Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightബ്രിക്സ് ഉച്ചകോടി...

ബ്രിക്സ് ഉച്ചകോടി ഓര്‍മിപ്പിക്കുന്നത്

text_fields
bookmark_border
ബ്രിക്സ് ഉച്ചകോടി ഓര്‍മിപ്പിക്കുന്നത്
cancel

സോവിയറ്റ് യൂനിയന്‍െറ തിരോധാനത്തോടെ ചരിചേരാ പ്രസ്ഥാനം നാമമാത്രമായി തീരുകയും അമേരിക്കയുടെ കാര്‍മികത്വത്തില്‍ മൂലധന ശക്തികളുടെ താല്‍പര്യങ്ങള്‍ക്കായി ആവിഷ്കരിച്ച ആഗോളീകരണ, ഉദാരീകരണ, വിപണന കേന്ദ്രീകൃത സാമ്പത്തിക വ്യവസ്ഥ ആധിപത്യം നേടുകയും ചെയ്ത പശ്ചാത്തലത്തില്‍ ഇന്ത്യയും മൗലികമായ നയംമാറ്റങ്ങളിലൂടെയാണ് മുന്നോട്ടുപോവുന്നതെന്ന് ഓര്‍മിപ്പിക്കേണ്ടതില്ല. മന്‍മോഹന്‍സിങ്ങിന്‍െറ യു.പി.എ സര്‍ക്കാര്‍ അമേരിക്കയുമായുണ്ടാക്കിയ ആണവ-സൈനിക-സാമ്പത്തിക കരാറുകള്‍ പൂര്‍വാധികം ശക്തമായും സമഗ്രമായും നടപ്പാക്കുകയാണ് നരേന്ദ്ര മോദിയുടെ എന്‍.ഡി.എ സര്‍ക്കാര്‍. അതോടൊപ്പം അമേരിക്കന്‍ വിരുദ്ധചേരിയിലാണെന്ന് കരുതപ്പെടുന്ന  റഷ്യ, ചൈന എന്നീ വന്‍ ശക്തികളുമായും ബന്ധങ്ങള്‍ ഊഷ്മളവും ഫലപ്രദവുമാക്കാനും മോദി ബദ്ധശ്രദ്ധനാണെന്ന് വ്യക്തമാക്കുന്ന നീക്കങ്ങളും തുടരുന്നു. ദേശീയ താല്‍പര്യങ്ങളാണ് സര്‍വോപരി പ്രധാനം എന്നംഗീകരിക്കപ്പെടുന്ന വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ ഈ നയത്തിന് ന്യായീകരണവുമുണ്ട്. ആ നിലക്ക് തത്ത്വാധിഷ്ഠിതമോ നീതിയുക്തമോ ധാര്‍മികമോ  എന്നൊന്നും അവകാശപ്പെടാനാവില്ളെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ പയറ്റിക്കൊണ്ടിരിക്കുന്ന നയതന്ത്രം പൊതുവെ രാജ്യത്തിന്‍െറ കൈയടി വാങ്ങും. അത് മുഖ്യശത്രുവായ അയല്‍രാജ്യത്തെ ഉന്നംവെച്ചുകൂടിയാവുമ്പോള്‍ വിശേഷിച്ചും.

പക്ഷേ, ഒടുവില്‍ ഗോവയില്‍ചേര്‍ന്ന ബ്രിക്സ് ഉച്ചകോടി പാകിസ്താനെ ഒറ്റപ്പെടുത്തുന്നതിലും ആ രാജ്യത്തെ ഭീകര രാഷ്ട്രമായി ഐക്യരാഷ്ട്രസഭയെക്കൊണ്ട് പ്രഖ്യാപിപ്പിക്കാനുള്ള തീവ്രയത്നത്തിലും എത്രത്തോളം സഹായകമായി എന്ന ചോദ്യത്തിനുള്ള മറുപടി വളരെയൊന്നും പ്രോത്സാഹജനകമാവാന്‍ വഴിയില്ല. റഷ്യ, ചൈന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവയാണ് ആതിഥ്യമരുളിയ ഇന്ത്യയെ കഴിച്ചാല്‍ 2006ല്‍ നിലവില്‍ വന്ന ബ്രിക്സിലെ അംഗങ്ങള്‍. ആഗോള ജനസംഖ്യയിലെ മൂന്നില്‍ രണ്ടിനെയും പ്രതിനിധാനം ചെയ്യുന്ന, വികസിക്കുന്ന സമ്പദ് വ്യവസ്ഥയുടെ അവകാശികളായ ഈ രാജ്യങ്ങളുടെ കൂട്ടായ്മ സാമ്പത്തിക, സാങ്കേതിക, സാംസ്കാരിക രംഗങ്ങളില്‍ സഹകരിച്ചാല്‍ നേട്ടങ്ങള്‍ കൊയ്യാം എന്നതില്‍ സംശയമില്ല. പക്ഷേ, ഭിന്നതാല്‍പര്യങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ബ്രിക്സ് അംഗരാഷ്ട്രങ്ങള്‍ക്ക് സുപ്രധാന കാര്യങ്ങളിലെല്ലാം ഏകാഭിപ്രായമല്ല ഉള്ളതെന്നും അയല്‍പക്കത്തുനിന്ന് ഇന്ത്യ നേരിടുന്ന ഭീകരതാ ഭീഷണി തുറന്നപലപിക്കാന്‍ മറ്റു രാജ്യങ്ങള്‍ തയാറായില്ളെന്നുമാണ് ഉച്ചകോടിക്കൊടുവില്‍ പുറത്തുവിട്ട പ്രഖ്യാപനം വ്യക്തമാക്കുന്നത്. റഷ്യ ഭീകരസംഘടനകളായി കാണുന്ന ഐ.എസും മറ്റു ചില സംഘടനകളും പ്രഖ്യാപനത്തില്‍ സ്ഥലംപിടിച്ചപ്പോള്‍ പാക് ഭീകരസംഘടനകളായ ജെയ്ശെ മുഹമ്മദോ ലശ്കറെ ത്വയ്യിബയോ പരാമര്‍ശിക്കപ്പെട്ടില്ല. പാകിസ്താന്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതായ കുറ്റപ്പെടുത്തല്‍പോലും പ്രഖ്യാപനത്തിലില്ല.

ഉച്ചകോടിയില്‍ നാലുതവണ സംസാരിച്ചപ്പോഴും നരേന്ദ്ര മോദി ഭീകരതയെ കയറ്റുമതി ചെയ്യുന്ന രാജ്യമായും ഭീകരതയുടെ പതാകവാഹക രാജ്യമായുമൊക്കെ പാകിസ്താനെ വിശേഷിപ്പിച്ചുവെങ്കിലും മറ്റു നാലു രാഷ്ട്രങ്ങളും അത് മുഖവിലയ്ക്കെടുക്കാന്‍ തയാറായില്ല. മാത്രമല്ല, ഇന്ത്യയും പാകിസ്താനും ഭിന്നതകള്‍ പറഞ്ഞുതീര്‍ക്കണമെന്ന അഭിപ്രായമാണ് റഷ്യയും ചൈനയും പ്രകടിപ്പിച്ചത്. ചൈനയാകട്ടെ ഒരുപടികൂടി മുന്നോട്ടുപോയി, പാകിസ്താനും ഇന്ത്യയും ഒരുപോലെ ഭീകരതയുടെ ഇരകളാണെന്നും ഭീകരതക്കെതിരായ പോരാട്ടത്തില്‍ പാകിസ്താന്‍െറ വലിയ ത്യാഗങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ കണക്കിലെടുക്കണമെന്നും ഉറപ്പിച്ചുപറയുകയായിരുന്നു. പാകിസ്താനുമായി ചേര്‍ന്ന് സൈനികാഭ്യാസം നടത്തിയ റഷ്യയും നിലപാടില്‍ മാറ്റംവരുത്താന്‍ തയാറായില്ല. എന്നാല്‍, ബ്രിക്സിന് അനുബന്ധമായി ചേര്‍ന്ന ബിംസ്ടെക് കൂട്ടായ്മ പാകിസ്താന്‍െറ പേരെടുത്തുപറഞ്ഞില്ളെങ്കിലും ഭീകരതക്ക് അഭയവും സാമ്പത്തിക സഹായവും നല്‍കുന്ന രാജ്യങ്ങള്‍ക്കെതിരെ അതിശക്തമായ നടപടി വേണമെന്നാവശ്യപ്പെടുകയുണ്ടായി. ബംഗ്ളാദേശ്, നേപ്പാള്‍, മ്യാന്മര്‍, ശ്രീലങ്ക, തായ്ലന്‍ഡ്, ഭൂട്ടാന്‍, നേപ്പാള്‍ എന്നിവരടങ്ങിയ ഈ കൂട്ടായ്മയിലെ അംഗരാജ്യങ്ങള്‍ക്ക് വ്യത്യസ്തതരം ഭീകരതാ ഭീഷണികളാണുള്ളതെന്നതും ശ്രദ്ധേയമാണ്. ശ്രീലങ്കയില്‍ തമിഴ് വിഘടന വാദികളുടേതാണെങ്കില്‍ നേപ്പാളില്‍ മാവോവാദികളുടേതാണ്.

അവസാന വിശകലനത്തില്‍ ആഭ്യന്തരരംഗത്ത് മാനവികവും ജനാധിപത്യപരവുമായ ഭരണസമ്പ്രദായവും വിദേശബന്ധങ്ങളില്‍ സമാധാനപരമായ സഹവര്‍ത്തിത്വവും സഹകരണവുമാണ് ഏതുതരം കൂട്ടായ്മയുടെയും അടിത്തറയായിരിക്കേണ്ടതെന്ന് അംഗീകരിച്ചേ മതിയാവൂ. സ്ഥിരമായ വെറുപ്പും ശത്രുതയും വെച്ചുപുലര്‍ത്തുന്നതോ ചില ജനവിഭാഗങ്ങളെ, അവരെത്ര ദുര്‍ബലരായിരുന്നാലും മുഖ്യധാരകളില്‍നിന്നകറ്റിനിര്‍ത്തുന്നതോ ലോക സമാധാനത്തിനും ആഭ്യന്തര സമാധാനത്തിനും ഒരര്‍ഥത്തിലും ഗുണകരമല്ല. നമുക്ക് യുദ്ധമല്ല വേണ്ടത്, പട്ടിണിക്കും നിരക്ഷരതക്കുമെതിരെ യോജിച്ച് പോരാടാം എന്ന കോഴിക്കോട്ടെ ബി.ജെ.പി ദേശീയ സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ ആഹ്വാനമാണ് ഇന്ത്യയുടെ സ്വദേശ-വിദേശ നയങ്ങള്‍ക്കാധാരമാവുന്നതെങ്കില്‍ അതിലാണ് രാജ്യത്തിന്‍െറയും ലോകത്തിന്‍െറയും വിജയം. 60,000 കോടി രൂപയുടെ  ആയുധക്കരാറില്‍ റഷ്യയുമായി ഒപ്പുവെക്കാന്‍ ഇന്ത്യയെ നിര്‍ബന്ധിച്ച സാഹചര്യം എന്തുവിലകൊടുത്തും അവസാനിപ്പിക്കാനാണ്, അത് പൂര്‍വാധികം വഷളാക്കാനല്ല സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത്. ഇന്ത്യക്കും പാകിസ്താനുമിടയില്‍ സ്വാതന്ത്ര്യം തൊട്ട് തുടരുന്ന പ്രശ്നങ്ങള്‍ അപരിഹാര്യമായി അവശേഷിക്കുന്നതാണ് ഭീകരതയുടെയും യുദ്ധസമാനമായ അന്തരീക്ഷത്തിന്‍െറയും പിന്നിലെന്ന് മനസ്സിലാക്കാത്ത ഒരു കുട്ടിയുമുണ്ടാവില്ല. ഇക്കാര്യത്തില്‍ ചൈനയുടെ അഭിപ്രായം പരിഗണനാര്‍ഹമല്ളേ എന്നാലോചിക്കണം.

Show Full Article
TAGS:madhyamam editorial 
Next Story