Begin typing your search above and press return to search.
exit_to_app
exit_to_app
ഭരണകൂടം പൂഴ്ത്തിവെച്ച മൃതദേഹങ്ങൾ
cancel
Homechevron_rightOpinionchevron_rightEditorialchevron_rightഭരണകൂടം പൂഴ്ത്തിവെച്ച...

ഭരണകൂടം പൂഴ്ത്തിവെച്ച മൃതദേഹങ്ങൾ

text_fields
bookmark_border

കോവിഡ് മഹാമാരി മാനവരാശിക്കേൽപിച്ച ആഘാതങ്ങളുടെ കണക്കെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ് ലോകത്തെ എണ്ണം പറഞ്ഞ ഗവേഷണ സ്ഥാപനങ്ങളും വിവിധ സംഘടനകളും. അക്കൂട്ടത്തിൽ, ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) സവിശേഷമായൊരു പഠനം നടത്തി. അംഗരാജ്യങ്ങളിലെ സർക്കാറുകൾ പുറത്തുവിട്ട കണക്കുകൾക്കപ്പുറം, കോവിഡുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട് ലോകത്ത് എത്രപേർ മരണത്തിന് കീഴടങ്ങി എന്നതാണ് അവർ അന്വേഷിച്ചത്. 2020 ജനുവരി ഒന്ന് മുതൽ 2021 ഡിസംബർ 31വരെയുള്ള കാലത്തെ കോവിഡ് മരണങ്ങളാണ് ഡബ്ല്യു.എച്ച്.ഒയുടെ അന്വേഷണ പരിധിയിലുണ്ടായിരുന്നത്. വിവിധ രാജ്യങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇക്കാലയളവിൽ ലോകത്ത് 60 ലക്ഷം പേർ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. എന്നാൽ, ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോർട്ട് പ്രകാരം ഇത് ഒന്നരക്കോടിയാണ്. പകുതിയിലധികം കോവിഡ് മരണങ്ങളും ഭരണാധികാരികൾ റിപ്പോർട്ട് ചെയ്യാതെ മറച്ചുവെച്ചുവെന്നർഥം. ഭരണകൂടങ്ങളുടെ അക്ഷന്തവ്യമായ ഈ കുറ്റകൃത്യത്തിൽ മുൻപന്തിയിലുള്ളത് നിർഭാഗ്യവശാൽ നമ്മുടെ രാജ്യമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, രാജ്യത്തെ ആകെ കോവിഡ് മരണം അഞ്ചേ കാൽ ലക്ഷത്തോളമാണ്. എന്നാൽ, ഡബ്ല്യു. എച്ച്.ഒയുടെ റിപ്പോർട്ട് അനുസരിച്ച് ഇത് 47 ലക്ഷമെങ്കിലും വരും. റിപ്പോർട്ട് ചെയ്തതിലും പത്ത് മടങ്ങ് അധികം! മരണക്കണക്കുകളിലെ ഈ അന്തരം, കോവിഡാനന്തര ഇന്ത്യൻ അവസ്ഥയിലേക്കുകൂടി വിരൽ ചൂണ്ടുന്നുണ്ട്.

കോവിഡ് പോലൊരു മഹാമാരിക്കാലത്ത് 'അധികമരണങ്ങൾ' എന്നത് അസ്വാഭാവികമോ ആകസ്മികമോ അല്ല. പ്രതിവർഷം ലോകത്ത് ജനസംഖ്യാനുപാതികമായി പ്രതീക്ഷിക്കപ്പെടുന്നൊരു മരണനിരക്കുണ്ട്. ആരോഗ്യ അടിയന്തരാവസ്ഥയുണ്ടാകുമ്പോൾ, ആ മരണനിരക്ക് പിന്നെയും ഉയരും. കോവിഡ് കാലത്തും അത് സംഭവിച്ചിട്ടുണ്ട്. ഉദാഹരണമായി, അമേരിക്കയിൽ ലക്ഷം പേരിൽ 871 ആളുകൾ 2019ൽ മരിച്ചപ്പോൾ, 2020ൽ അത് 972 ആയി ഉയർന്നു. സമാനമായ രീതിയിൽ ഇറ്റലിയിൽ 150 പേർ അധികമായി മരിച്ചു. ഇന്ത്യയിലും രേഖപ്പെടുത്തി നൂറ് അധികമരണങ്ങൾ. ലോകം മുഴുക്കെ അടഞ്ഞുകിടന്നപ്പോഴുണ്ടായ ഈ അധികമരണങ്ങളുടെ കാരണം കോവിഡാണെന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. എന്നാൽ, അതതു രാജ്യങ്ങൾ റിപ്പോർട്ട് ചെയ്തതു മാത്രമായിരുന്നില്ല ഈ 'അധിക മരണ'ങ്ങൾ എന്നതായിരുന്നു യാഥാർഥ്യം; ഭൂരിഭാഗം മരണങ്ങളും റിപ്പോർട്ട് ചെയ്യാതെ പൂഴ്ത്തിവെച്ചു. മരണക്കണക്കുകളിൽ സംശയം തോന്നിയ പല മാധ്യമങ്ങളും ഇക്കാര്യം അന്നേ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഇന്ത്യയിലെ അറിയപ്പെടുന്ന പുണ്യനദികളുടെ തീരത്തെല്ലാം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങളുടെയും കൂട്ടച്ചിതകളുടെയും ചിത്രങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. കോവിഡിനൊപ്പം, അശാസ്ത്രീയമായ ലോക്ഡൗൺ കൂടിയായതോടെ ദുരന്തം പിന്നെയും ഇരട്ടിച്ചു. പലായനങ്ങൾക്കിടെ മരണത്തിന് കീഴടങ്ങിയവർക്ക് എണ്ണമില്ല; ആശുപത്രികളടക്കം അടഞ്ഞുകിടന്നപ്പോൾ ചികിത്സ കിട്ടാതെയും നിരവധി പേർ മരിച്ചുവീണു. എന്നാൽ, ഇതെല്ലാം മൂടിവെക്കാനായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം തുടക്കം മുതലേ ശ്രമിച്ചത്. 'ഇവിടെ എല്ലാം ശുഭം' എന്ന പ്രധാനമന്ത്രിയുടെ ആവർത്തിച്ചുള്ള പ്രഖ്യാപനം മോദിഭക്ത മാധ്യമങ്ങളും കാവിപ്പടയുടെ സൈബർ പോരാളികളും ഏറ്റുപിടിക്കുകകൂടി ചെയ്തതോടെ കോവിഡ് സംബന്ധമായ സർവ അത്യാഹിതങ്ങളും വാർത്തയേ അല്ലാതായി. ഭരണകൂടത്തിന്റെ ഈ നെറികേടാണിപ്പോൾ ലോകാരോഗ്യ സംഘടന കൈയോടെ പിടികൂടിയിരിക്കുന്നത്.

ഇന്ത്യയിലെ കോവിഡ് മരണങ്ങൾ സംബന്ധിച്ച് ലോകാരോഗ്യ സംഘടന നടത്തിയ ചില നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. 2020ൽ, 8.3 ലക്ഷമായിരുന്നു രാജ്യത്തെ കോവിഡ് മരണം. 2021ന്റെ ആദ്യ പകുതിയിൽ രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോൾ മരണനിരക്ക് കുത്തനെ ഉയർന്നു. ഏപ്രിൽ, മേയ് മാസങ്ങളിൽ മാത്രം 23 ലക്ഷം പേർ മരിച്ചെന്നാണ് സംഘടന കണക്കാക്കിയത്. വർഷാവസാനമായപ്പോഴേക്കും 39 ലക്ഷത്തിലെത്തി. അതേസമയം, ഒന്നാം തരംഗത്തിൽ വലിയ ദുരിതം പെയ്ത അമേരിക്കയും ഇറ്റലിയും ബ്രിട്ടനുമെല്ലാം രണ്ടാം തരംഗത്തിൽ താരതമ്യേന പിടിച്ചുനിന്നു. ലഭ്യമായ ആരോഗ്യപരിപാലന സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഈ രാജ്യങ്ങളത്രയും രണ്ടാം തരംഗത്തെ പ്രതിരോധിച്ചത്. അത്തരമൊരു വിപുലമായ ചികിത്സ സംവിധാനത്തിന്റെ അപര്യാപ്തതകൂടിയാണ് കുത്തനെയുള്ള ഈ മരണനിരക്ക് വ്യക്തമാക്കുന്നത്. അവികസിതവും അരക്ഷിതവുമായ ഗ്രാമീണ ഇന്ത്യയുടെ യഥാർഥ മുഖം വെളിവാക്കുന്നു ഈ കണക്കുകൾ. ആരോഗ്യ അടിയന്താരാവസ്ഥ പോയിട്ട്, ചെറിയൊരു പകർച്ചവ്യാധിയെപ്പോലും തടയാനുള്ള ചികിത്സ സൗകര്യങ്ങൾ ഇപ്പോഴും രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങൾക്കും അപ്രാപ്യമാണ്. ഈ വസ്തുത നിലനിൽക്കെയാണ്, കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ ലോക്ഡൗണിന്റെ ഭാഗമായി ആശുപത്രികളും തുടക്കത്തിൽ അടച്ചിട്ടത്. അതിന്റെ പ്രത്യാഘാതം, രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ ഏതാനും ദിവസങ്ങൾക്കുമുമ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

കോവിഡിന്റെ തുടക്കത്തിൽ ചികിത്സ കിട്ടാതെ രാജ്യത്ത് 37 ലക്ഷം പേർ മരിച്ചത്രെ. ഔദ്യോഗിക കണക്ക് ഇതാണെങ്കിൽ, യഥാർഥ സംഖ്യ എത്രയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മഹാമാരി മൂലമുണ്ടായ സാമ്പത്തിക ഞെരുക്കത്തിന്റെയും ഭക്ഷ്യക്ഷാമത്തിന്റെയും തൊഴിലില്ലായ്മയുടെയുമെല്ലാം പ്രശ്നങ്ങൾ ഇതിനകം ചർച്ചയായതാണ്. സ്വതവേ, സാമ്പത്തിക പ്രതിസന്ധിയിലും തൊഴിലില്ലായ്മയിലും ഉഴലുകയായിരുന്ന രാജ്യം കോവിഡ്കാലത്തോടെ അനിശ്ചിതത്വത്തിന്റെ മറ്റൊരു പടുകുഴിയിലേക്ക് നിപതിക്കുകയായിരുന്നു. ആളുകൾ ഭക്ഷണം രണ്ട് സമയത്തേക്ക് ചുരുക്കിയതിന്റെയും റിപ്പോർട്ടുകൾ ഇക്കാലത്ത് പുറത്തുവന്നു. ദുരിതപർവങ്ങളുടെ അക്കൂട്ടത്തിലേക്കാണ്, കോവിഡ് കാലത്ത് രാജ്യമൊരു ശവപ്പറമ്പായിരുന്നുവെന്ന മറ്റൊരു സത്യം ലോകാരോഗ്യ സംഘടന വിളിച്ചുപറഞ്ഞിരിക്കുന്നത്. പതിവുപോലെ, ഈ സത്യത്തെയും അസത്യങ്ങളുടെയും അർധസത്യങ്ങളുടെയും ചേരുവയിൽ പൂഴ്ത്തിവെക്കാനാണ് ഭരണകൂടത്തിന് താൽപര്യം. അതുകൊണ്ടാണ്, മറ്റെല്ലാ അംഗരാജ്യങ്ങളും വിമർശനബുദ്ധ്യാ അംഗീകരിച്ചിട്ടും ഇന്ത്യ മാത്രം ഡബ്ല്യു.എച്ച്.ഒ റിപ്പോർട്ടിനോട് മുഖം തിരിച്ചുനിൽക്കുന്നത്. ഈ 'കണ്ണാടി തല്ലിപ്പൊട്ടിക്കൽ നയം' അപഹാസ്യമെന്നേ പറയാനുള്ളൂ.

Show Full Article
TAGS:Madhyamam Editorial WHO COVID 19 Covid Death 
News Summary - Covid Death editorial 5-7
Next Story