Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകേരളത്തെ മുട്ടിക്കുന്ന ...

കേരളത്തെ മുട്ടിക്കുന്ന കേന്ദ്രം

text_fields
bookmark_border
കേരളത്തെ മുട്ടിക്കുന്ന കേന്ദ്രം
cancel

പ്ര‍ളയക്കെടുതികളെ അതിജീവിച്ച്​ നവകേരളം സൃഷ്​ടിക്കാൻ വിദേശ രാജ്യങ്ങളിൽനിന്ന് ധനസമാഹരണം നടത്താനുള്ള കേരളത്തി​​െൻറ പരിശ്രമങ്ങളെ അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നു കേന്ദ്രസർക്കാർ. മന്ത്രിമാരുടെ വിദേശ സന്ദർശനങ്ങൾക്ക് അനുമതി നിഷേധിച്ചും മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനത്തിന് കടുത്ത ഉപാധികൾ വെച്ചും സാങ്കേതികതകളുടെ പേരിൽ കേന്ദ്രം കേരളത്തി​െൻറ അതിജീവന പദ്ധതികൾക്കാണ് വിലങ്ങുതടിയിട്ടിരിക്കുന്നത്. കേരളം അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രകൃതിക്ഷോഭത്തോട് കേന്ദ്രം പുലർത്തുന്ന നിഷേധാത്മക സമീപനം ഇതാദ്യമല്ല. യൂനിയ​​െൻറയും ഫെഡറലിസത്തി​​െൻറയും തത്ത്വങ്ങൾ പരസ്​പരം പോരാടാനുള്ളതല്ല; വികസനപ്ര​ക്രിയക്ക്​ പാരസ്പര്യമാകാൻ വേണ്ടിയാണ്. പ്രളയം പോ​െലയുള്ള വൻ വിപദ്​ഘട്ടങ്ങളിൽ ചട്ടങ്ങളും കീഴ്വഴക്കങ്ങളും മാറ്റിവെച്ചു ലോകരുടെ സ്നേഹം ഏറ്റുവാങ്ങാൻ വ്യക്തികളെപ്പോലെ രാജ്യത്തിനും സാധിക്കുമ്പോഴാണ് മാനവികതയുടെ മൂല്യം പ്രശോഭിതമാകുക. ദൗർഭാഗ്യവശാൽ കേന്ദ്രത്തിലെ ​മോദിസർക്കാർ കേരളത്തോട് പ്രളയാനന്തരം പുലർത്തുന്ന സമീപനം പൗരമൂല്യങ്ങളുടെ അടിസ്ഥാനത്തിലോ സാമ്പത്തിക ഉന്നമനത്തി​െൻറ അളവുകോലുകൾകൊണ്ടോ ന്യായീകരിക്കാനാകാത്ത കടുത്ത രാഷ്​ട്രീയ പക്ഷപാതിത്വത്തി​േൻറതാ​ണെന്നു പറയാതെ വയ്യ.

മലയാളി പ്രവാസികൾ ആറു പതിറ്റാണ്ടുകാലത്തെ ഊഷ്മളമായ സാമൂഹിക ഈടുവെപ്പിലൂടെ രൂപപ്പെടുത്തിയതാണ് അറബ് സമൂഹങ്ങളുമായുള്ള സ്നേഹബന്ധങ്ങൾ. ഗൾഫ് വികസനത്തിൽ മലയാളിസമൂഹം ഒഴുക്കിയ വിയർപ്പിനുകൂടി നൽകിയ പ്രത്യുത്തരമായിരുന്നു പ്രളയകാലത്ത് അറബ് സമൂഹം നൽകാൻ തീരുമാനിച്ച സഹായ ഹസ്തങ്ങൾ. പതിവിൽനിന്ന് വിഭിന്നമായി പത്രമാധ്യമങ്ങൾ, സന്നദ്ധ, സാമൂഹിക സംഘടനകൾ, ബാങ്കുകൾ അടക്കമുള്ള വാണിജ്യ സ്ഥാപനങ്ങളൊ​െക്കയും കേരളത്തി​െൻറ പുനർനിർമാണത്തിന് സാമ്പത്തികസഹായം പ്രഖ്യാപിച്ചു. അറബ്, പ്രവാസസമൂഹത്തി​െൻറ അസാധാരണമായ ഐക്യദാർഢ്യശ്രമത്തെ വിദേശ സാമ്പത്തികസഹായം വേ​െണ്ടന്ന ഏകപക്ഷീയ തീരുമാനത്തിലൂടെ നഷ്​ടപ്പെടുത്തുകയായിരുന്നു കേന്ദ്രം. വികസനത്തിനുവേണ്ടിയുള്ള ഫണ്ട് മാത്രമല്ല, മലയാളി സമൂഹത്തോട് അവർ പുലർത്തിയിരുന്ന മതിപ്പുകൂടിയാണ് അതിലൂടെ ഇല്ലാതായത്. അതി​െൻറ തുടർച്ചയാണ് ധനസമാഹരണത്തിനുള്ള പര്യടനം മുടക്കാനുള്ള നീക്കം. നാം അതിജീവിക്കുമെന്ന മുദ്രാവാക്യം സാർഥകമാകണമെങ്കിൽ രാഷ്​ട്രീയ വെറുപ്പിനാൽ മാത്രം ഉരുവംകൊള്ളുന്ന കേന്ദ്രത്തി​െൻറ നിഷേധാത്മക സമീപനത്തിനെതിരെ പ്രതിഷേധമുയർന്നേ മതിയാവൂ.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ പര്യടനങ്ങൾക്ക് മൂർത്തമായ അജണ്ടകളുണ്ടോയെന്ന വിവിധ പ്രവാസി സമൂഹങ്ങൾ ഉന്നയിക്കുന്ന ചോദ്യവും ഇൗ സന്ദർഭത്തിൽ സംഗതമാണ്. ലോക കേരളസഭക്കുശേഷവും പ്രവാസികളെ സാമ്പത്തിക ​സ്രോതസ്സ്​ മാത്രമായി പരിഗണിക്കാനാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നതെന്ന് ബോധ്യപ്പെടുത്തുന്നു ധനസമാഹരണ സന്ദർശനത്തിനുവേണ്ടി തട്ടിക്കൂട്ടിയ പരിപാടികൾ. പ്രളയത്തെ അതിജീവിക്കുന്നതിൽ പ്രവാസികൾ നിർവഹിച്ച സാമ്പത്തികേതര പ്രവർത്തനങ്ങൾ കേരളസർക്കാർ വേണ്ടത്ര ഉൾക്കൊള്ളുകയോ അംഗീകരിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന കാര്യംതന്നെ സംശയാസ്പദമാണ്. മഴക്കെടുതിയുടെ രൂക്ഷതയിൽ ആശയവിനിമയ സംവിധാനങ്ങൾ അവതാളത്തിലാവുകയും ജനങ്ങൾ വെള്ളത്താൽ ഒറ്റപ്പെടുകയും ചെയ്ത സന്ദർഭത്തിൽ വിദേശ രാജ്യങ്ങളിലിരുന്ന് നൂറുകണക്കിന് ചെറുപ്പക്കാരാണ് രക്ഷാപ്രവർത്തനങ്ങളുടെ മധ്യവർത്തികളായി പണിയെടുത്തത്. നവസമൂഹമാധ്യമങ്ങളിലൂടെ ലോകത്തി​െൻറ ശ്രദ്ധ കേരളത്തിലേക്ക് എത്തിക്കുന്നതിൽ സ്തുത്യർഹമായ സേവനമായിരുന്നു അവർ നിർവഹിച്ചത്.

പ്രളയത്തി​െൻറ ആദ്യഘട്ടത്തിൽ സാധനസാമഗ്രികളും പിന്നീട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തികസഹായവും നൽകി വ്യവസായ പ്രമുഖരും സന്നദ്ധസംഘങ്ങളും ചെറു ശമ്പളത്തിൽ ജോലിചെയ്യുന്ന സാധാരണക്കാരുമെല്ലാം ആശ്വാസ കണ്ണികളായി. തീർച്ചയായും അത്യധികം നാശംവിതച്ച പ്രളയ ദുരന്തത്തെ പൂർണമായി അതിജയിക്കാനോ നവ കേരളം കെട്ടിപ്പടുക്കാനോ ആ തുകയും സഹായവും മതിയാകില്ലായിരിക്കാം. എന്നാൽ, പുതിയ ധനസമാഹരണമാർഗവുമായി വരുമ്പോൾ മൂർത്തമായ പദ്ധതികളും ബോധ്യപ്പെടുന്ന ആസൂത്രണ അജണ്ടകളും ഉണ്ടാകേണ്ടതുണ്ട്. വായ്പയെടുത്തതുകൊണ്ടു മാത്രം പരിഹരിക്കാവുന്നതല്ല കേരളം നേരിടുന്ന പ്രതിസന്ധിയുടെ ആഴമെന്ന തിരിച്ചറിവും വിദേശ രാജ്യങ്ങളുടെ സാമ്പത്തികസഹായം ലഭിക്കുന്നതിനെതിരെ കേന്ദ്രം പുലർത്തുന്ന വിദ്വേഷാത്മക സമീപനത്തിനെതിരെ സംസ്ഥാന സർക്കാർ സ്വീകരിക്കാനാഗ്രഹിക്കുന്ന കർമപരിപാടികളും അതിലുണ്ടാകണം. പ്രവാസി മലയാളികൾ ഉത്തരവാദിത്തമുള്ള ആഗോളസമൂഹമായി മാറിക്കഴിഞ്ഞുവെന്ന ബോധ്യം എല്ലാ ഭരണീയർക്കുമുണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Show Full Article
TAGS:madhyamam editorial Ministers Foreign Visit kerala flood article malayalam news 
Next Story