Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമഹാനഗരത്തെ...

മഹാനഗരത്തെ നെരിപ്പോടാക്കിയ മനുഷ്യന്‍െറ കൈകടത്തലുകള്‍

text_fields
bookmark_border
മഹാനഗരത്തെ നെരിപ്പോടാക്കിയ മനുഷ്യന്‍െറ കൈകടത്തലുകള്‍
cancel

രണ്ടു കോടിയോളം മനുഷ്യര്‍ അധിവസിക്കുന്ന ഇന്ത്യയുടെ തലസ്ഥാന നഗരി ചരിത്രത്തിലെ ഏറ്റവും ഭയാനകമായ പാരിസ്ഥിതിക ദുരന്തത്തിലകപ്പെട്ടത് ആഗോളതലത്തില്‍ ഏറെ ചര്‍ച്ചാവിഷയമായിട്ടും എന്തുകൊണ്ടാണെന്നറിയില്ല, അതിന്‍െറ ഗൗരവം നമുക്ക് വേണ്ടവിധം ഉള്‍ക്കൊള്ളാനായിട്ടില്ല. അന്തരീക്ഷ മലിനീകരണത്തിന്‍െറ കാര്യത്തില്‍ ഡല്‍ഹി ലോകത്തിലെ എല്ലാ മഹാനഗരങ്ങളെയും കടത്തിവെട്ടിയിരിക്കുന്നു. വായുമലിനീകരണം സകല സീമകളും ലംഘിച്ച് 16 ഇരട്ടി കണ്ട് വര്‍ധിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ വെളിപ്പെടുത്തല്‍. പൊടിപടലങ്ങള്‍കൊണ്ട് മൂടിക്കെട്ടിയ അന്തരീക്ഷം ദിവസങ്ങളായി ഈ മഹാനഗരത്തെ മനുഷ്യവാസത്തിനു യോഗ്യമല്ലാതാക്കിയിരിക്കുന്നു. തുടര്‍ന്ന് വിദ്യാലയങ്ങള്‍ അടച്ചിടുകയും പത്തു ദിവസത്തേക്ക് എല്ലാവിധ നിര്‍മാണ, പൊളിക്കല്‍ പ്രവൃത്തികളും നിര്‍ത്തിവെക്കുകയും ചെയ്തിരിക്കയാണ്.

പുറത്തിറങ്ങുന്നത് ഒഴിവാക്കി വീടുകളിലിരുന്ന് ജോലിചെയ്യാന്‍ ഉപദേശിച്ചിരിക്കയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഒറ്റ, ഇരട്ട നമ്പര്‍ വാഹനങ്ങള്‍ ഓരോ ദിവസം റോഡിലിറങ്ങുക എന്ന ‘റേഷന്‍’ സമ്പ്രദായം വീണ്ടും നടപ്പാക്കാന്‍ ആലോചിക്കുന്നുണ്ടത്രെ. ഡല്‍ഹിയിലെ വായുമലിനീകരണത്തിന്‍െറ ഉറവിടങ്ങളിലൊന്നായ ബദര്‍പൂരിലെ കല്‍ക്കരി പ്ളാന്‍റ് പത്തു ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്്. മാസ്ക് ധരിച്ചല്ലാതെ ആര്‍ക്കും പുറത്തിറങ്ങാനാവാത്ത അവസ്ഥ തലസ്ഥാനനഗരിയുടെ ജീവിതതാളംതന്നെ തെറ്റിച്ചിട്ടുണ്ട് എന്നുമാത്രമല്ല വ്യവസായ, വാണിജ്യ ഉല്‍പാദന രംഗത്ത് വന്‍ ആഘാതം വരുത്തിവെച്ചിരിക്കുന്നു. റോഡുകളില്‍ വെള്ളം നനക്കുന്നതിനെക്കുറിച്ചും കൃത്രിമ മഴ പെയ്യിക്കുന്നതിനെ കുറിച്ചുമൊക്കെയാണ് ഇപ്പോള്‍ അധികൃതര്‍ ആലോചിക്കുന്നത്.

അതേസമയം, വായുമലിനീകരണം ഉയര്‍ത്തുന്ന ആരോഗ്യപ്രശ്നത്തിനു ഫലപ്രദമായ പരിഹാര മാര്‍ഗത്തെക്കുറിച്ച് ബന്ധപ്പെട്ടവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ല എന്നാണ് വ്യക്തമാവുന്നത്. അന്തരീക്ഷത്തിലെ മാരകമായ മാലിന്യങ്ങള്‍ ശ്വസിക്കുന്നതോടെ ശ്വാസകോശസംബന്ധമായ എണ്ണമറ്റ രോഗങ്ങള്‍ക്ക് ജനം ഇരകളായി നിന്നുകൊടുക്കുകയേ നിവൃത്തിയുള്ളൂ. ഡല്‍ഹിയിലെ 44 ലക്ഷം വരുന്ന കുട്ടികള്‍ ഏതെങ്കിലും തരത്തിലുള്ള ശ്വാസകോശരോഗം പിടിപെട്ടവരാണെന്ന് ശാസ്ത്രീയപഠനത്തില്‍ കണ്ടത്തെിയിട്ടുണ്ട്. ശ്വാസകോശസംബന്ധിയായ രോഗംമൂലം ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് ഇന്ത്യയിലാണ്. ലോകാരോഗ്യ സംഘടനയുടെ 2015ലെ കണക്കനുസരിച്ച് മലിനവായു ശ്വസിക്കുന്നതുകൊണ്ട് ഒരു ലക്ഷത്തില്‍ 159 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നുണ്ട്.

ഡല്‍ഹിയെ പെട്ടെന്ന് ഈവിധം ജീവിക്കാന്‍ കൊള്ളാത്ത ഇടമാക്കി മാറ്റിയതിനു പിന്നിലെ കാരണങ്ങള്‍ തിരയുന്ന തിരക്കിലാണ് അധികൃതരും വിദഗ്ധരും. എല്ലാവരും സമ്മതിക്കുന്ന ഒരു വസ്തുത ദീപാവലിക്ക് പിറ്റേന്നുതൊട്ടാണ് പൊടിപടലങ്ങള്‍ തിങ്ങി ജനത്തിനു ശ്വാസംമുട്ടാന്‍ തുടങ്ങിയതെന്നതാണ്. കഴിഞ്ഞവര്‍ഷം പടക്കങ്ങള്‍ പൊട്ടിക്കുന്നതിനു സുപ്രീംകോടതി കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇത്തവണ ഈ വിഷയം ആരും ഗൗരവത്തിലെടുക്കുകയോ മുന്‍കരുതല്‍ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. വായുമണ്ഡലം പരമാവധി മലിനീകരിക്കുന്ന തരത്തില്‍ ജനം ആഘോഷങ്ങളുമായി മുന്നോട്ടുപോയി. രാഷ്ട്രാന്തരീയ ഏജന്‍സികള്‍പോലും നമ്മുടെ ഭാഗത്തുനിന്നുള്ള വീഴ്ച ചൂണ്ടിക്കാട്ടുന്നുണ്ടായിരുന്നു. എന്നാല്‍, അധികാരിവര്‍ഗം ഈ പരിസ്ഥിതി ദുരന്തത്തെ കര്‍ഷകരുടെ തലയില്‍ കെട്ടിവെക്കാനാണ് ആദ്യം മുതലേ  ശ്രമിച്ചത്.

ഹരിയാനയിലെയും പഞ്ചാബിലെയും കര്‍ഷകര്‍ വയ്ക്കോലും മറ്റ് അവശിഷ്ടങ്ങളും കത്തിക്കുന്നതുകൊണ്ടുണ്ടാവുന്ന പുകപടലങ്ങളാണ് ഡല്‍ഹിയെ ചൂളയാക്കി മാറ്റിയതെന്നാണ് ഇവരുടെ പക്ഷം.  കൃഷിയിടങ്ങളില്‍ തീയിടുന്നതും അവശിഷ്ടങ്ങള്‍ കത്തിക്കുന്നതും തടയുന്നതിലാണ് അധികൃതര്‍ ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. കൃഷിക്കാരാവട്ടെ, ഇപ്പോഴത്തെ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം കാര്‍ഷിക മേഖലയിലുണ്ടായ യന്ത്രവത്കരണമാണെന്നും വയ്ക്കോല്‍ വേണ്ടവിധം ഉപയോഗപ്പെടുത്താനോ ജൈവവളമാക്കി മാറ്റുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കാനോ സര്‍ക്കാര്‍ താല്‍പര്യം കാട്ടുന്നില്ല എന്നുമൊക്കെ മറുന്യായം നിരത്തുകയാണ്. റോട്ടാവേറ്റര്‍, ഹാപ്പി സീഡര്‍ തുടങ്ങിയ യന്ത്രങ്ങള്‍ ഉപയോഗിച്ച് കൊയ്ത്ത് നടത്തുകയാണെങ്കില്‍ വയ്ക്കോല്‍ കത്തിച്ചുകളയേണ്ട അവസ്ഥ വരുന്നില്ല എന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും തങ്ങള്‍ക്ക് താങ്ങാന്‍പറ്റുന്നതല്ല ഈ വക അധുനാധുനിക യന്ത്രങ്ങളെന്ന് കൃഷിക്കാര്‍ ആവലാതിപ്പെടുന്നു.

ഡല്‍ഹിയുടെ അന്തരീക്ഷത്തെ ഇമ്മട്ടില്‍ മലിനപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത് ആരെന്തു പറഞ്ഞാലും, ലക്ഷക്കണക്കിനു വാഹനങ്ങള്‍ പുറത്തുവിടുന്ന പുകപടലങ്ങള്‍ തന്നെയാണ്. ഒപ്പം, നഗരത്തിന്‍െറ പ്രാന്തപ്രദേശത്തെ പതിനായിരക്കണക്കിനു ഫാക്ടറികളും. വായു ശുദ്ധീകരിക്കാന്‍ കാറ്റോ മഴയോ കിട്ടാത്ത പ്രതികൂലാവസ്ഥയില്‍ ഭൂമുഖം മനുഷ്യനു ജീവിക്കാന്‍ കൊള്ളാത്തവിധം ഭയാനകഭാവം പൂകുന്നു. പ്രകൃതിയുടെ താളംതെറ്റിച്ചതും ജീവജാലങ്ങളുടെ സുരക്ഷയും നൈരന്തര്യവും ഉറപ്പുതരുന്ന വായുമണ്ഡലത്തെ രോഗാതുരമാക്കിയതും മനുഷ്യന്‍െറ നിയന്ത്രണമില്ലാത്ത കൈകടത്തലുകളാണ്. ഈ ദിശയില്‍ തിരുത്തല്‍ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കൈക്കൊണ്ട്, നഷ്ടപ്പെട്ട ശുദ്ധവായു തിരിച്ചുപിടിക്കാന്‍ എന്തുണ്ട് ഫലപ്രദമായ പോംവഴി എന്ന് എല്ലാ തലങ്ങളിലും ആഴത്തിലുള്ള പരിചിന്തനങ്ങള്‍ അനിവാര്യമായി വന്നിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - delhi air polution
Next Story