Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപൗരത്വനിയമ ഭേദഗതി...

പൗരത്വനിയമ ഭേദഗതി ഉയര്‍ത്തുന്ന ഉത്കണ്ഠകള്‍

text_fields
bookmark_border
പൗരത്വനിയമ ഭേദഗതി ഉയര്‍ത്തുന്ന ഉത്കണ്ഠകള്‍
cancel

1955ലെ പൗരത്വനിയമം ഭേദഗതിചെയ്യാനുള്ള കേന്ദ്രസര്‍ക്കാറിന്‍െറ തീരുമാനം വിവാദമായിരിക്കുന്നത് ഈ നീക്കത്തിനു പിന്നിലെ ഗൂഢോദ്ദേശ്യം തിരിച്ചറിയപ്പെട്ടത് കൊണ്ട് മാത്രമല്ല, രാഷ്ട്രീയ, സാമൂഹിക തലങ്ങളില്‍ അത് സൃഷ്ടിക്കാന്‍പോകുന്ന പ്രത്യാഘാതങ്ങള്‍  ഉത്കണ്ഠാകുലമാണ് എന്നതിനാലുമാണ്. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിലെ ‘പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക്’ അഭയം നല്‍കുക എന്ന ലക്ഷ്യമാണ് ജൂലൈയില്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഇതുമായി ബന്ധപ്പെട്ട ബില്ലിനു പിന്നില്‍. ‘നിയമവിരുദ്ധ കുടിയേറ്റ’ക്കാരുടെ നിര്‍വചനം മാറ്റുകയും തുടര്‍ച്ചയായി 11 വര്‍ഷം രാജ്യത്ത് താമസിക്കുക എന്ന വ്യവസ്ഥയില്‍ ഇളവുചെയ്ത് ആറുവര്‍ഷമായി ചുരുക്കുകയും ചെയ്യുകയാണ് നിയമഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ വിഷയത്തില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെയും വിവിധ ഏജന്‍സികളുടെയും അഭിപ്രായം ആരായാന്‍ തുടങ്ങിയപ്പോള്‍ ലഭിച്ച പ്രതികരണം സര്‍ക്കാറിനെ പുനര്‍വിചിന്തനത്തിനു പ്രേരിപ്പിക്കേണ്ടതാണ്.

അയല്‍രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളുടെ പട്ടികയില്‍ മുസ്ലിം പൗരന്മാരല്ലാത്ത എല്ലാ മതവിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ട ഹിന്ദുക്കള്‍, സിഖുകാര്‍, ജൈനര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍, ബുദ്ധിസ്റ്റുകള്‍ എന്നിവര്‍ അയല്‍രാജ്യങ്ങളില്‍ കൊടിയ പീഡനങ്ങള്‍ക്ക് ഇരയാവുകയാണെന്ന ഒരു സിദ്ധാന്തം മെനഞ്ഞെടുത്ത്, ആ വിഭാഗത്തെ നമ്മുടെ രാജ്യത്തെ പൗരന്മാരായി മാറ്റിയെടുക്കാന്‍ അവസരമൊരുക്കുന്ന വിവാദ നിയമഭേദഗതി സെക്കുലര്‍ ഭരണഘടന നിലനില്‍ക്കുന്ന ഇന്ത്യപോലൊരു രാജ്യത്തിനു എങ്ങനെ സ്വീകാര്യമാവും എന്നാണ് പ്രതിപക്ഷവും നിഷ്പക്ഷമായി ചിന്തിക്കുന്ന വിവിധ എന്‍.ജി.ഒകളും ചോദിക്കുന്നത്. വിവേചനപരവും ഒരു മതവിഭാഗത്തെ മാത്രം മാറ്റിനിര്‍ത്തുന്നതുമായ ഇത്തരമൊരു നീക്കം ലോകത്തിനു നല്‍കുന്ന സന്ദേശം എന്തായിരിക്കും?  ഭരണഘടനാപരമായി തന്നെ ചോദ്യംചെയ്യപ്പെടാവുന്ന ഈ കുത്സിതനീക്കത്തില്‍നിന്ന് സര്‍ക്കാറിനെ പിന്തിരിപ്പിക്കാന്‍ ജനാധിപത്യസമൂഹം ശക്തമായ സമ്മര്‍ദം ചെലുത്തേണ്ടിവരും.

വിഭജന കാലഘട്ടത്തില്‍ ഏറ്റവും കുടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട വിഷയം ഇന്ത്യയിലും പാകിസ്താനിലും അവശേഷിച്ച ന്യൂനപക്ഷങ്ങളുടെ ഭാഗധേയമായിരുന്നു. ചോരച്ചാലുകള്‍ നീന്തിക്കടന്നു അതിര്‍ത്തിക്കിരുഭാഗത്തും അഭയം തേടിയ ലക്ഷക്കണക്കിനു ഹതഭാഗ്യരുടെ ഭാവിജീവിതം സുരക്ഷിതമാക്കേണ്ടത് ബന്ധപ്പെട്ട ഭരണകൂടങ്ങളുടെ കര്‍ത്തവ്യമാണെന്ന പൊതുതത്ത്വം ഇരുരാജ്യങ്ങളും അംഗീകരിച്ചിരുന്നു. എന്നിട്ടും സാമൂഹിക അസ്വാസ്ഥ്യങ്ങള്‍ നീറിപ്പുകഞ്ഞപ്പോള്‍ ചരിത്രപ്രസിദ്ധമായ നെഹ്റു-ലിയാഖത്തലി ഖാന്‍ ഉടമ്പടി ഒപ്പുവെച്ചതോടെ ന്യൂനപക്ഷങ്ങളുടെ ജീവനും ധനമാനാദികള്‍ക്കും സുരക്ഷ ഉറപ്പവരുത്തുന്നതില്‍ ഒരു രാജ്യവും അമാന്തം കാണിക്കില്ളെന്ന വിശ്വാസം കൈമാറ്റം ചെയ്യപ്പെട്ടു. നമ്മുടെ അയല്‍രാജ്യങ്ങളിലെ  ന്യൂനപക്ഷങ്ങള്‍ എടുത്തുപറയേണ്ട പരാധീനതകളിലാണെന്നോ അവര്‍ നിരന്തരം പീഡിപ്പിക്കപ്പെടുകയാണെന്നോ അടുത്തകാലത്തൊന്നും പരാതികള്‍ ഉയര്‍ന്നതായി കേട്ടിരുന്നില്ല. എന്നല്ല, ഇവിടെ ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്ന സന്ദര്‍ഭത്തിലാണ്് പാകിസ്താന്‍ ഹൈന്ദവ ന്യൂനപക്ഷങ്ങളുടെ കുടുംബനിയമങ്ങള്‍ ക്രോഡീകരിക്കാന്‍ ബില്‍ പാസാക്കിയത്.  സാമ്പത്തികമായും സാംസ്കാരികമായും അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ ഇതര പൗരസമൂഹത്തിന്‍േറതില്‍നിന്ന് വ്യത്യസ്തമല്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. മോദിസര്‍ക്കാറിന്‍െറ ഹിന്ദുത്വ അജണ്ടതന്നെയാണ് ഇത്തരമൊരു ദുരുപദിഷ്ടിത പദ്ധതിക്കു പിന്നിലെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി തന്നെ ധാരാളം.  

എന്‍.ഡി.എ സര്‍ക്കാറിന്‍െറ ഇപ്പോഴത്തെ നീക്കം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തും എന്ന് മാത്രമല്ല, മതസമൂഹങ്ങള്‍ തമ്മിലുള്ള നല്ല ബന്ധം ഉലക്കുന്നതിലേക്ക് കലാശിക്കാനും സാധ്യതയുണ്ട്. ഒരു രാജ്യത്ത് അവിടുത്തെ പൗരന്മാര്‍ പീഡിപ്പിക്കപ്പെടുകയാണോ അല്ളേ എന്നൊക്കെ കണ്ടുപിടിക്കാന്‍ എന്തു ഉപാധിയാണ്  നമ്മള്‍ അവലംബിക്കാന്‍ പോവുന്നത്. കേവലം ആരോപണത്തിന്‍െറ ബലത്തിലോ അല്ളെങ്കില്‍ ബന്ധപ്പെട്ട കുടിയേറ്റക്കാര്‍ നല്‍കുന്ന മൊഴിയുടെ അടിസ്ഥാനത്തിലോ നടപടികളുമായി മുന്നോട്ടുപോവുന്നതില്‍ എന്തര്‍ഥം? നാളെ, പാകിസ്താന്‍ ഇതിനു മറുപടിയായി സമാനമായൊരു വാഗ്ദാനവുമായി രംഗത്തുവന്നാല്‍ എന്തായിരിക്കും അവസ്ഥ എന്നാണ് ചില കേന്ദ്രങ്ങള്‍ ചോദിക്കുന്നത്. അഭയാര്‍ഥികളെ മാനുഷിക പരിഗണനവെച്ച് സ്വീകരിക്കാന്‍ തയാറാവുക എന്നത് നല്ല കാര്യമാണ്. അങ്ങനെയെങ്കില്‍, ആദ്യ പരിഗണന നല്‍കേണ്ടത് ലോകത്തിന്‍െറ മുഴുവന്‍ അനുകമ്പ നേടിയെടുത്ത മ്യാന്മര്‍ ആട്ടിപ്പുറത്താക്കിയ റോഹിങ്ക്യകളാണ്. എന്നാല്‍, ആ വഴിക്കൊന്നും മോദിസര്‍ക്കാറിന്‍െറ ശ്രദ്ധ തിരിഞ്ഞിട്ടില്ളെന്ന് മാത്രമല്ല, ഇനി തിരിയാനും സാധ്യതയില്ല. രാജ്യത്തെ ജനസംഖ്യയില്‍ ഭൂരിപക്ഷസമുദായത്തിന്‍െറ അംഗബലം വര്‍ധിപ്പിക്കുക എന്ന സംഘ്പരിവാര്‍ അജണ്ടക്കപ്പുറം ഇതിനു പിന്നില്‍ സദുദ്ദേശ്യപരമായ ഒരു പദ്ധതിയും ഇല്ളെന്ന് ഉറപ്പായ സ്ഥിതിക്ക് ഈ നീക്കത്തെ എതിര്‍ത്തു തോല്‍പിക്കേണ്ടത് യഥാര്‍ഥ രാജ്യസ്നേഹികളുടെ കടമയാണ്്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - citizenship law
Next Story