Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightതീ അണഞ്ഞു; ആശങ്കകൾ...

തീ അണഞ്ഞു; ആശങ്കകൾ പുകയുന്നു

text_fields
bookmark_border
തീ അണഞ്ഞു; ആശങ്കകൾ പുകയുന്നു
cancel

ദിവസങ്ങളോളം മൂന്നു ജില്ലകളെ വിഷപ്പുകയാൽ ശ്വാസംമുട്ടിച്ച ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ ഒടുവിൽ അണയ്ക്കാനായിരിക്കുന്നു. അയ്യായിരത്തിലധികം അഗ്നിരക്ഷാസേനാംഗങ്ങൾ കൈമെയ് മറന്ന് നടത്തിയ പോരാട്ടത്തിന് ഉജ്ജ്വല ഫലപ്രാപ്തി. വിഷപ്പുക ശ്വസിച്ചും കണ്ണെരിഞ്ഞും പൊതുജനം എരിപൊരികൊള്ളവെ ഭരണകൂടവും ഉന്നത രാഷ്ട്രീയനേതൃത്വങ്ങളുമെല്ലാം പരസ്പരം പഴിചാരാനും പലായനം ചെയ്യാനുമുള്ള തിടുക്കത്തിലായിരുന്നു. അതിനിടയിലും വിഷംമുറ്റിയ ദുരന്തഭൂമിയിൽ തീയിൽ ചവിട്ടിനിന്ന് യഥാർഥ പോരാട്ടം നടത്തിയ അഗ്നിരക്ഷാസേനാംഗങ്ങളെ എത്ര അഭിനന്ദിച്ചാലാണ് മതിയാവുക. ബ്രഹ്മപുരം തീ അണയ്ക്കൽ യജ്ഞത്തിൽ പങ്കെടുത്ത എല്ലാ അഗ്നിരക്ഷാസേനാംഗങ്ങൾക്കും അടിയന്തരമായി ആവശ്യമായ ആരോഗ്യപരിശോധനയും വിശ്രമവും മറ്റു സൗകര്യങ്ങളുമൊരുക്കാൻ സർക്കാറും കൊച്ചി കോർപറേഷനും മുൻകൈ എടുക്കേണ്ടതുണ്ട്.

തീ അണഞ്ഞ സ്ഥിതിക്ക് അധികംവൈകാതെ ബ്രഹ്മപുരവും മാലിന്യപ്രശ്നങ്ങളും വിസ്മൃതിയിലേക്കു പോകാനാണിട. ഇതിനുമുമ്പ് പലതവണ ബ്രഹ്മപുരത്തുണ്ടായ തീപിടിത്തങ്ങളുടെയും ബാക്കിപത്രം അതായിരുന്നു. പൊതുജനത്തിന്റെ നിസ്സംഗതയും അടുത്ത തീപിടിത്തം വരെ തുടരും. അത് ഭരണാധികാരികൾക്ക് കാര്യങ്ങൾ എളുപ്പമാക്കുകയും ചെയ്യും. വിഷയത്തിൽ കൊച്ചി കോർപറേഷന്റെ അലംഭാവവും നിസ്സംഗതയും ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല. വരൾച്ച, വെള്ളപ്പൊക്കം തുടങ്ങി വർഷംതോറും ആവർത്തിക്കുന്ന പ്രകൃതിദുരന്തങ്ങൾക്കൊപ്പം, മാലിന്യവും സർക്കാർ സംവിധാനങ്ങളുടെ കറവപ്പശുക്കളിലൊന്നാണ്. വരൾച്ചക്കാലത്ത് കുടിവെള്ളം വേണം, വെള്ളപ്പൊക്കക്കാലത്ത് അതിന് പരിഹാരം വേണം, അതുപോലെയാണ് മാലിന്യനീക്കവും. ഇത്തരം അടിയന്തര കാര്യങ്ങൾക്ക്, അടിയന്തര സാഹചര്യങ്ങളിൽ എന്തിനുമുള്ള ലൈസൻസാണ് ഭരണസംവിധാനങ്ങൾക്കു ലഭിക്കുക. ഈ ലൈസൻസ് ഉപയോഗിച്ച് ചെയ്തുകൂട്ടിയ മഹാ പാതകങ്ങളിലൊന്നാണ് ബ്രഹ്മപുരവും.

ഒമ്പതു ലക്ഷത്തിലധികം മനുഷ്യർ തിങ്ങിപ്പാർക്കുന്ന ഇടമാണ് കൊച്ചി. കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ-തിരക്കേറിയ നഗരം. കപ്പൽനിർമാണശാല, വിമാനത്താവളം, മെട്രോ റെയിൽ തുടങ്ങിയ ആധുനിക മനുഷ്യന്റെ കണ്ണിലെ വികസന സൂചികകളെല്ലാമുള്ള കൊച്ചിക്ക് ഇനിയും ഇല്ലാത്തത് സുസ്ഥിരമായ മാലിന്യസംസ്കരണ സംവിധാനമാണ്. ലക്ഷക്കണക്കിന് മനുഷ്യർ ഉപയോഗിച്ച് ബാക്കിയാകുന്ന ജൈവ-പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കാനൊരിടം. നിലവിൽ ആധുനിക സംവിധാനങ്ങളില്ലാത്ത മാലിന്യപ്ലാന്റിലാണ് ജൈവമാലിന്യ സംസ്കരണം. അജൈവ മാലിന്യം കൂട്ടിയിടും. ആ അജൈവ, പ്ലാസ്റ്റിക് മലക്ക് തീപിടിച്ചാണ് ജനജീവിതം ദിവസങ്ങളോളം ദുസ്സഹമായത്. അതോടൊപ്പം അതിൽ പെടുന്ന ജൈവ മാലിന്യം കൂടിയായതോടെ പുക കൂടുതൽ വിഷമയമായി. ഉറവിട മാലിന്യ സംസ്കരണം, പ്ലാസ്റ്റിക് മാലിന്യത്തിന്റെ പുനരുപയോഗം എന്നിവയും അടിയന്തരമായി ആവശ്യമാണ്. അതല്ലെങ്കിൽ കിതച്ചുകൊണ്ടു കുതിക്കാനേ കൊച്ചിക്കു കഴിയൂ. ഒരു ഘട്ടത്തിൽ വീണുപോകുകയും ചെയ്തേക്കാം. മാലിന്യസംസ്കരണത്തിന് കേരളത്തിനകത്തും പുറത്തും മികച്ച മാതൃകകളുണ്ട്. ആലപ്പുഴ, പുനലൂർ നഗരസഭകൾ ഭേദപ്പെട്ട മാതൃകകളാണ്. തുടർച്ചയായി നാലു തവണ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായ ഇന്ദോറിലും മികച്ച മാലിന്യസംസ്കരണ മാതൃകകളുണ്ട്. അവ പഠിക്കാനും നല്ല രീതിയിൽ പകർത്താനും ഭരണാധികാരികൾ തയാറാകേണ്ടതുണ്ട്. അതല്ലാതെ സ്വന്തക്കാർക്കും പാർട്ടിക്കാർക്കും മാലിന്യം വളമാക്കുകയല്ല വേണ്ടത്.

മാലിന്യനിർമാർജനത്തിൽ കൃത്യമായ ബോധവത്കരണവും നിയമസംവിധാനങ്ങളും നടപ്പാക്കുകയും വേണം. ഉപഭോക്തൃ സംസ്‍ഥാനമായ കേരളത്തിൽ ഉറവിട മാലിന്യ സംസ്കരണം നിർബന്ധമായി തന്നെ നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം നഗരവത്കരണം അതിവേഗം വ്യാപിക്കുന്ന സംസ്ഥാനത്ത് കൂടുതൽ ബ്രഹ്മപുരങ്ങൾ ആവർത്തിക്കാൻ സാധ്യത ഏറെയാണ്. പൊതു ഇടങ്ങളിൽ തള്ളുന്നതോ പുഴയിൽ ഒഴുക്കുന്നതോ അല്ല, മാലിന്യം അവരവരുടെ ഉത്തരവാദിത്തമാണെന്ന ബോധം ഓരോരുത്തരിലുമെത്തിക്കണം. വീട്, ഫ്ലാറ്റുകൾ, പാർപ്പിട സമുച്ചയങ്ങൾ, വ്യാപാര സമുച്ചയങ്ങൾ തുടങ്ങിയവയുടെ നിർമാണഘട്ടത്തിൽതന്നെ മാലിന്യസംസ്കരണ സംവിധാനങ്ങൾ ഉറപ്പാക്കണം.

വിഷപ്പുക മാലിന്യം സഹിക്കേണ്ടിവന്ന ജനങ്ങളുടെ ആരോഗ്യകാര്യത്തിലും സർക്കാറിന്റെ ശ്രദ്ധ പതിയേണ്ടതുണ്ട്. തീ അണഞ്ഞാലും വിഷപ്പുക ഭീഷണി ചുരുങ്ങിയത് രണ്ട് ആഴ്ചയെങ്കിലും നീളുമെന്നാണ് വിദഗ്ധർ നൽകുന്ന സൂചനകൾ. എത്രമാത്രം നിഷേധിച്ചാലും വലിയൊരു വിഭാഗം ജനതയെ വിഷപ്പുക ബാധിച്ചിട്ടുണ്ട് എന്നത് സത്യമാണ്.അവരുടെ ദൈനംദിന ആരോഗ്യപരിശോധനകൾ, ആശുപത്രികളിലെ സർവേ, അന്തരീക്ഷ വായുവിലെ മാറ്റങ്ങളുടെ ദിവസേനയുള്ള പരിശോധനകൾ, കുടിവെള്ള സ്രോതസ്സുകളുടെ സംരക്ഷണം തുടങ്ങിയവയിൽ അടിയന്തര നടപടികൾക്ക് കോർപറേഷനും സർക്കാറിനും ബാധ്യതയുണ്ട്. മാരകരോഗങ്ങൾക്ക് കാരണമായ രാസ സംയുക്തമായ ഡയോക്സിന്റെയും മറ്റു മൂലകങ്ങളുടെയും അളവ് പരിശോധിക്കുകയും പരിഹാരമാർഗങ്ങൾ തേടുകയും വേണം. വീഴ്ചപറ്റിയാൽ അത് അംഗീകരിക്കുകയും പരിഹാരമാർഗങ്ങൾ തേടുകയുമാണ് ആർജവമുള്ള ഭരണനേതൃത്വങ്ങൾക്ക് അഭികാമ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Brahmapuram waste plantBrahmapuram waste plant fire
News Summary - Brahmapuram waste plant fire and Concerns
Next Story