കോൺഗ്രസ് നന്നായാൽ
text_fieldsരാജ്യമോ പാർട്ടിയോ ആദ്യം എന്ന ചോദ്യത്തിനു മറുപടിയായി രാജ്യത്തിനു മുന്തിയ പരിഗണന നൽകാനുള്ള ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രവർത്തകസമിതിയുടെ തീരുമാനം സംഘടനയുടെ രാഷ്ട്രീയ പ്രത്യുൽപന്നമതിത്വവും ദീർഘവീക്ഷണവും തെളിയിക്കുന്നതായി. 2019ലെ പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ശിഥിലമായിപ്പോയ പാർട്ടിയെ പുനഃസംവിധാനിക്കുകയോ, രാജ്യത്തെ ശിഥിലീകരണത്തിലേക്ക് നയിക്കുന്ന നരേന്ദ്ര മോദി ഗവൺമെൻറിനെ പുറത്താക്കുകയോ വേണ്ടത് എന്ന വിഷയമാണ് രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനായ ശേഷം ചേർന്ന ആദ്യ പ്രവർത്തകസമിതി വിലയിരുത്തിയത്. കേന്ദ്രഭരണത്തിനു കീഴിൽ രാജ്യം അഭിമുഖീകരിക്കുന്ന വൻ പ്രതിസന്ധി മറികടന്ന്, ഇന്ത്യ എന്ന രാഷ്ട്രസംവിധാനത്തിെൻറ രക്ഷക്ക് ‘രണ്ടാം സ്വാതന്ത്ര്യസമര’ത്തിന് ഇറങ്ങിത്തിരിക്കേണ്ടതുണ്ടെന്നാണ് സമിതി വിലയിരുത്തിയത്. അതിന് ബി.െജ.പിക്കു പുറത്തുള്ള വിവിധ ദേശീയ, പ്രാദേശികകക്ഷികളുമായി തക്കസമയവും സാഹചര്യവും നോക്കിയുള്ള സഖ്യത്തിനും തെരഞ്ഞെടുപ്പ് നീക്കുപോക്കിനും പാർട്ടി അധ്യക്ഷനെ ചുമതലപ്പെടുത്തിയിരിക്കുന്നു. അടുത്ത പാർലമെൻറ് തെരഞ്ഞെടുപ്പിൽ ‘ഹിന്ദുത്വരാഷ്ട്ര’ പ്രഖ്യാപനം നടത്തി മുന്നോട്ടുപോകുന്ന ബി.ജെ.പി മുന്നണിയെ അധികാരത്തിൽനിന്ന് ഇറക്കി, മതേതര കക്ഷികളുടെ ഗവൺമെൻറ് രൂപവത്കരിക്കാനുള്ള വിശാലസഖ്യമാണ് കോൺഗ്രസ് മുന്നിൽ കാണുന്നത്.
ബി.ജെ.പിയുടെ പരവിദ്വേഷത്തിെൻറ രാഷ്ട്രീയം ആൾക്കൂട്ടക്കൊലകളും ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ കൊലവിളികളുമായി രാജ്യത്തെ മനുഷ്യത്വമുള്ള സകലരെയും ഭീതിയിലാഴ്ത്തിയ സന്ദർഭത്തിൽ വിവേകത്തിെൻറ വഴി തെരഞ്ഞെടുക്കാനുള്ള കോൺഗ്രസിെൻറ തീരുമാനം സ്വാഗതാർഹമാണ്. ജാതിയുടെയും മതത്തിെൻറയും പേരിൽ ജനത്തെ പരസ്പരം കഴുത്തറുക്കാനും ആട്ടിപ്പായിക്കാനും പ്രേരിപ്പിക്കുന്ന വംശവെറിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ സകലരെയും ഉൾക്കൊള്ളുന്ന സൗഹാർദത്തിെൻറ സർഗാത്മക രാഷ്ട്രീയമാണ് തങ്ങൾ ഉയർത്തിപ്പിടിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പാർലമെൻറിൽ പ്രഖ്യാപിച്ചത് ശ്രദ്ധേയമായിരുന്നു. ഹിന്ദുത്വ വംശീയതയെ ഉയർത്തിപ്പിടിക്കുകയും ആ ഏകശില സംസ്കാരത്തിനപ്പുറമുള്ളവരെ മുഴുവൻ അന്യവത്കരിച്ച് അവർക്കെതിരെ പാമരജനതയെ ഇളക്കിവിടുകയും ചെയ്യുന്ന ബി.ജെ.പിയിൽനിന്നു തീർത്തും വ്യത്യസ്തമായി സകലരെയും ഉൾക്കൊള്ളുന്ന സഹവർത്തിത്വത്തിെൻറ സംസ്കാരമാണ് കോൺഗ്രസ് കാഴ്ചവെക്കുന്നത് എന്നാണ് രാഹുൽ ഗാന്ധി പ്രസ്താവിച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സഭയിൽ ആലിംഗനം ചെയ്ത് പരസ്യമായി പ്രകടിപ്പിച്ചതും. ബി.ജെ.പിയുടെയും അതിെൻറ നേതൃത്വത്തിെൻറയും വല്യേട്ടൻ മനോഭാവത്തിൽ മനം മടുത്തവർ പാർട്ടിയിലും എൻ.ഡി.എയിലുമുണ്ടെന്നും അവരെക്കൂടി ഏകോപിപ്പിച്ചുകൊണ്ടായിരിക്കും മുന്നോട്ടുപോകുകയെന്നും രാഹുൽ അവിശ്വാസപ്രമേയ ചർച്ചക്കിടെ വ്യക്തമാക്കിയിരുന്നു.
തീരെ ശോഷിച്ചുപോയെങ്കിലും ഇന്ത്യയിൽ രാജ്യവ്യാപക സാന്നിധ്യമുള്ള സംഘടനയാണ് കോൺഗ്രസ്. അതിനാൽ, ബി.ജെ.പിയുടെ പ്രതിലോമരാഷ്ട്രീയത്തിെനതിരെ ശക്തമായ ബദലാകാൻ കോൺഗ്രസിന് ഇനിയും ബാല്യമുണ്ട്. സ്വന്തം ബലക്ഷയങ്ങളെ സംബന്ധിച്ചും നാടോടുന്ന അവസ്ഥയെക്കുറിച്ചും യഥാതഥമായ ബോധ്യം ഉണ്ടായിരിക്കണമെന്നു മാത്രം. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിലും പിന്നീട് ലോക്സഭയിലേക്കും നിയമസഭകളിലേക്കും നടന്ന ചില തെരഞ്ഞെടുപ്പിലുമൊക്കെ രാജ്യത്തിനും പാർട്ടിക്കും സംഭവിച്ച മാറ്റങ്ങൾ തിരിച്ചറിയാൻ കഴിയാതെ പോയതിനാൽ സഖ്യങ്ങൾ രൂപംകൊടുക്കുന്നതിലും മറ്റും മതിയായ ഒൗചിത്യബോധം കാത്തുസൂക്ഷിക്കാൻ കോൺഗ്രസിനായില്ല. ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടുന്നതെങ്ങനെ എന്ന മട്ടിൽ, ശക്തി ക്ഷയിച്ചിട്ടും ഇമ്മിണി ബല്യ ഒന്നെന്ന നാട്യം വിടാതിരുന്നത് കോൺഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യം നിറവേറ്റാൻ ബി.ജെ.പിയെ സഹായിച്ചിട്ടുണ്ട്.
രാഹുൽ ഗാന്ധി നേതാവും അധ്യക്ഷനുമായ നേതൃമാറ്റത്തോടെ ചിന്തയിലും സമീപനത്തിലും സ്വപ്നത്തിലും കൂടി തലമുറമാറ്റം വരുന്നതിെൻറ സൂചനകളാണ് കോൺഗ്രസിൽ കാണുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 44 സീറ്റിലേക്ക് ഒതുങ്ങിയെന്നു കരുതി കോൺഗ്രസ് സാന്നിധ്യം ചുരുങ്ങിയെന്നു കരുതേണ്ടെന്നു പറയുേമ്പാൾതന്നെ ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള തീവ്രയത്നത്തിൽ സമാന ചിന്താഗതിക്കാരുമായി കൊണ്ടും കൊടുത്തും ഒന്നിച്ചു നീങ്ങിയാലേ സാധ്യമാകൂ എന്ന് കോൺഗ്രസ് തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന് പാർട്ടി വക്താവുതന്നെ സമ്മതിക്കുന്നുണ്ട്. തദടിസ്ഥാനത്തിലുള്ള സഖ്യനീക്കങ്ങൾക്ക് പാർട്ടി ശ്രമമാരംഭിച്ചു കഴിഞ്ഞു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിനായി ബി.എസ്.പി, സമാജ്വാദി പാർട്ടി എന്നിവരുമായി ചർച്ച തുടങ്ങാനിരിക്കുകയാണ്. അതിനുശേഷം വിശാലസഖ്യത്തിനു നീങ്ങാനാണ് പരിപാടി.
മഹാരാഷ്ട്രയിൽ ശരദ് പവാറിെൻറ എൻ.സി.പി, ബിഹാറിൽ ലാലുപ്രസാദ് യാദവിെൻറ ആർ.ജെ.ഡി, കർണാടകയിൽ ദേവഗൗഡയുടെ ജെ.ഡി.എസ്, തമിഴ്നാട്ടിൽ ഡി.എം.കെ എന്നിവരുമായുള്ള സഖ്യസാധ്യത തെളിഞ്ഞുതന്നെയാണ്. പശ്ചിമ ബംഗാളും ഉത്തർപ്രദേശുമാണ് അനിശ്ചിതത്വമുണ്ടാക്കുന്നത്. ബംഗാളിൽ മമത മുന്നണിനേതാവായി രാഹുലിനെ സമ്മതം മൂളിയിട്ടില്ല. എന്നാൽ, അവിടെയും പ്രതീക്ഷയോടെ, വലിയ ലക്ഷ്യത്തിനുവേണ്ടി വിട്ടുവീഴ്ച എന്ന കർണാടക പരീക്ഷണത്തിൽനിന്നു പാഠമുൾക്കൊണ്ട് മുന്നോട്ടുപോകാനാണ് തീരുമാനം. വൻകിട സ്വകാര്യ കുത്തകകളെയും മാധ്യമ കോർപേററ്റുകളെയും പാട്ടിലാക്കി നേരന്ദ്ര മോദിയും പാർട്ടിയും പടർത്താൻ ശ്രമിക്കുന്ന ധ്രുവീകരണത്തിെൻറയും ശൈഥില്യത്തിെൻറയും വിധ്വംസക രാഷ്ട്രീയം രാജ്യത്ത് പിടിമുറുക്കുേമ്പാഴും അതിനെതിരെ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ മഹാഭൂരിപക്ഷം രാജ്യത്തുണ്ട്. അവരെ വിശ്വാസത്തിലെടുക്കാൻ തയാറുണ്ടെന്ന സൂചനയാണ് കോൺഗ്രസ് ഇപ്പോൾ നൽകുന്നത്. ഇത് പ്രയോഗവത്കരിക്കാനായാൽ അവർ മാത്രമല്ല, രാജ്യവും നിരാശപ്പെടേണ്ടി വരില്ല. അഥവാ, കോൺഗ്രസ് നന്നായാൽ നാടു നന്നായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
