ബംഗാൾ വോട്ടർപട്ടികയിലെ അട്ടിമറി
text_fieldsനുഴഞ്ഞുകയറ്റക്കാരുടെ പേര് മാത്രമേ എസ്.ഐ.ആർ വഴി മാറ്റിയിട്ടുള്ളൂവെന്നും ബി.ജെ.പി അധികാരത്തിലെത്തിയാൽ അവരെ സംസ്ഥാനത്തുനിന്നുതന്നെ പുറത്താക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തുറന്ന് പ്രഖ്യാപിച്ചതോടെ തീവ്രഹിന്ദുത്വ സർക്കാറിന്റെ ഉള്ളിലിരിപ്പ് സംശയാതീതമായി അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു. പശ്ചിമബംഗാളിലെ മഥുരാപൂരിൽ ബി.ജെ.പിയുടെ പരിവർത്തൻ യാത്ര ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽനിന്ന് ഭരണം പിടിച്ചെടുക്കുകയാണ് ബി.ജെ.പിയുടെ പ്രഥമ ലക്ഷ്യമെങ്കിൽ അസം, ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിലുണ്ടെന്ന് അവർ ആരോപിക്കുന്ന മുസ്ലിം ന്യൂനപക്ഷക്കാരായ ‘നുഴഞ്ഞുകയറ്റക്കാരെ’ കൂട്ടത്തോടെ രാജ്യഭൃഷ്ടരാക്കുകയാണ് രണ്ടാംഘട്ടമെന്ന് ആഭ്യന്തര മന്ത്രിയുടെ ആക്രോശം വ്യക്തമാക്കുന്നു.
നിർണായകമായ മുസ്ലിം വോട്ടുകൾ വഴിയാണ് മൂന്ന് പതിറ്റാണ്ടിലധികം കാലം സി.പി.എം നയിക്കുന്ന ഇടതുമുന്നണി പശ്ചിമബംഗാളിൽ ഭരിച്ചതെന്ന സത്യം അനിഷേധ്യമാണ്. തുടർന്ന് മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ഭരണം പിടിച്ചതും ഇടതുഭരണത്തിൽ നിരാശരായ ന്യൂനപക്ഷത്തിന്റെ സംഘടിത പിന്തുണയോടെയാണ്. 2011 മുതൽ ആരംഭിച്ച ഭരണത്തിന്റെ നാലാം ഊഴം സംബന്ധിച്ച മമതയുടെ പ്രതീക്ഷയും പ്രസ്തുത വോട്ടുബാങ്കിനെത്തന്നെ മുഖ്യമായി ആശ്രയിച്ചിരിക്കുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും ബി.ജെ.പിയും ചേർന്ന് ആസൂത്രണം ചെയ്താണ് വോട്ടർമാരെ വെട്ടിമാറ്റിയതെന്ന മമതയുടെ ആരോപണം ശരിവെക്കുന്നതാണ് അമിത്ഷായുടെ ഉപര്യുക്ത പ്രസ്താവന.
ഈ അട്ടിമറിക്കെതിരെ സുപ്രീംകോടതിയിൽ ഹാജരായി തന്റെ ന്യായവാദങ്ങൾ നാടകീയമായി അവതരിപ്പിച്ച മമതാ ബാനർജിയുടെ നീക്കത്തിന്റെ കൂടി ഫലമായിട്ടാവണം പരമോന്നത കോടതി വോട്ടർപട്ടികയുടെ തീവ്രപരിശോധനക്ക് മേൽനോട്ടം വഹിക്കാൻ ഒരുന്നത ജുഡീഷ്യൽസംഘത്തെ നിയോഗിച്ചത്. പക്ഷേ, ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നടന്ന പരിശോധനക്കുശേഷവും പുറത്തുവന്ന വോട്ടർപട്ടികയിൽ 63.66 ലക്ഷം സമ്മതിദായകരാണ് ഒഴിവാക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ മൊത്തം വോട്ടർമാരിൽ 8.3 ശതമാനമാണിത്. നിലവിലെ ആകെ വോട്ടർമാർ 7.04 കോടിയിലധികം വരും. 7.66 കോടിയിൽനിന്നാണ് ഇത്രയും ഭീമമായ സംഖ്യ പുറന്തള്ളപ്പെട്ടിരിക്കുന്നത്. പേരിനുനേരെ ‘അഡ്ജുഡിക്കേഷൻ’ എന്ന് പട്ടികയിൽ രേഖപ്പെട്ടവർക്ക് തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനാവില്ല.
ഏറെ ആസൂത്രിതവും ഏകപക്ഷീയവുമായ ഇത്തരമൊരു ആത്യന്തിക നടപടിക്ക് ഇലക്ഷൻ കമീഷൻ ധൃഷ്ടരായത് എന്തുകൊണ്ട് എന്നാലോചിച്ച് തലപുകക്കേണ്ടതില്ല. ഇതിനെല്ലാം വേണ്ടിയാണ് നിലവിലെ ഇലക്ഷൻ കമീഷൻ നിലകൊള്ളുന്നതുതന്നെ. ഭരണകക്ഷിയുടെ സഖ്യകക്ഷി പോലൊരു കമീഷനെത്തന്നെ ജനാധിപത്യത്തിന്റെ ആധാരശിലയായ പൊതുതെരഞ്ഞെടുപ്പ് പ്രക്രിയയുടെ നിർവഹണത്തിന് നിയോഗിക്കാൻ ആവശ്യമായ നിയമഭേദഗതികൾ സർക്കാർ ആദ്യമേ കൊണ്ടുവന്നിരുന്നു. കോടതികളിൽ ചോദ്യംചെയ്യപ്പെടാനാവാത്ത അനിഷേധ്യാധികാരം കമീഷന് ഉറപ്പാക്കുകയും ചെയ്തിരുന്നു. സുപ്രീംകോടതിയുടെ ഇടപെടൽ പോലും ലക്ഷങ്ങളുടെ സമ്മതിദാനാവകാശ നിഷേധത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധ്യതയില്ലാത്ത സ്ഥിതിവിശേഷം ഇപ്രകാരം രൂപപ്പെട്ടതാണ്.
പശ്ചിമബംഗാളിലെ മുസ്ലിം ന്യൂനപക്ഷവോട്ടുകൾ നിർണായകമായ മാൽഡ, മുർഷിദാബാദ്, 24 പർഗാനാസ് തുടങ്ങിയ ജില്ലകളിലാണ് എസ്.ഐ.ആർ പ്രക്രിയ ഏറ്റവും ദ്രോഹകരമായി ബാധിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. പശ്ചിമബംഗാളിലെ മുസ്ലിം ജനസംഖ്യയിൽ വലിയൊരു വിഭാഗം ബംഗ്ലാദേശിൽനിന്നുള്ള നുഴഞ്ഞുകയറ്റക്കാരാണെന്ന ഹിന്ദുത്വ മുറവിളി നേരത്തേ തുടങ്ങിയതാണ്. 1971ലെ ബംഗ്ലാദേശ് പിറവിക്കായുള്ള യുദ്ധവേളയിൽ ലക്ഷക്കണക്കിന് കിഴക്കൻ പാകിസ്താൻകാർ ഇന്ത്യൻ മിലിറ്ററിയുടെ സമ്മതത്തോടെ ഇന്ത്യയിലേക്ക് അഭയാർഥികളായി പ്രവഹിച്ചിരുന്നു എന്നത് സത്യമാണ്. എന്നാൽ, അവരിൽ ഗണ്യമായ വിഭാഗം ഹിന്ദുക്കളായിരുന്നു. ഇന്ത്യയിൽ സ്ഥിരവാസം തുടങ്ങിയ ഹിന്ദുക്കളുടെ വോട്ടവകാശം നിഷേധിക്കാനോ അവരെ രാജ്യഭ്രഷ്ടരാക്കാനോ ബി.ജെ.പി സർക്കാറിന് ഉദ്ദേശ്യമില്ല. അവരതിന് തയാറുമല്ല. അതേയവസരത്തിൽ മുസ്ലിംകളെ തിരിച്ചയക്കണമെന്നതാണ് ശാഠ്യം. ബംഗ്ലാദേശാവട്ടെ, അവരെ ഏറ്റെടുക്കാൻ സന്നദ്ധവുമല്ല. മതിയായ തെളിവുകളുടെ വെളിച്ചത്തിലല്ല ഈ പുറത്താക്കൽ നടപടി എന്നുമോർക്കണം.
ബംഗാളി സംസാരിക്കുന്ന മുസ്ലിംകളെല്ലാം ബംഗ്ലാദേശുകാർ എന്ന തീർത്തും വിവേചനപരവും അന്യായവുമായ വിധിതീർപ്പാണ് അസമിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയുടെ മനുഷ്യത്വരഹിതമായ മനുഷ്യവേട്ടയുടെ പിന്നിൽ. അതൊരു ഭാഗത്ത് തകൃതിയായി തുടരവെത്തന്നെയാണ് പശ്ചിമബംഗാളിലും അതേ പ്രക്രിയ നിർദാക്ഷിണ്യം നടപ്പാക്കാൻ പോവുന്നത്. മമതാ ബാനർജിയുടെ ഒറ്റയാൾ പോരാട്ടം ഹിന്ദുത്വഭീകരതയെ പരാജയപ്പെടുത്തുന്നതിൽ എത്രത്തോളം ഫലവത്താകുമെന്ന് കണ്ടറിയണം. നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂലിന്റെ പ്രതിയോഗികളായ കോൺഗ്രസും സി.പി.എമ്മും വോട്ടർപട്ടികയിലെ കൂട്ട പുറന്തള്ളലിനെതിരെ മമതയോട് എത്രത്തോളം സഹകരിക്കുമെന്നതും പ്രശ്നമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
