പൗരത്വാവകാശം, മനുഷ്യാവകാശം
text_fieldsപൗരത്വവും പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും പാവനമാണ്. ഭരണകൂടങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വിധേയമായിക്കൂടാ അവ. രണ്ട് ഉന്നത കോടതികൾ കഴിഞ്ഞ ദിവസങ്ങളിൽ നൽകിയ തീർപ്പുകളുടെ മർമം ഈ അലംഘനീയതയാണ്. ജമ്മു-കശ്മീർ-ലഡാക് ഹൈകോടതി രക്ഷന്ദ റാശിദ് എന്ന അറുപത്തിമൂന്നുകാരിക്ക് നൽകിയ താൽക്കാലിക ആശ്വാസമാണ് ഒന്ന്. അവരെ യൂനിയൻ സർക്കാർ പാകിസ്താനിലേക്ക് നാടുകടത്തിയിരുന്നു. പാക് പൗരത്വമുള്ള അവർ കഴിഞ്ഞ 38 വർഷമായി ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം ജമ്മുവിലാണ് കഴിയുന്നത്. എങ്കിലും ഇന്ത്യയിൽ ദീർഘകാല വിസയുണ്ട് അവർക്ക്. മാത്രമല്ല ഇന്ത്യൻ പൗരത്വത്തിന് 1996ൽ അപേക്ഷ സമർപ്പിച്ചിരുന്നു; സർക്കാർ ആ അപേക്ഷയിൽ ഒരു നടപടിയും കൈക്കൊണ്ടില്ല. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ പാക് പൗരരെ പുറത്താക്കിയപ്പോൾ അതിൽ രക്ഷന്ദയും ഉൾപ്പെട്ടു. ഇപ്പോൾ കോടതി അവരെ പത്തുദിവസത്തിനകം തിരിച്ചുകൊണ്ടുവരാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് ഉത്തരവിട്ടിരിക്കുകയാണ്. അവരെ നാടുകടത്തിയതിന്റെ നിയമസാധുത പരിശോധിക്കേണ്ടതുണ്ടെന്ന് പറഞ്ഞ ജസ്റ്റിസ് രാഹുൽ ഭാരതി രോഗഗ്രസ്തയായ വയോധികയെ പരിപാലിക്കാൻ ആളില്ലാത്ത സ്ഥലത്തേക്ക് ആട്ടിയ രീതിയിൽ ഉത്കണ്ഠ പ്രകടിപ്പിച്ചു.
ന്യായാന്യായങ്ങൾ സാവകാശം നോക്കാമെന്നിരിക്കെ, രക്ഷന്ദക്ക് അടിയന്തരാശ്വാസം നൽകണമെന്ന കൽപനക്ക് ആധാരമായി കോടതി ചൂണ്ടിക്കാട്ടിയത്, മനുഷ്യാവകാശങ്ങൾ ജീവിതത്തിന്‍റെ പരമപവിത്രമായ വശമാണ് എന്നായിരുന്നു. സൈനബ് ബീബി എന്ന അസംകാരിയെ നാടുകടത്തുന്നത് തൽക്കാലത്തേക്ക് വിലക്കി സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവും മനുഷ്യത്വത്തിലും മനുഷ്യാവകാശത്തിലും ഊന്നിയുള്ളതാണ്. അനേകം തലമുറകളായി അസമിൽ താമസക്കാരാണ് അവരുടെ കുടുംബം. മാത്രമല്ല, പൗരത്വം തെളിയിക്കാൻ ആവശ്യമായ എല്ലാ രേഖകളും സൈനബ് ബീബി സമർപ്പിച്ചതുമാണ്. എന്നിട്ടും വിദേശി എന്ന് മുദ്രകുത്തി അസമിലെ ഫോറിനേഴ്സ് ട്രൈബ്യൂണലും പിന്നീട് ഗുവാഹതി ഹൈകോടതിയും നാട്ടിൽനിന്ന് പുറത്താക്കാൻ കൽപിച്ചു. അതാണ്, ആഗസ്റ്റിൽ വിചാരണ നടക്കുംവരെ നിർത്തിവെക്കാൻ ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥനും എൻ. കോടീശ്വർസിങ്ങും ഉത്തരവിട്ടിരിക്കുന്നത്.
നിയമപരമായി കിട്ടേണ്ട പ്രാഥമിക മാനുഷിക പരിഗണനകൾ പോലും കിട്ടാതെ പോകുന്ന ഇത്തരം ഇരകൾ വേറെയും കുറെയുണ്ട്. ‘അസമിൽ ആളുകളെ ഒരു തെളിവുമില്ലാതെ വിദേശികളായി കണക്കാക്കുന്ന’ രീതിയെ കഴിഞ്ഞവർഷം മറ്റൊരു കേസിൽ സുപ്രീംകോടതി വിമർശിച്ചതാണ്. സംശയം ഒരിക്കലും നിയമപരമായ തെളിവിനു പകരമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, പൗരത്വ ഭേദഗതി നിയമത്തിലും ദേശീയ പൗരത്വപ്പട്ടികയിലും അന്തർലീനമായ വംശീയത പല തലങ്ങളിൽ പ്രാവർത്തികമായിത്തുടങ്ങിയതിന്‍റെ ഫലമാണ് നിസ്സഹായരായ ഇരകളും മനുഷ്യത്വഹീനമായ ഭരണകൂട നടപടികളും.
പൗരത്വ സുരക്ഷക്ക് അവകാശമുള്ളവരെ വിദേശി മുദ്രയടിച്ച് പുറത്താക്കുന്നതിനു വിവിധ ബി.ജെ.പി സർക്കാറുകൾ മുൻകൈയെടുക്കുന്നുണ്ട്. അതിനു പുറമെയാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമീഷനും വോട്ടർപട്ടികയുടെ പേരുപറഞ്ഞ് കമീഷന്‍റെ അധികാര പരിധിയിൽപെടാത്ത പൗരത്വ നിർണയത്തിന് ഇറങ്ങിപ്പുറപ്പെടുന്നത്. തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ബിഹാറിലാണ് തുടക്കം. വോട്ടർപട്ടിക പുതുക്കാനെന്ന ഭാവത്തിൽ വീടുതോറും ചെന്ന് പൗരത്വരേഖകൾ പരിശോധിക്കുന്നതിന് പ്രത്യേക തീവ്ര പുനഃപരിശോധന (സ്പെഷൽ ഇന്റൻസിവ് റിവിഷൻ) നടത്താനുള്ള ഇലക്ഷൻ കമീഷന്റെ നീക്കത്തെ പ്രതിപക്ഷ കക്ഷികൾ ശക്തമായി എതിർക്കുന്നു. വോട്ടർപട്ടിക തയാറാക്കലല്ലാതെ, പൗരത്വം തീരുമാനിക്കുന്ന ചുമതല കമീഷന്റേതല്ലല്ലോ.
ചട്ടവിരുദ്ധം മാത്രമല്ല, അപ്രായോഗികവുമാണിത്. രേഖകൾ സമയത്ത് കാണിക്കാൻ കഴിയാത്ത പതിനായിരക്കണക്കിന് പൗരന്മാരെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കുന്നതിലേക്കാണ് ഈ അഭ്യാസം നയിക്കുക. രേഖകൾക്ക് അടിസ്ഥാനവർഷമായി കമീഷൻ തീരുമാനിച്ചിരിക്കുന്നത് 2003 ആണ്. ആ വർഷത്തിനുശേഷം വോട്ടർമാരായവരെല്ലാം പലതരം പൗരത്വരേഖകൾ കാണിക്കേണ്ടിവരും-ജനന സർട്ടിഫിക്കറ്റ് മുതൽ എൻ.ആർ.സി വരെ. ഇപ്പോൾ തന്നെ, ബിഹാറുകാരിൽ 75 ശതമാനത്തിനുപോലും ജനന സർട്ടിഫിക്കറ്റ് ഇല്ല. അവർക്ക് ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളുടെ രേഖകളും സംഘടിപ്പിച്ച് പൗരത്വം തെളിയിച്ച് വോട്ടവകാശം നേടുന്നതിലുമെളുപ്പം വോട്ട് ചെയ്യേണ്ടെന്ന് വെക്കലാവും.
ജനവിരുദ്ധമായ ഈ നീക്കം പല നിലക്കും സംശയാസ്പദമാണ്. പൗരത്വനിഷേധം വഴി തെരഞ്ഞെടുപ്പിനെ അപഹാസ്യമായ പ്രഹസനമാക്കാനേ ഇത് ഉപകരിക്കൂ. ഇലക്ഷൻ കമീഷനായാലും അതിർത്തി സംസ്ഥാനങ്ങളിലെ അധികൃതരായാലും ജനങ്ങൾക്ക് സേവനം ചെയ്യേണ്ടവരാണ്. ഭരണഘടന നൽകിയ പൗരാവകാശങ്ങളെ തൊട്ടുള്ള കളി രാജ്യത്തിന് ആപത്കരമാണ്. അധികാരികളെ പൗരന്മാർ തീരുമാനിക്കുന്ന യഥാർഥ ജനാധിപത്യത്തിൽനിന്ന്, പൗരന്മാരെ അധികാരികൾ തീരുമാനിക്കുന്ന ഫാഷിസത്തിലേക്കുള്ള പതനമാകും അത്. ഇന്ത്യ അതർഹിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

