വൈ​കി​യെ​ങ്കി​ലും പ്ര​തീ​ക്ഷ കൈ​മാ​റു​ന്ന കോ​ട​തി​വി​ധി

07:43 AM
21/04/2017

ആകാശം ഇടിഞ്ഞുപൊളിഞ്ഞുവീണാലും ശരി നീതി നടപ്പാക്കുകതന്നെ വേണമെന്ന് സുപ്രീംകോടതിയിൽനിന്ന് കഴിഞ്ഞ ദിവസം നാം കേട്ടത്, കാൽനൂറ്റാണ്ട് മുമ്പ് ബാബരി മസ്ജിദ് തകർത്ത സംഭവത്തിൽ ഗൂഢാലോചന നടത്തിയ സൂത്രധാരകരെ നിയമത്തിെൻറ മുന്നിൽ കൊണ്ടുവന്ന് വിചാരണക്ക് വിധേയമാക്കേണ്ടതിെൻറ അനിവാര്യത ഓർമിപ്പിച്ചപ്പോഴാണ്. നിയമവാഴ്ചയിലും നീതിന്യായവ്യവസ്ഥയിലും വിശ്വസിക്കുന്നവരെ ആഹ്ലാദിപ്പിക്കുന്ന നിമിഷമാണിത്. അതുപോലെ, മതേതരത്വം എന്നത് കാലഹരണപ്പെട്ട പദമായി മാറിക്കഴിഞ്ഞ മോദിയും യോഗിയും വാഴുന്ന കെട്ടകാലത്ത്, ബാബരി മസ്ജിദ് ധ്വംസനം മതേതരത്വത്തിെൻറ അടിത്തറ ഇളക്കിയിട്ട മഹാപാതകമായി സുപ്രീംകോടതി നിരീക്ഷിച്ചത്, ഭരിക്കുന്നവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രമല്ല, ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളുടെ ഈടുവെപ്പുകളാണ് രാജ്യത്തിെൻറ അടിസ്ഥാന തത്ത്വസംഹിതയെന്ന് സമർഥിക്കാൻ പര്യാപ്തമാണ്.1992 ഡിസംബർ ആറിനു ജനാധിപത്യസ്ഥാപനങ്ങളെ മുഴുവൻ മൂകസാക്ഷിയാക്കി നിർത്തി, പട്ടാപ്പകൽ സുരക്ഷാസേനയുടെ കൺമുന്നിൽവെച്ച് 465 വർഷം പഴക്കമുള്ള ഒരാരാധനാലയം തകർത്തെറിഞ്ഞ അത്യാഹിതത്തിൽ പങ്കെടുത്തവരാരും ഇതുവരെ ശിക്ഷിക്കപ്പെടാതെ പോയതിലെ, ധർമരോഷം പ്രതിഫലിപ്പിക്കുന്നതാണ് ജസ്റ്റിസുമാരായ പി.സി. ഘോഷ്, റോഹിങ്ടൺ നരിമാൻ എന്നിവരങ്ങുന്ന ബെഞ്ചിെൻറ സുപ്രധാന വിധി.

വിധി അനുസരിച്ച് സംഘ്പരിവാറിലെ തലമുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, വിനയ് കത്യാർ, സാധ്വി ഋതംഭര എന്നിവരുൾപ്പെടെ 15 പേർ ഗൂഢാലോചനക്കുറ്റത്തിന് വിചാരണ നേരിടേണ്ടിയിരിക്കുന്നു. നിസ്സാരമായ സാങ്കേതിക കാരണം പറഞ്ഞ്, അദ്വാനിക്കും മറ്റുമെതിരെ കേസ് നിലനിൽക്കില്ല എന്നു കാണിച്ച് റായ്ബറേലി സ്പെഷൽ കോടതിയുടെയും അലഹബാദ് ഹൈകോടതിയുടെയും വിധികളാണ് സുപ്രീംകോടതി ഇപ്പോൾ തിരുത്തിയിരിക്കുന്നത്. കേസ് നിലനിൽക്കുമെന്ന് മാത്രമല്ല, ഈ വിഷയത്തിൽ സി.ബി.ഐയും യു.പി സർക്കാറുമൊക്കെ വിവിധ ഘട്ടത്തിൽ കളിച്ച വൃത്തികെട്ട കളി തൊട്ടുകാണിക്കാൻ പരമോന്നത നീതിപീഠം മുന്നോട്ടുവന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കിരാതമായ ഒരു ചെയ്തിയിലേർപ്പെട്ട വമ്പന്മാർ ഒരുനിലക്കും ശിക്ഷിക്കപ്പെടാൻ പാടില്ല എന്ന ദുശ്ശാഠ്യത്തോടെ മുന്നോട്ടുവെച്ച വാദങ്ങളെ ഖണ്ഡിച്ച സുപ്രീംകോടതി, ബാബരി തകർത്തതുമായി ബന്ധപ്പെട്ട് ലഖ്നോ കോടതിയിലുള്ള കേസും റായ്ബറേലിയിലെ കേസും സംയോജിപ്പിച്ച്, സമയബന്ധിതമായി വിചാരണ നടത്താനാണ് നിർദേശിച്ചിരിക്കുന്നത്. രണ്ടു വർഷംകൊണ്ട് കേസ് പൂർത്തിയാക്കണമെന്നും ഇതിനിടയിൽ ജഡ്ജിമാരെ സ്ഥലംമാറ്റരുതെന്നുമെല്ലാം ആജ്ഞാപിച്ചിരിക്കുന്നത് തൽപരകക്ഷികൾ കേസ് നീട്ടിക്കൊണ്ടുപോകാനും അട്ടിമറിക്കാനുമുള്ള സാധ്യത മുന്നിൽകണ്ടായിരിക്കണം.

സുപ്രീംകോടതി വിധിയെ മതേതര പാർട്ടികളും മുസ്ലിം സംഘടനകളും സ്വാഭാവികമായും സ്വാഗതം ചെയ്യുമ്പോൾ ബി.ജെ.പിയിൽനിന്ന് ഔപചാരിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. അതേസമയം, വീണ്ടും വിചാരണ നേരിടാൻ പോകുന്ന കേന്ദ്രമന്ത്രിസഭാംഗമായ ഉമാഭാരതി രാജിവെക്കണമെന്ന പ്രതിപക്ഷത്തിെൻറ ആവശ്യത്തോട് ഉമയും സർക്കാറും ധിക്കാരപരമായ മറുപടിയാണ് നൽകുന്നത്. രാമജന്മഭൂമി പ്രക്ഷോഭത്തിൽ ഭാഗഭാക്കായതിൽ അഭിമാനംകൊള്ളുകയാണെന്നും താൻ രാജിവെക്കില്ലെന്നുമാണ് ഉമാഭാരതിയുടെ നിലപാട്. കോടതിവിധിയോടെ പുതിയ സാഹചര്യമൊന്നും ഉരുത്തിരിഞ്ഞുവന്നിട്ടില്ലെന്നും ചാർജ് ഷീറ്റ് കിട്ടിയതുകൊണ്ട് മന്ത്രിമാരെ മാറ്റാൻ തുടങ്ങിയാൽ ഒരൊറ്റ കോൺഗ്രസ് മുഖ്യമന്ത്രിമാരും കസേരയിലുണ്ടാവില്ല എന്നും പറഞ്ഞ് കേന്ദ്ര ധനമന്ത്രി അരുൺ െജയ്റ്റ്ലി വിഷയത്തെ ലഘൂകരിച്ചുകാണാൻ ശ്രമിക്കുകയാണ്. പക്ഷേ, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരം നുണയുന്ന ബി.ജെ.പി നേതാക്കൾ മനസ്സിലാക്കേണ്ട ഒരു വസ്തുത, കാവിരാഷ്ട്രീയം ജനകീയാടിത്തറ വിപുലപ്പെടുത്തിയതും അധികാരം പിടിച്ചെടുത്തതും രാമക്ഷേത്രപ്രക്ഷോഭത്തിലൂടെ വളർത്തിക്കൊണ്ടുവന്ന വർഗീയരാഷ്ട്രീയത്തിെൻറ തിണ്ണബലത്തിലാണ്. അദ്വാനിയും ജോഷിയുമെല്ലാം ഇന്നലെ വിതച്ചതാണ് മോദിയും കൂട്ടരും ഇന്ന് കൊയ്യുന്നത്.

ബാബരിപ്പള്ളി തകർത്ത് തൽസ്ഥാനത്ത് രാമക്ഷേത്രം പണിയുമെന്ന ഭീഷണി മുഴക്കി എൽ.കെ. അദ്വാനി നടത്തിയ രഥയാത്ര  ഇന്ത്യൻ രാഷ്ട്രീയത്തിൽ രക്തപങ്കിലമായ ഭീകരചരിത്രം എഴുതിച്ചേർത്തു. അദ്വാനിയും അശോക് സിംഗാളും വിനയ്് കത്യാറുമൊക്കെ തുറന്നുവിട്ട വർഗീയഫാഷിസമാണ് 1992 ഡിസംബർ ആറിനു സരയൂനദിക്കരയിലെ പുരാതനമായ മസ്ജിദ് ധൂമപടലങ്ങളാക്കി മാറ്റുന്നതിനും തൽസ്ഥാനത്ത് താൽക്കാലിക ക്ഷേത്രം  പണിയുന്നതിനും നിദാനമാകുന്നത്. സുപ്രീംകോടതിയുടെ വ്യക്തമായ ശാസന കാറ്റിൽപറത്തി, നിയമം കൈയിലെടുത്ത ഈ കാട്ടാളത്തത്തിനു പിന്നിൽ പ്രവർത്തിച്ചവരെ  എന്നെങ്കിലുമൊരിക്കൽ നിയമത്തിെൻറ മുന്നിൽ കൊണ്ടുവന്നില്ലെങ്കിൽ, അതിനർഥം ഇവിടെ നിയമവാഴ്ച എന്ന ഒന്നില്ലെന്നും ആർക്കുവേണമെങ്കിലും എന്തുമാവാം എന്നതുമായിരിക്കും. അങ്ങനെയല്ല എന്ന് സമർഥിക്കാനാണ് ജീവിതസായാഹ്നത്തിൽ എല്ലാവരാലും തൃണവൽഗണിക്കപ്പെട്ട് കഴിയുന്ന അദ്വാനിയെയും ജോഷിയെയുമൊക്കെ വിചാരണ ചെയ്യണമെന്ന് പരമോന്നത നീതിപീഠം കൽപിക്കുന്നത്. ശേഷിക്കുന്ന കാലം രാഷ്ട്രപതിഭവനിലോ മറ്റേതെങ്കിലും സർക്കാർ ലാവണത്തിലോ സ്വസ്ഥമായി ചെലവഴിക്കാമെന്ന് കിനാവുകാണുന്ന അദ്വാനിക്കും മറ്റും അതുകൊണ്ടുതന്നെ ഇപ്പോഴത്തെ വിധി കനത്ത പ്രഹരമായിരിക്കാം. കേവലം ആർ.എസ്.എസ് പ്രചാരകന്മാരായി നടന്നവരുടെ കൈകളിലേക്ക് അധികാരം കൊണ്ടെത്തിച്ച വിനാശകരമായ ഒരു രാഷ്ട്രീയപരീക്ഷണത്തിെൻറ മുൻനിര നേതാക്കളെ നിയമം മൃദുലമായെങ്കിലും സ്പർശിക്കുമ്പോൾ പാപപങ്കിലമായ പൊതുജീവിതം നയിച്ച എല്ലാവരുടെയും ഗതി ഇതുതന്നെയായിരിക്കുമെന്ന് ഒരുവട്ടം ഓർക്കുന്നത് നന്നായിരിക്കും.

COMMENTS