വൈകുന്ന സെൻസസും ഉയരുന്ന സന്ദേഹങ്ങളും
text_fields2021ൽ നടക്കേണ്ടിയിരുന്ന ദേശീയ സെൻസസ് അനിശ്ചിതമായി നീണ്ടുപോവുകയാണ്. 2021 സെൻസസിനുള്ള പ്രാരംഭനടപടികളെക്കുറിച്ച് 2019 മാർച്ചിലെ ഗസറ്റ് വിജ്ഞാപനത്തിൽ ചോദ്യാവലി ഇറക്കിയെങ്കിലും കോവിഡ് കാരണം അനിശ്ചിതമായി നീട്ടിവെക്കുകയായിരുന്നു. ഇപ്പോൾ ഭരണപരമായ അതിർത്തികൾ (ജില്ല, തദ്ദേശ സ്ഥാപനങ്ങൾ, വില്ലേജ്, താലൂക്ക് എന്നിവ) പുനർനിർണയിക്കുന്നത് മരവിപ്പിച്ചത് ജൂൺ 30 വരെ നീട്ടിയിരിക്കുന്നു. ഇത് സെൻസസ് പ്രവർത്തനങ്ങളുടെ ആദ്യപടിയാണ്; കാരണം അതു വഴിയേ ജനസംഖ്യ കണക്കുകളുടെ ഭൂമിശാസ്ത്രപരമായ കൃത്യതയും അവലംബയോഗ്യതയും ഉറപ്പിക്കാൻ പറ്റൂ. പുതിയ വില്ലേജോ ജില്ലയോ രൂപവത്കരിച്ചാൽ അവയിലെ ജനസംഖ്യ സംബന്ധിച്ച കണക്കുകൾ തെറ്റുമെന്നതുതന്നെ കാരണം. ഇതിനുമുമ്പ് 2020 ജനുവരി ഒന്നിൽനിന്ന് അത് 2021 മാർച്ച് 31 വരെയും ശേഷം മറ്റൊരറിയിപ്പുവരെയും നീട്ടുകയുമായിരുന്നു. ഈ മണ്ഡല പുനർനിർണയം മരവിപ്പിച്ച് മൂന്നു മാസം കഴിഞ്ഞാലാണ് സെൻസസ് കണക്കെടുപ്പ് തുടങ്ങുക എന്നതിനാൽ ഇപ്പോഴത്തെ നിലയിൽ 2023 സെപ്റ്റംബർ 30നുശേഷമേ സെൻസസ് പ്രവർത്തനം തുടങ്ങാനിടയുള്ളൂ.
ഇതിനുമുമ്പ് സെൻസസ് നടന്നത് 2011ലായിരുന്നു; ഭരണഘടനയിൽ കൃത്യമായി എത്ര വർഷം കൂടുമ്പോഴാണെന്നു പറയുന്നില്ലെങ്കിലും 10 വർഷമാണ് കീഴ് വഴക്കം. ഭരണപരമായ തീരുമാനങ്ങൾക്കും നയങ്ങൾക്കും ധനവിനിയോഗത്തിനും അതിപ്രധാനമായ ഘടകമാണ് സെൻസസ്. മൊത്തം ജനസംഖ്യയുടെ കണക്കിനു പുറമെ മറ്റു പല സ്ഥിതിവിവരങ്ങളും അതിലൂടെയാണ് ലഭ്യമാവുന്നത്. ഉദാഹരണമായി ക്ഷേമപദ്ധതികൾ, സാക്ഷരത നിലവാരം, സംസാരഭാഷകൾ, മതവിശ്വാസങ്ങൾ, വൈവാഹിക വിവരങ്ങൾ, കുടിയേറ്റ ജനസംഖ്യ വിവരങ്ങൾ, ജാതിക്കണക്കുകൾ, വിദ്യാഭ്യാസ നിലവാരം തുടങ്ങി ജനസംഖ്യാപരമായ ഒട്ടേറെ വിവരങ്ങൾ ഇതിലൂടെ ലഭ്യമാവുന്നു, അതനുസരിച്ചാണ് ഭരണകൂടങ്ങൾ നയ-തീരുമാനങ്ങൾ എടുക്കുന്നതും. ഇതോടൊപ്പം അന്തർദേശീയ ഏജൻസികളും അവലംബിക്കുന്നത് ആധികാരികമായ സെൻസസ് കണക്കുകളെയാണ്.
2023ൽ വിവിധ സംസ്ഥാന അസംബ്ലികളിലേക്കും 2024 മാർച്ച്-ഏപ്രിലിൽ ലോക്‌സഭയിലേക്കും തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുകയാണ്. സാധാരണ സെൻസസ് പ്രക്രിയ ഏതാണ്ട് 11 മാസമെടുക്കും- ഒരു മാസം വീടുകളുടെ പട്ടികയും ശേഷം 10 മാസം ജനസംഖ്യ വിവരങ്ങളും ശേഖരിക്കും. അതനുസരിച്ച് ഒക്ടോബറിൽ വേഗംകൂട്ടി കൃത്യമായി കണക്കെടുപ്പ് നടന്നാൽതന്നെ 2023ൽ അത് പൂർത്തീകരിക്കാനുള്ള സാധ്യത വിരളം. 2024ലും തെരഞ്ഞെടുപ്പിനുമുമ്പ് പ്രയാസമെന്നു പറയാം. ജനസംഖ്യ കണക്കനുസരിച്ചാണ് തെരഞ്ഞെടുപ്പിനുള്ള നിയോജക മണ്ഡല പുനർനിർണയം നടക്കേണ്ടത്. അതിനു പകരം നിലവിലുള്ള 2011ലെ സെൻസസ് വിവരങ്ങൾ അടിസ്ഥാനമാക്കിയാൽ അത് അന്യൂനമാവില്ല. കഴിഞ്ഞ 12 വർഷത്തെ സാധാരണ ജനസംഖ്യ വർധനക്കു പുറമെ ഗ്രാമങ്ങളിൽനിന്നു നഗരങ്ങളിലേക്കുള്ള കുടിയേറ്റങ്ങളും അന്തർ-സംസ്ഥാന കുടിയേറ്റങ്ങളുമൊന്നും ഉൾപ്പെടുത്തിയില്ലെങ്കിൽ കണക്കുകൾ അപൂർണമാവും. ഉദാഹരണമായി, ബംഗളൂരു മെട്രോ പരിധിയിലെ ജനസംഖ്യ 2001-2011 കാലത്ത് 49 ശതമാനം വർധിച്ചിരുന്നു; എന്നാൽ മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ ഇത് 12 ശതമാനത്തിൽ താഴെയും ചെന്നൈയിൽ ഏഴു ശതമാനവുമായിരുന്നു. കൊൽക്കത്തയിലാകട്ടെ ജനസംഖ്യ കുറയുകയാണുണ്ടായത്.
ഇവയേക്കാളെല്ലാം സെൻസസിനെ നിർണായകവും സങ്കീർണവുമാക്കുന്നത് അതിനെ ദേശീയ ജനസംഖ്യ രജിസ്റ്ററുമായി (എൻ.പി.ആർ) ബന്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കമാണ്. എൻ.പി.ആറിന്റെ ചോദ്യാവലിയിലെ പുതുതായി ചേർത്ത ചോദ്യങ്ങൾ പതിവ് സെൻസസ് വിവരങ്ങൾക്കപ്പുറമായിരുന്നു. അവയിൽ കാനേഷുമാരിയുമായി നേരിട്ട് ബന്ധമില്ലാത്ത പിതാവിന്റെയും മാതാവിന്റെയും ജന്മസ്ഥലം, വാസസ്ഥലം എന്നിവയോടൊപ്പം ആധാർ (ഐച്ഛികം), വോട്ടർ കാർഡ്, മൊബൈൽ ഫോൺ, ഡ്രൈവിങ് ലൈസൻസ് നമ്പറുകൾ എന്നിവയുമുൾപ്പെടെ മൊത്തം 21 ഇനങ്ങളുണ്ടായിരുന്നു. 2010ലും 2015ലും എൻ.പി.ആർ ശേഖരിച്ചത് 14 ശീർഷകങ്ങളിൽ മാത്രമായിരുന്നു.
പൗരത്വ ഭേദഗതി ബിൽ (സി.എ.എ) അനുസരിച്ച് മുസ്‍ലിംകളല്ലാത്തവർക്കു മാത്രം പുതുതായി പൗരത്വം നൽകുമ്പോൾ എൻ.പി.ആർ കണക്കെടുപ്പിലും അതുവഴി എൻ.ആർ.സിയിലും (ദേശീയ പൗരത്വ രജിസ്റ്റർ) ആരൊക്കെയുൾപ്പെടുന്നു എന്നത് നിർണായകമാണ്. ഇതൊക്കെ ഈ സെൻസസ് അടിസ്ഥാനത്തിലാവും എന്നതാണ് കാതൽ. 2021 മാർച്ചിൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ നൽകിയ മറുപടിയിൽ പറഞ്ഞത് പുതിയ സെൻസസും എൻ.ആർ.സിയും 2024ലെ തെരഞ്ഞെടുപ്പിനു മുമ്പായി തയാറാകും എന്നാണ്. അവസാനമായി എൻ.പി.ആർ പുതുക്കിയത് 2015ലാണ്. എൻ.പി.ആറിന്റെ ആദ്യ പടിയായ ഗാർഹിക സെൻസസ് ഏപ്രിൽ 2020ൽ നടക്കേണ്ടത് കോവിഡ് കാരണം നടക്കാതെപോയതാണ്, 2023-24 സാമ്പത്തികവർഷം സെൻസസ് പ്രാഥമിക കണക്കുകൾ തയാറാക്കുമെന്നും സർക്കാർ പറഞ്ഞിരുന്നു.
മൊത്തത്തിൽ സെൻസസ് എൻ.പി.ആറുമായും അതുവഴി എൻ.ആർ.സിയുമായും പിന്നെ പൗരത്വ ഭേദഗതി നിയമവുമായും ബന്ധപ്പെട്ടതിനാൽ കേന്ദ്ര സർക്കാറിന്റെ നീക്കങ്ങൾ പുറമെ കാണുന്ന സെൻസസ് പ്രക്രിയയിൽ മാത്രം കലാശിക്കുന്ന ഒന്നാണോ എന്ന സംശയം സ്വാഭാവികമായും ഉയർന്നുവരും. ഇതോടൊപ്പം പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ രൂപവത്കരിക്കുന്നതും ഏറ്റവും അവസാനം ആറു മാസത്തേക്കുകൂടി നീട്ടിവെച്ചിരിക്കയാണ് സർക്കാർ. ഏഴാമത്തെ തവണയാണ് ഈ ദീർഘിപ്പിക്കൽ. ഇതുവരെ കോവിഡ് അല്ലാതെ മറ്റു കാരണങ്ങളൊന്നും സർക്കാർ പറഞ്ഞിട്ടുമില്ല. പാർലമെന്റിലെ മറുപടികളിൽ തൽക്കാലത്തെ സ്ഥിതി മാത്രം നൽകുമ്പോൾ, ഭാവിനീക്കങ്ങൾ അവ്യക്തമായിതന്നെ നിലനിർത്തുന്ന മോദി സർക്കാറിന്റെ ഇതഃപര്യന്തമുള്ള ചരിത്രം വെച്ചാൽ വിശേഷിച്ചും സന്ദേഹങ്ങളുയരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

