Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഉദിച്ചത്...

ഉദിച്ചത് ആത്മാഭിമാനത്തിന്റെ തിങ്കൾ

text_fields
bookmark_border
ഉദിച്ചത് ആത്മാഭിമാനത്തിന്റെ തിങ്കൾ
cancel

ളിയെ പ്രാണവായുപോലെ കരുതുന്ന നാട്ടിൽ വനിത ക്രിക്കറ്റിന്റെ റോൾ കേവലം ആലങ്കാരികം മാത്രമായിരുന്നു, ഇക്കഴിഞ്ഞ അർധരാത്രിവരെ. ഞായർ തിങ്കളിലേക്ക് മാറുന്ന ആ വിനാഴികയിലാണ്, ചരിത്രം പൊടുന്നനെ ഗതിമാറി സഞ്ചരിച്ചത്. ദീപ്തി ശർമയുടെ കൈയിൽനിന്ന് 45ാം ഓവറിലെ മൂന്നാംപന്ത് ബാറ്റിങ് എൻഡിലേക്കെത്തുമ്പോൾ സമയസൂചികകളിൽ രാത്രി 12 മണി. ഓഫ്സ്റ്റംപിന് പുറത്തുകൂടെ ഫുൾടോസ് രൂപത്തിലെത്തിയ പന്തിനെ അതിർവര കടത്താൻ നാദിൻ ഡി ക്ലാർക്കിന്റെ ശ്രമം. എക്സ്ട്രാ കവറിലൂടെ ബൗണ്ടറിയിലേക്കെന്ന് തോന്നിച്ച നിമിഷത്തിൽ തന്റെ തലക്കുമുകളിലൂടെ പറക്കുന്ന പന്തിനെ ഹർമൻപ്രീത് കൗർ പിന്നോട്ടോടി പിടിച്ചെടുക്കുന്നു.

നവി മുംബൈയിലെ ഡി.​വൈ. പാട്ടീൽ സ്റ്റേഡിയത്തിലെ കൃത്രിമ വിളക്കുകൾക്ക് കീഴെ ആത്മാഭിമാനത്തിന്റെയും അർപ്പണബോധത്തിന്റെയും പുതിയ തിങ്കളുദിക്കുകയായിരുന്നു. കാത്തിരിപ്പിന്റെ അരനൂറ്റാണ്ട് പിന്നിട്ട്, കരളുറപ്പിന്റെ ക്രീസിൽ അവരുടെ വിജയനൃത്തം. ക്രിക്കറ്റ് ലോകകപ്പ് എന്ന അതുല്യനേട്ടത്തിലേക്ക് നമ്മുടെ വനിതകൾ കയറിയെത്തിയ വഴികൾ ആവേശവും അഭിമാനവും തുളുമ്പുന്നതാണ്. സർവോപരി, നിരവധി തലമുറകൾക്ക് പ്രചോദനവും പ്രോത്സാഹനവും പകരുന്നതും. ഇതൊരു വിജയം മാത്രമല്ല, സ്വാതന്ത്ര്യ ​പ്രഖ്യാപനം കൂടിയാണ്. ‘വനിതാ ടീമല്ലേ’ എന്ന് കേട്ടുപഴകിയ പുച്ഛഭാവങ്ങൾക്ക് ഇനി ഇടമില്ല. പരാജിത മേൽവിലാസങ്ങളിൽനിന്ന് നമ്മുടെ അഭിമാനസംഘം വിശ്വജേതാക്കളുടെ പുതിയ മേലങ്കി എടുത്തണിയുകയാണ്. 1983ൽ കപിൽദേവും കൂട്ടരും നേടിയ വിശ്വകിരീടത്തിന്റെ ഗരിമ തുല്യതാബോധത്തിന്റെ ഈ പുൽത്തകിടിയിൽ ഹർമൻപ്രീത് കൗറിനും കൂട്ടാളികൾക്കുംമേൽ ചൊരിയപ്പെടുന്നുവെന്നതും ശുഭകാഴ്ചയാണ്.

വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളിൽനിന്ന് വന്ന് ഒത്തുചേർന്നവരായിരുന്നു അവർ. പച്ചക്കറി വിൽപനക്കാരന്റെയും മരപ്പണിക്കാരന്റെയും മക്കൾ ഈ പതിനാറംഗ സംഘത്തിലുണ്ട്. പതിനേഴംഗ ടീമിലെ പത്തുപേരും ലോകകപ്പ് എന്ന പരമോന്നത വേദിയിൽ ആദ്യമായി അങ്കത്തിനിറങ്ങുന്നവർ. പക്ഷേ, അവർ ഒറ്റക്കെട്ടായിരുന്നു. ഹർമൻപ്രീത് കൗർ മുതൽ ഹർലീൻ ഡിയോൾവരെ അവർ ഒരു ചരടിൽ കോർത്തവരായി. അതായിരുന്നു ടീമിന്റെ കരുത്തും. പരസ്‍പരം പ്രചോദിപ്പിക്കുക എന്നതായിരുന്നു വിശ്വജയത്തിലേക്കുള്ള അവരുടെ ഒറ്റമൂലി. ഓരോ കളിയിലും രക്ഷകർ മാറിയും മറിഞ്ഞും അവതരിച്ചു. കൗറിനും സ്മൃതി മന്ദനക്കുമൊപ്പം ജെമീമ റോഡ്രിഗ്വസും ഷെഫാലി വർമയുമൊക്കെ വീരപരിവേഷത്തോടെ വിജയനായികമാരായി. പ്രതികാ റാവൽ പരിക്കുപറ്റി പിന്മാറിയപ്പോൾ, പകരക്കാരിയായെത്തിയ ഷെഫാലിയായിരുന്നു ദക്ഷിണാഫ്രിക്കൻ മോഹങ്ങൾ തച്ചുതകർത്ത ഫൈനലിലെ ​​പ്ലെയർ ഓഫ് ദ മാച്ച്. സെമിയിൽ കരുത്തരും നിലവിലെ ചാമ്പ്യന്മാരുമായ ആസ്ട്രേലിയക്കെതിരെ 339 റൺസ് പിന്തുടർന്ന് അവിശ്വസനീയ വിജയവുമായി ഫൈനൽ ഉറപ്പിക്കുമ്പോൾ അപരാജിത സെഞ്ച്വറിയുമായി ജെമീമയായിരുന്നു താരം. ഓൾറൗണ്ട് പാടവവുമായി ദീപ്തി ടൂർണമെന്റിലുടനീളം നിർണായക പങ്കുവഹിച്ചു.

മൂന്നു​വർഷം മുമ്പ് ഇതേ ഡി.വൈ. പാട്ടീൽ ​സ്റ്റേഡിയത്തിന്റെ നടുമുറ്റത്താണ് പ്രഥമ വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിന് പന്തെറിഞ്ഞുതുടങ്ങിയത്. ഈ സ്വപ്നസാക്ഷാത്കാരത്തിന് കരുത്തുപകർന്ന കളിയരങ്ങായി അത് മാറിയെന്നത് തിരിച്ചറിയേണ്ടതുണ്ട്. പയറ്റിത്തെളിയാൻ അവസരങ്ങൾ ലഭിക്കുമ്പോൾ പ്രതിഭ തേച്ചുമിനുക്കാനുള്ള പശ്ചാത്തലവുമൊരുങ്ങുമെന്നതിന്റെ തെളിവുകൂടിയാണ് ഈ വിശ്വവിജയം. ആ അർഥത്തിൽ കായിക നയങ്ങൾക്കുള്ള ചൂണ്ടുപലകയുമാണിത്. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചും മെച്ചപ്പെട്ട പരിശീലന ഘടനകളൊരുക്കിയും നടത്തിയ മുന്നൊരുക്കങ്ങൾ ഫലംകാണാതെ പോകില്ലെന്ന് ഈ കിരീടവിജയം സമർഥിക്കുന്നുണ്ട്.

ലീഗ് റൗണ്ടിൽ തുടർച്ചയായ മൂന്നു തോൽവികളുമായി പുറത്താകലിന്റെ വക്കിൽനിന്നിരുന്ന സംഘമാണിത്. സോഷ്യൽ മീഡിയ അവർക്കുമേൽ ട്രോളുകളുടെ മാലപ്പടക്കം തീർത്തു. ചാരു​കസേരയിലെ വിശാരദ സംഘങ്ങളുടെ വിമർശന കൂരമ്പുകളിൽ സ്ത്രീവിരുദ്ധതകൾവരെ നിറഞ്ഞു. പുരുഷടീമിന് നൽകുന്ന അതേ പ്രതിഫലം എന്തിന് ഈ പരാജയസംഘത്തിന് നൽകുന്നുവെന്ന വിമർശനങ്ങൾക്ക് കനംവെച്ചു. പക്ഷേ, കരുത്തരായ ന്യൂസിലൻഡിനെ തകർത്തുവിട്ട് അവസാന നാലി​ലേക്ക് അവർ വീരോചിതം നടന്നുകയറി. പിന്നീട് സംഭവിച്ചതൊക്കെ ചരിത്രം.

ഈ വിജയത്തിന് മറ്റൊരു അവകാശി കൂടിയുണ്ട്. ഹർമൻപ്രീത് തകർപ്പൻ ക്യാച്ചിലൂടെ വിജയം പൂർണമാക്കുമ്പോൾ ഡഗ് ഔട്ടിൽ അയാൾ ഇരിക്കുന്നുണ്ടായിരുന്നു. ‘ചക്ദേ ഇന്ത്യ’യിലെ കബീർ ഖാനെപ്പോലെ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 11,167 റണ്ണുകളുടെ വൻമല താണ്ടിയിട്ടും ദേശീയ ടീമിലേക്ക് ഒരുതവണപോലും പ്രവേശനം ലഭിക്കാതെപോയ അമോൽ മജുംദാർ എന്ന ഹതഭാഗ്യൻ. ഒടുവിൽ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ ചരിത്രം പിറക്കുമ്പോൾ അയാളാ നീലക്കുപ്പായത്തിലായിരുന്നു. ഈ ധീരവനിതകളെ കിരീടത്തിലേക്ക് ആനയിക്കാനുള്ള നിയോഗം പരിശീലകനെന്ന നിലയിൽ അതിന്റെ പൂർണതയിൽ നിർവഹിച്ചതിന് അമോൽ അതിരറ്റ അഭിനന്ദനം അർഹിക്കുന്നു.

രാജ്യത്ത് വനിതാ ക്രിക്കറ്റിന്റെ മുഖച്ഛായ ഈ വിശ്വകിരീടം മാറ്റിയെഴുതുമെന്നതിൽ സംശയമില്ല. നമ്മുടെ പെൺകു​ട്ടികൾ ഇനി ക്രീസിൽ ഗാർഡെടുക്കുന്നതിന്റെ നാളുകളാവുമെന്ന് പ്രതീക്ഷിക്കാം. ഈ കിരീടനേട്ടത്തിന്റെ ഏറ്റവും വലിയ വിളവെടുപ്പും അതാവും. നമ്മൾ കണ്ടുശീലിച്ച കായിക സംസ്കാരത്തെയും പ്രതീക്ഷകളെയും മുൻഗണനകളെയുമൊക്കെ അത് മാറ്റിയെഴുതുകയും ചെയ്യും.
വിശ്വവിജയികൾക്ക് അഭിനന്ദനങ്ങൾ!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialICC Women's World Cup
News Summary - Congratulating team India on winning ICC women's world cup
Next Story