Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
വീട്​ കത്തു​േമ്പാഴും നാം  ഉറങ്ങുകയോ?
cancel
രണ്ടുമാസം മുമ്പ്​ ബ്രിട്ടീഷ്​ പാർലമ​െൻറ്​ ‘കാലാവസ്​ഥ അടിയന്തരാവസ്​ഥ’ പ്രഖ്യാപിച്ചപ്പോൾ അങ്ങനെയൊന്ന്​​ ഇ വിടെ ഇന്ത്യയിലും വേണമെന്ന്​ ഞങ്ങൾ ഓർമിപ്പിച്ചിരുന്നു. ഭൂമിയുടെ കാലാവസ്​ഥ സുസ്​ഥിരത തകിടംമറിയുകയും ഒരു സർവനാ ശത്തിലേക്ക്​ മനുഷ്യനടക്കമുള്ള ജീവജാലങ്ങൾ വീഴുന്നതി​​െൻറ ലക്ഷണങ്ങൾ പരക്കെ കാണപ്പെടുകയും ചെയ്യു​േമ്പാൾ നിസ്സംഗരായിരിക്കുക സാധ്യമല്ല. എന്നിരിക്കെ, അന്തർദേശീയവും ദേശീയവും പ്രാദേശികവുമായ തലങ്ങളിൽ അടിയന്തരമായ പരിഹാരനടപടികൾ കാണുന്നതിലേക്കുള്ള ആദ്യ ചുവടാണ്​ പ്രതിസന്ധി ഉണ്ടെന്ന്​ ഔദ്യോഗികമായി അംഗീകരിക്കുന്ന അടിയന്തരാവസ്​ഥ പ്രഖ്യാപനം. ഇതിനിടെ രാജ്യത്ത്​ പൊതു തെരഞ്ഞെടുപ്പ്​ കഴിഞ്ഞു. കഴിഞ്ഞയാഴ്​ച കേന്ദ്ര ബജറ്റും വന്നു. തെരഞ്ഞെടുപ്പിൽ കാലാവസ്​ഥാനയം ഒരു പാർട്ടിക്കും വിഷയമായില്ല. ബജറ്റിലും അതു​ മുന്നിൽക്കണ്ടുള്ള നടപടികൾ ഇല്ല. ഓരോ ദിവസത്തെ ഇടപെടലുകളും നിർണായകമായിരിക്കെയാണ്​ അഞ്ചുവർഷത്തേക്കുള്ള സർക്കാറിനോ ഒരു വർഷത്തേക്കുള്ള ബജറ്റിനോ അതിജീവനം ഒരു ചിന്ത പോലുമാകാതെ പോകുന്നത്​. നിസ്സംഗതയോട്​ ഒരു കാരുണ്യവുമുണ്ടാകില്ലെന്ന്​ പരിസ്​ഥിതി ആവർത്തിച്ച്​ സൂചിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്​. ഉത്തരേന്ത്യയിലെ കൊടുംചൂടും ഒഡിഷയിലെ ചുഴലിക്കാറ്റും കേരളത്തിലെ പ്രളയവും സൂചനകളാണ്​. ചെന്നൈ മഹാനഗരം വരണ്ടുപോയിരിക്കുന്നു. ഇന്ത്യയിൽ 17 ​ശതമാനം പട്ടണങ്ങൾ ജലപ്രതിസന്ധിയുടെ വക്കിലാണ്​. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിൽ ഇന്ത്യയുടെ കടൽത്തീര ജലത്തിന്​ അര ഡിഗ്രി സെൽഷ്യസ്​ ചൂട്​ വർധിച്ചതായി കണക്കുകൾ വന്നിരിക്കുന്നു. മത്സ്യസമ്പത്ത്​ വല്ലാതെ കുറയുന്നു; മിതമായ വർഷപാതം വളരെ കുറഞ്ഞതിനൊപ്പം ഇടക്കുള്ള അതിവർഷക്കെടുതികൾ കൂടുകയും ചെയ്​തു. കൃഷിനാശം പതിവായി. ജീവിവർഗങ്ങൾ നാശോന്മുഖമായി. ഇന്ത്യയിൽ മാത്രമല്ല, ആഗോളതലത്തിൽ തന്നെ മാറ്റങ്ങൾ പ്രകടവും അനുഭവവേദ്യവുമായിക്കൊണ്ടിരിക്കുന്നു. രാജ്യങ്ങൾ അടിയന്തര പരിഹാര നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നു. കാനഡയും അയർലൻഡും ഫ്രാൻസും കാലാവസ്​ഥ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചുകഴിഞ്ഞു. യു.എസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്​ സിറ്റി ആ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ദേശീയ ഭരണകൂടങ്ങൾ നിഷ്​ക്രിയരായിരിക്കു​േമ്പാഴും ആസ്​ട്രേലിയയിലെ പ്രാദേശിക സർക്കാറുകൾ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. 15 രാജ്യങ്ങളിലായി 670 ഭരണകൂടങ്ങൾ ഇതിനകം പ്രഖ്യാപനം നടത്തിയിട്ടുണ്ട്​. ഇന്ത്യയിൽ ദേശീയതലത്തിലോ സംസ്​ഥാനതലത്തിലോ തദ്ദേശീയതലത്തിലോ ഇത്തരമൊരു ആലോചനപോലും തുടങ്ങിയിട്ടില്ല എന്നത്​, ദൈനംദിന യാഥാർഥ്യങ്ങളിൽനിന്നും ജനകീയ പ്രശ്​നങ്ങളിൽനിന്നും നമ്മുടെ നേതാക്കൾ എത്ര അകലം പുലർത്തുന്നു എന്നാണ്​ കാണിക്കുന്നത്​. പ്രളയമോ വറുതിയോ ചുഴലിക്കാറ്റോ ജലക്ഷാമമോ ഒന്നും അവരെ അലട്ടുന്നില്ല.

കാലാവസ്​ഥ അടിയന്തരാവസ്​ഥ പ്രഖ്യാപിക്കുന്നതോടെ എല്ലാമായി എന്നല്ല. പക്ഷേ, രോഗം തിരിച്ചറിയുന്നതും ചികിത്സിക്കാൻ ജാഗ്രത കാണിക്കുന്നതും പരിഹാരത്തിലേക്കുള്ള ആദ്യചുവടാണ്​. വീടിന്​ തീപ്പിടിച്ചാൽ വീട്ടുകാരും അയൽക്കാരുമെല്ലാം മറ്റെല്ലാം വിട്ട്​ അതിൽ ശ്രദ്ധിക്കുന്നതുപോലുള്ള ജാഗ്രത, തീപിടിച്ച ഭൂമി നമ്മോട്​ ആവശ്യപ്പെടുന്നുണ്ട്​. ഭൂമിയിൽ ജീവൻ നിലനിൽക്കണോ വേണ്ടയോ എന്ന സന്ദിഗ്​ധാവസ്​ഥയുള്ളപ്പോൾ നിഷ്​ക്രിയത്വം പോയിട്ട്​ ആലസ്യംപോലും വിനാശകരമാകും. അടിയന്തരമായി പഠനഗവേഷണങ്ങളും വിഭവസമാഹരണവും ഭരണതലം മുതൽ വ്യക്​തിതലം വരെയുള്ള ഇടപെടലുകളും നടക്കേണ്ട ഘട്ടമാണിത്​. കാലാവസ്​ഥ പ്രതിസന്ധി ഉ​ണ്ടെന്ന്​ അംഗീകരിക്കുന്നത്​ ബോധവത്​കരണത്തിനും കർമപദ്ധതിയുണ്ടാക്കുന്നതിനും ജീവിത​ൈശലിയിൽ അത്യാവശ്യ മാറ്റങ്ങൾ വരുത്തുന്നതിനും സഹായമാകും. ദേശീയ-പ്രാദേശിക നയരൂപവത്​കരണം സാധ്യമാക്കും. 2050ഓടെ കാർബൺ നിർഗളനം പാടേ ഇല്ലാതാക്കാൻ, 2030 ഒാടെ മലിനീകരണക്ഷമമായ വ്യവസായങ്ങൾ നിർത്താൻ, ഇനിയങ്ങോട്ടുള്ള ഓരോ ദിവസവും നിർണായകമാണ്​. ഈ സമരം എല്ലാവരുടേതുമാണ്​. ദേശീയതയുടെ അതിർവരമ്പുകൾക്കോ മത, രാഷ്​ട്രീയ, വംശഭേദങ്ങൾക്കോ അതിൽ സ്​ഥാനമില്ല. മനുഷ്യരാശിയെ ഇത്രത്തോളം ഒരുമിപ്പിക്കാൻ പോന്ന, ഇത്ര വലിയ പ്രതിസന്ധി വന്നിട്ടും നമ്മുടെ നേതാക്കൾ അൽപന്മാരായി തുടരുന്നെങ്കിൽ അവരെ ഉണർത്തേണ്ട ചുമതല ശാസ്​ത്രജ്​ഞർക്കും പൊതുസമൂഹത്തിനും മാധ്യമങ്ങൾക്കുമുണ്ട്​. കാലാവസ്​ഥ പ്രതിസന്ധി നമ്മുടെ രാഷ്​ട്രീയ, ഭരണരംഗത്തി​​െൻറ മാത്രമല്ല എല്ലാ പ്രവർത്തനങ്ങളുടെയും കേന്ദ്രബിന്ദുവാകേണ്ട സമയമെത്തിയിരിക്കുന്നു. പാഠ്യപദ്ധതിയുടെ, സാ​മ്പത്തികക്രമത്തി​​െൻറ, ഉൗർജനയത്തി​​െൻറ, നിത്യജീവിത വ്യവഹാരങ്ങളുടെ ഭാഗമാകണം പരിസ്​ഥിതി ചിന്ത. അതിജീവനത്തി​​െൻറ നേർത്ത സാധ്യത ആ വഴിക്കാണെന്ന്​ ശാസ്​ത്രജ്​ഞർ മുന്നറിയിപ്പ്​ തരുന്നു.

വരുന്ന സെപ്​റ്റംബർ 23ന്​ ന്യൂയോർക്കിൽ കാലാവസ്​ഥാ കർമ ഉച്ചകോടി (Climate Action Summit 2019) നടക്കുന്നുണ്ട്​. യു.എൻ സെക്രട്ടറി ജനറൽ ഗു​െട്ടറസ്​ വിളിച്ചുചേർക്കുന്ന ഇൗ ഉച്ചകോടി ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യാൻ എടുക്കേണ്ട അടിയന്തര നടപടികൾ ചർച്ച ചെയ്യുമെന്നാണ്​ കരുതുന്നത്​. കാലാവസ്​ഥ സംബന്ധിച്ച പാരിസ്​ ഉടമ്പടിയിൽ വിവിധ രാജ്യങ്ങൾ ഇതുവരെ നടപ്പാക്കിയ കാര്യങ്ങൾ അവലോകനം ​െചയ്യും. പലരാജ്യങ്ങളും ലക്ഷ്യത്തിൽനിന്ന്​ അകലെയാണെന്നതും മറുവശത്ത്​ പ്രതിസന്ധി മുമ്പ്​ പ്രതീക്ഷിച്ചിരുന്നതി​നെക്കാൾ ഗുരുതരവും വേഗംകൂടിയതുമാണെന്നതും ഇൗ സമ്മേളനത്തിന്​ നിർണായക പ്രാധാന്യം നൽകുന്നു. ഭൂമിയെ നാശോന്മുഖമാക്കിയതിൽ യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കും വൻ വ്യവസായങ്ങളുടെ അമിത ലാഭേച്ഛക്കുമെല്ലാം പങ്കുണ്ടെന്നിരിക്കെ പ്രതിസന്ധി പരിഹരിക്കാൻ യു.എന്നി​​െൻറ ശേഷിക്കപ്പുറം കിടക്കുന്ന ഘടകങ്ങൾകൂടി ചേരേണ്ടിവരും. വൻ ശക്​തികളുടെ യുദ്ധഭ്രമം മുതൽ കോർപറേറ്റുകളുടെ ചൂഷണം വരെ ഇല്ലാതാക്കാൻ ഒരു ഉച്ചകോടിക്ക്​ കഴിയില്ലല്ലോ. പ്രാദേശിക തലത്തി​ൽ, സാധാരണക്കാരെ പ​െങ്കടുപ്പിച്ചുകൊണ്ടുള്ള ഒരു മഹാപ്രസ്​ഥാനം ഉയർന്നുവരു​േമ്പാൾ മാ​ത്രമേ കാലാവസ്​ഥയുടെ പ്രതിസന്ധി തീർക്കാനാവൂ. മനുഷ്യത്വത്തിലും സമാധാനത്തിലും അധിഷ്​ഠിതമായ അത്തരമൊരു പ്രസ്​ഥാനത്തിന്​ കാലാവസ്​ഥയുടെ പ്രശ്​നം മാത്രമല്ല കാലത്തി​​െൻറ ദോഷവും പരിഹരിക്കാൻ കഴിഞ്ഞുകൂടായ്​കയില്ല.
Show Full Article
TAGS:climate change editorial madhyamam 
Web Title - climate change-malayalam editorial
Next Story