കുഞ്ഞുങ്ങള്‍ക്ക് ചോദിക്കാനുണ്ട്
text_fields‘‘ഞങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് ചിലത് ചോദിക്കാനുണ്ട്. അതിന് ഇനിയെത്ര കാലം കാത്തിരിക്കണം’’ -ഞായറാഴ്ച രാഷ്ട്രപതിഭവനില്‍ വിവിധ രാജ്യങ്ങളില്‍നിന്നത്തെിയ മുന്‍ പ്രസിഡന്‍റുമാര്‍, മുന്‍ പ്രധാനമന്ത്രിമാര്‍, നൊബേല്‍ ജേതാക്കള്‍ എന്നിവരടങ്ങുന്ന 200 പ്രമുഖരുടെ പ്രൗഢമായ സദസ്സിനെ സ്തബ്ധമാക്കി ഈ കൂര്‍ത്ത ചോദ്യമെറിഞ്ഞത് ഇംതിയാസ് അലി എന്ന ബാലനാണ്.
ദിവസം 12 മണിക്കൂര്‍ ജോലിയും 50 രൂപ ആഴ്ചക്കൂലിയുമുള്ള ഡല്‍ഹി ഖാന്‍പുരിലെ വസ്ത്രനിര്‍മാണശാലയില്‍നിന്ന് ‘ബച്പന്‍ ബചാവോ ആന്ദോളന്‍’ (ബി.ബി.എ) രക്ഷപ്പെടുത്തിയതായിരുന്നു അലിയെ. ബാല്യം നിഷേധിക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്കായി 2014ലെ നൊബേല്‍ ജേതാവ് കൈലാശ് സത്യാര്‍ഥി മുന്‍കൈയെടുത്തു സംഘടിപ്പിച്ച ഉച്ചകോടിയില്‍ അടിമപാളയങ്ങളിലും പീഡനക്കൂടുകളിലും തളക്കപ്പെട്ട ശതകോടി ബാല്യങ്ങളുടെ ദുരിതകഥയാണ് അനാവരണം ചെയ്യപ്പെട്ടത്. രണ്ടുവര്‍ഷം മുമ്പ് നീതി നിഷേധിക്കപ്പെട്ട ബാല്യത്തിന്‍െറ ദാരുണകഥ അനാവരണം ചെയ്തപ്പോള്‍ അവിശ്വസനീയമെന്നു പറഞ്ഞ പ്രമുഖരെയാണ് അഞ്ചു വര്‍ഷത്തെ ബോധവത്കരണ കാമ്പയിനു വേണ്ടി കൈലാശ് അണിനിരത്തിയത്.
200 വര്‍ഷം മുമ്പ് അടിമത്തത്തെ ലോകം തൂത്തെറിഞ്ഞെങ്കിലും കുഞ്ഞുങ്ങള്‍ ഇപ്പോഴും വിവിധ തലങ്ങളില്‍ അടിമപ്പാളയങ്ങളില്‍തന്നെയാണെന്ന് വസ്തുസ്ഥിതി വിവരങ്ങള്‍ ബോധ്യപ്പെടുത്തുന്നു. പോഷകാഹാരത്തിന്‍െറയും രോഗപ്രതിരോധശേഷിയുടെയും അഭാവം മൂലം അകാലമരണം പ്രാപിക്കുന്ന കുഞ്ഞുജീവനുകളുടെ പതിന്മടങ്ങാണ് അപകടങ്ങളിലും അതിക്രമങ്ങളിലും അധിനിവേശങ്ങളിലുമായി പൊലിഞ്ഞുതീരുന്നതും ദുരിതപ്പെടുന്നതും. യൂനിസെഫിന്‍െറ കണക്കുപ്രകാരം ലോകത്ത് മരിച്ചുവീഴുന്ന കുഞ്ഞുങ്ങളില്‍ 40 ശതമാനവും ദക്ഷിണേഷ്യയിലും സബ്സഹാറന്‍ ആഫ്രിക്കയിലുമാണ്.
21 കോടി യുവാക്കള്‍ തൊഴില്‍തേടി അലയുന്ന ലോകത്ത് 70 കോടി കുട്ടികള്‍ വേലയെടുക്കുന്നുണ്ട്. കാര്‍ഷികവൃത്തിയിലാണ് ഏറ്റവും കൂടുതല്‍ ബാലചൂഷണം നടക്കുന്നത്. പിന്നെ, ഇഷ്ടികക്കളങ്ങള്‍, പാറമടകള്‍ തുടങ്ങി നിര്‍മാണമേഖലയിലും ഭക്ഷണശാലകളിലും വേശ്യാലയങ്ങളിലും വരെയും. സിറിയന്‍ അഭയാര്‍ഥിക്കുട്ടികളുടെ കരളലിയിക്കുന്ന കഥകളുമായി എത്തിയ ജോര്‍ഡനിലെ അലി ബിന്‍ ഹുസൈന്‍ രാജകുമാരന്‍ വ്യഭിചാരം, വേശ്യാവൃത്തി, അടിമവൃത്തി എന്നിങ്ങനെ വിവിധതരം ചൂഷണങ്ങള്‍ക്കിരയാകുന്നതായി ചൂണ്ടിക്കാട്ടി. ജോര്‍ഡനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 630,776 അഭയാര്‍ഥികളില്‍ ബഹുഭൂരിഭാഗവും കുട്ടികളാണ്.
ഈ സാഹചര്യത്തിലാണ് ആധുനിക അടിമത്തം നിര്‍മാര്‍ജനം ചെയ്യുകയെന്ന ആഹ്വാനവുമായി കൈലാശ് സത്യാര്‍ഥി ന്യൂഡല്‍ഹി ഉച്ചകോടിക്ക് മുന്‍കൈയെടുത്തത്. കുഞ്ഞുങ്ങളെ അധമത്വത്തില്‍നിന്ന് ഉയര്‍ത്തിക്കൊണ്ടുവരാന്‍, പോഷകാഹാരവും ശുചിത്വമുള്ള പാര്‍പ്പിടസാഹചര്യവും ഒരുക്കിയും വിദ്യാഭ്യാസത്തിന് ആകര്‍ഷകമായ ആനുകൂല്യങ്ങളിലൂടെ അവസരം തുറന്നുവെച്ചുമൊക്കെ ഗവണ്‍മെന്‍റുകളും ഇതര ഏജന്‍സികളും ആക്ടിവിസ്റ്റുകളുമൊക്കെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍, ഈ മേഖലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളും ഫലങ്ങളും താരതമ്യം ചെയ്യുമ്പോള്‍ നിരാശയാകും ഫലം. ന്യൂഡല്‍ഹി സമ്മേളനത്തില്‍ പങ്കെടുത്ത വിവിധ രാജ്യങ്ങളില്‍നിന്നത്തെിയ നേതാക്കളും സേവനത്തിന്‍െറ അംഗീകാരം നേടിയ നൊബേല്‍ ജേതാക്കളുമൊക്കെ ഈയൊരു അന്തരം ചുരുക്കിക്കൊണ്ടുവരുന്നതിന്‍െറ അടിയന്തര പ്രാധാന്യത്തെക്കുറിച്ചാണ് സംസാരിച്ചത്. സുസ്ഥിതിയിലുള്ള 10 കോടി കുട്ടികള്‍ ദു$സ്ഥിതിയിലുള്ള 10 കോടി സഹോദരങ്ങള്‍ക്കു വേണ്ടി എന്ന അഞ്ചുവര്‍ഷത്തെ പ്രചാരണപരിപാടിക്കും ഉച്ചകോടിയില്‍ തുടക്കമായി.
ഇത്രയും എണ്ണം കുട്ടികള്‍ പള്ളിക്കൂടത്തിന്‍െറ പടി കാണാത്തവരാണ്. ഇവര്‍ക്ക് സുരക്ഷയും സ്വാതന്ത്ര്യവും മതിയായ വിദ്യാഭ്യാസവും പ്രദാനം ചെയ്താല്‍ മാത്രമേ ജനാധിപത്യരാജ്യമെന്ന മേനി നമുക്ക് നിലനിര്‍ത്താനാവുകയുള്ളൂ. മാത്രമല്ല, സാക്ഷരരും പ്രബുദ്ധരുമാക്കുന്നതിലൂടെ ഏതു പുരോഗതിയുടെയും ചാലകശക്തിയായി ഇവരെ മാറ്റിയെടുക്കാനും കഴിയും. ലോകത്ത് യുവ ജനസംഖ്യയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്ത്യ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രതയും താല്‍പര്യവുമെടുത്തേ മതിയാവൂ. ആകെ ജനസംഖ്യയുടെ നാലിലൊന്നു വരുന്ന 14 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കിടയില്‍ ആഹാരം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളില്‍ കടുത്ത അസമത്വം നിലനില്‍ക്കുന്നുവെന്നും അതില്ലാതാക്കി എല്ലാവരെയും ക്ഷേമത്തിന്‍െറ ഒരേ ചരടില്‍ കോര്‍ത്തുവെക്കാനുള്ള നടപടികള്‍ രാജ്യത്തിന്‍െറ പ്രാഥമിക മുന്‍ഗണനകളില്‍ വരണമെന്നും രാഷ്ട്രപതി ഉണര്‍ത്തിയത് ശ്രദ്ധേയമാണ്.
കുട്ടികള്‍ക്കുള്ള സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം സംസ്ഥാനങ്ങളുടെ ബാധ്യതയായി നിഷ്കര്‍ഷിക്കുന്ന 2009ലെ നിയമം ഇന്ത്യ നടപ്പിലാക്കി. വൈവിധ്യമാര്‍ന്ന സര്‍വശിക്ഷ അഭിയാന്‍ പദ്ധതി, ഉച്ചഭക്ഷണമടക്കമുള്ള ആനുകൂല്യങ്ങളുടെ അകമ്പടിയോടെ ആഘോഷപൂര്‍വം കൊണ്ടുനടത്തി. എന്നാല്‍, ബാലവേലയും കുട്ടിക്കടത്തും മുതല്‍ ലഹരി/ലൈംഗിക ചൂഷണങ്ങള്‍ക്കുവരെ കുട്ടികള്‍ വന്‍തോതില്‍ ഇരയാകുന്നു എന്നതു സത്യം. ഈ ദു$സ്ഥിതിയിലേക്കു ശ്രദ്ധക്ഷണിക്കുന്നതിനും അതിനെതിരായ ബോധവത്കരണത്തിനും ഉണര്‍ന്നെണീറ്റ ആക്ടിവിസ്റ്റുകളെയും സന്നദ്ധസംഘടനകളെയും അഭിനന്ദിക്കാം.
എന്നാല്‍, അവര്‍ക്ക് അത്രയേ കഴിയൂ. പദ്ധതികളൊരുക്കേണ്ടതും നിര്‍വഹിക്കേണ്ടതും പഴുതുകളടക്കേണ്ടതും ഗവണ്‍മെന്‍റാണ്. അതിനാല്‍ കുഞ്ഞുങ്ങളെ അണിനിരത്തി പ്രതിജ്ഞയെടുപ്പിക്കാനും നാടിന്‍െറ നന്മക്കു വേണ്ടിയുള്ള സന്നദ്ധപ്രവര്‍ത്തനങ്ങളെ ആശീര്‍വദിക്കാനും മാത്രമല്ല, അവരുടെ പ്രവര്‍ത്തനങ്ങളെ വിജയിപ്പിക്കാനുള്ള മുഖ്യ ഉത്തരവാദിത്തം തങ്ങള്‍ക്കാണെന്ന് ഭരണകൂടവും അധികാരികളും തിരിച്ചറിയണം. ഇല്ളെങ്കില്‍ അടിമബാല്യത്തിന്‍െറ ഉള്ളിലെരിയുന്ന നോവിന്‍െറ കനലുകളില്‍ ചുട്ടെടുത്ത ചോദ്യങ്ങള്‍ ഇനിയും നമ്മെ പൊള്ളിച്ചു കൊണ്ടേയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
