അസാധാരണ നിയമത്തിനെതിരെ അസാധാരണ നീക്കം
text_fieldsപൗരത്വ ഭേദഗതി നിയമം കേസിൽ കക്ഷിചേരാൻ െഎക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമീഷൻ സുപ്രീംകോടതിയിൽ അപേക്ഷ നൽകി യത് ഇന്ത്യയുടെ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നു. ഡൽഹിയിൽ ക്രമസമാധാനപ്രശ്നമായി വംശഹത്യയിലേക്ക് ആളിപ്പടർന്ന പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള കേസുകളിൽ കോടതിയെ സഹായിക്കുന്ന അ മിക്കസ് ക്യൂറിയായി കക്ഷിചേരാനാണ് യു.എൻ മനുഷ്യാവകാശ ഹൈകമീഷണർ മിഷേൽ ബാചലെ അപേക്ഷ നൽകിയിരിക്കുന്നത്. ഇന്ത്യയിലെ ഒരു നിയമനിർമാണത്തിനോ ഭേദഗതിക്കോ എതിരെ പുറം ഏജൻസി ഇടപെടുന്നതിലെ അസാധാരണത്വം ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യയുടെ ആഭ്യന്തരകാര്യത്തിൽ പുറത്തുനിന്നൊരു കക്ഷിക്കും ഇടപെടാൻ അവകാശമില്ലെന്ന് മന്ത്രാലയവക്താവ് രവീഷ്കുമാർ അസന്ദിഗ്ധമായി പ്രസ്താവിച്ചു.
വിവേചനത്തിനെതിരായ അന്തർദേശീയ സന്ധികളിൽ ഒപ്പുവെച്ചു കക്ഷിയായ ഇന്ത്യ വിവേചനപരമായി പൗരത്വ ഭേദഗതി നിയമത്തിന് തുനിഞ്ഞതിലെ ക്രമവിരുദ്ധത ചൂണ്ടിക്കാട്ടിയാണ് അന്താരാഷ്ട്രസമൂഹത്തിെൻറ പൊതുവേദി കേസിൽ കക്ഷിചേരാൻ താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്. അതേസമയം, പാർലമെൻറിെൻറ പരമാധികാരം ഉപയോഗിച്ചു പാസാക്കിയ നിയമത്തിെൻറ ഭരണഘടന സാധുത ഉയർത്തിപ്പിടിച്ചാണ് ഇന്ത്യയുടെ ഇക്കാര്യത്തിലെ എതിർപ്പ്. ഭേദഗതി നിയമവുമായി ബന്ധപ്പെട്ട 140 കേസുകൾ പരിഗണിക്കാനിരിക്കെ സുപ്രീംകോടതിയുടെ തീർപ്പ് എന്തായാലും ഇതിനകം വിവാദമായ പൗരത്വ ഭേദഗതി നിയമം ലോകത്തിനു മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലേൽപിച്ചിരിക്കുന്നു എന്നു നിസ്സംശയം പറയാം.
സ്വാതന്ത്ര്യത്തിനു ശേഷം നാളിന്നോളം കശ്മീർ അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യ നിലനിർത്തിവരുന്ന നിലപാടാണ് നമ്മുടെ ആഭ്യന്തരകാര്യങ്ങളിൽ പുറം ഇടപെടൽ അനുവദിക്കില്ലെന്നത്. എന്നാൽ, ബി.ജെ.പി ഗവൺമെൻറ് അധികാരമേറ്റതിൽ പിന്നെ സ്വന്തം അജണ്ട നടപ്പാക്കുന്നതിൽ യഥോചിതം പുറംകക്ഷിയുടെ സഹായം തേടുകയും പുറംകക്ഷികളുടെ വിഷയങ്ങളിൽ ഇടപെടുകയും ചെയ്തുവരുന്നതാണ് കാണുന്നത്. ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കി കശ്മീരിെൻറ പ്രത്യേകപദവി എടുത്തുകളഞ്ഞ് കേന്ദ്രഭരണ പ്രദേശമാക്കുകയും മനുഷ്യാവകാശങ്ങളെല്ലാം പട്ടാള ബൂട്ടിനടിയിൽ അടിച്ചമർത്തുകയും ചെയ്യുന്നതിനെതിരെ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധമുയർന്നപ്പോൾ പാശ്ചാത്യനാടുകളിൽ, തങ്ങളുടെ തീവ്രവലതുപക്ഷ നിലപാടിനോട് അനുഭാവം പുലർത്തുന്നവരെ ക്ഷണിച്ചു കൊണ്ടുവന്ന് ഇടപെടുവിച്ചു മോദി സർക്കാർ.
ചേരിചേരാ കാലത്തും ശേഷം അമേരിക്കയുടെ ഏകധ്രുവാധിപത്യ നാളുകളിലും കശ്മീർ പ്രശ്നത്തിൽ തലയിടാൻ നോക്കിയ അമേരിക്കയെ അടക്കിനിർത്തിയതാണ് ഇന്ത്യ. എന്നാൽ, ഡോണൾഡ് ട്രംപ് പ്രസിഡൻറായ ശേഷം പലവുരു കശ്മീർ വിഷയത്തിലെ മാധ്യസ്ഥ്യതക്കുള്ള സന്നദ്ധത പരസ്യമായി പ്രകടിപ്പിച്ചിട്ടും ശക്തമായി മറുത്തുരിയാടാൻ ഇന്ത്യക്കു കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ, ഇന്ത്യൻ പൗരന്മാരിൽ ഒരു വിഭാഗത്തെ പാർശ്വവത്കരിച്ച് ഉന്മൂലന ഭീഷണിയിലേക്ക് തള്ളുന്ന നിയമവുമായി ബന്ധപ്പെട്ട കേസിൽ ‘സഹായം നൽകാൻ ആഗ്രഹിച്ചു’ യു.എൻ വരുേമ്പാൾ എതിർക്കാൻ ധാർമികബലം നഷ്ടപ്പെട്ട അവസ്ഥയിലായി രാജ്യം.
സിവിൽ, രാഷ്ട്രീയാവകാശങ്ങൾക്കായുള്ള അന്തർദേശീയ ഉടമ്പടി (െഎ.സി.സി.പി.ആർ), സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾക്കായുള്ള അന്തർദേശീയ കരാർ (െഎ.സി.ഇ.എസ്.സി.ആർ), വംശീയവിവേചന ഉന്മൂലനത്തിനായുള്ള അന്തർദേശീയ ഉടമ്പടി (െഎ.സി.ഇ.ആർ.ഡി), ബാലാവകാശ ഉടമ്പടി (സി.ആർ.സി), സ്ത്രീവിവേചന ഉന്മൂലനത്തിനായുള്ള അന്തർദേശീയ കരാർ എന്നിങ്ങനെ യു.എൻ ആഭിമുഖ്യത്തിലുള്ള ഒേട്ടറെ അന്തർദേശീയ ധാരണകളിൽ ഒപ്പുവെച്ചു പങ്കാളിയായിത്തീർന്ന രാജ്യമാണ് ഇന്ത്യ. ഇപ്പറഞ്ഞ കരാറുകളുടെയെല്ലാം ആകത്തുക, വിവേചനരാഹിത്യവും അവകാശങ്ങളിലെ തുല്യതയുമാണ്. എന്നാൽ, മൂന്നു രാജ്യങ്ങളിൽനിന്നുള്ള മുസ്ലിമല്ലാത്ത അഭയാർഥികൾക്കും കുടിയേറ്റക്കാർക്കും പൗരത്വം നൽകുകവഴി, മതാടിസ്ഥാനത്തിലുള്ള വിവേചനത്തിനും അവകാശലംഘനങ്ങൾക്കും ഭരണകൂടം നിയമസാധുത നൽകുന്നുവെന്നാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഉയർന്ന ആക്ഷേപം. ഇൗ സാഹചര്യത്തിലാണ് സ്വാതന്ത്ര്യത്തിെൻറയും അവസരസമത്വത്തിെൻറയും കാര്യത്തിൽ നാളിതുവരെ ലോകത്തിനുതന്നെ മാതൃകാപരമായി നിലപാടുയർത്തിപ്പിടിച്ച ഇന്ത്യയുടെ വ്യതിയാനത്തിനെതിരായ പൗരന്മാരുടെ പരാതിയിൽ കക്ഷിചേരുന്നതെന്നാണ് യു.എൻ ഹൈകമീഷെൻറ ന്യായം.
വംശം, ഗോത്രം/ജാതി, മതം, ദേശീയത/കുടിയേറ്റം എന്നീ നിലകളിൽ ഒരു ഭേദവുമില്ലാതെ ഒരു രാജ്യത്തിനകത്തെ പൗരന്മാർക്കും അല്ലാത്തവർക്കും തുല്യ സംരക്ഷണവും മനുഷ്യാവകാശവും നൽകാൻ അന്താരാഷ്ട്ര ധാരണയിലേർപ്പെട്ട മുഴുവൻ രാജ്യങ്ങൾക്കും ബാധ്യതയുണ്ട്. സ്വകാര്യ, പൊതുമണ്ഡലങ്ങളിൽനിന്നു വിവേചനം ഉന്മൂലനം ചെയ്യാൻ, മതമടക്കമുള്ള വിവിധ കാരണങ്ങളുടെ പേരിലുണ്ടാവുന്ന വിവേചനം കൈയൊഴിയാൻ ഇന്ത്യ ഒപ്പുവെച്ച െഎ.സി.സി.പി.ആർ, െഎ.സി.ഇ.എസ്.സി.ആർ, സി.ആർ.സി കരാറുകളെല്ലാം നിഷ്കർഷിക്കുന്നു. മതാടിസ്ഥാനത്തിൽ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച വ്യവഹാരങ്ങളിൽ ഇന്ത്യയുടെ നിലപാട് അന്തർദേശീയ ധാരണകൾക്ക് അനുരൂപമാക്കിയെടുക്കുന്നതിനാണ് യു.എൻ വേദിയുടെ ഇടപെടലെന്ന് അവർ വ്യക്തമാക്കിയിരിക്കുന്നു.
അതിനെ പതിവിനു വിരുദ്ധം, അസാധാരണം എന്നുപറഞ്ഞ് ഒറ്റയടിക്ക് ഇന്ത്യക്ക് തള്ളിക്കളയാനാവില്ല. രാജ്യത്തിനകത്തെ ഭരണഘടനതത്ത്വങ്ങളെ മാത്രമല്ല, അന്തർദേശീയധാരണകളെയും ചട്ടങ്ങളെയുമടക്കം അപ്രസക്തമാക്കിയ അസാധാരണ നടപടിയാണ് രാജ്യചരിത്രത്തിൽ ആദ്യമായി പൗരത്വത്തിന് മതം മാനദണ്ഡമാക്കുകയും അത് മത, വംശീയവിവേചനത്തിനും ഡൽഹിമോഡൽ വംശഹത്യക്കും ആയുധമാക്കുകയും ചെയ്ത മോദിസർക്കാർ നടപടി. അതാണിപ്പോൾ െഎക്യരാഷ്ട്രസഭയുടെ അസാധാരണ ഇടപെടലിന് വഴിവെച്ചിരിക്കുന്നത്. മാനവികതയുടെ ഇൗ സാർവദേശീയ താൽപര്യങ്ങൾക്കു ബി.ജെ.പി നയിക്കുന്ന ഇന്ത്യ വഴങ്ങുമോ അതോ, അതും ചവിട്ടിമെതിച്ച് ഫാഷിസത്തിെൻറ പാട്ടിനു നീങ്ങുമോ എന്നാണ് ഇനിയറിയേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
