ലഘുവായ ധർമോപദേശം മതിയാകുമോ?
text_fieldsപൗരജനങ്ങളെ സ്വദേശിയെന്നും വിദേശിയെന്നും തരംതിരിക്കുന്നത് ഭരണഘടനാപരമായും നിയമപരമായും പരമപ്രാധാന്യമർഹിക്കുന്ന നടപടിക്രമമാണെന്ന ബോധം വിഷയം കൈകാര്യം ചെയ്യുന്നവർക്ക് ഉണ്ടാകണമെന്നും പൗരത്വ നിർണയം ലഘുവായെടുക്കാവുന്ന വിഷയമല്ലെന്നും സുപ്രീംകോടതി ഓർമിപ്പിച്ചിരിക്കുന്നു. അസമിലെ 27 പേരെ, ഹാജരാക്കിയ രേഖകൾ പര്യാപ്തമല്ലെന്ന പേരിൽ വിദേശികളെന്നു മുദ്രകുത്തി രാജ്യത്തുനിന്ന് പുറത്താക്കാനുള്ള നീക്കത്തിനെതിരെ സുപ്രീംകോടതി മുമ്പാകെ വന്ന പരാതിയിലാണ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.
‘പര്യാപ്തമായ രേഖാ തെളിവുകളുടെ അഭാവത്തിൽ’ 27 പേരുടെ പൗരത്വം തള്ളിയ ട്രൈബ്യൂണൽ വിധി ഗുവാഹതി ഹൈകോടതി ശരിവെച്ചതിനെ തുടർന്നാണ് അവരിൽ ചിലർ സുപ്രീംകോടതിയെ സമീപിച്ചത്. നിയമാനുസൃതമായി പൗരത്വാവകാശമില്ലാത്തവർ തെറ്റായ അവകാശവാദം വഴിയോ നടപടിക്രമങ്ങൾ ദുരുപയോഗം ചെയ്തോ കാലതാമസം ഉപയോഗപ്പെടുത്തിയോ അത്തരം പദവി നേടിയെടുക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സ്റ്റേറ്റിന് നിർബന്ധപൂർവമായ താൽപര്യം പുലർത്താം. എന്നാൽ, ന്യായയുക്തവും നീതിപൂർവകവും യുക്തിഭദ്രവുമായ നടപടിക്രമമാണ് പൗരത്വപദവി നിർണയത്തിൽ പാലിക്കേണ്ടത്. 1946ലെ വിദേശി നിയമത്തിന്റെ ഒമ്പതാം വകുപ്പിനകത്തുള്ള നിയമതത്ത്വങ്ങളെല്ലാം ഇക്കാര്യത്തിൽ പാലിച്ചു എന്നുറപ്പുവരുത്തണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ഗുവാഹതി ഹൈകോടതിയുടെ വിധികളും വിദേശികളെ കണ്ടെത്താനുള്ള ട്രൈബ്യൂണലുകളുടെ ഉത്തരവുകളും മാറ്റിവെച്ച പരമോന്നത നീതിപീഠം ഈ കേസുകൾ ഫോറിനേഴ്സ് ട്രൈബ്യൂണലിനു പുനഃപരിശോധനക്കായി വിട്ടു.
അക്ഷരത്തെറ്റുകൾ, രണ്ടു വോട്ടർപട്ടികയിലെ പേരുകൾ തമ്മിലെ വ്യത്യാസം തുടങ്ങിയ അതിസൂക്ഷ്മ സാങ്കേതികതടസ്സങ്ങൾ ഉന്നയിച്ചാണ് തങ്ങളെ വിദേശികളാക്കി മാറ്റിയതെന്ന പരാതിയുള്ള 27 പേരിൽ സാവിത്രി ദേ, അജ്ബർ അലി, മുഹമ്മദ് അക്ബർ അലി, ആബിദ ഖാതൂൻ, അൻവറ ഖാതൂൻ എന്നിവരാണ് സുപ്രീംകോടതിയിൽ എത്തിയത്. അസമിലെ ട്രൈബ്യൂണലുകളുടെ പൗരത്വചാപ്പ നേരത്തേ ഉണ്ടാക്കിയ നിയമപ്രശ്നങ്ങളും നിയമവ്യവഹാരങ്ങളും കോടതിവിധികളുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ഇവർ നീതിതേടി നേരത്തേ ഹൈകോടതിയിലും അവിടം കൈവിട്ടപ്പോൾ സുപ്രീംകോടതിയിലും എത്തിയത്. ഇക്കഴിഞ്ഞ മാസം സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച്, ട്രൈബ്യൂണലുകൾ വിദേശികളായി മുദ്രകുത്തി അഞ്ചു സ്ത്രീകളെ നാടുകടത്താൻ വിധിച്ചത് തടഞ്ഞിരുന്നു. അന്ന് കേന്ദ്രത്തിനും അസം ഗവൺമെന്റിനും തെരഞ്ഞെടുപ്പ് കമീഷനും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.
കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ ഭരണമേറിയതിൽ പിന്നെ യൂനിയൻ സർക്കാറിനു കീഴിലും അതിന്റെ ചുവടുപിടിച്ച് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലുമൊക്കെ, രാജ്യത്ത് അന്നുവരെ കേട്ടുകേൾവിയില്ലാത്ത ‘യഥാർഥ പൗരരെ’ കണ്ടെത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ നടന്നുവരുന്നു. ദേശീയതലത്തിലും സംസ്ഥാനങ്ങളിലും ഭരണം പിടിക്കുന്ന വലിയ കക്ഷിയായി വളരുംമുമ്പ് പൗരത്വ ചേരിതിരിവിന് സംഘ്പരിവാർ വട്ടംകൂട്ടിയിരുന്നു. അസം, പശ്ചിമബംഗാൾ തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മുസ്‍ലിം ജനവിഭാഗങ്ങളെ പൗരത്വമില്ലാത്ത വിദേശികളായാണ് അവർ കണ്ടിരുന്നത്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരം പിടിച്ചതോടെ, അന്നോളം ആരോപണമായി കൊണ്ടുനടന്നിരുന്ന ഈ ‘നുഴഞ്ഞുകയറ്റ, പരാന്നഭോജി, ചിതൽ’ വിഭാഗക്കാരെ തിരഞ്ഞുപിടിച്ച് പുറന്തള്ളാൻ ‘നിയമാനുസൃതവും’ വ്യവസ്ഥാപിതവുമായ ശ്രമങ്ങളായി.
പൗരത്വ രജിസ്റ്ററിൽ തുടങ്ങി പൗരത്വ ഭേദഗതി നിയമത്തിലൂടെ വോട്ടർ പട്ടിക തീവ്രപരിശോധന വരെ നിയമത്തിന്റെയും വ്യവസ്ഥയുടെയും ലേബലിൽ ഈ യജ്ഞമാണ് നടക്കുന്നത്. ജനക്ഷേമ പരിപാടികളേക്കാൾ, ക്ഷേമരാഷ്ട്രത്തിലേക്ക് എല്ലാവരും ഒത്തുപിടിച്ചു മുന്നേറേണ്ട ഘട്ടത്തിൽ ജനങ്ങൾക്കിടയിൽ സംശയവും സന്നിഗ്ധതകളും അതുവഴി അസ്ഥിരതയുമാണ് ഇക്കണ്ട ‘പരിഷ്‍കരണങ്ങളൊക്കെ’ ഉണ്ടാക്കിയെടുത്തത് എന്നതു നിഷേധിക്കാനാവില്ല. ഭൂമിശാസ്ത്രപരവും സാമൂഹികവും രാഷ്ട്രീയവുമായ സങ്കീർണവൈവിധ്യങ്ങൾ നിലനിൽക്കുന്ന രാജ്യത്ത്, വർത്തമാനത്തിലേക്ക് നാടു നടന്നെത്തിയ കഴിഞ്ഞകാല കഥകളെക്കുറിച്ചൊന്നും എത്തും പിടിയുമില്ലാത്തവർ നടത്തുന്ന ഈ അഭ്യാസങ്ങൾ എന്തെല്ലാം അനർഥങ്ങൾ വരുത്തിവെക്കുമെന്നത് ആരും ഗൗനിക്കുന്നേയില്ല. അതിന്റെ മികച്ച ഉദാഹരണമാണ് പൗരത്വ നിർണയത്തിന്റെ പേരിൽ അസമിൽ നടക്കുന്നത്.
വംശീയ അജണ്ട വെച്ചു നടത്തിയ പൗരത്വ പരിഷ്‍കരണ യജ്ഞങ്ങൾ അവിടെ കൊക്കിനു വെച്ചതു കുളക്കോഴിക്കു കൊണ്ട അനുഭവമാണുണ്ടാക്കിയത്. പൗരത്വ നിർണയം പലവുരു പല മാനദണ്ഡങ്ങളിൽ അവിടെ അഴിച്ചുപണിയേണ്ടിവന്നു. അതുകൊണ്ടൊന്നും വംശീയവെറി പൂണ്ട ഭരണകൂടവും അവരുടെ ഒത്താശക്കാരായി മുട്ടിലിഴയുന്ന ബ്യൂറോക്രസിയും ജുഡീഷ്യൽ സംവിധാനങ്ങളും മതിയാക്കിയിട്ടില്ല എന്നതിന്റെ തെളിവുകളാണ് അസമിൽ നിന്നു തുടരത്തുടരെ കേൾക്കുന്ന പൗരത്വം (മനുഷ്യത്വം എന്നു ശരി) റദ്ദാക്കലിന്റെ വാർത്തകൾ. ഇക്കഴിഞ്ഞ ജൂൺ 30നാണ് 15 രേഖകൾ ഹാജരാക്കിയ അമീനുൽ ഹഖ് എന്ന ദിവസക്കൂലി തൊഴിലാളിയോട് അതൊന്നും പൗരത്വത്തിന് മതിയായ രേഖകളല്ല എന്ന് ഗുവാഹതി ഹൈകോടതി കൈമലർത്തിയത്. 2019 ഫെബ്രുവരി 28ന് ജന്മനാട്ടിൽ ‘വിദേശി’യായി മാറിയ അമീനെ വോട്ടർ കാർഡ്, 1951ലെ എൻ.ആർ.സിയിൽ പൂർവ പിതാക്കളുടെ രേഖ, സ്കൂൾ സർട്ടിഫിക്കറ്റ്, 1973ൽ കിടപ്പാടം രജിസ്റ്റർ ചെയ്ത രേഖ-ഇതെല്ലാം കൊടുത്തിട്ടും കോടതി കൈയൊഴിഞ്ഞു.
ഇത്തരം അനുഭവങ്ങളിലൂടെ പുറന്തള്ളപ്പെടുന്ന ലക്ഷക്കണക്കിന് മനുഷ്യരിൽ തീരെ ചുരുക്കം പേർക്കേ നിയമസഹായം തേടാനുള്ള പ്രാപ്തിയുള്ളൂ. അങ്ങനെ മുന്നിലെത്തിയ അപേക്ഷകളിലൊന്നിലാണിപ്പോൾ സുപ്രീംകോടതി, പുനഃപരിശോധനക്ക് ബന്ധപ്പെട്ട ഏജൻസിക്ക് തിരിച്ചയച്ചിരിക്കുന്നത്. മടങ്ങിപ്പോയ ആ പാവം പൗരർക്ക് ട്രൈബ്യൂണലിന്റെ അടുത്തുനിന്ന് നീതി കിട്ടാൻ കോടതിയുടെ ഈ ധർമോപദേശം മതിയാകുമോ എന്നു കാത്തിരുന്നു കാണണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

