Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightചൈനയിലെ വംശ

ചൈനയിലെ വംശ ശുദ്ധീകരണം

text_fields
bookmark_border
editorial
cancel

ചൈനയിലെ സിൻജ്യങ്​ പ്രവിശ്യയിലെ ഉയിഗൂർ വംശജരായ മുസ്​ലിംകൾക്കെതിരെ കമ്യൂണിസ്​റ്റ്​ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന വ്യവസ്​ഥാപിത വംശ ശുദ്ധീകരണ നടപടി കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വാർത്തകൾ അടുത്ത ദിവസങ്ങളിലായി അന്താരാഷ്​ട്ര മാധ്യമങ്ങൾ പുറത്തുവിടുകയുണ്ടായി. ബുധനാഴ്ച അമേരിക്കയിൽ പ്രവാസികളായി കഴിയുന്ന തിബത്തൻ, ഉയിഗൂർ വംശജരുടെ നേതൃത്വത്തിൽ ഐക്യരാഷ്​ട്രസഭ ആസ്​ഥാനത്തിന് മുന്നിൽ ഈ വിഷയത്തിൽ പ്രതിഷേധപ്രകടനം നടന്നു. ചൈനയുടെ വടക്കുകിഴക്ക് ഭാഗത്ത്, കസാഖ്​സ്​താൻ, കിർഗിസ്താൻ, മംഗോളിയ, പാകിസ്താൻ, അഫ്ഗാനിസ്​താൻ തുടങ്ങിയ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സിൻജ്യങ് പ്രവിശ്യയിലെ ഭൂരിപക്ഷ സമൂഹമാണ് ഉയിഗൂറുകൾ എന്നറിയപ്പെടുന്ന മുസ്​ലിം ജനവിഭാഗം. ചൈനയിലെ ഏറ്റവും വലിയ പ്രവിശ്യയായ സിൻജ്യങ്ങിൽ പ്രകൃതിവിഭവങ്ങളുടെ വൻ കലവറയുണ്ട്. പൗരാണികമായ സിൽക്ക് റൂട്ട് കടന്നുപോവുന്നത് ഈ മേഖലയിലൂടെയാണ്. ആധുനിക ലോകത്തെ ഏറ്റവും വലിയ നിർമാണപദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചൈനയുടെ ബെൽറ്റ് റോഡ് പദ്ധതിയുടെ പ്രധാനപ്പെട്ട കേന്ദ്രവും സിൻജ്യങ് തന്നെയാണ്. ഭൂമിശാസ്​ത്രപരവും തന്ത്രപരവുമായ പ്രാധാന്യം കാരണം സിൻജ്യങ് ചൈനയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്. എന്നാൽ, കമ്യൂണിസ്​റ്റ്​ മേലങ്കിയണിഞ്ഞ ചൈനയിലെ ഹാൻ വംശീയ ഭരണകൂടവുമായി ആശയപരമായോ വൈകാരികമായോ ചേർച്ചയില്ലാത്തവരാണ് സിൻജ്യങ്ങിലെ ജനങ്ങൾ. ഈ കാരണംകൊണ്ടുതന്നെ ശത്രു സമൂഹത്തെയെന്നപോലെയാണ് ചൈനീസ്​ ഭരണകൂടം എപ്പോഴും അവരെ കണ്ടുകൊണ്ടിരുന്നത്. ആ സമീപനം അതി​െൻറ ഏറ്റവും ക്രൂരമായ മുഖം കാണിച്ചു തുടങ്ങിയതി​െൻറ അനുഭവങ്ങളാണ് അടുത്ത ദിവസങ്ങളിൽ അവിടെനിന്ന് വന്നുകൊണ്ടിരിക്കുന്നത്.

10 ലക്ഷത്തോളം ഉയിഗൂർ വംശജരെ വിവിധ തടങ്കൽ പാളയങ്ങളിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ജനീവ ആസ്​ഥാനമായ ഐക്യരാഷ്​ട്ര സഭയുടെ മനുഷ്യാവകാശ സമിതി തന്നെ പറയുന്നു. എന്നാൽ, ഇവ തടങ്കൽ പാളയങ്ങളല്ല, ‘രാഷ്​​ട്രീയ പുനർ വിദ്യാഭ്യാസ കേന്ദ്ര’ങ്ങളാണ് എന്നാണ് ചൈനയുടെ ഔദ്യോഗിക ഭാഷ്യം. ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ മാവോയുടെ പദ്ധതിക്ക് ‘മഹത്തായ സാംസ്​കാരിക വിപ്ലവം’ എന്ന് പേരിട്ടവരാണ് ചൈനീസ്​ കമ്യൂണിസ്​റ്റുകൾ. ‘രാഷ്​​ട്രീയ പുനർവിദ്യാഭ്യാസം’ എന്ന് പറയുമ്പോൾ യഥാർഥത്തിൽ ഉദ്ദേശിക്കുന്നതെന്തെന്ന് ആർക്കും എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളു. നമസ്​കാരം, നോമ്പ് പോലെയുള്ള മതചടങ്ങുകൾ; താടി, തൊപ്പി, ഹിജാബ് തുടങ്ങിയ മതചിഹ്​നങ്ങൾ എന്നിവക്ക് മാത്രമല്ല കുട്ടികൾക്ക് ഇഷ്​ടപ്പെട്ട പേരിടുന്നതിന് അവിടെ വിലക്ക് നിലനിൽക്കുകയാണ്. ഭരണകൂടം കരിമ്പട്ടികയിൽ പെടുത്തിയ പേരുകൾ കുഞ്ഞുങ്ങൾക്കിട്ടാൽ ജനനസർട്ടിഫിക്കറ്റുകൾ പോലും കിട്ടാത്ത സ്​ഥിതിയാണെന്ന് മനുഷ്യാവകാശ സംഘടനകൾ സാക്ഷ്യപ്പെടുത്തുന്നു.

സിൻജ്യങ്ങിലെ ജനസംഖ്യഘടന തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളും ചൈനീസ്​ സർക്കാർ നടത്തുന്നുണ്ട്. രാജ്യത്തി​​െൻറ മറ്റ് ഭാഗങ്ങളിൽനിന്ന് ഹാൻ വംശജരെ കുട്ടത്തോടെ സിൻജ്യങ്ങിൽ കൊണ്ടുവന്ന് പാർപ്പിച്ചുകൊണ്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ദശകങ്ങളായി നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ സിൻജ്യങ്ങിലെ ഹാൻ ജനസംഖ്യ 39 ശതമാനത്തിലെത്തിക്കാൻ ചൈനീസ്​ ഭരണകൂടത്തിനായി. ഹാൻ വംശജർക്ക് നഗരകേന്ദ്രങ്ങളിൽ എല്ലാവിധ ആനുകൂല്യങ്ങളും ഭരണകൂടം അനുവദിക്കുമ്പോൾ ഉയിഗൂറുകളെ ചേരികളിൽ തള്ളി ജീവിതം ദുസ്സഹമാക്കുകയാണ്. ഇത് സൃഷ്​ടിക്കുന്ന സംഘർഷങ്ങൾ പലയിടത്തും പൊട്ടിപ്പുറപ്പെടാറുണ്ട്. ഭരണകൂട വേട്ട ഭയന്ന് നൂറുകണക്കിന് ഉയിഗൂറുകൾ ഇതിനകം അയൽ നാടുകളിലേക്ക് പലായനം ചെയ്തിട്ടുണ്ട്. അവരിൽ പലരും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും രാഷ്​​ട്രീയ അഭയാർഥികളായി കഴിയുകയാണ്. അവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട വിവിധ ഉയിഗൂർ സംഘടനകളാണ് മേഖലയിൽ ഭരണകൂടം നടപ്പാക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ അന്താരാഷ്​ട്ര സമൂഹത്തിന് മുന്നിൽ കൊണ്ടുവരുന്നത്.

മുസ്​ലിം ലോകത്ത് പൊതുവേയും പശ്ചിമേഷ്യയിൽ പ്രത്യേകിച്ചും രൂപപ്പപെട്ട രാഷ്​​ട്രീയ അനിശ്ചിതാവസ്​ഥ കാരണം ഉയിഗൂർ പ്രശ്നം അന്താരാഷ്​ട്ര തലത്തിൽ ഗൗരവത്തിൽ ഉന്നയിക്കാൻ മുസ്​ലിം രാഷ്​ട്രങ്ങൾക്ക് സാധിക്കുന്നില്ല. ഇത്തരം വിഷയങ്ങളിൽ തത്ത്വാധിഷ്ഠിതമായി ഇടപെടാറുള്ള തുർക്കി ഭരണകൂടത്തിനും ഉയിഗൂർ പ്രശ്നത്തിൽ ഇടപെടുന്നതിൽ പരിമിതികളുണ്ട്. തുർക്കി സമ്പദ്ഘടനയെ ലക്ഷ്യംവെച്ച് അമേരിക്ക ആരംഭിച്ച ഉപരോധവും തുടർന്ന് തുർക്കി നാണയമായ ലിറക്ക് സംഭവിച്ച വൻ ഇടിവും ആ രാജ്യത്തിെ​ൻറ സമ്പദ്ഘടനയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്​ടിച്ചത്. ചൈനയും റഷ്യയുമായുള്ള വ്യാപാരം വർധിപ്പിച്ചുകൊണ്ടാണ് ഈ പ്രതിസന്ധിയെ മറികടക്കാൻ അവർ ശ്രമിക്കുന്നത്. അതിനിടെ ചൈനക്കെതിരെ ഒരു രാഷ്​​ട്രീയ പ്രശ്നം ഉന്നയിക്കാൻ തുർക്കി സ്വാഭാവികമായും മടിക്കും. ഈ അനുകൂല കാലാവസ്​ഥകളെ മുതലാക്കിയാണ് ഉയിഗൂറുകൾക്കെതിരായ അടിച്ചമർത്തൽ നടപടി ചൈന ശക്തമാക്കിയിരിക്കുന്നത്. അടിസ്​ഥാന മനുഷ്യാവകാശ തത്ത്വങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് കമ്യൂണിസ്​റ്റ്​ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന വംശീയ നടപടിക്കെതിരെ സാർവദേശീയതലത്തിൽ പ്രതിഷേധം രൂപപ്പെടേണ്ടതുണ്ട്. വലിയൊരു മാനുഷിക ദുരന്തം സംഭവിക്കുന്നതിന് മുമ്പ് മനുഷ്യാവകാശ പ്രസ്​ഥാനങ്ങളും ജനാധിപത്യ വാദികളും ഉണർന്നു പ്രവർത്തിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticlemalayalam newsChina Racism
News Summary - China - Article
Next Story