ബി.ജെ.പിയെ ബി.ജെ.പി ധിക്കരിക്കു​േമ്പാൾ

07:23 AM
13/01/2018
editorial
ഒറ്റ ബ്രാൻഡ്​ ചില്ലറ വ്യാപാരത്തിൽ സമ്പൂർണ വിദേശനിക്ഷേപം അനുവദിച്ചുകൊണ്ട്​ കേന്ദ്ര മന്ത്രിസഭ എടുത്ത തീരുമാനം സാമ്പത്തിക മേഖലക്ക്​ മറ്റൊരു ആഘാതമാകുമെന്ന്​ ആശങ്കിക്കണം. ചില്ലറ വ്യാപാര രംഗത്തേക്ക്​ വിദേശി നിക്ഷേപകരെ ആകർഷിക്കാൻ വേണ്ടി നിർമാണത്തിനും വിൽപനക്കുമുള്ള വസ്​തുക്കളിൽ 30 ശതമാനമെങ്കിലും ഇന്ത്യയിൽനിന്ന്​ വാങ്ങിയിരിക്കണമെന്ന ഉപാധിവരെ എടുത്തുകളഞ്ഞിരിക്കുന്നു. ഒറ്റ ബ്രാൻഡ്​ ചില്ലറ വിൽപനയിൽ വിദേശ കമ്പനികൾക്ക്​ പൂർണ സ്വാതന്ത്ര്യമാണ്​ ലഭിക്കുക^ വിൽപന കേന്ദ്രങ്ങൾ തുടങ്ങാൻ  ഇനി പ്രത്യേക അനുമതിപോലും ആവശ്യമുണ്ടാകില്ല. എയർ ഇന്ത്യയുടെ 49 ശതമാനം ഒാഹരി വിദേശ നിക്ഷേപകർക്ക്​ നൽകാനും തീരുമാനമായിട്ടുണ്ട്​. ഭൂരിപക്ഷം ഒാഹരികൾ ഇന്ത്യൻ നിയന്ത്രണത്തിൽതന്നെ ആയിരിക്കുമെങ്കിലും അവ സ്വകാര്യ കമ്പനികൾക്ക്​ നൽകാനാണ്​ തീരുമാനിച്ചിട്ടുള്ളത്​. ബഹുരാഷ്​ട്ര കമ്പനികളുടെ ഏറെക്കാലമായുള്ള ആവശ്യങ്ങൾ അംഗീകരിക്കുക വഴി ഇന്ത്യൻ ചില്ലറവിൽപന രംഗത്ത്​ വിദേശികളുമായി മത്സരിക്കാൻ ഇവിട​െത്ത അസംഘടിതരും നിസ്സഹായരുമായ വ്യാപാരികളെ എറിഞ്ഞുകൊടുക്കുകയാണ്​ മോദി സർക്കാർ ചെയ്യുന്നതെന്ന്​ ആക്ഷേപമുയർന്നിട്ടുണ്ട്​. വിദേശ കമ്പനികൾ ക​േമ്പാളം പിടിക്കാൻ വേണ്ടി ‘വില യുദ്ധം’ നടത്തിയെന്നു വരും. വിലകൾ നന്നേ കുറച്ചുകൊണ്ട്​ ഉപഭോക്​താക്കളെ ആകർഷിക്കുന്നതോടെ നാട്ടുകാരായ കച്ചവടക്കാർ പിടിച്ചുനിൽക്കാനാവാതെ ക്ഷയിക്കും; ഉപഭോക്​താക്കളെ മുഴുവൻ സ്വന്തമാക്കുന്ന മുറക്ക്​ വിദേശികൾ വില കൂട്ടി അമിത ലാഭമുണ്ടാക്കും. തൊഴിൽ രംഗത്തും പ്രതിസന്ധി മൂർച്ഛിക്കാനാണ്​ സാധ്യത. നാട്ടുകാരായ കച്ചവടക്കാർക്കും തൊഴിലാളികൾക്കും പണി ഇല്ലാതാകു​േമ്പാൾ മറുവശത്ത്​ വിദേശികൾ ഡിജിറ്റൽ വ്യാപാരം വഴി തൊഴിലാളികളെ പരമാവധി കുറക്കാൻ ശ്രമിക്കുകയും ചെയ്യും. ഇന്ത്യൻ ചില്ലറ വ്യാപാര രംഗത്ത്​ ജോലിയെടുക്കുന്ന നാട്ടുകാർ ഇപ്പോൾതന്നെ നോട്ടുനിരോധനത്തി​​െൻറയും ചരക്കു^സേവന നികുതി സംവിധാനത്തി​​െൻറയും ആഘാതമേറ്റ്​ അവശതയിലാണ്​. അവരെ രക്ഷിക്കേണ്ട ബാധ്യത സർക്കാറിനുണ്ട്​; എന്നാൽ, വീണേടത്ത്​ വീണ്ടും തൊഴിക്കുകയാണ്​ ഇപ്പോൾ.

നിക്ഷേപം, വരുമാനം, തൊഴിൽ എന്നീ മേഖലകളിൽ ഉണർവുണ്ടാക്കാനാണ്​ ഇൗ നടപടി എന്ന്​ സർക്കാർ അവകാശപ്പെട്ടു കാണുന്നത്​ കൗതുകകരംതന്നെ. നിക്ഷേപം ഇവിടത്തുകാർക്ക്​ വരുമാനമോ തൊഴിലോ ലഭ്യമാക്കുമോ എന്ന ചോദ്യം ഉയർത്താതെ വയ്യ. ചില്ലറ വ്യാപാര മേഖലയിലടക്കം വിദേശ നിക്ഷേപത്തെ ശക്തമായി എതിർത്തവരാണ്​ ഇന്നത്തെ ഭരണപക്ഷം. 2012ൽ ബഹു ബ്രാൻഡ്​ ചില്ലറ വ്യാപാരം വിദേശികൾക്ക്​ തുറന്നുകൊടുക്കാൻ മൻമോഹൻ സിങ്​ സർക്കാർ തീരുമാനിച്ചപ്പോൾ ബി.ജെ.പി വീറോടെ ചെറുത്തു. ഇപ്പോൾ ഒറ്റ ബ്രാൻഡ്​ വ്യാപാരമല്ലേ ഞങ്ങൾ തുറന്നുകൊടുക്കുന്നുള്ളൂ എന്ന്​ ന്യായം പറയുന്ന ബി.ജെ.പിക്കാർ അന്ന്​ ഏതുതരം വിദേശ നിക്ഷേപത്തെയും ‘‘നാടിനെ വിൽക്കലാ’’യിട്ടാണ്​ വിശേഷിപ്പിച്ചത്​. ഇന്നിപ്പോൾ വിദേശ നിക്ഷേപകർക്ക്​ തുറന്നുകൊടുക്കുന്നതിനെ എതിർക്കുന്നവരാണത്രെ ദേശവിരുദ്ധർ. ഗുജറാത്ത്​ മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി വിദേശനിക്ഷേപ​ നയത്തെ ‘‘ഇറ്റലിക്കാർക്ക്​ ഇന്ത്യയിലെ കടകൾ വിട്ടുകൊടുക്കലാ’’യി വർണിച്ചു. ‘‘അമേരിക്കക്കാരും ചൈനക്കാരുമൊക്കെ വന്ന്​ ഇവിടെ ഷോപ്പുകൾ തുറക്കുന്നതോടെ നമ്മുടെ ഉൽപാദന മേഖല തകരു’’മെന്ന്​ മുന്നറിയിപ്പ്​ നൽകിയ അരുൺ ജെയ്​റ്റ്​ലി ഇപ്പോൾ അതേ പാതകത്തിന്​ നേതൃത്വം നൽകുന്നു. വിലകുറച്ച്​ ഇവിടത്തെ ചെറുകിട വ്യാപാരികളുടെ നടുവൊടിക്കാനാണ്​ വിദേശികളെ വിളിച്ചുവരുത്തുന്നതെന്ന്​ അന്ന്​ പറഞ്ഞ സുഷമ സ്വരാജ്​ ഇന്ന്​ അക്കാര്യം മിണ്ടുന്നില്ല. എയർ ഇന്ത്യയിൽ വിദേശ നിക്ഷേപം ക്ഷണിക്കുന്നതിലും ബി.ജെ.പി നിലപാട്​ മാറ്റിയിരിക്കുകയാണ്​. വൻ നഷ്​ടത്തിലാണ്​ എയർ ഇന്ത്യ എന്നത്​ ശരിയാണ്​. അതി​​െൻറ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുകയാണ്​ വേണ്ടതെന്ന അഭിപ്രായം ബി.ജെ.പി കൈയൊഴിഞ്ഞിരിക്കുന്നു. രക്ഷിക്കാനെന്ന വ്യാജേന സ്വകാര്യവത്​കരണത്തിലേക്ക്​ വാതിൽതുറക്കുകയാണ്​ ഇപ്പോൾ ചെയ്​തിരിക്കുന്നത്​.

നാട്ടുകാരെ കൂടുതൽ കഷ്​ടപ്പാടിലേക്ക്​ വിട്ടുകൊണ്ട്​ നിയന്ത്രണങ്ങൾ എടുത്തുകളയുന്നത്​ വിദേശനിക്ഷേപം ആകർഷിക്കാനാണെന്നും ചൈനയെ ഇക്കാര്യത്തിൽ നാം പിന്നിലാക്കുകയാണെന്നും സർക്കാർ അവകാശപ്പെടുന്നുണ്ട്​. ഇതിനൊന്നും വസ്​തുതകളുടെ പിൻബലമില്ല. 2016 മുതൽ വിദേശ നിക്ഷേപം കുറഞ്ഞുവരുന്നുണ്ട്. ഇൗ കുറവ്​ മറികടന്ന്​ എങ്ങനെയും വിദേശികളെ ആകർഷിക്കുക എന്ന ഒറ്റമൂലിയാണ്​ സർക്കാറി​​െൻറ പക്കലുള്ളത്​.
ഇൗ തിടുക്കം മനസ്സിലാക്കി വിദേശ കമ്പനികൾ മുന്നോട്ടുവെച്ച നിബന്ധനകൾ അംഗീകരിക്കുകയാണ്​ കേന്ദ്രം ചെയ്​തിരിക്കുന്നത്​. ഇതു പോരാ, ഇനിയും ഇളവനുവദിക്കണമെന്ന്​ ശഠിച്ച്​ ആപ്പിൾ പോലുള്ള കമ്പനികൾ വിലപേശൽ തുടരുന്നു. ഇന്ത്യൻ സമ്പദ്​ഘടനയുടെ തളർച്ചക്ക്​ കാരണം വിദേശ നിക്ഷേപം കുറഞ്ഞതല്ല^സ്വദേശികളുടെ ആദാനശേഷി കുറഞ്ഞതാണ്​. അതിനു​ കാരണം ഉദാരീകരണം മുതൽ നോട്ടുനിരോധനം വരെയുള്ള യുക്തിരഹിത നടപടികളും. നാട്ടുകാരായ വ്യാപാരികൾക്ക്​ കൂടുതൽ സൗകര്യങ്ങളും പിന്തുണയും നൽകുകയാണ്​ പരിഹാരമെന്നിരിക്കെ, കൂടുതൽ ഉദാരീകരിക്കുന്ന പുതിയ നീക്കം വിപരീതഫലമാണ്​ ചെയ്യുക. എന്തു കൊണ്ടെന്ന്​ അറിയാൻ ബി.ജെ.പി നേതാക്കൾ 2016നു മുമ്പുള്ള സ്വന്തം പ്രസംഗങ്ങളും ലേഖനങ്ങളും എടുത്തു നോക്ക​െട്ട.
Loading...
COMMENTS