ഒരു മസ്ജിദ് തർക്ക മന്ദിരമാകും വിധം
text_fieldsഇന്ത്യയിൽ ചരിത്ര പ്രധാനമായൊരു മസ്ജിദ് കൂടി ‘തർക്കമന്ദിരം’ ആയി മാറുകയാണ്. അഞ്ഞൂറാമാണ്ടിലേക്ക് പ്രവേശിക്കുന്ന, യു.പിയിലെ സംഭൽ ഷാഹി ജമാ മസ്ജിദിനെയാണ് ബാബരി പള്ളിക്കും ഗ്യാൻവ്യാപിക്കും ശേഷം തർക്ക മന്ദിരമായി പ്രഖ്യാപിച്ചിരിക്കുന്നത്. 1526ൽ, ആദ്യ മുഗൾ ചക്രവർത്തി ബാബർ നിർമിച്ചതാണ് ഷാഹി ജമാ മസ്ജിദ്. അഞ്ച് വർഷം മുമ്പുവരെ ആ ചരിത്രവസ്തുതയിൽ ആരും സംശയം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ, ബാബരി ഭൂമിയിൽ രാമക്ഷേത്രം പണിയാൻ അനുവദിച്ച് 2019ൽ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതോടെ, കേന്ദ്രത്തിലെ ഹിന്ദുത്വ ഭരണകൂടത്തിന്റെ തണലിൽ ചില വ്യക്തികളും പ്രസ്ഥാനങ്ങളും ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്കും ഭൂമിക്കും മേൽ അവകാശവാദവുമായി രംഗത്തു വരികയായിരുന്നു. അങ്ങനെയാണ് രണ്ട് പതിറ്റാണ്ടുകൾക്കുശേഷം യു.പിയിലെ ഗ്യാൻവ്യാപി മസ്ജിദ് തർക്കമന്ദിരമായത്. അതിന്റെ തുടർച്ചയിലാണ് സംഭലിലും ഹിന്ദുത്വവാദികൾ അവകാശവാദം ഉന്നയിച്ച് കോടതിയെ സമീപിച്ചത്.
ഹരിഹർ മന്ദിർ എന്ന ക്ഷേത്രം തകർത്താണ് ബാബർ സംഭലിൽ ഷാഹി ജമാ മസ്ജിദ് നിർമിച്ചതെന്ന് അവകാശപ്പെട്ട് അഡ്വ. ഹരിശങ്കർ ജയിൻ എന്ന അഭിഭാഷകൻ മുഖേന വിഷ്ണു ശങ്കർ എന്നയാൾ പ്രാദേശിക കോടതിയെ സമീപിച്ചതോടെയാണ് പുതിയൊരു വ്യവഹാരത്തിന് തുടക്കമാകുന്നത്. തുടർന്ന്, കോടതി നിർദേശപ്രകാരം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ഉദ്യോഗസ്ഥർ മസ്ജിദിൽ പൊലീസ് സന്നാഹത്തോടെ സർവേക്കെത്തിയതോടെ സ്ഥിതി സംഘർഷഭരിതമായി; പ്രതിഷേധിച്ചവർക്കു നേരെയുണ്ടായ വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെടുകയും ചെയ്തു. വിഷയത്തിൽ സുപ്രീംകോടതി ഇടപെട്ട്, തൽക്കാലത്തേക്ക് പ്രാദേശിക കോടതിയുടെ നടപടികൾ നിർത്തിവെപ്പിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് അൽപമെങ്കിലും ശമനമായത്.
ഇപ്പോഴിതാ, അലഹബാദ് ഹൈകോടതി ഷാഹി മസ്ജിദിനെ ‘തർക്ക മന്ദിര’മെന്ന് വിശേഷിപ്പിച്ചിരിക്കുന്നു. മസ്ജിദ് ശുചീകരണവുമായി ബന്ധപ്പെട്ടൊരു നിയമനടപടിയിലാണ് നീതിപീഠത്തിന്റെ വിചിത്ര തീരുമാനം. പള്ളി ശുചീകരിക്കണമെന്നാവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റിയാണ് ഹൈകോടതിയെ സമീപിച്ചത്. ആവശ്യം പരിഗണിച്ച കോടതി, ഫെബ്രുവരി 28ന് അതിന്റെ ചുമതല ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ ഏൽപിച്ചു. ഈ വിഷയത്തിൽ മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം പരിഗണിക്കരുത് എന്ന വാദവുമായി അഡ്വ. ഹരിശങ്കർ ജയിനും സംഘവും കോടതിയിൽ എത്തി. ഷാഹി മസ്ജിദിനെ ‘മസ്ജിദ്’ എന്ന് രേഖപ്പെടുത്തരുത് എന്നായിരുന്നു എതിർപക്ഷത്തിന്റെ പ്രധാന വാദങ്ങളിലൊന്ന്. പകരം, കേസ് രേഖകളിലെല്ലാം ‘തർക്ക മന്ദിരം’ എന്നെഴുതണം.
കേസ് പരിഗണിച്ച ജഡ്ജി ഈ ആവശ്യം പരിഗണിക്കുക മാത്രമല്ല, ഇനിമുതൽ കേസ് രേഖകളിലും മറ്റും മസ്ജിദ് എന്നതിന് പകരമായി തർക്ക മന്ദിരമെന്ന് രേഖപ്പെടുത്താൻ നിർദേശിക്കുകയും ചെയ്തു. പതിറ്റാണ്ടുകൾക്ക് മുമ്പ്, ബാബരി മസ്ജിദ് കേസിൽ സംഭവിച്ചതിന്റെ തനിയാവർത്തനമെന്ന് ഈ നടപടിയെ നിരീക്ഷിക്കാം. ഇനിമുതൽ, നിയമവ്യവഹാരങ്ങളിലും ഔദ്യോഗിക രേഖകളിലുമെല്ലാം ഷാഹി മസ്ജിദ് എന്ന പ്രയോഗം പോലുമുണ്ടാകില്ല; പകരം അത് രാജ്യത്തെ രണ്ട് മതവിഭാഗങ്ങൾ ഒരുപോലെ അവകാശവാദമുന്നയിക്കുന്നൊരു വ്യവഹാരഭൂമിയും കെട്ടിടവും മാത്രമായിരിക്കും. ഭാവിയിൽ നമ്മുടെ ചരിത്രവും ചരിത്രകാരന്മാരും അതുതന്നെ രേഖപ്പെടുത്തുന്നതോടെ മുഗൾ കാലഘട്ടത്തിന്റെ വലിയൊരു സ്മാരകം തന്നെയും പിഴുതുമാറ്റപ്പെടും.
അലഹബാദ് ഹൈകോടതിയുടെ ഈ നടപടിയിലൂടെ ഷാഹി മസ്ജിദിന്റെയും ഭാവി എന്തായിരിക്കുമെന്നതിന്റെ സൂചനകൾ കൃത്യമായി തന്നെയുണ്ട്. ആരാധനാലയ നിയമത്തിന്റെ സാധുത സംബന്ധിച്ച്, കഴിഞ്ഞ ഡിസംബറിൽ സുപ്രീംകോടതി പുറപ്പെടുവിച്ച നിർണായകമായ ഉത്തരവിനെതുടർന്ന് ഷാഹി മസ്ജിദ് അടക്കമുള്ള വിഷയങ്ങൾ ഒരൽപം കെട്ടടങ്ങിയിരിക്കുകയായിരുന്നു. ഗ്യാൻവാപി മസ്ജിദ്, മഥുരയിലെ ശാഹി ഈദ് ഗാഹ്, സംഭൽ ശാഹി ജമാ മസ്ജിദ്, രാജസ്ഥാനിലെ അജ്മീർ ദർഗ തുടങ്ങിയ ആരാധനാലയങ്ങളുടെ മേൽ അവകാശവാദമുന്നയിച്ച് ബി.ജെ.പി നേതാക്കളും മറ്റു ഹിന്ദുത്വവാദികളും രാജ്യത്തിന്റെ വിവിധ കോടതികളിലായി നിരവധി ഹരജികൾ സമർപ്പിച്ചിട്ടുണ്ട്.
ആരാധനാലയ നിയമത്തിന്റെ സാധുത പരിശോധിച്ച് തീർപ്പ് കൽപിക്കുംവരെ കേസുകളിൽ തുടർനടപടികളുണ്ടാവരുതെന്നായിരുന്നു സുപ്രീംകോടതി വിധിച്ചത്. ഇതോടെ, തൽക്കാലത്തേക്കെങ്കിലും വ്യവഹാരങ്ങൾ നിർത്തിവെക്കാൻ ഹിന്ദുത്വവാദികൾ സന്നദ്ധരാകേണ്ടിവന്നു. അയോധ്യ പ്രക്ഷോഭകാലത്ത് പ്രഖ്യാപിച്ച ഏതാനും ആരാധനാലയങ്ങളുടെ മേൽ അവകാശവാദം ഉന്നയിക്കുക മാത്രമല്ല കേന്ദ്ര ഭരണത്തിന്റെ തണലിൽ ഹിന്ദുത്വവാദികൾ ചെയ്തുപോന്നത്; മറിച്ച്, രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്ക് സുരക്ഷ പ്രദാനം ചെയ്യുന്ന ആരാധനാലയ നിയമത്തിന്റെ പ്രസക്തിവരെ ചോദ്യം ചെയ്യുകയായിരുന്നു അവർ. ഈ സാഹചര്യത്തിലാണ് പരമോന്നത നീതിപീഠത്തിന് ഇക്കാര്യത്തിൽ ഇടപെടേണ്ടിവന്നത്. അപ്പോഴും പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്നുതന്നെയാണ് അലഹാബാദ് ഹൈകോടതിയുടെ നടപടികൾ വ്യക്തമാക്കുന്നത്. നീതിപീഠങ്ങൾ പിന്നെയും ഗ്യാൻവ്യാപിക്കും ബാബരിക്കുമെല്ലാം സാക്ഷിയാവുകയാണ്. ഒരു സ്ഥലത്തിന്റെയോ വസ്തുവിന്റെയോ മതപരമായ സ്വഭാവം പരിശോധിക്കുന്നതിനെ ആരാധനാലയ നിയമം ചോദ്യം ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്നത്തെ സുപ്രീംകോടതി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഗ്യാൻവ്യാപിയിൽ സർവേക്ക് അനുമതി നൽകിയത്.
ഗ്യാൻവ്യാപിയിൽ പിന്നീടെന്ത് സംഭവിച്ചുവെന്നത് നാം കണ്ടു: മസ്ജിദിന് താഴെ ക്ഷേത്രാവശിഷ്ടങ്ങളുണ്ടായിരുന്നുവെന്നായിരുന്നു എ.എസ്.ഐ റിപ്പോർട്ട്. വാരാണസി ജില്ലാ കോടതി ഗ്യാൻവ്യാപിയിൽ പൂജക്ക് അനുമതി നൽകുകയും ചെയ്തു. സമാനവഴികളുടെ സൂചനതന്നെയാണിപ്പോൾ സംഭലിലും. സുപ്രീംകോടതിയുടെ താൽക്കാലിക കടിഞ്ഞാണുണ്ടെങ്കിലും അതിനെ എ.എസ്.ഐ വഴി മറികടക്കാനുള്ള സർവ തന്ത്രങ്ങളും ഹൈകോടതിയിൽ ഹിന്ദുത്വർ പയറ്റുന്നുണ്ട്. അതിന്റെ ആദ്യ കടമ്പ അവർ വിജയകരമായി പിന്നിട്ടിരിക്കുന്നു. ഇപ്പോൾ സംഭൽ ഒരു തർക്കഭൂമിയും തർക്ക മന്ദിരവുമാണ്. ബാബരിയിലെന്നപോലെ, ഗ്യാൻവ്യാപിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതുപോലെ സംഭലിൽ അവകാശവാദം ‘സ്ഥാപിക്കാൻ’ അവർക്ക് ഇനി അധികകാലം വേണ്ടിവരില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.