വേണ്ടത് സമഗ്ര കുടുംബനിയമ പരിഷ്കാരം
text_fieldsഇന്ത്യക്ക് ഒരു പൊതു സിവിൽകോഡ് ഏർപ്പെടുത്തുമെന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിെൻറ ഭാഗമായി നരേന്ദ്ര മോദി സർക്കാർ 2016ൽ ഏകസിവിൽ കോഡിെൻറ സാധ്യതകളെക്കുറിച്ച് പഠിക്കാൻ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.എസ്. ചൗഹാെൻറ അധ്യക്ഷതയിൽ നിയമ കമീഷനെ ചുമതലപ്പെടുത്തുകയുണ്ടായി. രണ്ടു വർഷത്തെ കാലാവധി പൂർത്തിയായിരിക്കെ കമീഷൻ പഠിച്ച് തയാറാക്കിയ 185 പേജുള്ള റിപ്പോർട്ട് ചർച്ചാ രേഖയായി സമർപ്പിച്ചിരിക്കുകയാണ്. റിപ്പോർട്ടിലെ ഏറ്റവും സുപ്രധാന വശം രാജ്യത്തിന് ഏകീകൃത വ്യക്തിനിയമം അഭികാമ്യമോ അത്യാവശ്യമോ അല്ല എന്ന കമീഷെൻറ കണ്ടെത്തൽതന്നെ. ദേശീയോദ്ഗ്രഥനത്തിന് എല്ലാ മതവിഭാഗങ്ങൾക്കും സമുദായങ്ങൾക്കും ബാധകമായ ഏകീകൃത സിവിൽകോഡ് അനുപേക്ഷ്യമാണെന്ന സംഘ്പരിവാറിെൻറ മാത്രമല്ല, തീവ്ര മതേതരവാദികളുടെയും നിരന്തരമായ ആവശ്യത്തെ കമീഷൻ പിന്തുണക്കുന്നില്ല. ഭരണഘടന പ്രകാരമുള്ള മൗലികാവകാശത്തെ ഖണ്ഡിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി വ്യക്തിനിയമങ്ങളുടെ വൈവിധ്യം നിലനിർത്തണമെന്നാണ് കമീഷെൻറ ശിപാർശ. രാജ്യത്തെ ബഹുസ്വരതയെ നിഷേധിക്കുന്നതാകരുത് ഭരണഘടന അനുശാസിക്കുന്ന മതനിരപേക്ഷത എന്ന് കമീഷൻ ചൂണ്ടിക്കാട്ടുന്നു. ഏക സിവിൽകോഡിെൻറ കാര്യത്തിൽ രാജ്യത്ത് സമവായമില്ല എന്നിരിക്കെ നിലനിൽക്കുന്ന വ്യക്തിനിയമ വൈവിധ്യങ്ങളെ നിലനിർത്തിക്കൊണ്ട് കുടുംബ നിയമപരിഷ്കാരമാണ് ശിപാർശ ചെയ്യുന്നത്. നേരത്തേ ജസ്റ്റിസ് ചൗഹാൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയ കാര്യങ്ങൾതന്നെയാണ് ഇപ്പോൾ സമർപ്പിച്ച റിപ്പോർട്ടിലും ഉൗന്നിപ്പറഞ്ഞിരിക്കുന്നത്.
ഹിന്ദു സമൂഹത്തിൽതന്നെ പ്രാദേശികവും ജാതിപരവുമായ വൈജാത്യങ്ങൾക്കനുസൃതമായി ഭിന്നമായ കുടുംബനിയമങ്ങളും ആചാരങ്ങളുമാണ് ഇന്ത്യയിലുള്ളത്. അതോടൊപ്പം മുസ്ലിം, ക്രിസ്ത്യൻ, സിഖ്, പാഴ്സി പോലുള്ള മതസമുദായങ്ങളുടെയും കുടുംബനിയമങ്ങളും വഴക്കങ്ങളും വ്യത്യസ്തമാണ്. ഇതെല്ലാം ഏകീകരിച്ച് ഒരു സിവിൽ കോഡുണ്ടാക്കുക അപ്രായോഗികമാണ്. ഭരണഘടനയുടെ മാർഗദർശക തത്ത്വങ്ങളിൽ 44ാം ഖണ്ഡിക രാജ്യത്തിന് ഒരു പൊതു സിവിൽകോഡ് കൊണ്ടുവരാൻ സ്റ്റേറ്റ് യത്നിക്കണമെന്ന് ഒഴുക്കൻ മട്ടിൽ പറയുന്നതല്ലാതെ അത് അനുപേക്ഷ്യമാണെന്ന് നിഷ്കർഷിക്കുകയോ പ്രായോഗിക രൂപരേഖയിലേക്ക് വെളിച്ചംവീശുകയോ ചെയ്യുന്നില്ല. മതന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താൻ ഏക സിവിൽേകാഡ് എന്ന ഭീഷണി പ്രയോഗിക്കുന്ന സംഘ്പരിവാറിെൻറ താത്ത്വികാചാര്യനായിരുന്ന എം.എസ്. ഗോൾവാൽക്കർപോലും ദേശീയോദ്ഗ്രഥനത്തിന് യൂനിഫോം സിവിൽ കോഡ് ഒരാവശ്യമല്ല എന്ന അഭിപ്രായക്കാരനായിരുന്നു. ഇപ്പോൾ ബി.ജെ.പി സർക്കാർ നിയോഗിച്ച നിയമകമീഷൻ നാനാവശങ്ങൾ പഠിച്ചശേഷം എത്തിേച്ചർന്ന നിഗമനവും ഏക സിവിൽകോഡിെൻറ അപ്രായോഗികതയാണെന്ന് വന്നിരിക്കെ അത് സംബന്ധിച്ച വിവാദങ്ങളും ചർച്ചകളും വൃഥാ തുടരേണ്ടതില്ല.
അതേസമയം, കുടുംബനിയമങ്ങൾ പരിഷ്കരിക്കുകയും പരമാവധി ഏകീകരിക്കുകയും വേണമെന്ന് നിയമ കമീഷന് അഭിപ്രായമുണ്ട്. അതിന് സഹായകമെന്ന് കരുതുന്ന ചില നിർദേശങ്ങളും കമീഷൻ മുന്നോട്ടുവെച്ചിരിക്കുന്നു. പരസ്ത്രീ ഗമനം അഥവാ പരപുരുഷ ഗമനം വിവാഹമോചന കാരണങ്ങളിലൊന്നായി അംഗീകരിക്കണം. വിവാഹ മോചന പ്രക്രിയ ലളിതമാക്കണം തുടങ്ങിയവ ഉദാഹരണം. ദുരിതംപിടിച്ച വിവാഹബന്ധത്തിൽനിന്ന് എളുപ്പം പുറത്തുകടക്കാനുള്ള വഴിയായാണ് സ്ത്രീകൾ സ്ത്രീപീഡന നിയമം ഉപയോഗപ്പെടുത്തുന്നതെന്ന് കമീഷൻ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്ത്രീധനം വാങ്ങുന്നതുപോലെ കൊടുക്കുന്നതും കുറ്റകരമാണെന്ന ക്രിമിനൽ നിയമവ്യവസ്ഥ കോടതികൾ സാമാന്യേന അവഗണിക്കുകയാണ് പതിവ്. വിവാഹമോചനം പരമാവധി ഒഴിവാക്കപ്പെടേണ്ടതാണെന്ന ധാർമികചിന്ത ശരിയായിരിക്കെത്തെന്ന ദമ്പതികൾക്ക് ഒരുനിലക്കും പൊരുത്തപ്പെട്ട് ജീവിക്കാനാവില്ലെന്ന് ബോധ്യപ്പെട്ടശേഷവും വിവാഹ മോചനത്തിന് പരസ്പരം വ്യാജാരോപണങ്ങൾ ഉന്നയിച്ച് സംവത്സരങ്ങളോളം കോടതിയിൽ കയറിയിറങ്ങേണ്ട ഗതികേടിന് വിരാമമിടുകതന്നെയാണ് അഭികാമ്യം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ വിവാഹപ്രായം പതിനെട്ടായി സമീകരിക്കണമെന്ന കമീഷെൻറ നിർദേശവും വലിയ എതിർപ്പുകൾ ക്ഷണിച്ചുവരുത്താനിടയില്ല. പ്രേമബന്ധങ്ങളിൽ കുടുങ്ങുന്ന കൗമാര പ്രായക്കാരുടെ നൈരാശ്യംമൂലമുള്ള ആത്മഹത്യകൾക്കൊരു കാരണം പുരുഷൻ വിവാഹപ്രായമെത്തിയിട്ടില്ലെന്ന തടസ്സം കൂടിയാണല്ലോ. എന്നാൽ, വിവാഹ ഉടമ്പടികളിൽ ബഹുഭാര്യത്വം ക്രിമിനൽ കുറ്റമാക്കണമെന്ന കമീഷെൻറ നിർദേശം വിവാദപരമാവാനിട. അത് നിയമംമൂലം അനുവദിക്കപ്പെട്ടിരിക്കുന്ന മുസ്ലിം സമൂഹത്തിൽതന്നെ അപൂർവമായേ നടക്കുന്നുള്ളൂ എന്ന് കമീഷൻ നിരീക്ഷിക്കുന്നുണ്ട്.
അതേസമയം, നിരോധിക്കപ്പെട്ട ഇതര മതസമുദായങ്ങളിലാണ് ആപേക്ഷികമായി ബഹുഭാര്യത്വം കൂടുതൽ നടക്കുന്നതെന്ന പഠനവുമുണ്ട്. എന്തായാലും ഭാര്യമാർക്കിടയിൽ നീതിപുലർത്തണമെന്ന ഉപാധിയോടെ മാത്രം മതം അനുവദിച്ച ബഹുഭാര്യത്വം ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ നിയമപരമായ നിയന്ത്രണം വേണമെന്ന കാര്യത്തിൽ നീതിയുടെ പക്ഷത്ത് നിൽക്കുന്നവർക്ക് ഭിന്നാഭിപ്രായമുണ്ടാവില്ല. പക്ഷേ, പുരുഷന് ബഹുഭാര്യത്വം അനുവദിക്കുേമ്പാൾ സ്ത്രീക്ക് ബഹുഭർതൃത്വം നിഷിദ്ധമാക്കുന്നത് വിവേചനപരമാണെന്നതുകൊണ്ട് ബഹുഭാര്യത്വം ക്രിമിനൽ കുറ്റമാക്കണമെന്ന നിർദേശത്തോട് എല്ലാവരും പൊതുവെ യോജിച്ചുകൊള്ളണമെന്നില്ല. സ്ത്രീക്ക് അവശ്യഘട്ടങ്ങളിൽ വിവാഹമോചനത്തിനുള്ള മാർഗങ്ങൾ വ്യക്തിനിയമത്തിൽ നിലനിൽക്കെ അതുപയോഗപ്പെടുത്തി വിവാഹമുക്തയായശേഷം മറ്റൊരു പുരുഷനെ വിവാഹം ചെയ്യാവുന്നതേയുള്ളൂ എന്നതിനാൽ ഇതിലെന്തെങ്കിലും സ്ത്രീ-പുരുഷ വിവേചനമുണ്ടെന്ന് ഏറെപ്പേർ കരുതുന്നില്ല. ബഹുഭർതൃത്വം പ്രാകൃതമാണെന്ന കാര്യത്തിൽ സർവരും യോജിക്കുകയും ചെയ്യുന്നു. എന്തായാലും നിഷ്പക്ഷവും തുറന്നതുമായ ചർച്ചകൾക്കു വിഷയീഭവിക്കേണ്ടതാണ് ബഹുഭാര്യത്വത്തിെൻറ ക്രിമിനൽവത്കരണം. അവസാന വിശകലനത്തിൽ ഏക സിവിൽകോഡോ കമീഷൻ ഉന്നയിച്ചപോലുള്ള നിയമനിർമാണമോ അല്ല സമഗ്രമായ കുടുംബ നിയമ പരിഷ്കാരമാണ് കാലഘട്ടത്തിെൻറ ആവശ്യം. പുരുഷനും സ്ത്രീക്കും തുല്യനീതി ഉറപ്പാക്കുന്നതും, ലളിതവും സുതാര്യവുമായ കുടുംബ നിയമങ്ങളാണ് സമുദായ ഭേദം കൂടാതെ സർവമനുഷ്യർക്കും അഭികാമ്യമായത്. അതിനുവേണ്ടത് എല്ലാ തലങ്ങളിലും വസ്തുനിഷ്ഠവും ഗൗരവപൂർണവുമായ ചർച്ചകളാണ്. അതിന് പ്രേരകമാവെട്ട നിയമകമീഷെൻറ റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
