തെരഞ്ഞെടുപ്പ് ഗോദയിലെ ക്രിമിനൽ സ്ഥാനാർഥികൾ
text_fieldsനിയമനിർമാണ സഭകളിലെ അംഗങ്ങൾ പ്രതികളായ ക്രിമിനൽ കേസുകൾ പരിഗണിക്കാൻ പ്രത്യേക കോടതികൾതന്നെ പ്രവർത്തിക്കുന്ന അപൂർവം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രാജ്യത്തെ വിവിധ കോടതികളിൽ എം.പിമാരും എം.എൽ.എമാരും അകപ്പെട്ട ആയിരക്കണക്കിന് ക്രിമിനൽ കേസുകൾ വർഷങ്ങളായി കെട്ടിക്കിടക്കുന്നുവെന്ന റിപ്പോർട്ടിെൻറ പശ്ചാത്തലത്തിൽ 2017 ഡിസംബറിലാണ് അത്തരം വ്യവഹാരങ്ങൾക്കു മാത്രമായി 12 അതിവേഗ കോടതികൾ ആരംഭിക്കാൻ സുപ്രീംകോടതി നിർദേശിച്ചത്.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ കഴിഞ്ഞ മാർച്ചിൽ തന്നെ ഇത്തരം കോടതികൾ നിലവിൽവരുകയും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തതായിരുന്നു. എന്നാൽ, ആറു മാസത്തിനുശേഷവും കേസ് തീർപ്പാക്കുന്നതിൽ കാര്യമായ പുരോഗതിയില്ലാതെ വന്നേപ്പാൾ പരമോന്നത നീതിപീഠത്തിന് നടപടികൾ കർശനമാക്കേണ്ടിവന്നു. ഒാരോ പാർട്ടിയും തങ്ങളുടെ കൂട്ടത്തിലെ ‘ക്രിമിനൽ ജനപ്രതിനിധി’കളുടെ പേരുവിവരങ്ങൾ ഒൗദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ കേസ് വിവരങ്ങൾ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തണമെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംേകാടതി ബെഞ്ച് വിധി പുറപ്പെടുവിച്ചത് അങ്ങനെയാണ്.
ക്രിമിനലുകൾ നിയമനിർമാണ സഭയുടെ ഭാഗമാകുന്നതിെൻറ അപകടങ്ങൾ അക്കമിട്ട് നിരത്തിയ പ്രസ്തുത വിധിപ്രസ്താവം മുൻകാലങ്ങളിലെന്നപോലെ നമ്മുടെ രാഷ്ട്രീയ പാർട്ടികൾ അവഗണിക്കുകയാണുണ്ടായത്; മുഖ്യധാര പാർട്ടികളൊന്നും തങ്ങൾ ജയിപ്പിച്ചുവിട്ട ‘ക്രിമിനലു’കളുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ നൽകാൻ തയാറായില്ല. എന്നല്ല, തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ക്രിമിനൽ കേസ് പ്രതികൾ നിർബാധം ഒഴുകിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ ഏപ്രിലിൽ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) എന്ന എൻ.ജി.ഒ പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് ഇന്ത്യയിൽ 1580 എം.പി/എം.എൽ.എമാർ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. രാജ്യത്തെ മൊത്തം നിയമനിർമാണ സഭാംഗങ്ങളുടെ മൂന്നിലൊന്ന് വരുമിത്. ഹർത്താലിനോടനുബന്ധിച്ച അക്രമസംഭവങ്ങൾ, പൊതുമുതൽ നശിപ്പിക്കൽ, വഴിതടയൽ തുടങ്ങി സാമാന്യം ‘ലളിത’മെന്ന് പറയാവുന്ന കേസുകൾ മുതൽ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ അത്യന്തം ഗൗരവമേറിയ കേസുകളടക്കം ഇതിൽ ഉൾപ്പെടും.
അഴിമതിയെന്നപോലെ തന്നെ ക്രിമിനൽ രാഷ്ട്രീയവും ഇന്ത്യൻ ജനാധിപത്യത്തെ എത്രമാത്രം പിടിമുറുക്കിയിരിക്കുന്നുവെന്ന് എ.ഡി.ആറിെൻറ തന്നെ ഏറ്റവും പുതിയ കണക്കുകൾ നമുക്ക് പറഞ്ഞുതരുന്നുണ്ട്. ഇന്ത്യൻ പാർലമെൻറിലെ മാത്രം അവസ്ഥ നോക്കുക. 521 ലോക്സഭ എം.പിമാരിൽ 106 പേരും ഗൗരവമായ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇതിൽ 58 പേരും ബി.ജെ.പി അംഗങ്ങളാണെന്നതും ചേർത്തുവായിക്കുക. അല്ലെങ്കിലും രാജ്യത്തെ ക്രിമിനൽ രാഷ്ട്രീയത്തിെൻറ വക്താക്കളും പ്രയോക്താക്കളും ഹിന്ദുത്വ പാർട്ടികൾ തന്നെയാണെന്ന് നാഷനൽ ഇലക്ഷൻ വാച്ച് അടക്കം പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ക്രിമിനൽ എം.പിമാരിൽ 55 ശതമാനം ബി.ജെ.പിക്കാരും 17 ശതമാനം ശിവസേനക്കാരുമാണ്. കോൺഗ്രസിലും തൃണമൂലിലും ഏഴു ശതമാനം വീതവും സി.പി.എമ്മിൽ ഒരു ശതമാനവുമാണ് ക്രിമിനൽ കേസ് പ്രതികളുടെ എണ്ണം. കേരളത്തിലെ ഫാസ്റ്റ് ട്രാക് കോടതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഏതാണ്ട് 240 കേസുകളാണ്. ഇതിൽ മൂന്നെണ്ണം മാത്രമാണ് ഗൗരവമേറിയ ക്രിമിനൽ കേസുകളെന്നും പ്രസ്തുത റിപ്പോർട്ടിലുണ്ട്. 2009-14 കാലത്തെ അപേക്ഷിച്ച് നിലവിലെ പാർലമെൻറിൽ ക്രിമിനലുകളുടെ എണ്ണം 14 ശതമാനം കൂടിയെന്ന വസ്തുത കാര്യങ്ങളുടെ പോക്ക് എങ്ങോെട്ടന്നും സൂചന നൽകുന്നുണ്ട്.
അതുതന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതും. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർഥികളുടെ വിവരങ്ങൾ മാധ്യമങ്ങളിൽ പരസ്യം ചെയ്യണമെന്ന കർശന നിർദേശം തെരഞ്ഞെടുപ്പ് കമീഷൻ പുറപ്പെടുവിച്ചിട്ടും, അതൊക്കെ ഇലക്ഷൻ വഴിപാടായി കണക്കാക്കി പിന്നെയും ക്രിമിനൽ സ്ഥാനാർഥികളെ തന്നെ നിർത്താനാണ് രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നത്. ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിലെ 184 പേരിൽ 35ഉം ക്രിമിനൽ കേസ് പ്രതികളാണെന്നത്, തങ്ങൾ ഇക്കാര്യത്തിൽ ഒരു ‘വിട്ടുവീഴ്ച’ക്കും തയാറല്ലെന്നതിെൻറ വ്യക്തമായ സന്ദേശമാണ്. പത്തും പതിനഞ്ചും കേസുകളിൽവരെ പ്രതികളായവരുണ്ട് ഇക്കൂട്ടത്തിൽ. മറ്റു പാർട്ടികളും അവരുടെ സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം വേണ്ടത്ര പരിശോധിച്ചുവെന്ന് പറയാനാകില്ല.
എന്തുകൊണ്ടാകും തെരഞ്ഞെടുപ്പ് ഗോദയിൽ ക്രിമിനലുകൾ ഇത്രമേൽ പ്രിയങ്കരരായി മാറുന്നത്? സ്ഥാനാർഥികളിൽ ‘മാന്യൻ’മാരെക്കാൾ വിജയസാധ്യത ഇപ്പറഞ്ഞ ‘ക്രിമിനലു’കൾക്കാണ് എന്നതാണ് അതിെൻറ പല ഉത്തരങ്ങളിൽ ഒന്ന്. മേൽ സൂചിപ്പിച്ച എ.ഡി.ആർ റിപ്പോർട്ട് ഇൗ നിരീക്ഷണത്തെ സ്ഥിതിവിവരക്കണക്കുകളിലൂടെ തന്നെ അടിവരയിടുന്നു. ക്രിമിനൽ സ്ഥാനാർഥികളുടെ വിജയസാധ്യത മറ്റുള്ളവരെക്കാൾ ഇരട്ടിയാണത്രെ. ബി.ജെ.ഡി എന്ന പാർട്ടിയിൽ അത് നൂറു ശതമാനമാണ്; ബി.ജെ.പിയിൽ 70ഉം. ക്രിമിനലുകളെക്കാൾ സാധാരണക്കാർക്ക് വിജയസാധ്യതയുള്ള രണ്ടു പാർട്ടികളേയുള്ളൂ; കോൺഗ്രസും എ.െഎ.എ.ഡി.എം.കെയും.
മറ്റൊരു കാര്യവും ഇൗ കണക്കുകൾക്കൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. ജനപ്രതിനിധികൾ പ്രതികളായ കേസുകൾ അനന്തമായി നീണ്ടുപോകുന്നതാണ് അത്. വർഷങ്ങൾ നീളുന്ന വിചാരണക്കൊടുവിൽ ഇൗ പ്രതികൾക്ക് ക്ലീൻചിറ്റ് ലഭിക്കാറാണ് പതിവ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഇത്രേയറെ കേസുകൾ നിയമനിർമാണ സഭാംഗങ്ങൾക്കെതിരെ ഉയർന്നിട്ടും കേവലം ആറു ശതമാനം പേരാണ് ശിക്ഷിക്കപ്പെട്ടത്. അഥവാ, ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർഥികളെ മത്സരിപ്പിച്ചാൽ തന്നെയും അവരെ വിജയിപ്പിച്ചെടുക്കാനുള്ള രാഷ്ട്രീയ സാഹചര്യവും കേസുകൾ നീട്ടിക്കൊണ്ടുപോകാനുള്ള ‘നിയമ സൗകര്യ’വുമാണ് ഇവിടെ നിലനിൽക്കുന്നത്.
രാഷ്ട്രീയത്തിലെ ക്രിമിനൽവത്കരണത്തിനെതിരായ ബോധവത്കരണവും അതിലധിഷ്ഠിതമായ നിയമനിർമാണവുമാണ് ഇൗ പ്രശ്നം തരണം ചെയ്യാനുള്ള പോംവഴി. എന്നാൽ, മുഖ്യധാര പാർട്ടികളുടെ മാനിഫെസ്റ്റോകൾ ഇക്കാര്യത്തിൽ ബോധപൂർവമായ മൗനം തുടരുവോളം ഇൗ ‘ദുരന്ത’ങ്ങളെ പേറാനായിരിക്കും നമ്മുടെ വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
