Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightക്രൈസ്തവ സമ്പർക്കം...

ക്രൈസ്തവ സമ്പർക്കം ആരുടെ രക്ഷക്ക്?

text_fields
bookmark_border
BJP Christian Relationship
cancel


ഏപ്രിൽ ഒമ്പതിന് ഞായറാഴ്ച ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ ചർച്ചിൽ നടത്തിയ സന്ദർശനവും അതിന്‍റെ ചുവടുപിടിച്ചെന്നോണം കേരളത്തിൽ ബി.ജെ.പി നേതാക്കൾ ക്രൈസ്തവ മതാധ്യക്ഷന്മാരെ സന്ദർശിച്ച് പ്രധാനമന്ത്രിയുടെ ഈസ്റ്റർ സന്ദേശം കൈമാറിയതും വാർത്താതലക്കെട്ടുകൾ നേടുക സ്വാഭാവികം. പ്രധാനമന്ത്രിയുടെ സന്ദർശനവും ബി.ജെ.പി നേതാക്കളുടെ സമ്പർക്ക പരിപാടിയും രാഷ്ട്രീയലക്ഷ്യങ്ങളോടെയല്ല എന്നും സാമൂഹികമായി സമരസപ്പെടാനാണെന്നുമാണ് ബി.ജെ.പി നേതാക്കൾ നൽകുന്ന വിശദീകരണം. എന്നാൽ, പാർട്ടിയുടെ ഹൈദരാബാദ് ദേശീയ നിർവാഹകസമിതിയിൽ പ്രധാനമന്ത്രി മോദി തന്നെയാണ് കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കിടയിൽ സ്നേഹസംവാദ പരിപാടികൾ സംഘടിപ്പിക്കാൻ നിർദേശം നൽകിയത് എന്നിരിക്കെ, ബി.ജെ.പി നേതാക്കളുടെ ഒളിച്ചുകളിയിൽ കാര്യമൊന്നുമില്ല. സ്നേഹസംവാദത്തിന്‍റെ ഭാഗമായി 10,000 ബി.ജെ.പി പ്രവർത്തകർ ഒരുലക്ഷം ക്രൈസ്തവ വീടുകളിൽ സന്ദർശനം നടത്താനും ഏപ്രിൽ 15ന് വിഷുനാളിൽ ക്രൈസ്തവരെ ബി.ജെ.പിക്കാരുടെ വീടുകളിലേക്ക് ക്ഷണിക്കാനുമാണ് പരിപാടി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിൽ വിജയത്തിനുശേഷം ബി.ജെ.പി കേന്ദ്ര ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിൽ, വിജയത്തിന് ക്രൈസ്തവ വോട്ടുകൾ സഹായകമായത് ചൂണ്ടിക്കാട്ടിയ മോദി, അവരുടെ പിന്തുണ മറ്റിടങ്ങളിലും തേടാൻ അണികൾക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. 2026ൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിൽ പാർട്ടി ഒരു മുന്നണിഭരണത്തിന് രൂപം നൽകുമെന്ന് മോദി അന്നു പ്രസ്താവിച്ചിരുന്നു. ഇതിന്‍റെയൊക്കെ തുടർച്ചയാണ് ഈ സന്ദർശന, സമ്പർക്ക പരിപാടികളെന്നു വ്യക്തം.

അടുത്ത വർഷം പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്ന ബി.ജെ.പിക്ക് കേന്ദ്രത്തിലും ഉത്തരേന്ത്യയിലും ഒടുവിൽ വടക്കുകിഴക്കൻ മേഖലയിലുമുള്ള സ്വാധീനം ദക്ഷിണേന്ത്യയിലേക്ക് വേണ്ടത്ര വ്യാപിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. 2019ൽ 26 സീറ്റുകൾ നേടിയ കർണാടക മാത്രമാണ് അപവാദം. നാലു സീറ്റ് നേടിയ തെലങ്കാനയിലും പാർട്ടി കൂടുതൽ കിനാവിനു സാധ്യത കാണുന്നുണ്ട്. 130 ലോക്സഭ സീറ്റുകളുള്ള ദക്ഷിണേന്ത്യയിൽ കാലൂന്നാനുള്ള വിവിധ പദ്ധതികൾക്കാണ് ബി.ജെ.പി വട്ടംകൂട്ടുന്നത്. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് നഷ്ടമായ 160 സീറ്റുകളിൽ ഭൂരിഭാഗവും തെക്കുനിന്നാണ്. അതിൽ 60 എണ്ണമെങ്കിലും നേടിയെടുക്കുകയാണ് ബി.ജെ.പി ലക്ഷ്യം. അതു നടപ്പുള്ള കാര്യമോ എന്ന ശങ്കയിൽ പ്രതീക്ഷ പകരുന്നത് ത്രിപുരയിലെ അനുഭവമാണ്. പ്രതിപക്ഷത്തിന്‍റെ ദൗർബല്യത്തിൽ കണ്ണുനട്ട് ഓരോ സംസ്ഥാനത്തും ഉചിതമായ ഉപായങ്ങളാണ് ബി.ജെ.പി ആരായുന്നത്. തമിഴകത്തുനിന്നു ഇളയരാജ, തെലുഗുനാട്ടിൽനിന്നു വിജയേന്ദ്ര പ്രസാദ്, കേരളത്തിൽനിന്നു പി.ടി. ഉഷ എന്നിവരെ രാജ്യസഭയിലേക്കു നാമനിർദേശം ചെയ്തതും ദേശീയ നിർവാഹകസമിതിയിൽ തെക്കിന്‍റെ പ്രാതിനിധ്യം വർധിപ്പിച്ചതുമൊക്കെ ഇതിന്‍റെ ഭാഗമാണ്. ഇതിൽ കേരളം പിടിക്കാൻ മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറിനെയും എം.പി രാധാമോഹൻ അഗർവാളിനെയും മുന്നിൽനിർത്തി കണ്ടെത്തിയ സൂത്രമാണ് ക്രൈസ്തവരെ വരുതിയിലാക്കുക എന്നത്.

കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോൺ ബർല വിവിധ സഭനേതൃത്വങ്ങളുമായി പലവട്ടം കൂടിക്കാഴ്ചകൾ നടത്തി. ബി.ജെ.പിയെയും കേന്ദ്ര ഗവൺമെന്‍റ് പദ്ധതികളെയും പരിചയപ്പെടുത്താൻ ക്രൈസ്തവർക്കിടയിലേക്ക് ഇറങ്ങാൻ കഴിഞ്ഞ ക്രിസ്മസ് കാലത്ത് ബി.ജെ.പി സംസ്ഥാന നേതാക്കൾക്ക് നിർദേശമുണ്ടായിരുന്നു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ക്രൈസ്തവ സ്വാധീന മേഖലകളിൽ വിദ്യാർഥികളും യുവജനങ്ങളുമായി വിവിധ ആശയവിനിമയ പരിപാടികൾ നടത്തിവരുന്നു. അതിനു പുറമെ ക്രൈസ്തവരിൽനിന്നൊരുപറ്റം തീവ്രവാദികൾ മുസ്ലിംകൾക്കെതിരായി നടത്തിവരുന്ന കൊണ്ടുപിടിച്ച ദുഷ്പ്രചാരണങ്ങളെ അകത്തും പുറത്തും പിന്തുണച്ച് മുതലെടുക്കാനും ബി.ജെ.പി സജീവമായി രംഗത്തുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകാലത്ത് മുസ്ലിംകൾ, ക്രൈസ്തവർക്കുകൂടി അർഹതപ്പെട്ട അവകാശങ്ങൾ കവർന്നെടുക്കുന്നുവെന്നും പലതരത്തിലുള്ള ക്രൈസ്തവ വിദ്രോഹപ്രവർത്തനങ്ങൾ നടത്തുന്നുവെന്നും സഭാനേതൃത്വത്തിൽ ചിലരുടെ പിന്തുണയോടെ ഉയർന്ന മുറവിളിക്ക് അന്നു സി.പി.എം നേതൃത്വമായിരുന്നു അകമഴിഞ്ഞ പിന്തുണ നൽകിയത്. അവരിൽനിന്ന് അത് ഏറ്റുപിടിച്ച ബി.ജെ.പി കേന്ദ്രഭരണത്തിന്‍റെ ബലത്തിൽ ‘മുസ്ലിം പീഡനത്തിനെതിരെ ക്രൈസ്തവ സംരക്ഷകരായി’ വോട്ടുബാങ്കുറപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണിപ്പോഴും.

റബർവില കിലോക്ക് 300 ആക്കിയാൽ ബി.ജെ.പിക്ക് വോട്ടു വാഗ്ദാനം ചെയ്ത തലശ്ശേരി ആർച് ബിഷപ്പിന്‍റെയും, മോദി മികച്ച നേതാവാണെന്നും ഇന്ത്യയിലെ ക്രൈസ്തവർക്ക് അരക്ഷിതാവസ്ഥയില്ലെന്നുമുള്ള സീറോ മലബാർ സഭ മേജർ ആർച് ബിഷപ്പിന്‍റെയും പ്രസ്താവനകളിൽ ബി.ജെ.പി ഏറെ ശുഭപ്രതീക്ഷയർപ്പിക്കുന്നുണ്ട്. ‘ആഭ്യന്തര ഭീഷണി’യെന്ന ആചാര്യവിധി പ്രകാരം സംഘ്പരിവാർ ക്രൈസ്തവർക്കെതിരെ രാജ്യത്തുടനീളം അതിക്രമങ്ങളഴിച്ചു വിട്ടുകൊണ്ടിരിക്കെയാണല്ലോ, മോദിയെയും ഭരണത്തെയും സഭാനേതൃത്വം വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിക്കുന്നത്. എന്നാൽ, അരമനകളിൽ വാഴുന്ന സഭാപിതാക്കന്മാരുടെ അസ്വാസ്ഥ്യമല്ല, രാജ്യത്തുടനീളമുള്ള ക്രൈസ്തവസമൂഹത്തിന്‍റേത്. മോദിഭരണത്തിലെ തങ്ങളുടെ പീഡാനുഭവങ്ങൾ 2014ലെ 147 എണ്ണത്തിൽ നിന്ന് 2022ലെത്തുമ്പോൾ 598 ആയി 400 ശതമാനത്തോളം വർധിച്ചെന്നാണ് ഒന്നര മാസം മുമ്പ് ഫെബ്രുവരി 23ന് ന്യൂഡൽഹിയിലെ ജന്തർമന്തറിൽ അഭൂതപൂർവമായ പ്രതിഷേധ സംഗമത്തിലൂടെ ക്രൈസ്തവർ കൂട്ടമായി ലോകത്തോടു വിളിച്ചുപറഞ്ഞത്. അവരുടെ പൊള്ളുന്ന അനുഭവങ്ങൾക്കുനേരെ കണ്ണടച്ച് സംഘ്പരിവാറും സഭാനേതൃത്വത്തിൽ ചിലരും അന്യോന്യം കാൽതിരുമ്മിയും പുറംചൊറിഞ്ഞും നടത്തുന്ന ഈ കൂ(വോ)ട്ടുകച്ചവടം അതിലെ കക്ഷികളുടെ മാത്രം ആത്മരക്ഷക്കാണെന്നും ക്രൈസ്തവ ന്യൂനപക്ഷത്തിന്‍റെയോ രാജ്യത്തിന്‍റെയോ രക്ഷക്കല്ലെന്നും തിരിച്ചറിയാൻ സാമാന്യബുദ്ധി മതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Christian churchBJP
News Summary - Christian Relationship for whose salvation?
Next Story