തീവ്ര പൊളിയജ്ഞവുമായി ബി.ജെ.പി സർക്കാറുകൾ
text_fieldsഅസഹിഷ്ണുതയുടെയും അപരവിദ്വേഷത്തിന്റെയും പൊളിച്ചടുക്കൽ രാഷ്ട്രീയവുമായി വിവിധ സംസ്ഥാനങ്ങളിലെ സംഘ്പരിവാർ ഭരണകൂടങ്ങൾ മുന്നോട്ടുപോകുകയാണ്. കഴിഞ്ഞ ഒന്നര മാസത്തിനിടെ ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലായി പള്ളികൾ, മദ്റസകൾ, ഈദ്ഗാഹുകൾ, ദർഗകൾ എന്നിങ്ങനെ ഇരുപതിലേറെ കെട്ടിടങ്ങൾ നിയമവിരുദ്ധമെന്നു പറഞ്ഞ് അധികൃതർ നിലംപരിശാക്കി.
ഇക്കഴിഞ്ഞ മേയ് മാസം മുതൽ ഇതുവരെയായി 23 പള്ളികളും പള്ളിക്കൂടങ്ങളും ദർഗകളുമാണ് ബുൾഡോസർ രാജ് തകർത്തുകളഞ്ഞത്. ഉത്തർപ്രദേശിലെ വാരാണസിയിൽ ആയിരത്തിലേറെ വർഷം പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ ഗഞ്ച് ശഹീദാൻ മസ്ജിദ് ഏതു നിമിഷവും ബുൾഡോസറിന് ഇരയാകുന്ന നിലയിലാണ്. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഡൽഹി, മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന തുടങ്ങിയ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏതാനും ആഴ്ചകളായി മുസ്‍ലിം ആരാധനാലയങ്ങളും മന്ദിരങ്ങളും ദർഗകളും തകർക്കുന്ന തീവ്രയജ്ഞ പരിപാടി നടന്നുവരുകയാണ്.
അനധികൃത നിർമാണമെന്ന പേരിലാണ് ഈ ധ്വംസന പരിപാടി നടന്നുവരുന്നതെങ്കിലും പൊളിക്കാനെത്തുന്ന അധികൃതർ അതിനു മുന്നോടിയായി പൂർത്തിയാക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിച്ചില്ലെന്ന് ഏതാണ്ട് എല്ലായിടത്തുനിന്നും വ്യാപകമായ പരാതിയുയർന്നിട്ടുണ്ട്. മുൻകൂട്ടി നോട്ടീസ് നൽകുക, അനധികൃത നിർമാണമാണ് കാരണമെങ്കിൽ അക്കാര്യത്തിൽ ഒരു പ്രത്യേക വിഭാഗത്തെ മാത്രം ഉന്നംവെക്കാതെ എല്ലാവർക്കും നിയമം തുല്യമായി ബാധകമാക്കുക, മതപൈതൃക സ്വത്തുക്കൾ സംരക്ഷിക്കുക, മതഭേദമന്യേ നടപടികൾ സുതാര്യമായി കൈക്കൊള്ളുക തുടങ്ങിയ സാമാന്യ മര്യാദകളോ നിയമാനുസൃത രീതികളോ ഒന്നും ഈ പൊളിയജ്ഞത്തിൽ പരിഗണിക്കുന്നില്ല.
അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഏതു നിമിഷവും നിഷ്‍കാസനത്തിന്റെ മഴുവീഴുന്നതും കാത്തിരിക്കുന്ന, യു.പിയിലെ കാശി റെയിൽവേ സ്റ്റേഷനു സമീപത്തുള്ള ഗഞ്ച് ശഹീദാൻ പള്ളി. റെയിൽവേ സ്റ്റേഷൻ വിപുലീകരണത്തിന്റെ ഭാഗമായി റെയിൽവേ അധികൃതർ, ശഹീദാൻ പള്ളി നിയമവിരുദ്ധമാണെന്നുകാണിച്ച് ഒഴിയാൻ ആവശ്യപ്പെട്ട് ജൂൺ 13ന് നോട്ടീസ് നൽകി. ഒരാഴ്ചയായിരുന്നു സ്ഥലമൊഴിയാൻ നൽകിയ സമയം.
ഒഴിഞ്ഞില്ലെങ്കിൽ ഏതു നിമിഷവും പള്ളി പൊളിക്കുമെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു. എന്നാൽ, ഇതിലൊന്നും ഔദ്യോഗികമായ ഒപ്പോ അധികൃതരുടെ പേരുവിവരമോ ഉണ്ടായിരുന്നില്ല. ബനാറസിന്റെ ചരിത്രമനുസരിച്ച് റെയിൽവേ സ്റ്റേഷൻ വരുന്നതിനുംമുമ്പ് അവിടെ പള്ളിയുണ്ട്. പള്ളി പണിതത് ക്രി.വ. 1624-25ലാണ്. 1883-84ലെ ബനാറസ് സെറ്റിൽമെന്റ് മാപ്പിൽ പള്ളി കൃത്യമായി രേഖപ്പെട്ടിട്ടുണ്ട്.
റെയിൽവേ സ്റ്റേഷൻ നിലവിൽ വരുന്നതാകട്ടെ, 1887ലും. 1967ൽ വഖഫ് ബോർഡിൽ പള്ളി രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. ഇതെല്ലാമിരിക്കെയാണ്, അനധികൃതമായി നിർമിച്ചതാണ് പള്ളി എന്ന അവകാശവാദവുമായി അതു പൊളിക്കാൻ രംഗത്തുവന്നിരിക്കുന്നത്. ഇതിനെതിരെ പള്ളിക്കമ്മിറ്റി ഭാരവാഹികൾ ജില്ല മജിസ്ട്രേറ്റിനെ സമീപിച്ചിരിക്കുകയാണ്. യു.പിയിലെ തന്നെ സംഭലിൽ പള്ളിയും ദർഗയും ഈദ്ഗാഹുമൊക്കെ ഒന്നുരണ്ടു നാളുകൾക്കുള്ളിലാണ് തകർത്തു തരിപ്പണമാക്കിയത്. സമാനസംഭവങ്ങൾ ഡൽഹി, മുംബൈ, പുണെ, ജയ്പൂർ എന്നിവിടങ്ങളിലും ആവർത്തിച്ചു.
അനധികൃത മുസ്‍ലിം ആരാധനാലയങ്ങളുടെ പൊളി തുടങ്ങിയ രാജസ്ഥാനിലാകട്ടെ, ആ യജ്ഞം സജീവമാക്കാൻ കേന്ദ്ര ഭരണകൂടത്തിന്റെ നിർദേശം പ്രേരണയാവുകയും ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ മേയ് 27ന് ജയ്പൂരിൽ അതിർത്തി ജില്ലകളായ ബികാനീർ, ജയ്സാൽമിർ, ബാർമിർ, ശ്രീഗംഗാ നഗർ, ഫാലോഡി എന്നിവിടങ്ങളിലെ ജില്ല മജിസ്ട്രറ്റേുമാരെയും എസ്.പിമാരെയും വിളിച്ചുചേർത്തിരുന്നു.
പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിയുടെ 15 കിലോമീറ്ററിനകത്തുള്ള എല്ലാ അനധികൃത കെട്ടിടങ്ങളും നിർമാണങ്ങളും പൊളിച്ചുനീക്കാൻ അമിത് ഷാ ജില്ല അധികാരികൾക്ക് നിർദേശം നൽകി. മന്ത്രിയുടെ ഈ പ്രസ്താവനയെ തുടർന്ന് ബികാനീറിൽ മുസ്‍ലിം ആരാധനാലയങ്ങളും മദ്റസകളും പൊളിച്ചുനീക്കാൻ തുടങ്ങിയിരിക്കുകയാണ്. അമിത് ഷായുടെ നിർദേശത്തിന്റെ ചുവടുപിടിച്ച് അതിർത്തിദേശങ്ങളിലെ മുസ്‍ലിം പള്ളികളും ദർഗകളും മറ്റും പൊളിച്ചുനീക്കാൻ സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ ആവേശത്തോടെ ഇറങ്ങിയിരിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെഹ് ലോട്ട് കുറ്റപ്പെടുത്തിയിരിക്കുന്നു.
അതിർത്തി ജില്ലകളിൽ സാഹോദര്യത്തോടെ കഴിഞ്ഞുവന്ന വിവിധ സമുദായങ്ങൾക്കിടയിൽ ശൈഥില്യവും സംഘർഷങ്ങളുമുണ്ടാക്കാനേ ഇത് ഉതകുകയുള്ളൂവെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. സമാധാനാന്തരീക്ഷത്തിൽ കഴിയുന്ന അതിർത്തികളിൽ അസ്വസ്ഥത വിതറിയാൽ നഷ്ടം ആർക്കാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എന്നാൽ, വൈരം വിതച്ച് വിനാശത്തിലൂടെയാണെങ്കിലും രാഷ്ട്രീയനേട്ടം കൊയ്യാൻ ഒരുകൂട്ടർ ഇറങ്ങിത്തിരിച്ചാൽ എന്തുചെയ്യും?
രാജസ്ഥാനിലെ പള്ളിപൊളിക്കെതിരായി അസദുദ്ദീൻ ഉവൈസിയുടെ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീനും എ.പി.സി.ആർ പോലുള്ള പൗരാവകാശ, സന്നദ്ധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നിയമവിരുദ്ധമായ കെട്ടിടങ്ങൾ പൊളിക്കാനുള്ള തിടുക്കത്തിൽ സർക്കാറും നിയമാനുസൃതമല്ല നീങ്ങുന്നതെന്ന് ഇതുവരെ കഴിഞ്ഞ സംഭവങ്ങൾ തെളിയിക്കുന്നുണ്ട്.
അമേരിക്ക ആസ്ഥാനമായുള്ള ജസ്റ്റിസ് ഫോർ ഓൾ എന്ന എൻ.ജി.ഒ, സംഘ്പരിവാർ അധികാരത്തിന്റെ പിൻബലത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ഈ പൊളിയജ്ഞം വിദ്വേഷ രാഷ്ട്രീയത്തിന്റെ ഏറ്റവും വഷളായ പ്രകടനമാണെന്ന് അഭിപ്രായപ്പെടുന്നു. ഇതിനെതിരെ രാജ്യത്തെ ബുദ്ധിജീവികളും പൗരാവകാശ സംഘങ്ങളും പ്രതിപക്ഷ പാർട്ടികളും ഒന്നിച്ചണി നിരന്നില്ലെങ്കിൽ കൂടുതൽ കാലുഷ്യത്തിലേക്കാകും രാജ്യത്തിന്റെ പോക്കെന്ന അവരുടെ മുന്നറിയിപ്പ് രാജ്യസ്നേഹികൾക്ക് തള്ളിക്കളയാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

