Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകാണാതാകുന്നത്​...

കാണാതാകുന്നത്​ ചന്ദ്രയാനല്ല ശാസ്​ത്രബോധമാണ്​

text_fields
bookmark_border
കാണാതാകുന്നത്​ ചന്ദ്രയാനല്ല ശാസ്​ത്രബോധമാണ്​
cancel
ചന്ദ്രയാൻ-2മായി ബന്ധപ്പെട്ട്​ ഏറെക്കാലം നാം ആവർത്തിച്ച്​ കാണാൻ പോകുന്ന ദൃശ്യം ഒരുപക്ഷേ ഒാർബിറ്ററുടെയോ ലാൻഡ റുടെയോ റോവറുടെയോ ആയിരിക്കില്ല. മറിച്ച്​, ​െഎ.എസ്​.ആർ.ഒ ചെയർമാൻ ഡോ. ശിവനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആ​ശ്വ സിപ്പിക്കുന്ന ചിത്രമായിരിക്കും. 2014ൽ നമ്മുടെ മംഗൾയാൻ ഉപഗ്രഹം ചൊവ്വയുടെ ഭ്രമണപഥത്തിനടുത്തേക്ക്​ വിജയകരമായി വ ിക്ഷേപിച്ചപ്പോൾ അത്​ ആഘോഷിക്കാനും പ്രധാനമന്ത്രി സന്നിഹിതനായിരുന്നു. രാജ്യത്തി​​െൻറ ജയപരാജയങ്ങളിൽ ഭാഗഭാക്കാകാൻ ഭരണത്തലവൻ മുന്നോട്ട്​ വരുന്നതിൽ അസ്വാഭാവികതയില്ല. എന്നാൽ, ഭരണകൂടം ശാസ്​ത്രലോകത്തിന്​ നൽകുന്ന വിശാലമായ സന്ദേശങ്ങൾക്ക്​ വലിയ പ്രാധാന്യമുണ്ട്​. ബഹിരാകാശ യത്​നങ്ങളെ വാർത്താ മൂല്യമേറിയ സംഭവങ്ങളായി കാണാം; അതേസമയം, ജയത്തിനും പരാജയത്തിനും ഒരുപോലെ സാധ്യതയുള്ള, അറിവി​​െൻറ മഹാധാരയുടെ ഭാഗങ്ങൾ മാത്രമായും കാണാം. ആ നിലക്ക്​ പ്രധാനമന്ത്രിയുടെ ബംഗളൂരു സാന്നിധ്യത്തോളമോ അതിൽ കൂടുതലോ പ്രസക്​തമായിരുന്നു ശാസ്​ത്രജ്​ഞർക്ക്​ ന്യായമായ സേവന-വേതന വ്യവസ്​ഥകൾ ഉറപ്പുവരുത്തുക എന്നത്​. വിജയിച്ചാലും ‘പരാജയപ്പെട്ടാ’ലും ഒരുപോലെ നേട്ടമാകും എന്നതാണ്​ ശാസ്​ത്രപഠനങ്ങളുടെ പ്രത്യേകത. ​െഎ.എസ്​.ആർ.ഒ ശാസ്​ത്രജ്​ഞർ മംഗൾയാനും ചന്ദ്രയാനും പോലുള്ള ചില നാടകീയ സന്ദർഭങ്ങളിൽ പൊതുശ്രദ്ധ നേടാറുണ്ടെങ്കിലും അതൊന്നുമില്ലാത്ത, കഠിനാധ്വാനത്തി​​െൻറയും പഠനങ്ങളുടെയും ഏകാഗ്രനിമിഷങ്ങളിലും അവർ കാട്ടുന്ന സമർപ്പണവും നാം അംഗീകരിക്കേണ്ടതുണ്ട്​. ഇതു​ ചൂണ്ടിക്കാട്ടാനുള്ള കാരണം, ​െഎ.എസ്​.ആർ.ഒ ശാസ്​ത്രജ്​ഞരുടെ ശമ്പളം കേന്ദ്രസർക്കാർ വെട്ടിക്കുറച്ചതായുള്ള റിപ്പോർട്ടുകളാണ്​. പ്രോത്സാഹന വേതനമെന്ന നിലക്ക്​ സുപ്രീംകോടതിയുടെ പ്രത്യേക നിർദേശപ്രകാരം 1996 മുതൽ നൽകിവരുന്ന പ്രതിഫലമാണത്രെ ജൂൺ 12ന്​ നിർത്തലാക്കിയത്​. എന്നിട്ടും ചന്ദ്രയാൻ-രണ്ടി​​െൻറ വിജയത്തിനുവേണ്ടി പ്രയത്​നിച്ച ശാസ്​ത്രജ്​ഞരെ ആശ്ലേഷിക്കും മുമ്പ്​ ആ ശമ്പളം പുനഃസ്​ഥാപിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ!

ഇതു മാത്രമല്ല, രാജ്യത്ത്​ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ശാസ്​ത്രബോധവും ശാസ്​ത്രീയ സമീപനവും എത്രയും വേഗം തിരിച്ചുപിടിക്കേണ്ടതി​​െൻറ പ്രാധാന്യം കൂടി ചന്ദ്രയാൻ ദൗത്യം ഉൗന്നിപ്പറയുന്ന​ുണ്ട്​. ശാസ്​ത്രത്തെയും ശാസ്​ത്രപ്രവർത്തനത്തെയും പൊതു ചർച്ചയിലേക്ക്​ മടക്കിക്കൊണ്ടുവരാൻ അത്​ നിമിത്തമാകണം. വിശ്വാസത്തിനപ്പുറം കാര്യകാരണ നിബദ്ധമായ തെളിവുകളാണ്​ ശാസ്​ത്രീയതയുടെ കാതൽ. വൈകാരികതയല്ല, വസ്​തുനിഷ്​ഠതയാണ്​ അതി​​െൻറ ജീവൻ. ജയപരാജയങ്ങളല്ല, അന്വേഷണമാണ്​ അതി​​െൻറ അളവ്​. അതുകൊണ്ടുതന്നെ, വിജയത്തെ കൊണ്ടാടാൻ മാത്രമല്ല, പരാജയത്തെ അംഗീകരിക്കാനും അതിന്​ കഴിയും- കഴിയണം. ച​ന്ദ്രയാൻ-2 ദൗത്യത്തിൽ തിരിച്ചടികളെ നേരിടാനുള്ള ചങ്കൂറ്റം ശാസ്​ത്രസമൂഹത്തിൽ വേണ്ടത്ര കാണാതെപോയത്​ മാധ്യമ ശ്രദ്ധ സൃഷ്​ടിച്ച സമ്മർദവും വൈകാരികദേശീയത ഉണ്ടാക്കിയ അനാവശ്യ ഭീതിയും മൂലമാകാം. ജൂലൈ 15ന്​ നടക്കേണ്ടിയിരുന്ന വിക്ഷേപണം ജൂലൈ 22ലേക്ക്​ അവസാനനിമിഷം മാറ്റിയത്​ ന്യായീകരിക്കാം. എന്നാൽ, എന്തു പിഴവ്​, എവിടെ സംഭവിച്ചു എന്ന വിശദീകരണം നൽകുക ശാസ്​ത്രബോധത്തി​​െൻറ താൽപര്യമായിരുന്നു. അതുണ്ടായില്ല, ചന്ദ്രനിൽ ‘മന്ദപ്രവേശനം’ നടത്തുക ശ്രമകരവും നടക്കാതിരിക്കാൻ സാധ്യത ഏ​െറയുള്ളതുമാണെന്ന്​ ശാസ്​ത്ര ലോകത്തിനറിയാം. എന്നാൽ, അത്​ കേവലമായ ജയ-പരാജയ നിർണയമായി ചുരുക്കപ്പെട്ടതോടെ ശാസ്​ത്രജ്​ഞർ സമ്മർദത്തിലും പ്രതിരോധത്തിലുമായെന്ന്​ തോന്നുന്നു. ചാന്ദ്രദൗത്യങ്ങൾ നാം മുമ്പും നടത്തിയിട്ടുണ്ട്​. ഇത്തവണ, ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങാതെ പതുക്കെ ഇറങ്ങുക എന്ന മുഖ്യലക്ഷ്യം നടന്നില്ലെന്നതിൽ അപകർഷം ​േതാന്നേണ്ട കാര്യമില്ല. പക്ഷേ, ദൗത്യത്തി​​െൻറ ഉദ്ദേശ്യങ്ങളിൽ 90-95 ശതമാനം നിറവേറി എന്ന്​ ​െഎ.എസ്​.ആർ.ഒ അവകാശപ്പെടു​േമ്പാൾ അത്​ ശാസ്​ത്രീയതയിൽ മായം കലർത്തലല്ലേ? പ്രമുഖ ശാസ്​ത്രസ്​ഥാപനം പോലും ശാസ്​ത്രബോധത്തെ പ്രചാരണപരതക്ക്​ കീഴ്​പ്പെടുത്തുന്നു എന്നല്ലേ അതിനർഥം? അമിതമായ അവകാശവാദങ്ങൾ രാഷ്​ട്രീയക്കാർക്ക്​ ചേരുമായിരിക്കാം; ശാസ്​ത്രസംഘങ്ങൾ വസ്​തുതകളെ നേർക്കുനേരെ കാണുകയാണ്​ ചെയ്യുക.

ശാസ്​ത്രരംഗം രാഷ്​ട്രീയവത്​കരിക്കപ്പെടുന്നതി​​െൻറ ഒരു ദുഷ്​ഫലമാണിത്​. ശാസ്​​ത്രസ്​ഥാപനങ്ങളുടെ തലപ്പത്ത്​ തികഞ്ഞ ശാസ്​ത്രജ്​ഞരെ മാത്രം വെക്കുകയും അവർക്ക്​ രാഷ്​ട്രീയ ഇടപെടലില്ലാ​ത്ത പ്രവർത്തന സ്വാതന്ത്ര്യം നൽകുകയും ചെയ്​തയാളായിരുന്നു ജവഹർലാൽ നെഹ്​റു. ​െഎ.എസ്​.ആർ.ഒയുടെ വിജയങ്ങൾ വിക്രംസാരാഭായിപോലുള്ള ശാസ്​ത്രജ്​ഞരുടെ വിജയമായിട്ടാണ്​ നെഹ്​റുവും മറ്റും കണ്ടിരുന്നത്​. 1975ൽ തന്നെ തീർത്തും സ്വദേശി നിർമിതമായ ‘ആര്യഭട്ട’ വിക്ഷേപിച്ചപ്പോഴും അതി​​െൻറ പിതൃത്വം ശാസ്​ത്രജ്​ഞർക്കായിരുന്നു. എന്നാൽ, അടുത്തകാലത്തായി ഇൗ മര്യാദ നമുക്ക്​ നഷ്​ടമായിക്കൊണ്ടിരിക്കുന്നുണ്ട്​. എല്ലാം രാഷ്​ട്രീയത്തി​​െൻറ പിടിയിലാകുന്നു; രാഷ്​ട്രീയം തീവ്ര ദേശീയതയുടെയും ബുള്ളറ്റ്​ ട്രെയിൻ, സ്​മാർട്ട്​​സിറ്റി, മേക്ക്​​ ഇൻ ഇന്ത്യ തുടങ്ങിയ വൻപദ്ധതികളുടെ രൂപകൽപനയിൽ അറിവും നൈപുണ്യവും ഉള്ളവരെക്കാൾ പ്രാധാന്യം അതില്ലാത്ത രാഷ്​ട്രീയക്കാർക്കാണ്​. അറിവില്ലായ്​മയുടെ അധികാരപ്രയോഗമാണ്​ നോട്ട്​ നിരോധനത്തിൽ കണ്ടത്​. പൗരാണിക കാലത്ത്​ അവയവദാനവും ജനിതക എൻജിനീയറിങ്ങും ഉണ്ടായിരുന്നു എന്ന്​ ശാസ്​ത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയ ആളാണ്​ നമ്മുടെ പ്രധാനമന്ത്രി. ഗുരുത്വാകർഷണം, വിത്തുകോശം, അർബുദ ചികിത്സ തുടങ്ങിയവയെപ്പറ്റിയൊക്കെ ഇത്തരം വിശ്വാസങ്ങൾ ഉണ്ടാകാം. പക്ഷേ, ശാസ്​ത്രരീതിക്കുമേൽ അവ അടിച്ചേൽപിക്കപ്പെടു​േമ്പാൾ നാം പിറകോട്ടാണ്​ പോവുക. കടുത്ത മസ്​തിഷ്​കക്ഷതം ഏറ്റവർക്കുവേണ്ടി മൃത്യുഞ്​ജയ മന്ത്രം ചൊല്ലിയാൽ ഫലിക്കുമോ എന്ന ഗവേഷണം സർക്കാർ ഗ്രാ​േൻറാടെ ​െഎ.സി.എം.ആറിൽ ഇപ്പോൾ നടക്കുന്നുണ്ട്​. ചന്ദ്രയാൻ-2 പരാജയപ്പെട്ടത്​ പ്രശ്​നമല്ല. എന്നാൽ, നമ്മുടെ ശാസ്​ത്രബോധം നഷ്​ടപ്പെട്ടുകൊണ്ടിരിക്കുന്നത്​ പ്രശ്​നം തന്നെയാണ്​.
Show Full Article
TAGS:Chandrayaan 2 isro 
Next Story