ആസ​്​ട്രേലിയയിലെ  അപ്രതീക്ഷിത ഫലം

07:37 AM
20/05/2019
editorial-23

അഭിപ്രായ വോ​െട്ടടുപ്പ്​, എക്​സിറ്റ്​ പോൾ ഫലങ്ങളെ അസ്​ഥാനത്താക്കി ആസ്​ട്രേലിയൻ ​പൊത​ുതെരഞ്ഞെടുപ്പിൽ നിലവിലെ പ്രധാനമന്ത്രി സ്​കോട്ട്​ മോറിസൺ നയിക്കുന്ന ലിബറൽ യാഥാസ്​ഥിതിക മുന്നണി അപ്രതീക്ഷിത ജയം നേടി. 17 ദശലക്ഷം വോട്ടർമാരുള്ള രാജ്യത്ത്​ ആകെയുള്ള 151 സീറ്റുകളിൽ സർക്കാർ രൂപവത്​കരണത്തിനു വേണ്ട 76 സീറ്റുകൾ മുന്നണി കരസ്​ഥമാക്കി.  തെരഞ്ഞെടുപ്പ്​ പ്രചാരണകാലത്തും തുടർന്നും കുടിയേറ്റ വിരുദ്ധനും കൽക്കരി വ്യവസായവളർച്ചയുടെ വക്താവും കാലാവസ്​ഥ വ്യതിയാനമടക്കമുള്ള, ആസ​്​ട്രേലിയയെ കുഴക്കുന്ന വിഷയങ്ങളിൽ യാഥാസ്​ഥിതിക നിലപാടുകാരനുമായ മോറിസണെതിരെ ബിൽ ഷോർട്ടൺ നയിച്ച ലേബർ പാർട്ടി വിജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആസ​്​ട്രേലിയൻ നിരീക്ഷകർ.

എന്നാൽ, 2016ൽ അമേരിക്കയിൽ ഡോണൾഡ്​ ട്രംപ്​ നേടിയതിനു ​സമാനമായ ‘ഞെട്ടിക്കുന്ന’ വിജയമാണ്​ മോറിസ​ണി​​െൻറ ലിബറൽ പാർട്ടിയും മുന്നണിയും നേടിയിരിക്കുന്നത്​. കഴിഞ്ഞ ആഗസ്​റ്റിൽ പാർട്ടിക്ക്​ അകത്തെ ആഭ്യന്തര പോരിൽ മാൽകം ടേൺബുളിനെ മറിച്ചിട്ട്​ പ്രധാനമന്ത്രി സ്​ഥാനത്തെത്തിയ മോറിസണ്​ ഇനി നേരിട്ടുള്ള ജനപിന്തുണയുടെ ബലത്തിൽ അടുത്ത മൂന്നുവർഷം രാജ്യഭരണത്തിൽ തുടരാം. അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയായ ആസ​്​ട്രേലിയയിൽ സമാനമനസ്​ക​​െൻറ വിജയത്തിൽ ആദ്യ അഭിനന്ദനവുമായെത്തിയത്​ അമേരിക്കൻ പ്രസിഡൻറ്​ ട്രംപ്​ ആണ്​. പിറകെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും. ചൈനയുമായി ഇറക്കുമതി തീരുവയുടെ കാര്യത്തിൽ വ്യാപാരയുദ്ധം കടുപ്പിച്ചിരിക്കുന്ന അമേരിക്കക്ക്​ ഏഷ്യ പസഫിക്കിലെ ശക്തമായ രാജ്യത്ത്​ ഉറ്റ സുഹൃത്തിനെ ഭരണത്തിൽ ലഭിക്കുന്നത്​ ഏ​​െറ പ്രയോജനം ചെയ്യും.

കാലാവസ്​ഥ വ്യതിയാനം പോലുള്ള പ്രശ്​നങ്ങളുടെ നേരെ അയഞ്ഞ സമീപനം സ്വീകരിക്കുന്ന ലിബറലുകൾ ജനങ്ങൾക്ക്​ കൂടുതൽ തൊഴിലവസരവും അടിസ്​ഥാന ജീവിതസൗകര്യവുമൊരുക്കുന്നതിനാണ്​ മുഖ്യ ഉൗന്നൽ നൽകിയിരുന്നത്​. അതോടൊപ്പം പ്രധാനമന്ത്രി സ്​ഥാനത്തേക്ക്​ ലേബർ പാർട്ടി നേതാവിനെക്കാൾ വ്യക്തിപ്രഭാവമുള്ള നേതാവിനെ എടുത്തുകാണിക്കാനും അവർക്കു സാധിച്ചു. കക്ഷികളിൽ കൂടുതൽ ജനപ്രിയത ലേബർ പാർട്ടിക്കാ​െണങ്കിലും പ്രധാനമന്ത്രിപദത്തിലേക്ക്​ ശക്തനായ ഒരു നേതാവിനെ എടുത്തുകാട്ടാൻ അവർക്കു കഴിഞ്ഞില്ല. ഉയർന്ന വേതനം, മികച്ച പൊതു അടിസ്​ഥാനസൗകര്യവർധന, കാലാവസ്​ഥ വ്യതിയാന ദുരന്തം നേരിടുന്നതിന്​ ദ്രുതഗതിയിലുള്ള നടപടികൾ എല്ലാം വാഗ്​ദാനം ചെയ്​ത ഷോർട്ടൺ അതി​​െൻറ പേരിലാണ്​ വോട്ട്​ തേടിയത്​. എന്നാൽ, തുടർച്ചയായ ഭരണമാറ്റത്തിൽ മനം മടുത്ത ജനം മോറിസൺതന്നെ തുടര​​െട്ട എന്നു തീരുമാനിക്കുകയായിരുന്നു.

വരുമാനത്തിലുള്ള അസമത്വം അവസാനിപ്പിക്കാനും കാലാവസ്​ഥ വ്യതിയാനത്തി​​െൻറ ​പ്രത്യാഘാതങ്ങളെ മറികടക്കാനും മുൻഗണന നൽകിയ ലേബർ പാർട്ടിയോ സാമ്പത്തിക സുസ്​ഥിരതയും ​​െതാഴിലും കുടിയേറ്റ നിയന്ത്രണവും വാഗ്​ദാനം ചെയ്​ത വലതുപക്ഷമോ എന്ന തെരഞ്ഞെടുപ്പിൽ യാഥാസ്​ഥിതിക, വംശീയവാദികൾക്ക്​ താരതമ്യേന മേൽക്കൈയുള്ള ആസ​്​ട്രേലിയ ട്രംപി​​െൻറ ആരാധകൻകൂടിയായ സുവിശേഷ ക്രൈസ്​തവനെയാണ്​ വരിച്ചിരിക്കുന്നത്​. ലിബറൽ പാർട്ടി നഗരവാസികളുടെ മിതവാദി കക്ഷിയായി അറിയപ്പെടു​േമ്പാഴും അവരുടെ സഖ്യത്തിലുള്ള നാഷനൽ പാർട്ടി വലതുവംശീയവാദത്തിന്​ പേരു​ ​േകട്ട കക്ഷിയാണ്​. മാത്രമല്ല, രാജ്യം സാമ്പത്തികപ്രതിസന്ധിയിലും കാലാവസ്​ഥ ദുരന്തത്തിലും പെട്ടുഴലുകയാണെങ്കിലും തെരഞ്ഞെടുപ്പ്​ പ്രചാരണത്തിൽ വംശീയവെറിയും കുടിയേറ്റ വിരോധവുമൊക്കെ നന്നായി പ്രതിഫലിച്ചു, ഇന്ത്യയിലെപ്പോലെതന്നെ.

സമൂഹമാധ്യമങ്ങളായിരുന്നു എല്ലാവരുടെയും വിദ്വേഷ, വിരുദ്ധ പ്രചാരണങ്ങൾക്ക്​ എരിവും പുളിയും പകരാൻ കൂടുതൽ ഉപയോഗിക്കപ്പെട്ടത്​. സ്വവർഗരതിയുടെ അപകടങ്ങളിലേക്ക്​ ശ്രദ്ധ ക്ഷണിച്ച്​ പ്രതിപക്ഷ​ത്തിനെതിരെ ഒരു സ്​ഥാനാർഥി പ്രചാരണം നടത്തിയപ്പോൾ ഇസ്​ലാമിനെയും മുസ്​ലിംകളെയും പിന്തുണക്കുന്ന മുസ്​ലിം ഇതരരെ പരി​േച്ഛദനക്ക്​ വിധേയമാക്കണമെന്നായിരുന്നു മറ്റൊരാളുടെ ആവശ്യം. ഏഷ്യക്കാർക്കും മറ്റുമെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയവരുമുണ്ട്​. എന്നാൽ, തെരഞ്ഞെടുപ്പ്​ കമീഷ​​െൻറ കർശനമായ ഉപാധികൾ വിലക്കു വീഴ്​ത്തിയതിനാൽ ഇത്തരം വിഷലിപ്​ത പ്രചാരണവുമായി ഇറങ്ങിത്തിരിച്ചവരെ സ്വയം പിൻവലിക്കാൻ രാഷ്​ട്രീയകക്ഷികൾതന്നെ നിർബന്ധിതരായി.

ഹോമോഫോബിയയും ഇസ്​ലാമോഫോബിയയുമൊക്കെ ശക്തമായി വേരോടിയ ആസ​്​ട്രേലിയൻ മണ്ണിൽ യൂറോപ്പിലും അമേരിക്കയിലും ശക്തമായ വലതുപക്ഷ, വെള്ള വംശീയതയുടെ വക്താക്കളുമായുള്ള ബന്ധവും പിന്തുണയും സോഷ്യൽ മീഡിയ വഴി ശക്തമായിവരുകയാണ്​. അതിനുശേഷം കടന്നുവന്ന ആദ്യ തെരഞ്ഞെടുപ്പിൽ ആ വംശീയവിദ്വേഷം പ്രതിഫലിച്ചതും സ്വാഭാവികം. 51കാരനായ മോറിസൺ രാഷ്​ട്രീയഗോദയിൽ കരുത്തുതെളിയിച്ചതും ആസ​്​ട്രേലിയൻ രാഷ്​ട്രീയത്തി​​െൻറ ഇൗ പൊതുദൗർബല്യങ്ങൾ ചൂഷണം ചെയ്​താണ്​. 2007ൽ സിഡ്​നിയിൽനിന്ന്​ പാർലമ​െൻറിലെത്തിയ അദ്ദേഹം കാബിനറ്റിൽ കുടിയേറ്റ വകുപ്പ്​ കൈകാര്യം ചെയ്​തപ്പോഴാണ്​ കടൽ കടന്നെത്തുന്ന അഭയാർഥികൾക്ക്​ രാജ്യത്ത്​ സ്​ഥിരതാമസം നിഷേധിക്കുന്ന ‘സ്​റ്റോപ്​ ദ ബോട്ട്​സ്​’ നിയമം ആവിഷ്​കരിച്ചത്​. ഖനിവ്യവസായത്തി​​െൻറ പ്രോത്സാഹകനായ മോറിസൺ ഭരണത്തിലേ​റുന്നതോടെ പരിസ്​ഥിതിവാദികളുടെയും പരിസരവാസികളുടെയും എതിർപ്പിനെ മറികടന്ന്​ ലോകത്തെ ഏറ്റവും വലിയ കൽക്കരി ഖനിയൊരുക്കാൻ ഇന്ത്യൻ വ്യവസായി അദാനിക്ക്​ അനുമതി നൽകാനിടയുണ്ട്​. ആദ്യം തൊഴിൽ വര​െട്ട, പിന്നീടാകാം കാലാവസ്​ഥ, പരിസ്​ഥിതി സ്​നേഹം എന്നതാണ്​ ലിബറൽ പാർട്ടിയുടെ പ്രഖ്യാപിതനയംതന്നെ. 

രാജ്യത്ത്​ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്​ സർവേയിലുടനീളം ജനം കാലാവസ്​ഥ വ്യതിയാനം പോലുള്ള ജനജീവിതത്തെ ബാധിക്കുന്ന പ്രശ്​നങ്ങളിൽ ബദ്ധശ്രദ്ധരാണെന്ന പ്രതീതിയാണുണ്ടായിരുന്നത്​. രാജ്യത്തെ ഏറ്റവും ആധികാരികമായ ഒരു ഗ്രൂപ്​ നടത്തിയ വോ​െട്ടടുപ്പിൽ 23 ശതമാനം കാലാവസ്​ഥയും 32 ശതമാനം ആരോഗ്യവും 31 ശതമാനം ജീവിതച്ചെലവും 25 ശതമാനം കുറ്റകൃത്യങ്ങളും രാജ്യം അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്​നമായി ഉയർത്തിക്കാട്ടിയത്​ വാർത്തമാധ്യമങ്ങളുടെയും രാഷ്​ട്രീയനിരീക്ഷകരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 25 വയസ്സിൽ താഴെയുള്ള യുവാക്കളാണ്​ ഇക്കാര്യത്തിൽ കൂടുതൽ ശുഷ്​കാന്തി പുലർത്തിയതെന്നതും ശ്രദ്ധേയമായി. ഇൗയനുഭവം മുന്നിൽ വെച്ച്​ പ്രധാനമന്ത്രിയും ഭരണകക്ഷിനേതാക്കളുമൊന്നടങ്കം വിദ്വേഷ, മതവർഗീയ വിഷലിപ്​ത പ്രചാരണവുമായി ഇറങ്ങിത്തിരിച്ച ഇന്ത്യയിലെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തെ പലരും അപലപിക്കുകയും ചെയ്​തു. എന്നാൽ, അത്തരം പ്രതീക്ഷകളെല്ലാം തരിപ്പണമാക്കിയാണ്​ തെരഞ്ഞെടുപ്പ്​ ഫലം പുറത്തുവന്നിരിക്കുന്നത്​. പ്രശ്​നങ്ങ​െളല്ലാം ജനം തിരിച്ചറിയുകയും പരിഹാരവഴികൾ സമ്മതിക്കുകയും ചെയ്യു​േമ്പാഴും തെരഞ്ഞെടുപ്പിൽ ആത്യന്തികമായി വികാരം കാര്യവിചാരത്തെ ജയിച്ചടക്കുന്നുവെന്ന അപ്രിയസത്യമാണ്​ ആസ​്​ട്രേലിയ ബോധ്യപ്പെടുത്തുന്നത്​. എക്​സിറ്റ്​ പോൾ ഫലങ്ങളുടെ ബഹളത്തിൽ തെരഞ്ഞെടുപ്പ്​ ഫലത്തിലേക്ക്​ കാതോർക്കുന്ന ഇന്ത്യക്കും ആസ​്​ട്രേലിയൻ ഫലത്തിൽ ചില സൂചനകളുണ്ട്​.

Loading...
COMMENTS