർപൂർ ബോർഡറിലൂടെ ഡൽഹിയിലേക്ക് കടന്നുവന്നുവെന്നതും മണിക്കൂറുകളോളം ഡൽഹിയിൽ കറങ്ങിയെന്നതും സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുകൊണ്ട് പൊലീസ് ഉറപ്പിക്കുന്നു. അതു ശരിയെങ്കിൽ ഇത്രയും ഗുരുതരമായ സുരക്ഷാ പാളിച്ചയുടെ ഉത്തരവാദിത്തം ആഭ്യന്തര മന്ത്രി ഏറ്റെടുക്കേണ്ടതുണ്ട്. ജനങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാക്കേണ്ട സർക്കാറിന്റെ ബാധ്യത നിർവഹിക്കുന്നതിലെ പരാജയം ഇന്റലിജൻസ് വീഴ്ചയായും ഉദ്യോഗസ്ഥ അനാസ്ഥയായും ന്യൂനീകരിക്കപ്പെടേണ്ടതല്ല.
ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും സ്ഫോടനത്തിനു പിന്നിൽ പുൽവാമ ജില്ലക്കാരനായ ഒരു ഡോക്ടർ നടത്തിയ ആക്രമണവും ജയ്ശെ മുഹമ്മദ് എന്ന തീവ്രവാദ സംഘവുമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് നൽകുന്ന വിവരം. ബിഹാർ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം നടക്കുന്നതിന്റെ തലേദിവസം പുരാതന ഡൽഹിയിലെ തെരുവ് എന്തിനു ചാവേറാക്രമണത്തിനു തെരഞ്ഞെടുത്തു എന്നുതുടങ്ങി ധാരാളം സംശയങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. സുതാര്യവും വിശദവുമായ അന്വേഷണത്തിലൂടെ മാത്രമേ ആക്രമണത്തിന്റെ ലക്ഷ്യങ്ങളും താൽപര്യങ്ങളും പുറത്തുവരൂ. അതിനു സമയമെടുക്കും. ദൗർഭാഗ്യവശാൽ, പതിവുപോലെ, വസ്തുതകൾ പുറത്തുവരുന്നതിനു മുമ്പേ വിദ്വേഷത്തിന്റെ തീജ്വാല സ്ഫോടനത്തേക്കാൾ വേഗത്തിൽ പരക്കുകയാണ്. വിവരങ്ങൾ വൈകിയാലും സത്യസന്ധവും വസ്തുതാപരവുമാകണമെന്ന് മാധ്യമങ്ങൾ ജാഗ്രത പുലർത്തേണ്ടതുണ്ട്.
അപ്പോഴേ പൗരസമൂഹവും ഇത്തരം ദുരന്ത സന്ദർഭങ്ങളിൽ വിവേകത്തിന്റെ മൂല്യം തിരിച്ചറിയുകയും പക്വമായി വിഷയങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യൂ. നിരപരാധികളെ കൊല്ലുന്നതിലൂടെ രാജ്യത്ത് അസ്ഥിരതയും ജനങ്ങൾക്കിടയിൽ വിഭാഗീയതയും സൃഷ്ടിക്കാനുമാണ് ഛിദ്രശക്തികൾ ലക്ഷ്യം വെക്കുന്നത്. അവർക്കായി കുഴലൂത്തിനുള്ള വേദിയായി മാധ്യമ പ്ലാറ്റ്ഫോമുകൾ അധഃപതിക്കരുത്. അവരെ വിജയിപ്പിക്കുന്ന വിഡ്ഢികളുടെ ആൾക്കൂട്ടമാകരുത് സമൂഹമാധ്യമങ്ങളിലെ കുറിപ്പുകൾ. വ്യാജങ്ങളുടെ പ്രചാരണവും മറ്റൊരർഥത്തിൽ രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ആസൂത്രിതപദ്ധതിയുടെ ഭാഗംതന്നെയാണ്. സമൂഹത്തിന്റെ ഐക്യമാണ് ഭീകരവാദത്തിനെതിരായ ഏറ്റവും മികച്ച പ്രതിരോധമെന്ന് തിരിച്ചറിയുന്ന ജനതക്ക് മാത്രമേ എല്ലാ ഭീകരതയേയും ശാശ്വതമായി തോൽപിക്കാനാവൂ. വിഭജിക്കപ്പെട്ട സമൂഹം തോൽക്കാൻ വിധിക്കപ്പെട്ടവരാണ്.
ഭരണകൂടം കടുത്ത പ്രതിസന്ധിയിലാകുന്ന സന്ദർഭങ്ങളിലാണ് പലപ്പോഴും ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ സംഭവിക്കുന്നത് എന്ന കാര്യം പല പഠനങ്ങളും നിരീക്ഷിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് സഹായമേകാനും വലിയ അഴിമതികളെ മറച്ചുവെക്കാനുമൊക്കെ സൗകര്യപ്രദമാം വിധത്തിലായിരുന്നു പല ‘ഏറ്റുമുട്ടൽ കൊലപാതകങ്ങളു'ടെയും 'ഭീകരാക്രമണ സംഭവങ്ങളു’ടെയും ടൈമിങ്. ഭീകരവാദ കേസുകളിലെ സുരക്ഷാ വീഴ്ച മറച്ചുവെക്കാൻ അമിതാവേശത്തോടെയുള്ള ഉദ്യോഗസ്ഥ, രാഷ്ട്രീയ ഇടപെടലുകൾ നിരപരാധികളുടെ വേട്ടയാടലുകളായി പരിണമിച്ചിട്ടുമുണ്ട്. അക്രമ സംഭവങ്ങളുമായി ഒരു ബന്ധവുമില്ലാത്ത നിരപരാധികൾ പതിറ്റാണ്ടുകളോളം തടവറകളിൽ ജീവിതം ഹോമിച്ച അസംഖ്യം ഉദാഹരണങ്ങൾ എടുത്തുപറയാൻ സാധിക്കും.
പല കേസുകളും ദുരൂഹതയിൽ വിലയം പ്രാപിക്കുകയും സത്യം പുറത്തെത്താതെ പോകുകയും ചെയ്യാറുണ്ട്. എന്നാൽ, ഇന്ത്യയിലെ ഭീകരാക്രമണങ്ങളുടെ പ്രധാന കാരണം പാകിസ്താനിൽനിന്ന് ആസൂത്രണം ചെയ്യപ്പെടുന്ന നിഴൽപ്പോരാട്ടങ്ങളാണ്. ഇന്ത്യയും പാകിസ്താനുമായുള്ള രാഷ്ട്രീയവൈരത്തിന് കൊടുക്കേണ്ടിവരുന്ന വില മനുഷ്യരുടെ ജീവനാണ്. അത് അതിർത്തി കാക്കുന്ന പട്ടാളക്കാരാണെങ്കിലും രാജ്യത്തിനകത്ത് ജീവിക്കുന്ന സാധാരണക്കാരാണെങ്കിലും.
ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ ഭൗമമേഖലയിലെ സമാധാന പ്രക്രിയ വിജയിക്കുക എന്നതുമാത്രമാണ് ഭീകരാക്രമണങ്ങൾ ശാശ്വതമായി പരിഹരിക്കാനുള്ള പോംവഴി. ഇന്ത്യയിലെ ഭീകരാക്രമണങ്ങൾ മതപരമല്ല, രാഷ്ട്രീയമാണെന്ന് മനസ്സിലാക്കുകയും രാഷ്ട്രീയ പരിഹാരത്തിലൂടെ അയൽക്കാർ തമ്മിലുള്ള കലഹങ്ങൾ അവസാനിപ്പിക്കുകയും സഹവർത്തിത്വത്തിന്റ പാത സ്വീകരിക്കപ്പെടുകയും ചെയ്താൽ ഭീകരാക്രമണമെന്ന സമസ്യക്ക് ശാശ്വത പരിഹാരം സാധ്യമാവും. സമാധാനത്തിന്റെയും മനുഷ്യത്വത്തിന്റെയും വഴിയിലൂടെ ഭീകരതയുടെ വേരറുക്കാൻ നാം ഒറ്റ ജനതയായി, ദേശീയ മനഃസാക്ഷിയായി ഒന്നിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

