ചരിത്രത്തിനുനേരെ ബുൾഡോസർ പ്രയോഗിക്കുമ്പോൾ
text_fields2019 മുതൽ 2024 വരെയുള്ള കാലയളവിൽ ആഗ്രയിലെ താജ്മഹൽ സന്ദർശിക്കാനെത്തിയ സഞ്ചാരികളിൽനിന്നുള്ള പ്രവേശനഫീസായി കേന്ദ്രസർക്കാറിന്റെ ഖജനാവിലെത്തിയത് 297.33 കോടി രൂപയാണ്. ആഗ്ര കോട്ട 127.31 കോടിയും ഡൽഹിയിലെ കുതുബ് മീനാർ 63.74 കോടിയും ചെങ്കോട്ട 54.32 കോടിയും ഇത്തരത്തിൽ വരുമാനം നേടിത്തന്നു. ഈ നിർമിതികൾ ഒന്നും തന്നെ ഒരു സുപ്രഭാതത്തിൽ സ്വയംഭൂവായി പ്രത്യക്ഷപ്പെട്ടവയല്ല. കാലങ്ങൾ നീണ്ട ആസൂത്രണത്തിന്റെയും സാംസ്കാരിക വിഭാവനത്തിന്റെയും പതിറ്റാണ്ടുകളുടെ കഠിനാധ്വാനത്തിന്റെയും ഫലമായാണ് ലോകത്തിന്റെ മുന്നിൽ ഇന്ത്യയുടെ അഭിമാനമായി ആ അതിമനോഹര നിർമിതികൾ തലയുയർത്തി നിൽക്കുന്നത്. താജും കുതുബും കോട്ടകളും നിർമിച്ചതാരെന്ന് ലോകമൊട്ടുക്കുമുള്ള ചരിത്രാന്വേഷികൾക്കും കുതുകികൾക്കുമറിയാം. എന്നാൽ, ഇന്ത്യയിലെ വളർന്നുവരുന്ന തലമുറക്ക് അവയെക്കുറിച്ച് വിദ്യാലയങ്ങളിൽനിന്ന് കേൾക്കാൻ കഴിയുമോ എന്ന് സംശയമാണ്.
ഈ നിർമിതികൾക്കുപിന്നിൽ പ്രവർത്തിച്ച ഭരണാധികാരികളെയും അവരുടെ സംഭാവനകളെയും മറച്ചുപിടിക്കാനുള്ള ഭരണകൂട ഗൂഢതന്ത്രം മുമ്പെന്നത്തേക്കാളുമേറെ ശക്തിപ്രാപിച്ചിരിക്കുന്നു. അതീവ മഹത്തരമെന്ന് കൊട്ടിഘോഷിക്കുന്ന പുതിയ ദേശീയ പാഠ്യപദ്ധതിയുടെ ഭാഗമായി പരിഷ്കരിച്ച എൻ.സി.ഇ.ആർ.ടിയുടെ ഏഴാംക്ലാസ് സാമൂഹിക ശാസ്ത്ര പുസ്തകത്തിൽ മുഗൾ-സുൽത്താൻ കാലഘട്ടം സംബന്ധിച്ച ഭാഗങ്ങൾ പൂർണമായി ഒഴിവാക്കിയിരിക്കുന്നു കേന്ദ്രസർക്കാർ.
സ്‍ഥലങ്ങളുടെയും റോഡുകളുടെയും പേരിൽ നിന്ന് മുഗൾ ചക്രവർത്തിമാരെക്കുറിച്ചുള്ള ഓർമകൾ മായ്ച്ചുകളയാൻ നിരന്തരം തത്രപ്പെടുന്നതിനൊപ്പമാണ് ഇന്ത്യാ ചരിത്രത്തിലെ സമ്പന്നവും സംഭവബഹുലവുമായ കാലഘട്ടത്തെ പാഠപുസ്തകത്തിൽനിന്ന് വെട്ടിമാറ്റാൻ സംഘ്പരിവാർ ഭരണകൂടം ഒരുമ്പെടുന്നത്. 2022-23 കാലത്ത് സിലബസ് യുക്തിസഹമാക്കുകയും ആവർത്തനം ഒഴിവാക്കി പഠനഭാരം കുറക്കുകയും ചെയ്യാനുള്ള നടപടി എന്ന പേരിൽ മുഗള-സുൽത്താൻ ചരിത്രം വെട്ടിക്കുറച്ച് തുടങ്ങിയ ‘കർസേവ’യാണ് ഇപ്പോൾ പൂർണഗതി പ്രാപിച്ചിരിക്കുന്നത്. ചരിത്ര പ്രസിദ്ധമായ മസ്ജിദുകൾക്കും നിർമിതികൾക്കുംമേൽ ബുൾഡോസർ കയറ്റി തകർക്കുന്നതുപോലെ ചരിത്രത്തിലെ സുപ്രധാനമായ കാലഘട്ടത്തെയും ധൂളിയാക്കി മാറ്റാമെന്ന് സർക്കാറും അവരെ നിയന്ത്രിക്കുന്ന സംഘ് പരിവാറും വല്ലാതെ വ്യാമോഹിക്കുന്നു.
വർഷങ്ങൾക്കുമുമ്പ് വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കർണാടകയിലും ഭരണത്തിലിരിക്കെ ബി.ജെ.പി സർക്കാറുകൾ പാഠ്യപദ്ധതിയിൽ ഭയാനകമായ കൈകടത്തൽ നടത്തുകയും ശാസ്ത്രപുസ്തകങ്ങളിലുൾപ്പെടെ പമ്പര വിഡ്ഢിത്തങ്ങൾ കടത്തിവിടുകയും ചെയ്തിരുന്നു. ചരിത്രത്തെ വക്രീകരിക്കുകയും വ്യാജങ്ങൾക്ക് ചരിത്രത്തിന്റെ ചമയമണിയിക്കുകയും ചെയ്യുന്നത് സംഘ്പരിവാർ രീതിയാണെങ്കിലും ദേശീയതലത്തിൽത്തന്നെ സ്കൂൾ പാഠപുസ്തകങ്ങളിൽ ഇത്ര ഭീകരമായ തമസ്കരണം ഇതാദ്യമായാണ്. മുഗള കാലം ഒഴിവാക്കി മഗധ, മൗര്യ, ശുംഗ, ശതവാഹന രാജവംശങ്ങളെക്കുറിച്ചുള്ള ഭാഗങ്ങൾക്കൊപ്പം ബേട്ടി ബചാവോ, ബേട്ടി പഠാവോ, മേക്ക് ഇൻ ഇന്ത്യ തുടങ്ങിയ കേന്ദ്രപദ്ധതികളെക്കുറിച്ചും മഹാകുംഭ മേളയെക്കുറിച്ചുമുള്ള വിവരങ്ങളാണ് കുട്ടികൾക്ക് പഠിക്കാനായി നൽകുന്നത്.
നൂറ്റാണ്ടുകൾമുമ്പ് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഭരണം നിർവഹിച്ചിരുന്ന ചില രാജവംശങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ലെന്നും മുഗൾ-സുൽത്താൻ കാലഘട്ടത്തിന് വലിയ പരിഗണനയാണ് ചരിത്രമെഴുത്തുകാർ നൽകിയതെന്നും സംഘ്പരിവാർ പാളയങ്ങളിൽനിന്ന് കാലങ്ങളായി ഉയരുന്ന മുറവിളിയാണ്. കുറെ വർഷങ്ങളായി സർക്കാർ ഫണ്ട് ദുരുപയോഗിച്ച് അവർ സംഘടിപ്പിക്കുന്ന ശിബിരങ്ങളിൽനിന്ന് പുറത്തുവന്ന നിർദേശങ്ങൾക്കനുസൃതമാണ് ഇപ്പോൾ നാം കാണുന്ന വെട്ടിമാറ്റലുകളും കൂട്ടിച്ചേർക്കലുകളും.
പാഠ്യപദ്ധതികൾ തയാറാക്കാൻ ശാസ്ത്ര-ചരിത്ര പണ്ഡിതരെയും വിദ്യാഭ്യാസ വിചക്ഷണരെയും ചുമതലപ്പെടുത്തിയിരുന്ന, വിമർശനങ്ങളും നിർദേശങ്ങളും വകവെക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്ന നെഹ്റുവിന്റെയും മൗലാനാ ആസാദിന്റെയും ഇന്ത്യയിൽ നിന്ന് സമഗ്രാധിപത്യ ഇന്ത്യയിലേക്കുള്ള സിലബസ് മാറ്റമാണിത്.
ചരിത്രസത്യങ്ങള്‍ ഒഴിവാക്കി പാഠപുസ്തകങ്ങളിറക്കുന്ന വിഷയത്തില്‍ കേരള സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നതിന് സംവിധാനമൊരുക്കുമെന്നും കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചത് സ്വാഗതാർഹമാണ്. മോദി സർക്കാർ മുന്നോട്ടുവെക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന് പിന്നിലെ കാവിക്കറ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും തുറന്നുകാണിച്ചിരുന്നു.
ഭരണകൂട താൽപര്യത്തിനൊത്തുമാത്രം ചലിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന നിലയവിദ്വാന്മാർ വിദ്യാഭ്യാസ മേഖലയെയും നമ്മുടെ കുഞ്ഞുങ്ങളെയും വികലബോധ്യങ്ങളിലേക്ക് ചവിട്ടിത്താഴ്ത്തുന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങൾ കുറച്ചുകാലമായി നാം കണ്ടുവരുന്നു. ഗോമൂത്രം രോഗശമന ഔഷധമാണെന്ന് ഒരു ഐ.ഐ.ടി മേധാവി പരസ്യമായി പ്രസംഗിച്ചതും എയർ കണ്ടീഷനിങ്ങിന് ഗുണകരമാണെന്നുവാദിച്ച് ഡൽഹി സർവകലാശാലയിലെ കോളജ് പ്രിൻസിപ്പൽ ക്ലാസ് മുറി ചുമരിൽ ചാണകം പൂശിയതും ഏതാനും ആഴ്ചകൾ മുമ്പാണ്. ഐ.ഐ.ടി ഡയറക്ടറുടെ വിവരക്കേടിനെതിരെ വൈദ്യശാസ്ത്ര വിദഗ്ധരും പ്രിൻസിപ്പലിന്റെ ചെയ്തിയിൽ പ്രതിഷേധിച്ച് വിദ്യാർഥി സമൂഹവും മുന്നിട്ടിറങ്ങിയിരുന്നു.
പ്രതിരോധങ്ങൾ അതിശക്തമാക്കാത്തപക്ഷം ചരിത്ര പുസ്തകത്തിൽനിന്ന് മുഗൾ കാലത്തെ നീക്കിയതു പോലെ ശാസ്ത്ര പുസ്തകങ്ങളിലേക്ക് നേരും നെറിയും തീണ്ടാത്ത കപോലകൽപിതങ്ങൾ കുത്തിത്തിരുകാനും ഈ സർക്കാർ മടിക്കില്ലെന്നുറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

