Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightചീഫ് ജസ്റ്റിസിന്റെ...

ചീഫ് ജസ്റ്റിസിന്റെ പ്രത്യാശ പകരുന്ന പ്രസ്താവന

text_fields
bookmark_border
ചീഫ് ജസ്റ്റിസിന്റെ പ്രത്യാശ പകരുന്ന പ്രസ്താവന
cancel
തന്നെ പ്രതിരോധിക്കാനും പിന്തുണക്കാനും എന്ന ഭാവേന രംഗത്തുവന്ന ബാർ കൗൺസിൽ ഓഫ്‍ ഇന്ത്യയെ കടുത്ത ഭാഷയിൽ അപലപിക്കുകയും തന്നെ വിമർശിച്ചവർക്ക് അതിനുള്ള അവകാശം അനുവദിച്ചുകൊടുക്കാൻ ആവശ്യപ്പെടുകയുമാണ് ചീഫ് ജസ്റ്റിസ് ചെയ്തത്

ബഹുസ്വരതയുടെയും ആശയ പ്രകാശന സ്വാതന്ത്ര്യത്തിന്റെയും അപരവീക്ഷണത്തോടുള്ള തുറന്ന സമീപനത്തിന്റെയും സംഗ്രഹമായി ഉദ്ധരിക്കപ്പെടുന്ന ആപ്തവാക്യമാണ് ‘നിങ്ങൾ പറയുന്നത് പൂർണമായും തിരസ്കരിക്കുന്നു, പക്ഷേ, നിങ്ങൾക്ക് അത് പറയാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി ഞാൻ മരണം വരെ പോരാടും’ എന്നത്. ഇതിനെ അനുസ്മരിപ്പിക്കുന്ന ഒരു പ്രസ്താവം ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്തിൽനിന്ന് കഴിഞ്ഞ ദിവസമുണ്ടായി. തന്നെ പ്രതിരോധിക്കാനും പിന്തുണക്കാനും എന്ന ഭാവേന രംഗത്തുവന്ന ബാർ കൗൺസിൽ ഓഫ്‍ ഇന്ത്യ(ബി.സി.ഐ)യെ കടുത്ത ഭാഷയിൽ അപലപിക്കുകയും തന്നെ വിമർശിച്ചവർക്ക് അതിനുള്ള അവകാശം അനുവദിച്ചുകൊടുക്കാൻ ആവശ്യപ്പെടുകയുമാണ് അദ്ദേഹം ചെയ്തത്.

മേയ് 15ന് സുപ്രീംകോടതിയിൽ നടന്ന ഒരു വിചാരണക്കിടയിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ചില പരാമർശങ്ങൾ ഏറെ വിവാദങ്ങൾക്കിടയാക്കി. ‘പാറ്റകളെപ്പോലെ ചില ചെറുപ്പക്കാർ പണിയൊന്നും ചെയ്യാതെ മാധ്യമ, സമൂഹമാധ്യമ, വിവരാവകാശ ആക്ടിവിസ്റ്റുകളായി സർവരെയും കടന്നാക്രമിക്കും’ എന്ന അദ്ദേഹത്തിന്റെ പ്രസ്താവന കഴിഞ്ഞ മാസങ്ങളിൽ രാജ്യതലസ്ഥാനമടക്കം ഇന്ത്യൻ നഗരങ്ങളെ ഇളക്കിമറിച്ച കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) എന്ന പ്രതിഭാസത്തിനുതന്നെ കളമൊരുക്കി. രാജ്യത്തെ യുവതയുടെ വിദ്വേഷം വിളിച്ചുവരുത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ തങ്ങളുടെ സ്ഥാപനത്തിലെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി ചീഫ് ജസ്റ്റിസിനെ പങ്കെടുപ്പിക്കരുതെന്ന് ഹൈദരാബാദിലെ പ്രശസ്ത നിയമ സർവകലാശാല(നൽസാർ)യിലെ 450ഓളം വിദ്യാർഥികളും പൂർവവിദ്യാർഥികളും ആവശ്യമുന്നയിച്ചു. അതിനു മറുപടിയെന്നോണം, ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ കുമാർ മിശ്ര, 2026 ബാച്ച് നൽസാർ ബിരുദധാരികളെ ഒരറിയിപ്പുണ്ടാവുന്നതുവരെ അഭിഭാഷകരായി എൻറോൾ ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരിക്കുകയായിരുന്നു. നൽസാറിലെ പ്രതിഷേധിച്ച വിദ്യാർഥികളെക്കുറിച്ച വിവരങ്ങളാരാഞ്ഞ് സർവകലാശാലക്ക് കത്തയക്കുകയും ചെയ്തു.

ഈ ആവശ്യത്തെ വിമർശിച്ച് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞ ശക്തമായ വാക്കുകൾ, ഭിന്നസ്വരങ്ങളെ അടിച്ചമർത്തുന്ന നടപ്പു ഭരണകൂട ശീലങ്ങളുടെ പശ്ചാത്തലത്തിൽ പ്രസക്തമാണ്. വിദ്യാർഥികൾ ഉന്നയിച്ച ‘ധിക്കാരപരമായ’ ആവശ്യം ആർക്ക് എതിരാണോ ആ വ്യക്തി, ചീഫ് ജസ്റ്റിസ്, തന്നെ ബി.സി.ഐ നടപടിയെ തള്ളിപ്പറഞ്ഞു എന്നു മാത്രമല്ല, വിദ്യാർഥികൾക്കെതിരെ നടപടിയെടുപ്പിക്കാൻ എന്തവകാശമാണെന്ന് ചോദ്യവുമെറിഞ്ഞു. ‘എനിക്കും വിദ്യാർഥികൾക്കുമിടയിൽ നിൽക്കാൻ ബാർ കൗൺസിൽ ആരാണ്? അവർക്കിതിൽ ഒരു കാര്യവുമില്ല. അവരെന്തിനാണ് ആവശ്യമില്ലാതെ ഇതിൽ ഇടപെടുന്നത്’ എന്നായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച, ബി.സി.ഐ നടപടികൾക്കെതിരായ ഒരു കേസിനിടയിലെ മുഖ്യ ന്യായാധിപന്റെ വാക്കുകൾ. നൽസാർ വിദ്യാർഥികൾക്കെതിരെ നടപടികളെടുക്കരുതെന്നും രണ്ടാഴ്ചക്കുള്ളിൽ തങ്ങളുടെ നടപടികളെക്കുറിച്ച വിശദീകരണം ബി.സി.ഐ നൽകണമെന്നും കോടതി ഉത്തരവിടുകയും ചെയ്തു.

പ്രത്യക്ഷത്തിൽ ചീഫ് ജസ്റ്റിസിനെ പിന്തുണക്കാനാണ്, ബി.ജെ.പി പാർലമെന്റംഗം കൂടിയായ ബി.സി.ഐ ചെയർമാൻ മനൻ കുമാർ മിശ്ര നൽസാർ വൈസ് ചാൻസലറോട് പ്രതിഷേധക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടത്. പക്ഷേ, പൊതുമണ്ഡലത്തിലെ എതിർപ്പുകൾ കാരണം ആ കത്ത് മണിക്കൂറുകൾക്കകം തന്നെ പിൻവലിക്കപ്പെട്ടു. പ്രതിഷേധക്കാരെക്കുറിച്ച വിവരങ്ങൾ ആവശ്യപ്പെട്ടത് പിൻവലിച്ചുമില്ല. വെള്ളിയാഴ്ചയാണ് ബി.സി.ഐ കത്ത് പൂർണമായി പിൻവലിച്ചത്. എന്നാൽ, കത്ത് പിൻവലിച്ചതിന്റെ പേരിൽ സുപ്രീംകോടതി വിമർശനം നടത്താതിരുന്നില്ല. ന്യായമെന്ന് കരുതിയ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ സർവകലാശാലയുടെ ആഭ്യന്തര നടപടികളെക്കുറിച്ച് വിദ്യാർഥികൾ ഉന്നയിച്ച ആവശ്യത്തിൽ കുറ്റം ആരോപിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിലും വിദ്യാർഥികളുടെ സംഘടനാ സ്വാതന്ത്ര്യത്തിലും കൈകടത്തലാണെന്ന് വിദ്യാർഥികളുടെ അഭിഭാഷകൻ കെ. പരമേശ്വരൻ പറഞ്ഞതിനോട് തത്ത്വത്തിൽ യോജിച്ചുതന്നെയാണ് പരമോന്നത കോടതി പ്രതികരിച്ചത്.

തങ്ങൾ സ്വയം കെട്ടിപ്പൊക്കിയ പ്രതിച്ഛായയുടെയും കൃത്രിമകീർത്തിയുടെയും ഗോപുരങ്ങൾ വിമർശനങ്ങൾ വരുമ്പോഴേക്ക് ഇടിഞ്ഞുപോകുമെന്നു ഭയമുള്ളവർക്ക് അത് സഹിക്കാൻ കഴിയില്ല. എന്നാൽ, കർമപരവും ധാർമികവുമായ ഔന്നത്യത്തെക്കുറിച്ച് ഉറപ്പുള്ളവർക്ക് കഴമ്പുള്ള വിമർശനങ്ങൾ, അതെത്ര അരോചകമാണെങ്കിലും, ഭയാശങ്കകൾ സൃഷ്ടിക്കില്ല. സമകാലീന ഇന്ത്യയിൽ വിമതസ്വരങ്ങൾക്കുള്ള ഇടങ്ങൾ ഭരണകൂടത്തിന്റെ ഒത്താശയിൽ ചുരുക്കാനുള്ള ശ്രമങ്ങൾക്ക്, ആശയസ്വാതന്ത്ര്യത്തിന്റെ പ്രചാരകരാവേണ്ട മാധ്യമങ്ങൾ തന്നെ കൂട്ടുനിൽക്കുകയും ഭരണകൂട വിഗ്രഹങ്ങൾക്കു നേരെയുള്ള വിമർശനങ്ങൾ നിയമനടപടികളോ പ്രതികാര നടപടികളോ നേരിടേണ്ടി വരുമ്പോൾ, അത്തരം ഒന്നും തനിക്ക് തടസ്സമല്ല എന്ന് ഒരു ന്യായാധിപൻ പറയുന്നത് ജനാധിപത്യത്തിന് നൽകുന്ന പ്രത്യാശ ചെറുതല്ല. നീതിപീഠം തന്നെ പലപ്പോഴും ഭരണകൂടത്തിന്റെ വിഭാഗീയമായ അരുതായ്മകൾക്ക് മേലൊപ്പ് ചാർത്തുന്നുവെന്ന ആരോപണങ്ങൾ ഉണ്ടായിരിക്കെ നീതിപീഠത്തിന്റെ ഉന്നതതലത്തിൽ നിന്നുവരുന്ന ഇത്തരം ശബ്ദങ്ങൾക്ക് ജനം കാതോർക്കുക തന്നെ ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief justicestatementSupreme CourtJustice Surya Kant
News Summary - Chief Justice Surya kant's new statement
Next Story