മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നാക്രമണം
text_fieldsസ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം രാജ്യം സമുചിതമായി ആഘോഷിക്കുന്ന വേളയിൽ, ജനാധിപത്യവ്യവസ്ഥയുടെ നാലാം തൂണായ മാധ്യമങ്ങൾക്ക് സ്വാതന്ത്ര്യം നിഷേധിക്കുകയും സ്വതന്ത്രമാധ്യമങ്ങളെ ഞെക്കിക്കൊല്ലുകയും ചെയ്യുന്ന നിലപാടാണോ നിലവിലെ സർക്കാർ സ്വീകരിച്ചുവരുന്നത് എന്ന ആശങ്ക ദൃഢപ്പെടുത്തുന്ന അനുഭവങ്ങളാണ് നിർഭാഗ്യവശാൽ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
റിപ്പോർട്ടേഴ്സ് വിത്ത് ഔട്ട് ബോർഡേഴ്സ് എന്ന അന്താരാഷ്ട്ര ഏജൻസി ഓരോ രാജ്യത്തുമുള്ള പത്രസ്വാതന്ത്ര്യത്തിന്റെ അളവ് കൃത്യമായി പഠനം നടത്തി ഫലം പുറത്തുവിടുമ്പോൾ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അഭിമാനിക്കുന്ന ഇന്ത്യയുടെ സ്ഥാനം പരിതാപകരമാംവിധം അടിത്തട്ടിലാണെന്ന വസ്തുത ഉത്കണ്ഠപ്പെടുത്തുന്നതാണ്. ഏറ്റവുമൊടുവിൽ 142ാമത്തേതാണ് ഇന്ത്യയുടെ ക്രമനമ്പർ. നമ്മുടെ അഭിമാനമായ മതനിരപേക്ഷ ജനാധിപത്യ ഭരണഘടന ആവിഷ്കാരസ്വാതന്ത്ര്യം ഉദാരമായി ഉറപ്പുനൽകിയിരിക്കെയാണ് ഈ വൈരുധ്യമെന്നത് ഏറെ ദുഃഖിപ്പിക്കുന്നു. ജനങ്ങൾ സമ്മർദങ്ങൾക്കോ പ്രലോഭനങ്ങൾക്കോ ഭീഷണികൾക്കോ വഴങ്ങാതെ സ്വതന്ത്രമായി സമ്മതിദാനാവാകാശം ഉപയോഗിച്ച് ഭരണത്തിലേറ്റിയ ഒരു സർക്കാറിന് വിമർശനങ്ങളെ ഭയക്കേണ്ടതോ ഭിന്നാഭിപ്രായങ്ങളിൽ അസ്വസ്ഥരാവുകയോ ചെയ്യേണ്ട കാര്യമില്ല.
മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാർത്തകളിലും ദൃശ്യങ്ങളിലും ലേഖനങ്ങളിലും ഭരണകൂടത്തെക്കുറിച്ചോ അധികാരികളെ കുറിച്ചോ പ്രകടിപ്പിക്കപ്പെടുന്ന അഭിപ്രായങ്ങളിൽ അവാസ്തവങ്ങളും അബദ്ധങ്ങളുമുണ്ടെങ്കിൽ നിഷേധിക്കാം; ആവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കാം. തെറ്റായ വിവരങ്ങൾക്കും അപകീർത്തികരമായ പ്രചാരണങ്ങൾക്കുമെതിരെ നീതിന്യായ കോടതികളെ സമീപിക്കാനുള്ള പഴുത് രാജ്യത്ത് വേണ്ടുവോളമുണ്ട്, ഇന്നേവരെ സർക്കാറുകളും വ്യക്തികളും അതുപയോഗിച്ചിട്ടുമുണ്ട്. അതേസമയം, ദൂരവ്യാപക പ്രത്യാഘാതങ്ങളുളവാക്കുന്ന നയനിലപാടുകളും നടപടികളും സർക്കാറുകൾ സ്വീകരിക്കുമ്പോൾ ജനപക്ഷത്തുനിന്ന് അതൊക്കെ ചോദ്യംചെയ്യാനുള്ള അവകാശം മാധ്യമങ്ങൾക്കുമുണ്ട്. ഈയവകാശം എപ്പോൾ നിഷേധിക്കപ്പെടുന്നുവോ അപ്പോൾ ജനാധിപത്യവും നീതിന്യായ വ്യവസ്ഥയും കഥാവശേഷമാവും.
കഴിഞ്ഞ ഒമ്പതുവർഷമായി മലയാള മാധ്യമരംഗത്ത് സ്വതന്ത്രവും ശക്തവുമായ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്ന 'മീഡിയവൺ' വാർത്താ ചാനൽ കഴിഞ്ഞ ദിവസം നട്ടുച്ചക്ക് സംപ്രേഷണം നിർത്താനുള്ള കേന്ദ്രസർക്കാറിന്റെ ഉത്തരവിനെ തുടർന്ന് നിർത്തിവെേക്കണ്ടിവന്ന സംഭവമാണ് ഇത്രയും ആമുഖമായി ഓർമിപ്പിക്കാൻ നിർബന്ധിതമാക്കിയത്. മതന്യൂനപക്ഷങ്ങളുടെയും അധഃസ്ഥിതരുടെയും ദുർബല വിഭാഗങ്ങളുടെയും ജിഹ്വയായി മാനവികതയുടെയും സാമൂഹിക നീതിയുടെയും പക്ഷത്തുനിന്ന് അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമായി നിലകൊള്ളുന്ന 'മീഡിയവൺ' ചാനൽ തീർത്തും സ്വതന്ത്രമായും നിഷ്പക്ഷമായുമാണ് ദൗത്യം നിറവേറ്റുന്നതെന്ന് ശ്രദ്ധാപൂർവം വിലയിരുത്തുന്നവർക്ക് കാണാവുന്നതേയുള്ളൂ.
പൊതുതാൽപര്യമുള്ള ഏതു വിഷയം ചർച്ചക്കെടുക്കുമ്പോഴും ഭിന്നവിരുദ്ധങ്ങളായ വീക്ഷണങ്ങൾക്ക് ഉദാരമായി സമയം അനുവദിക്കുന്ന പതിവുള്ള 'മീഡിയവൺ' കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പക്ഷത്തുനിൽക്കുന്നവരുടെ നേരെ വാതിൽ കൊട്ടിയടച്ചിട്ടില്ലെന്നത് പ്രേക്ഷകർ മതിപ്പോടെ നോക്കിക്കണ്ടതാണ്. മതപരമോ ജാതീയമോ സാമൂഹികമോ ആയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഒരിക്കലും നിയമപരമായ അതിർവരമ്പുകൾ ലംഘിക്കാതിരിക്കാനും സമൂഹത്തിൽ സ്പർധ വളർത്തുന്ന ശൈലിയിലേക്ക് വഴുതാതിരിക്കാനും 'മീഡിയവൺ' തികഞ്ഞ സൂക്ഷ്മത പുലർത്താറുണ്ടെന്നതും ലളിത സത്യം മാത്രം.
എന്നാൽ, ജനാധിപത്യധ്വംസനവും നീതിനിഷേധവും വെറുപ്പ് ഉൽപാദനവും ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് തുറന്നുകാട്ടാൻ ചാനൽ മടിച്ചിട്ടില്ല. ഭീകരതയെയോ തീവ്രവാദത്തെയോ പ്രോത്സാഹിപ്പിക്കുന്ന ചലനങ്ങളെ നിർദാക്ഷിണ്യം തള്ളിപ്പറയുന്നതും 'മീഡിയവണി'ന്റെ എടുത്തോതേണ്ട സവിശേഷതയാണ്. ഇത്തരമൊരു ചാനലിനെ ശ്വാസം മുട്ടിക്കുന്ന നടപടിയിലേക്ക് കേന്ദ്രസർക്കാറിനെ കൊണ്ടെത്തിച്ചതെന്തെന്നത് തീർത്തും ദുരൂഹമായിരിക്കുന്നു. അതുകൊണ്ടുതന്നെയാവണം സർക്കാറിന്റെ നിരോധനോത്തരവ് വന്നപ്പോൾ തന്നെ മണിക്കൂറുകൾക്കകം അത് സ്റ്റേ ചെയ്യാൻ കേരള ഹൈകോടതിയെ പ്രേരിപ്പിച്ചത്. അകാരണമായ നിരോധനോത്തരവിൽ അമ്പരപ്പും പ്രതിഷേധവും പ്രകടിപ്പിക്കുന്ന ജനാഭിപ്രായങ്ങൾ നാനാഭാഗത്തുനിന്നുയർന്നുതുടങ്ങിയത് ചാനലിന്റെ ജനപ്രീതിയിലേക്ക് വിരൽ ചൂണ്ടുന്നു.
2020 മാർച്ച് ആറ് വൈകുന്നേരം ഏഴുമണിക്ക് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയത്തിൽനിന്ന് പൊടുന്നനെ വന്ന നിരോധനോത്തരവ് പിറ്റേന്ന് രാവിലെ നിരുപാധികം പിൻവലിക്കപ്പെട്ട സംഭവം നിരോധനത്തിന് ഒരു ന്യായീകരണവുമുണ്ടായിരുന്നില്ലെന്നതിന് മതിയായ തെളിവാണ്. തുല്യ നടപടിക്ക് വീണ്ടും ഉദ്യുക്തമാവുമ്പോൾ ബന്ധപ്പെട്ട മന്ത്രാലയം രണ്ടുവട്ടം ആലോചിച്ചില്ലെന്നത് ഭരണഘടനാ തത്ത്വങ്ങൾക്ക് ഒരുവിലയും കൽപിക്കുന്നില്ലേ എന്ന ചോദ്യം ഉയർത്തുന്നു. ഏതു സാഹചര്യത്തിലും അനീതി പൊറുപ്പിക്കാതിരിക്കാനും ഭരണഘടനാ മൂല്യങ്ങൾ പരിരക്ഷിക്കാനുമുള്ള ഗാരന്റി ജുഡീഷ്യറിയുടെ ഇടപെടലും ജനജാഗ്രതയുമാണെന്ന പാഠം ഒരിക്കൽകൂടി ഓർമിപ്പിക്കുന്നു, 'മീഡിയവൺ' വിലക്കും അനന്തര നടപടികളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
